Powered By Blogger

Saturday, 28 April 2012

പകലുകള്‍


തുരുമ്പ് വിഴുങ്ങി തുടങ്ങിയ ഇരുംബഴികള്‍ക്കപ്പുറം പകല്‍വെളിച്ചം വന്നെത്തി നോക്കുമായിരുന്നു. കുറെ സമയം കഴിഞ്ഞു വെളിച്ചം മെല്ലെ നേര്‍ത്ത് ഇരുളില്‍ മറയും. അപ്പോള്‍ നിറം മങ്ങിയ ഭിത്തി കാണില്ല. ഇരുട്ടിലും കണ്ണുകള്‍ തുറന്നു വെയ്ക്കും. കാതുകള്‍ കട്ടിയുള്ള പാറാവ് കാരുടെ ബൂട്ടിന്‍റെ ശബ്ദം കേട്ടു തഴമ്പിച്ചിരുന്നു. ഇടനാഴിയുടെ അകലങ്ങളില്‍ നിന്നും സ്വാതന്ത്ര്യത്തിന് വേണ്ടി ആരൊക്കെയോ പിടഞ്ഞിരുന്നു. ആ നൊമ്പരങ്ങള്‍ ഒപ്പിയെടുക്കാന്‍ കാതുകള്‍ക്ക് വളരെ പെട്ടെന്ന് കഴിയുമായിരുന്നു. അവിടെ യാതനകളുടെ ചേഷ്ടകള്‍ മനസ്സും അറിഞ്ഞിരുന്നു. വര്‍ഷങ്ങള്‍ ഏറെ കഴിഞ്ഞിരിക്കുന്നു.
ഈ ഇരുണ്ട ജയിലിനുള്ളില്‍ ഇരുംബഴികള്‍ക്കപ്പുറം ഒരു പുറം ലോകമുണ്ടെന്ന യാഥാര്‍ത്ഥ്യം സ്വയം മറന്ന് മങ്ങിയ പകല്‍ വെളിച്ചത്തില്‍, നിറം മങ്ങിയ ഭിത്തിയില്‍ നോക്കി ദിവസങ്ങള്‍ ഒരുപാട് ഓടി മറഞ്ഞിരിക്കുന്നു.ചില പകലുകള്‍ ...ഭിത്തിയില്‍ നീങ്ങി മറയുന്ന ചിലന്തികളെയും, കൂനന്‍ ഉറുംബുകളെയും കാണാമായിരുന്നു. അവറ്റയെ കാണുന്നത് വിശേഷ ദിവസങ്ങളില്‍ വീട്ടില്‍ വരുന്ന അതിഥികളെ കാണുന്നപോലെ തോന്നുമായിരുന്നു. രണ്ടു നേരം ഭക്ഷണം കൊണ്ട് വരുന്ന കൈകള്‍ അഴികള്‍ തുറന്നു ചളുങ്ങിയ പാത്രം മുഖത്തിന് നേരെ എറിയുമായിരുന്നു. വിശപ്പും ദാഹവും ശരീരം മറന്നിരുന്നു. എന്നിട്ടും ഇരുട്ടിനെ മാത്രം അതിരില്ലാതെ സ്നേഹിച്ചിരുന്നു. ഇരുട്ടില്‍ കണ്ണുകള്‍ തുറന്നു കിടന്നു സ്വപ്നം കാണാന്‍ കൊതിയായിരുന്നു. സ്വപ്നങ്ങളില്‍ ഭാവി ഇല്ലായിരുന്നു. മുഴുവന്‍ കഴിഞ്ഞ കാലങ്ങള്‍ മാത്രമായിരുന്നു.
വൈകാതെ ഇടനാഴിയിലെ ശേഷിച്ച വെളിച്ചവും മറഞ്ഞപ്പോള്‍ മറ്റൊരു പകല്‍ അവസാനിച്ചുവെന്ന് മനസ്സിലായി..
ഇരുട്ടില്‍ വീണ്ടും കണ്ണുകള്‍ തുറന്നു കിടന്നു..പിന്നീടെപ്പോഴോ മയങ്ങി..
അതിരാവിലെ ലേശം ചുവപ്പ് കലര്‍ന്ന പ്രകാശം കണ്‍പോളകളില്‍ തട്ടിയപ്പോള്‍ ഉണര്‍ന്നു.
പിന്നെയും കട്ടിയുള്ള ബൂട്ടുകളുടെ ശബ്ദം. അവ അടുത്തു വരുമ്പോള്‍ ഭൂമി കുലുങ്ങുന്നുവെന്ന് തോന്നി. അഴികള്‍ക്കപ്പുറം ആരുടെയൊക്കെയോ കാലുകള്‍ കാണാം..ശബ്ദം കേള്‍ക്കുമ്പോള്‍ കാതുകള്‍ അവിടേക്കു നീങ്ങുന്നു. പലപ്പോഴും കാത്തുകള്‍ക്ക് ചിറകുണ്ടെന്ന് തോന്നും..അവയിങ്ങനെ ശബ്ദം തേടി വെറുതെ പറക്കുകയാണ്.
" ഇനി എന്താണ് ചെയ്ക..? സെല്ലിന് പുറത്തിറങ്ങിയിട്ടു മാസങ്ങളായി.."
"ഭക്ഷണമോ..?"
" ഇന്നലെ രാത്രിയില്‍ കൊടുത്ത കഞ്ഞി അതാ ഇരിക്കുന്നു. തൊട്ട് പോലും നോക്കിയിട്ടില്ല.."
"കഴിഞ്ഞ ആഴ്ച ഡോക്ടര്‍ വന്നു കണ്ടു..കുറെ മരുന്നുകള്‍ കുത്തിവെച്ചു.."
"എന്നിട്ട്"
"എന്താകാന്‍..ഇങ്ങനെ കിടന്നു ചാകും എന്നാ തോന്നുന്നേ.."
"വീട്ടുകാര്‍ ..?"
"ആരും ഉണ്ടെന്ന് തോന്നുന്നില്ല."
"എന്താരുന്നു കേസ് ?"
" മയക്കുമരുന്ന് കച്ചവടം..കൊലപാതകം.."
"ഉം..നിങ്ങള്‍ വൈകാതെ മനുഷ്യാവകാശ കമ്മീഷന് റിപ്പോര്‍ട് കൊടുക്കണം.ഇല്ലെങ്കില്‍ നമുക്ക് പണിയാകും.."
" നാളെ തന്നെ കൊടുക്കാം സര്‍.."
കാതുകളുടെ വലയത്തില്‍ നിന്നും കാലൊച്ചകള്‍ അകന്നു പോയി..കണ്ണുകള്‍ അനങ്ങിയില്ല ..ഭിത്തിയില്‍ തറച്ച ആണികള്‍ കുരുങ്ങിക്കിടക്കുന്നത് പോലെ തോന്നി.
വെയിലിന് നിറം മങ്ങുന്നതിനൊപ്പിച്ച് ഭിത്തിയുടെ നിറം മാറുന്നതായി തോന്നി..
തലേന്ന് രാത്രി കണ്ട സ്വപ്നം.. വീടിന് മുറ്റത്തെ കുറ്റിമുല്ലകള്‍ പൂത്തു നില്‍ക്കുന്നു. സ്വപ്നങ്ങള്‍ ഓര്‍മിച്ചെടുക്കാന്‍ പ്രയാസമാണ്. അവ പലപ്പോഴും അറ്റുപോയ കണ്ണികള്‍ പോലെയാണ്.
പണ്ടൊരിക്കല്‍ കുറ്റിമുല്ലകള്‍ പൂവിട്ടത് ഓര്‍മയുണ്ട്. തൊടിയില്‍ നിറയെ മുല്ലയുണ്ടായിരുന്നു. രാത്രിയാണ് പൂക്കുന്നത്. കാറ്റടിക്കുമ്പോള്‍ അവ അടര്‍ന്ന് താഴെ വീണും പിന്നെ ..മണ്ണില്‍ നിറയെ പൂക്കള്‍..നേരം വെളുക്കുമ്പോള്‍..അവിടേക്കു ഓടുമായിരുന്നു. വെറുതെ പൂക്കള്‍ പെറുക്കി കൊണ്ട് വരും. അതെല്ലാം കോര്‍ത്ത് ചേച്ചി മാലയുണ്ടാക്കുമായിരുന്നു.
" അതിരാവിലെ അത്തെടം വരെ പോണ നേരോണ്ടിച്ചാ..നിനക്കു രണ്ടക്ഷരം പടിച്ചൂടെ..?"
അമ്മയുടെ വക ശകാരം..അവിടെയാണ് ദിവസം തുടങ്ങുന്നത്.
"നേരം പുലര്‍ന്നപ്പോള്‍ അമ്മ തുടങ്ങും
"..ചെക്കന്‍ തലേന്ന് മൊത്തം പടിക്കാരുന്നു.."
ചേച്ചി എന്നും ന്യായം പറയുമായിരുന്നു.
" ചെക്കന്‍റെ തലേല്‍ ഒന്നൂരിക്കില്ല പെണ്ണേ..കണ്ടില്ലേ എല്ലാ വിഷയത്തിനും തോക്കണത്."
അത് കേട്ടപ്പോള്‍ സങ്കടം വന്നു. എത്ര പഠിച്ചു എന്നു പറഞ്ഞാലും പരീക്ഷക്ക് തോക്കും..അതങ്ങനെ ആണ്..ഒന്നും തലയില്‍ കയറില്ല.
കുളിയും കഴിഞ്ഞു തുണി മാറി സ്കൂളില്‍ പോകാനിറങ്ങി.
"കൊണ്ട് പോണ ചോറ് കഴിക്കണം കേട്ടോ ചെക്കാ?"
എന്നും ചോറ് മിച്ചമായിരുന്നു. ഉച്ചയൂണിന്‍റെ സമയത്ത് ദാമുവുമൊത്ത് ബീഡി വലിക്കാന്‍ പോകും..തിരികെ വരുമ്പോള്‍ വിശപ്പ് കാണില്ല..
അമ്മയോട് മറുപടി പറയാതെ വയലോരത്ത് കൂടി സ്കൂളിലേക്ക് ഓടി.
ഓര്‍മകള്‍ അടര്‍ന്ന് വീണു. ഇരുംബഴികള്‍ക്കപ്പുറം പകല്‍ വെളിച്ചത്തിന് കട്ടിയേറുന്നു. ഇരുംബഴികള്‍ ചെരിഞ്ഞ നിഴലുകളായി തറയില്‍ വീണു കിടക്കുന്നു. കാതുകള്‍ പറക്കാന്‍ തുടങ്ങി..നിറഞ്ഞ നിശബ്ദത..
ഇടനാഴിയില്‍ കൂടി ഒരുപാട് കാല്‍പാദങ്ങള്‍ ഇഴഞ്ഞു നീങ്ങിയപ്പോള്‍ പണി കഴിഞ്ഞു തടവുകാര്‍ തിരികെ വന്നുവെന്ന് മനസ്സിലായി. വിയര്‍പ്പിന്‍റെ രൂക്ഷ ഗന്ധം. അത് പഴകിയ ഭക്ഷണത്തേക്കാള്‍ മോശമാണെന്ന് തോന്നി. എല്ലാ വൈകുന്നേരങ്ങളിലും പണിയെടുത്ത് ക്ഷീണിച്ചാണ് അവര്‍ വരുന്നത്. പിന്നീട് ആര്‍ത്തിയോടെ ഭക്ഷണം കഴിച്ചു കിടന്നുറങ്ങും.
ഏറെ താമസിയാതെ കണ്ണുകളോട് യാത്ര പറഞ്ഞു പകല്‍ മറഞ്ഞു.

പതിവ് പോലെ കണ്ണുകള്‍ തുറന്നപ്പോള്‍ ഭിത്തിയില്‍ ചാരിയിരുന്നാണ് ഉറങ്ങിയത് എന്നു മനസ്സിലായി. രാത്രിയില്‍ മഴ പെയ്തത് പോലെ തോന്നി. അതൊരു പക്ഷേ സ്വപ്നമായിരിക്കാം. മുകളിലേക്ക് നോക്കി. പൊട്ടിയ മേല്‍കൂരയുടെ വിടവിലൂടെ ഒലിച്ചിറങ്ങിയ മഴവെള്ളം..ഭിത്തിയില്‍ ഒരു ചെറിയ ചാല് പോലെ ..പിന്നെ കുതിര്‍ന്ന പേയിന്‍റില്‍ കുഴഞ്ഞ് മറയുന്നു. അപ്പോള്‍ പുഴയെ കുറിച്ചോര്‍ത്തു.
വേനലില്‍ പുഴ ഇങ്ങനെയാണ്..ഒരു നേര്‍ത്ത ചാലുപോലെ ഒഴുകും..പിന്നീട് മണ്ണിലെവിടെയോ കുഴഞ്ഞ് മറയും. മഴക്കാലത്ത് മണ്‍തിട്ട നക്കിതുടച്ചാണ് പുഴ പായുക.
ഇതൊരു പക്ഷേ മഴക്കാലമായിരിക്കാം. അറിയില്ല. ജയിലിന്‍റെ ഉള്ളിലെ ഈ ശൂന്യതയില്‍ ഇരിക്കുമ്പോള്‍ മഴ പെയ്യുന്നതും, വെയില്‍ മൂക്കുന്നതും അറിയില്ല.
ഒരു മഴക്കാലം മനസ്സില്‍ തെളിഞ്ഞു വരുന്നു.
ഉമ്മറത്തെ പടിയില്‍ മിണ്ടാതെ ഇരുന്നപ്പോള്‍ മനസ്സ് പുകഞ്ഞു കൊണ്ടിരുന്നു. മഴവെള്ളം വീണു മുറ്റം ആകെ ചെളി നിറഞ്ഞു കിടക്കുന്നു.
"ദീപം." "ദീപം"  ചേച്ചിയുടെ സ്വരം. സന്ധ്യയായി വിളക്ക് കൊളുത്തുന്ന നേരം.
പിന്നിലേക്ക് നോക്കാതെ കുപ്പായത്തിന്‍റെ പോക്കറ്റില്‍ പരതി..ഒരു ചുളുങ്ങിയ സിഗരെട്ടുണ്ട്..അതിനു തീ കൊളുത്തി . തണുത്ത ശരീരത്തിലേക്ക് ചൂട് പകര്‍ന്നു കൊണ്ടിരുന്നു.
" ത്രിസന്ധ്യക്ക് ഉമ്മറത്തിരുന്നു വലിക്കുവാ ..അസത്ത്.."
അമ്മയുടെ ശകാരം..കെട്ടില്ലാന്നു നടിച്ചു.
"എന്താ ചെക്കാ. നിനക്കൊന്നു കൈയും കാലും കഴുകി തൊഴുതു കൂടെ"
ചേച്ചിയും വഴക്കു പറയാന്‍ തുടങ്ങിയിരിക്കുന്നു. അതും കേള്‍ക്കാത്ത ഭാവത്തില്‍ ഇരുന്നു.
മഴ തോര്‍ന്നപ്പോള്‍ അകത്തേക്ക് പോകാമെന്നു കരുതി എണീറ്റു. അപ്പോഴാണ് പാടത്ത് നിന്നും അച്ഛന്‍ വന്നത്. അച്ഛനെ ആകെ നോക്കി. ശരീരം വിയര്‍പ്പിലും, കാലുകള്‍ ചെളിയിലും കുതിര്‍ന്നിരിക്കുന്നു.
" ഉം , എന്താ..നോക്കണേ"
"ഒന്നൂല്ല."
"ഈ പ്രായത്തിലും പാടത്ത് കിടന്നു കഷ്ടപ്പെടാനാ എന്‍റെ വിധി. ആണൊരുത്തന്‍ ഉള്ളത് അഞ്ചു രൂപക്കാശ് ഈ കുടുംബത്തേക്ക് പണി ചെയ്തു കൊണ്ട് വരില്ല."
അത് കേട്ടപ്പോള്‍ ഹൃദയം കീറി മുറിഞ്ഞത് പോലെ തോന്നി.. ഒരു കൊച്ചു കുട്ടിയെ പോലെ കരയാന്‍ തോന്നി.
"പാടത്ത് കിടന്നു പ്രാണന്‍ പോകുമെന്ന തോന്നുന്നേ.." അത് കേള്‍ക്കാതെ വേഗം മുറിയിലേക്ക് ഓടി..
അച്ഛന്റെ പ്രതീക്ഷകള്‍ തകര്‍ന്നതാണ്. ആ വേദനയില്‍ നിന്നും ഇതുവരെ കരകയറാന്‍ സാധിച്ചിട്ടില്ല. വെറുതെ ഇങ്ങനെ ഓരോന്നൊക്കെ പുലമ്പും. പുരയും പറമ്പും കടത്തിലാണ്. എപ്പോള്‍ വേണമെങ്കിലും ജപ്തിയുണ്ടാകും.
അന്ന് രാത്രിയില്‍ ഉറങ്ങിയില്ല.
നേരം പുലര്‍ന്നപ്പോള്‍ വീട്ടില്‍ നിന്നും ഇറങ്ങി. കയ്യില്‍ ഒരു സഞ്ചിയില്‍ ഒരു മുണ്ടും ഷര്‍ട്ടും കരുതിയിരുന്നു.
" നീ കാലത്തെ എങ്ങോട്ടാ ചെക്കാ.." അമ്മയുടെ ചോദ്യം.
"ഞാന്‍ പോവാണ്"
"എങ്ങടെക്കാ.."
"അറിയില്ല"
കാതുകളടച്ചു തിരിഞ്ഞു നോക്കാതെ പടിപ്പുരയിറങ്ങി വേഗത്തില്‍ നടന്നു. ചേച്ചിയോടും അച്ഛനോടും യാത്ര പറഞ്ഞില്ല..
തലകുനിച്ചു, നനഞ്ഞു നിന്ന പുല്‍നാമ്പുകളില്‍ നോക്കി നടന്നു പുഴക്കരയിലെത്തി.
കടത്തു കടന്നു പോകുമ്പോള്‍ പിന്നിലേക്ക് നോക്കി. പുഴവക്കില്‍ വരിയായി നില്‍ക്കുന്ന തെങ്ങിന്‍ തൈകളോട് പറഞ്ഞു.. ഇനി തിരികെ വരില്ല..
വീണ്ടും ഓര്‍മകള്‍ മുറിയുകയാണ്. യാഥാര്‍ഥ്യത്തിന്‍റെ മുഖമുള്ള ചുവരുകള്‍ നിറം മങ്ങി തുടങ്ങിയിരിക്കുന്നു. വേദനയിലൂടെ ഓര്‍മകളുടെ കഥ പറഞ്ഞ് മറ്റൊരു പകല്‍ കൂടി മാഞ്ഞു.
സൂര്യകാന്തി പൂക്കള്‍ സ്വപ്നം കണ്ടുണര്‍ന്ന ഒരു പകല്‍...
ആഴങ്ങളില്‍ ചികഞ്ഞാണ് ആ ഓര്‍മകള്‍ കണ്ടെത്തിയത്..
വലിയ കണ്ണാടിക്ക് മുന്നില്‍ നനഞ്ഞ മുടി ഉണക്കി കൊണ്ട് അവള്‍ നിന്നു. അവളെ നോക്കിയിരിക്കാന്‍ ഒരുപാടിഷ്ടമാണ്. അപകടം നിറഞ്ഞ ജീവിതത്തിലേക്ക് ക്ഷണിക്കാതെ കടന്നു വന്ന അതിഥിയാണ് അവള്‍.
അവള്‍ ഇങ്ങനെ കുളി കഴിഞ്ഞാല്‍ ഏറെ നേരം കണ്ണാടിക്ക് മുന്നില്‍ നില്‍ക്കും. ഒരുങ്ങിക്കഴിയുമ്പോള്‍ അവള്‍ ഏറെ സുന്ദരിയാണ്.
"ഭായി."
ശക്തിയുടെ ശബ്ദം. ശക്തി തമിഴനാണ്. അപകടത്തില്‍ കൈവിടാത്ത തോഴന്‍.
"എല്ലാം പറഞ്ഞത് പോലെ ചെയ്തു. ആ പോലീസുകാര്‍ പണം വീണ്ടു കൂട്ടുന്നു."
"ഉം, സാരമില്ല. മയക്കുമരുന്ന് കച്ചവടമല്ലേ.  വേണ്ടത് കൊടുക്കാതെ പറ്റില്ല."
ശക്തി പോയപ്പോള്‍ അവള്‍ അടുത്തു വന്നു..
"നിങ്ങള്‍ക്കിത് നിര്‍ത്തി കൂടെ.?"
"പറ്റില്ല.."
"ഞാന്‍ നിങ്ങളുടെ ഭാര്യയല്ലേ? എനിക്കു ഒട്ടും സമാധാനമില്ല. ഈ അപകടം പിടിച്ച തൊഴില്‍ ..നിര്‍ത്തി നമുക്ക് പോകാം."
അവള്‍ പറഞ്ഞ് കൊണ്ടിരുന്നു.
"നിങ്ങളുടെ ശത്രുക്കള്‍ ..ഈ ഭൂമിയില്‍ നിറയെ ഉണ്ട്. അവസരം കിട്ടിയാല്‍ കൊന്നുകളയും. ആ ബെങ്കാളികള്‍ വളരെ സ്വാധീനമുള്ളവരാണ്.."
"ഒന്നും സംഭവിക്കില്ല. ഭയാക്കാതിരിക്കൂ."
മയക്കുമരുന്ന് കച്ചവടത്തില്‍ ഒരു വലിയ ശല്യമായി കടന്നു വന്ന ബെങ്കാളികള്‍ ...പലപ്പോഴും തുനിഞ്ഞതാണ് കൂട്ടത്തോടെ അവറ്റകളെ കൊല്ലാന്‍. പിന്നെ വേണ്ടായെന്ന് മനസ്സ് പറഞ്ഞു.
ഒരു രാത്രിയില്‍ വീട്ടില്‍ വന്നപ്പോള്‍ കതക് തുറന്നു കിടന്നിരുന്നു. അകത്തു കയറിയപ്പോള്‍ ഭയം തോന്നി. അടുക്കളയില്‍ രക്തത്തില്‍ കുളിച്ച് അവള്‍ കിടന്നിരുന്നു. നിലവിളിച്ചു കൊണ്ട് ഓടി ചെന്നു അവളെ നെഞ്ചോടു ചേര്‍ത്ത് പിടിച്ചു..
"ബെങ്കാളികള്‍..ബെങ്കാളികള്‍.."
ദൂരേക്ക് നോക്കികൊണ്ട് അവളുടെ കണ്ണുകള്‍ നിശ്ചലമായി.
അന്ന് രാത്രിയില്‍ ശക്തിയുമൊത്ത് ബെങ്കാളികളുടെ സാമ്രാജ്യത്തിലേക്ക് പാഞ്ഞു.
നിലവിളികള്‍ക്കൊന്നും ചെവി കൊടുക്കാതെ ഒരു രാക്ഷസനെപ്പോലെ കൊന്നൊടുക്കി.
അതിനിടയിലെപ്പോഴോ ശക്തിയും പോയിരുന്നു.
ശരീരം രക്തത്തില്‍ കുളിച്ചിരുന്നു.
ഒന്നും ഓര്‍ക്കാന്‍ സാധിക്കുന്നില്ല.
ഓര്‍മകളില്‍ നിന്നും മനസ്സുന്നര്‍ന്നു. അപ്പോള്‍ പകല്‍ കട്ടികുറഞ്ഞു നേര്‍ത്തതായിരുന്നു. യാത്ര പറയാതെ ഇരുട്ടിനായി കാത്തുനിന്നു.
ബൂട്ടുകളുടെ ശബ്ദത്തിനായി പറക്കാന്‍ കാതുകള്‍ ചിറകുകള്‍  കുടഞ്ഞൊരുക്കി. ഇരുട്ട് വീഴുക തന്നെ ചെയ്യും. നാളെ പകല്‍ വരുമ്പോള്‍..ഇനി ഓര്‍മകള്‍ ഒന്നും ബാക്കിയില്ല. രാത്രിയില്‍ സ്വപ്നങ്ങള്‍ ഏതെങ്കിലും കോണില്‍ മറന്നുവെച്ച വേദനകള്‍ തേടിപ്പിടിക്കുമായിരിക്കും.
മറ്റൊരു പകലിന് വേണ്ടി കാത്തിരിക്കുന്നു.

Monday, 16 April 2012

നുണയന്‍


നിറമുള്ള കുറെ ഓര്‍മകള്‍ സമ്മാനിക്കുവാന്‍ മറ്റൊരു അവധിക്കാലം കടന്നു വന്നു. കുറെ സാധനങ്ങള്‍ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും വേണ്ടി വാങ്ങിയിട്ടുണ്ട്. നാട്ടില്‍ ചെന്നയുടന്‍ തന്നെ, എല്ലാവരെയും കാണണം. സുഹൃത്തുക്കളില്‍ പലരും ലോകത്തിന്‍റെ പലഭാഗങ്ങളിലായി ചിതറിക്കിടക്കുകയാണ്. അധികമാരോടും അധികം സംബര്‍ക്കമില്ല. ജോലിയുടെ തിരക്കുകള്‍ തന്നെയാണ് കാരണം. കാണും പോള്‍ ആദ്യം തന്നെ എല്ലാവര്‍ക്കും പരിഭവങ്ങള്‍ പറയാനെ നേരം കാണൂ. ഫോണ്‍ വിളിക്കാറില്ല, നമ്മളെ ഒന്നും ഇപ്പോള്‍ അറിയില്ല ..അങ്ങനെയൊക്കെ..
അവധിക്ക് വരുന്നുവെന്ന് ആദ്യം പറഞ്ഞത് അമ്മയോടാണ്. കേട്ടയുടന്‍ തന്നെ പറഞ്ഞു. "ഉണ്ണി ഇത്തവണ വരുമ്പോള്‍ നല്ല ഒരു പെണ്‍കുട്ടിയെ കണ്ടെത്തണം. എത്ര നാള്‍ ഇങ്ങനെ അന്യ നാട്ടില്‍ ഒറ്റക്ക്..എനിക്കാണെങ്കില്‍ ഒരു സമാധാനവുമില്ല."
അത് കേട്ടപ്പോള്‍ സമ്മതമാണ് എന്ന അര്‍ത്ഥത്തില്‍ മൂളി. കുറെ നാള്‍ ആയി അമ്മ കല്യാണക്കാര്യം പറയുന്നു. അപ്പോഴൊക്കെ ഓരോ കാരണങ്ങള്‍ പറഞ്ഞു അതൊക്കെ ഒഴിവാക്കി. പ്രത്യേകിച്ച് കാരണമൊന്നുമില്ല. ഇപ്പോള്‍ കല്യാണം കഴിക്കാനുള്ള പക്വത ആയോ എന്നു ഒരു സംശയം . പക്ഷേ ഇത്തവണ അമ്മയുടെ ഇഷ്ടം പോലെ നടക്കട്ടെ..
എയര്‍പോര്‍ട്ടില്‍ അനിയന്‍ കാറുമായി കാത്തുനിന്നു. രണ്ടു വര്‍ഷം കൊണ്ട് അവന് വീണ്ടും പൊക്കം വെച്ചുവെന്ന് തോന്നി. എന്നെ കണ്ടപ്പോള്‍ പതിവ് പോലെ കെട്ടിപ്പിടിച്ചിട്ടു പറഞ്ഞു. " രണ്ടു മാസമില്ലേ ,നമുക്ക് തകര്‍ക്കണം. ചേട്ടാ.."
"പിന്നെ, നാളെ തന്നെ തകര്‍ക്കാന്‍ തുടങ്ങിയേക്കാം"
വീട്ടിലെത്തിയപ്പോള്‍ നേരം വൈകിയിരുന്നു. അമ്മ ചോറും ഇഷ്ടമുള്ള കറികളും ഉണ്ടാക്കി കാത്തിരിപ്പുണ്ടായിരുന്നു.
"ഉണ്ണി, ഇത്ര ദൂരം യാത്ര ചെയ്തതല്ലേ, വേഗം കുളിച്ച് വരൂ..കഴിച്ചിട്ടു കിടന്നോളൂ."
" ഈ വൈകിയ നേരത്ത് കുളിക്കാന്‍ വയ്യാ. വല്ലോം  കഴിച്ചിട്ടു കിടക്കട്ടെ.."
" ഒരു മാറ്റവുമില്ല.. ഇപ്പോളും കുളിക്കാന്‍ മടിയാണോ നിനക്ക്."
 അത് കേട്ടപ്പോള്‍ ചിരിച്ചു. എപ്പോഴും കുളിക്കുന്ന കാര്യം പറഞ്ഞാണ് അമ്മ വഴക്കുണ്ടാക്കുന്നത്..കുളിക്കാതെ തന്നെ കിടന്നു.
നേരം പുലര്‍ന്നപ്പോള്‍ അമ്മ ചായയുമായി വന്ന് വിളിച്ചുണര്‍ത്തി.
" ഉണ്ണി, പുറപ്പെടുന്നതിന് മുന്പ് ഞാന്‍ പറഞ്ഞ കാര്യം?"
"ഉവ്വ്,,ഓര്‍മയുണ്ട്.. നോക്കാം."
" ശേഖരേട്ടന്‍ പറഞ്ഞ കുട്ടിയാ..നല്ല സ്വഭാവം..സുന്ദരിയാണ്. ഫോട്ടോ വാങ്ങി വെച്ചിട്ടുണ്ട്. ഒന്നു കണ്ടു നോക്കൂ ..ഇഷ്ടായിച്ചാ ഒന്നു പോയി കാണാം."
"ഉം, അമ്മേടെ ഇഷ്ടം".
അത് കേട്ടപ്പോള്‍ അമ്മക്ക് സമാധാനമായി എന്നു തോന്നി.
" ഉണ്ണീ,, രാവിലെ അമ്പലത്തില്‍ ഒന്നു പോയി തൊഴുതു വരൂ.." അച്ഛന്‍റെ കനമുള്ള ശബ്ദം.
 "വൈകുന്നേരം പോകാം. ദീപാരാധന തൊഴാമല്ലോ.."
" മച്ചിന്‍ പുറത്തു നിന്‍റെ കുറെ പഴയ ബാഗുകളും പുസ്തകങ്ങളും ഉണ്ട്..ഒന്നു നോക്കൂ. വേണ്ടാത്തതാണെങ്കില്‍ കളയൂ..അവിടെ തീരെ സ്ഥലമില്ല."
"ഉവ്വു"
കുട്ടിക്കാലത്ത് മച്ചിന്‍ പുറത്തു കയറി ഒരുപാട് ഒളിച്ചിരുന്നതാണ്. പകലുപോലും നല്ല ഇരുട്ടാണ്. പിന്നെ പഴയ തടിയുടെയും പൊടിയുടെയും മണമുണ്ട്. അച്ഛന്‍ പറഞ്ഞത് പോലെ പഴയ ബാഗുകളും കുറെ തുണികളും..പൊടിപിടിച്ചു കിടക്കുന്നു. ഇതൊന്നും വേണ്ടാത്തതാണ്.അച്ഛന് ഇതൊക്കെ വെറുതെ കത്തിച്ചു കളയാമായിരുന്നില്ലേ...വെറുതെ സംശയിച്ചു. ആ ബാഗുകളില്‍ കുറെ പുസ്തകങ്ങള്‍ ഉണ്ടായിരുന്നു. എല്ലാം വേണ്ടാത്തത്. ബാഗ് തുറന്നപ്പോള്‍ ചിതലരിച്ച കടലാസിന്‍റെ മണം വരുന്നുണ്ടായിരുന്നു. പെട്ടെന്ന്‍ തന്നെ അതടച്ചു.
താഴേയ്ക്കിറങ്ങാനായി ബാഗ് ഉയര്‍ത്തിയപ്പോള്‍ തുറന്നു കിടന്ന കള്ളിയില്‍ നിന്നും തിളക്കമുള്ള എന്തോ മച്ചിന്‍ പുറത്തെ പൊടിപിടിച്ച ഇരുണ്ട തടിയില്‍ വന്നു വീണു. ആ ഇരുട്ടിലും അത് തിളങ്ങുന്നുണ്ടായിരുന്നു. കൈവിരലുകള്‍ കൊണ്ട് പരതിയെടുത്തപ്പോള്‍ വിശ്വസിക്കാന്‍ സാധിച്ചില്ല.."ഇതിപ്പോള്‍ ഇവിടെ"..മനസ്സ് വിറക്കുന്നത് പോലെ തോന്നി.
പാദസരം..അനിതയുടെ പാദസരം..സ്വര്‍ണപാദസരം ...ഇത് ഇത്രയും വര്‍ഷങ്ങള്‍ ...എന്‍റെ ബാഗില്‍...
വലതു കയ്യില്‍ പാദസരം ആരും കാണാതെ പിടിച്ചു മച്ചിന്‍ പുറത്തു നിന്നും ഇറങ്ങി വന്നപ്പോള്‍. അച്ഛന്‍ ചോദിച്ചു.
"ആ കൂടെ ആവശ്യമുള്ളത് വല്ലോം ഉണ്ടോ ഉണ്ണീ..?"
"അതിപ്പോള്‍ അവിടെ ഇരിക്കട്ടെ അച്ഛാ..രണ്ടു ദിവസം കഴിഞ്ഞു നോക്കാം."
മുറിയില്‍ കയറി വാതില്‍ അടച്ചു...അവളുടെ പാദസരത്തില്‍ പിന്നെയും നോക്കി. ബാഗില്‍ നിന്നും ചിതലരിച്ച പുസ്തകങ്ങള്‍ കുടഞ്ഞിട്ടു.. പഴയ പോക്കറ്റ് ഡയറികള്‍ തറയില്‍ ചിതറി വീണു. കടലാസില്‍ നിന്നും ചിതലുകള്‍ ആര്‍ത്തി പിടിച്ചു നിലവിളിച്ചു കൊണ്ട് പുറത്തേക്ക് പാഞ്ഞു കൊണ്ടിരുന്നു.
ഡയറിയിലെ ചില താളുകളില്‍ കുറെ ഫോണ്‍ നമ്പറുകള്‍ കുറിച്ച് വെച്ചിട്ടുണ്ടായിരുന്നു. അതില്‍ ചിതലരിക്കാതെ ഒരു താളില്‍  ,..അനിതയുടെ ഫോണ്‍ നമ്പര്‍..വര്‍ഷങ്ങള്‍ എട്ട് കഴിഞ്ഞിരിക്കുന്നു..അന്ന് കോളേജ് അവസാനിക്കുന്ന ദിവസം അവളെ കാണാന്‍ ചെല്ലാമെന്ന് പറഞ്ഞത് ഓര്‍ക്കുന്നു. പോയില്ല. അതിനു ശേഷം ഇത് വരെ കണ്ടിട്ടുമില്ല. വിളിച്ചിട്ടുമില്ല. ഇപ്പോള്‍ എവിടെ ആണോ എന്തോ? അറിയില്ല. ഫോണ്‍ എടുത്തു ധൃതിയില്‍ ഡയല്‍ ചെയ്തു..എലക്ട്രോണിക് സന്ദേശം ,..''ഈ നമ്പര്‍ നിലവിലില്ല...'''
ബാഗില്‍ നിന്നും കുടഞ്ഞിട്ട കടലാസുകള്‍ കൂനപോലെ കിടക്കുന്നു. മുറി  മുഴുവന്‍ വൃത്തികേടായെന്നു തോന്നി. അനിതയുടെ പാദസരം അലമാരിയില്‍ വെച്ചു പൂട്ടിയപ്പോള്‍ അമ്മയുടെ സ്വരം കേട്ടു..
"ഉണ്ണീ ,വാതില്‍ തുറക്കൂ.."
തുറന്നപ്പോള്‍ പറഞ്ഞു.." ഇതാണ് കുട്ടിയുടെ ഫോട്ടോ.."
ഫോട്ടോയുമായി ഉമ്മറത്തേക്ക് നടന്നപ്പോള്‍ ..അമ്മ ശകാരിക്കുന്നത് കേട്ടു.
"ഈ ചെറുക്കന്‍...ഒരു അടുക്കും ചിട്ടയുമില്ല.കണ്ടില്ലേ ഇവിടം മുഴുവന്‍ കടലാസുകള്‍ വാരി വിതറി വൃത്തികേടാക്കിയിട്ടിരിക്കുന്നു."
രാവിലെ വെയിലിന് കനം വെച്ചു തുടങ്ങിയിരുന്നു. ഉമ്മറത്തെ തൂണില്‍ ചാരിയിരുന്നപ്പോള്‍ അനിതയുടെ മുഖം മനസ്സിലേക്ക് വന്നു. എന്തിനാണ് ഇത്രയും വര്‍ഷങ്ങള്‍ കഴിഞ്ഞു ഒരു അവധിക്കാലത്ത് അവളെ ഓര്‍ക്കുന്നത്...?


....................കുറെ വര്‍ഷങ്ങള്‍ക്ക് മുന്‍പ്...................................


തണുത്ത കാറ്റില്‍ പൂക്കള്‍ കൊഴിക്കുന്ന മരങ്ങള്‍ക്ക് കീഴെ നില്‍ക്കുമ്പോള്‍ അവള്‍ ചോദിച്ചു."നീ ഈ പറയുന്നതൊക്കെ സത്യമാണോ..?"
" സത്യം,, ഞാന്‍ എന്തിനാണ് വെറുതെ നുണ പറയുന്നത്."
ഹനുമാന്‍ ക്ഷേത്രത്തിന്‍റെ വേലിക്കെട്ടിന് പുറത്തു, നീളമുള്ള സിമെന്‍റ് ബെഞ്ചുകളില്‍ അവള്‍ക്കൊപ്പം ഇരിക്കുമായിരുന്നു. അവള്‍ ഒരുപാട് സംസാരിക്കുമായിരുന്നു. എന്തെങ്കിലും പറയുമ്പോള്‍ അവള്‍ ചോദിക്കും.."നീ പറയുന്നത് സത്യമാണോ?"
അപ്പോള്‍ അവളുടെ നീളമുള്ള കണ്ണുകള്‍ വിടരുന്നത് പോലെ തോന്നും. പിന്നെ നനഞ്ഞ ചുണ്ടുകള്‍ വിടര്‍ത്തി ചിരിക്കുമ്പോള്‍ അവള്‍ ഏറെ സുന്ദരി ആണെന്ന് തോന്നുമായിരുന്നു.
കയ്യില്‍ കരുതിയ ബാഗ് തുറന്നു അവള്‍ കുറെ പണം തന്നു.
" ആയിരം ഉണ്ട്. ഇപ്പോള്‍ തന്നെ അയച്ചേയ്ക്കൂ.. അമ്മക്ക് മരുന്ന് വാങ്ങാന്‍ വൈകേണ്ടാ.."
" താങ്ക്സ് അനിത. ഞാന്‍ എത്രയും പെട്ടെന്ന് തിരികെ തരാം."
"ധൃതി കൂട്ടണ്ടാ..എന്‍റെ കയ്യില്‍ ഇപ്പോള്‍ കാശുണ്ട്,"
പണവും വാങ്ങി നടന്നു വരുമ്പോള്‍ മത്തായി കാത്തു നില്‍പ്പുണ്ടായിരുന്നു.
"കിട്ടിയോ..?"
"പിന്നില്ലേ? നമ്മള് പോയാല്‍ നടക്കില്ലെ..? ഇത്തിരി സെന്‍റി അടിച്ചു..അമ്മക്ക് അസുഖമാണെന്ന് ആ പൊട്ടി വിശ്വസിച്ചു."
മത്തായി ഉറക്കെ ചിരിച്ചു കൊണ്ട് ബൈക്ക് സ്റ്റാര്‍ട്ട് ചെയ്തു. "അടുത്ത ബാറിലേക്ക് പോകാം അല്ലേ,,..?"
ബാറിലെ തിരക്കേറിയ കോണില്‍ ഇരുന്നു കുടിക്കുമ്പോള്‍ മത്തായി ചോദിച്ചു.
'ഈ കാശ് അവള്‍ തിരികെ ചോദിക്കില്ലെ..?"
"ഉം'
"അപ്പോള്‍?"
"നീ കൊടുക്കും"
"എന്‍റെ കയ്യില്‍ ഇപ്പം എവിടുന്നാ."
"ഒന്നു പോടാ ..ഈ ബാംഗ്ലൂര്‍ നഗരത്തില്‍ ജീവിക്കണമെങ്കില്‍ ഇത്തിരി തരികിടകള്‍ ഒക്കെ അറിയണം. പിന്നെ ലവടെ കയ്യില്‍ പൂത്ത കാശുണ്ട്...കുറെ നമ്മക്കടിച്ചു മാറ്റാം."
കുടിച്ചു കഴിഞ്ഞു തിരികെ വീട്ടില്‍ എത്തിയപ്പോള്‍ അനിതയുടെ മെസ്സേജ് വന്നു.
"പണം വീട്ടിലേക്ക് അയച്ചോ?"
പിറ്റേ ദിവസം ക്ലാസില്‍ ചെന്നപ്പോള്‍ അവള്‍ ചോദിച്ചു.."വീട്ടിലേക്ക് വിളിച്ചോ..?"
"ഇല്ല,, പക്ഷേ പൈസ അയച്ചു."
"അതെന്തേ വിളിക്കാതിരുന്നത്?"
"കാശില്ലായിരുന്നു. നീ തന്നത് മൊത്തം അയച്ചു" അത് കേട്ടപ്പോള്‍ അവള്‍ ഒരു നിമിഷം ആലോചിച്ചു നിന്നു. പിന്നെ നൂറു രൂപ തന്നു.
"നീ ടെന്‍ഷന്‍ അടിക്കേണ്ടാ..ഫോണ്‍ ചെയ്യൂ.."
അത് കണ്ടപ്പോള്‍ മത്തായി കണ്ണുകള്‍ കൊണ്ട് ആംഗ്യം കാണിക്കുന്നത് കണ്ടു.
 ആ നൂറു രൂപ കൊണ്ട് ഉച്ചക്ക് ബിരിയാണി കഴിച്ചു. വയര് നിറഞ്ഞു പൊട്ടുമെന്ന് തോന്നി.
വൈകുന്നേരം ക്ഷത്രത്തിന് സമീപം അനിതയെ കണ്ടു.
"ഞാന്‍ വിളിച്ചു...അമ്മക്ക് ഇപ്പോള്‍ നല്ല സുഖമുണ്ട്."
അപ്പോള്‍ അവള്‍ പറഞ്ഞു."എന്‍റെ പ്രാര്‍ഥന ഈശ്വരന്‍ കേട്ടു."
അവളുമായി ഏറെ നേരം സംസാരിച്ചു. നേരം വൈകിയപ്പോള്‍ അവളുമായി ലേഡീസ് ഹോസ്റ്റല്‍ വരെ നടന്നു. തമാശകള്‍ കേള്‍ക്കുമ്പോള്‍ അവള്‍ ഉറക്കെ ചിരിക്കുമായിരുന്നു. വെറുതെ ഉണ്ടാക്കി പറയുന്ന തമാശകള്‍. അപ്പോളൊക്കെ അവള്‍ ചിരിച്ചു കൊണ്ട് വിളിക്കും,,"നുണയന്‍."
തിരികെ പോയപ്പോള്‍ സ്വയം ചോദിച്ചു..ഇവള്‍ ഇത്ര മണ്ടി ആണോ?
ദിവസങ്ങള്‍ കഴിഞ്ഞു.
പലപ്പോഴായി അവളുടെ കയ്യില്‍ നിന്നും പല കള്ളങ്ങള്‍ പറഞ്ഞു പണം വാങ്ങി..അവള്‍ ഒന്നും തിരികെ ചോദിക്കില്ലായിരുന്നു.
അങ്ങനെ അവളുമായി കൂടുതല്‍ അടുത്തു. ഒരു അവധിക്കു അവള്‍കൊപ്പം നാട്ടിലേക്ക് ട്രയിനില്‍ വന്നു. മുഴുവന്‍ ചിലവും അവള്‍ എടുത്തു. പിന്നെ അതൊരു ശീലമായി. എല്ലാ അവധിക്കും ഒരുമിച്ചായിരുന്നു യാത്ര.
അവള്‍ കടം തരുന്ന പണം മത്തായിയുമായി അടിച്ചു പൊളിക്കുമായിരുന്നു.  വര്‍ഷാരംഭത്തില്‍ അവള്‍ ഫീസടക്കാന്‍ കൊണ്ട് വന്ന പൈസയില്‍ നിന്നും പതിനായിരം രൂപ വാങ്ങിയാണ് ആദ്യമായി ബൈക് വാങ്ങിയത്. ബൈക്കില്‍ നഗരത്തില്‍ കൂടി പായുമ്പോള്‍ സ്വര്‍ഗം കിട്ടിയ പ്രതീതി ആയിരുന്നു.
അവള്‍ ചോദിച്ചു.." ഈ ബൈക്..ആരുടെയാണ്?"
"ഇതെന്‍റെ സുഹൃത്തിന്‍റെയാണ് ..അവന്‍ നാട്ടില്‍ പോയിരിക്കുവാ..'
"നുണയന്‍.."
"ഹും എന്താ ഞാന്‍ പറയുന്നത് സത്യമാണ്."
" കോളേജില്‍ എല്ലാരും പറയുന്നു നിന്‍റെ ആണെന്ന്."
"അയ്യോ സത്യമായിട്ടും അല്ല. എന്‍റെ കയ്യില്‍ എവിടുന്നാ ഇതിനൊക്കെ പണം."
കുടിച്ചു ബോധമില്ലാതെ ഇഴഞ്ഞു നീങ്ങിയ ഒരു രാത്രിയില്‍ മത്തായി പറഞ്ഞു."നീ അവളോടു ഇഷ്ടമാണെന്ന് പറ."
"എന്തിന്?"
"ചുമ്മാ പറ..കാണാന്‍ കൊള്ളാവുന്ന ഒരു പെണ്ണാണ്...വെറുതെ കിടക്കട്ടെ.."
അന്ന് രാത്രി അവളെ വിളിച്ചു.
"എന്താ ..ഈ രാത്രിയില്‍?"
" നാളെ കാണണം ...ഒരുപാട് സംസാരിക്കാനുണ്ട്.."
"ഉം".
പിറ്റേ ദിവസം..പറഞ്ഞു..ഒരു വലിയ കള്ളം..
"അനിതയെ ജീവനേക്കാള്‍ കൂടുതല്‍ ഞാന്‍ സ്നേഹിക്കുന്നു."
അവളുടെ കണ്ണുകള്‍ വിടര്‍ത്തി അവള്‍ നോക്കി.
"എനിക്കും ഇഷ്ടമാണ്. ഒരു ദിവസം നീ ഇത് പറയുമെന്നു എനിക്കുറപ്പായിരുന്നു.എന്‍റെ പ്രാര്‍ഥന ദൈവം കേട്ടു."
കുറെ നാള്‍ അവളുമായി പ്രണയത്തില്‍ ആയിരുന്നു.
അതിര്‍വരംബുകള്‍ ലംഘിച്ച പ്രണയം. അവള്‍ക്ക് ഒരുപാട് വിശ്വാസം ആയിരുന്നു. കോളേജില്‍ എല്ലാവരും അറിഞ്ഞു. അതൊന്നും ഒരു പ്രശ്നമല്ലായിരുന്നു. പലപ്പോഴും സുഹൃത്തുക്കള്‍ക്ക് കുപ്പി വാങ്ങി കൊടുക്കുമ്പോള്‍ അവര്‍ വീട്ടില്‍ നിന്നും മാറി തരുമായിരുന്നു. ആ സമയങ്ങളില്‍ അവള്‍ വീട്ടില്‍ വന്നിരുന്നു. പ്രണയത്തില്‍ നിറഞ്ഞ നിമിഷങ്ങളിലെപ്പോഴോ ആണ് അവളുടെ വലതുകാലില്‍ നിന്നും പാദസരം ഊരിയെടുത്തത്. അപ്പോള്‍ അവള്‍ പറഞ്ഞു.
"അത് ഒന്നര പവന്‍ ഉണ്ട്.."
"പണയം വെയ്ക്കാനാ ...അടുത്ത മാസം തിരികെ തരാം."
അവള്‍ മറുപടി പറഞ്ഞില്ല.
അവസാന വര്‍ഷം ആയിരുന്നു. പരീക്ഷ കഴിഞ്ഞു നാട്ടിലേക്ക് പോകാന്‍ തീരുമാനിച്ചു.
അവള്‍ കാത്തു നിന്ന ദിവസം മനപ്പൂര്‍വം പോയില്ല,.അന്ന് കോളേജിലെ അവസാന ദിവസം ആയിരുന്നു. ആ രാത്രിയില്‍ മഴ പെയ്തിരുന്നു. അവള്‍ മഴ നനഞ്ഞു നിന്നപ്പോള്‍ ഫോണ്‍ ചെയ്തു..
"നമ്മള്‍ തമ്മിലുള്ള എല്ലാ ബന്ധങ്ങളും അവസാനിച്ചു..നിനക്കു നല്ല ഒരു ഭാവി ഉണ്ടാകട്ടെ ..എന്നെ പ്രതീക്ഷിക്കേണ്ടാ.."
"ഉണ്ണീ"
"എനിക്കൊന്നും പറയാനില്ല..ഗുഡ് ബൈ .."
ആ രാത്രിയില്‍ മഴ നനഞ്ഞു അവള്‍ ഒരുപാടു കരഞ്ഞു.
പിറ്റേ ദിവസം മത്തായി പറഞ്ഞു.
"അനിത ആശുപത്രിയില്‍ അഡ്മിറ്റ് ആണ്.."
"എന്തു പറ്റി.?"
"ആത്മഹത്യ  ചെയ്യാന്‍ നോക്കി"
"നമുക്ക് പണി ആകുവോ..?"
"നീ ഇവിടെ നില്‍ക്കേണ്ടാ..വേഗം നാട്ടില്‍ പൊയ്ക്കൊ.."
കയ്യില്‍ കിട്ടിയതൊക്കെ വാരി വലിച്ചു ബാഗില്‍ തിരികിയപ്പോള്‍ അതിനുള്ളിലെവിടെയോ അവളുടെ പാദസരം ഉണ്ടെന്ന കാര്യം മറന്നു പോയി.
-------------------------------------------------------------------------------------------------------------------
ഉമ്മറത്തെ തൂണില്‍ നിന്നും ഞെട്ടിയുണര്‍ന്നപ്പോള്‍ അമ്മയുടെ ശബ്ദം
" ഒന്നു പോയി കുളിക്കൂ,,ഉണ്ണീ.."
തോര്‍ത്തുമെടുത്ത് പുഴക്കരയിലേക്ക് നടന്നു.
കുളി കഴിഞ്ഞു തിരികെ വന്നപ്പോള്‍ അമ്മ പറഞ്ഞു.
"ആ കുട്ടിയുടെ ഫോട്ടോ ഇഷ്ടായോ? ഞാന്‍ ശേഖരനെ വിളിക്കട്ടെ.."
"ഒന്നു നില്‍ക്ക് അമ്മേ ,,ഞാന്‍ വന്നതല്ലേ ഉള്ളൂ.."
മുറിയില്‍ ചെന്നു കോളേജിലെ നമ്പര് തപ്പിയെടുത്തു. വിളിച്ചപ്പോള്‍ ഫോണ്‍ എടുത്ത കന്നടക്കാരനോടു സംസാരിച്ചു. അയാള്‍ കമ്പ്യൂട്ടര്‍ ഇല്‍ തിരഞ്ഞു അനിതയുടെ  അഡ്രെസ്സ് പറഞ്ഞു തന്നു.
അന്ന് വൈകീട്ട് അമ്മയോട് പറഞ്ഞു. "ഞാന്‍ കണ്ണൂര്‍ വരെ പോകുന്നു. ഒരു സുഹൃത്തിനെ കാണാന്‍."
"ഇത്ര പെട്ടെന്ന്"
" ഉടന്‍ തന്നെ മടങ്ങി വരും"

വളഞ്ഞു തിരിഞ്ഞു കുന്നുകള്‍ ചുറ്റി കാര്‍ ഡ്രൈവ് ചെയ്യുമ്പോള്‍ അനിതയെ കാണാന്‍ കൊതിച്ചു. ബാഗില്‍ അവളുടെ സ്വര്‍ണപാദസരം കരുതിയിരുന്നു.
വര്‍ഷങ്ങള്‍ കുറെ കഴിഞ്ഞതാണ്. അവള്‍ക്ക് ഓര്‍മ കാണുമോ എന്തോ? വിവാഹം കഴിഞ്ഞിട്ടുണ്ടായിരിക്കും..എങ്കിലും സാരമില്ല.ഒന്നു കണ്ടാല്‍ മാത്രം മതി ..ചെയ്ത തെറ്റുകള്‍ക്ക് മാപ്പ് ചോദിക്കണം.
അതൊരു ഗ്രാമം ആയിരുന്നു. ഏറെ ബുദ്ധിമുട്ടിയാണ് വണ്ടിയോടിച്ചത്. രാത്രി മുഴുവന്‍ ഉറങ്ങാത്തത്തിന്റെ ക്ഷീണം ഉണ്ടായിരുന്നു. കുണ്ടും കുഴിയും നിറഞ്ഞ വഴിയിലൂടെ വണ്ടിയോടിച്ച് നീങ്ങും പോള്‍ വഴിയില്‍ കണ്ടവരോടെല്ലാം വഴി ചോദിച്ചിരുന്നു.
ഒടുവില്‍ ഒരു പഴയ ഓലമേഞ്ഞ കുടിലിന് മുന്നില്‍ വണ്ടി നിര്ത്തി ഇറങ്ങിയപ്പോള്‍ സംശയിച്ചു. ഇത് തന്നെ ആണോ..? പിന്നെ ജീര്‍ണിച്ച തെങ്ങും തടിപ്പാലം കടന്നു മുറ്റത്തെത്തിയപ്പോള്‍ ഒരു വൃദ്ധന്‍ തറയില്‍ കിടന്നുറങ്ങുന്നത് കണ്ടു.
 കാല്‍പെരുമാറ്റം കേട്ടു അയാള്‍ കണ്ണുകള്‍ തുറന്നു.
"ആരാത്.. എനിക്കു കണ്ണിന് തീരെ കാഴ്ച ഇല്ല.."
"എന്‍റെ പേര് ഉണ്ണി.. ഞാന്‍ അനിതയുടെ ഒരു സുഹൃത്താണ്.."
"ഉം.."
"അനിത ഇവിടെ ഇല്ലേ.?"
"ഉവ്വ്".ഇപ്പോള്‍ വിളിക്കാം." എന്നിട്ടയാള്‍ ഉറക്കെ ചിരിച്ചു..അപ്പോള്‍ അയാള്‍ക്ക് ഭ്രാന്തുണ്ടെന്ന് തോന്നി. അയാളുടെ ചിരി കേട്ടപ്പോള്‍ അകത്തു നിന്നും ഒരു സ്ത്രീ ഇറങ്ങി വന്നു.
" ആരാ ...?"
"ഞാന്‍.........."
അപ്പോള്‍ അവള്‍ സൂക്ഷിച്ചു നോക്കി..."ഉണ്ണീ അല്ലേ..."
അവള്‍ ആകെ ക്ഷീണിച്ചിരുന്നു. കവിളുകള്‍ ഒട്ടി ,കണ്ണുകള്‍ കുഴിഞ്ഞിരുന്നു. അവളെ കണ്ടപ്പോള്‍ എന്തു പറയണമെന്ന് അറിയില്ലായിരുന്നു.
ആ വൃദ്ധന്‍ എന്തൊക്കെയോ പുലംബിക്കൊണ്ടിരുന്നു.
"അച്ഛന്‍ ആണ് നല്ല സുഖമില്ല.ഉണ്ണി വരൂ..കയറിയിരിക്കൂ.."
ഒരു പ്ലാസ്റ്റിക് കസേരയില്‍ ഇരുന്നപ്പോള്‍ അവള്‍ ചായ കൊണ്ട് വന്നു.
"ഉണ്ണി, ഒരു ദിവസം വരുമെന്ന് എനിക്കറിയാമായിരുന്നു..എന്‍റെ പ്രാര്‍ഥന ദൈവം കേട്ടു."
ഒന്നും മിണ്ടാതെ അവളെ തന്നെ നോക്കിയിരുന്നു.
"ഞാന്‍ ഉണ്ണിക്ക് ഒരുപാട് പണം തന്നത്. ഞാന്‍ വലിയ പണക്കാരി ആയത് കൊണ്ടല്ല. ഇയാളെ ഒരുപാട് ഇഷ്ടമായതു കൊണ്ടായിരുന്നു."
"അനിത ,ഞാന്‍ ചെയ്ത തെറ്റുകള്‍ക്ക് നീ ക്ഷമിക്കണം." ഇത്രയും പറഞ്ഞു കൊണ്ട് അവളുടെ പാദസരം അവള്‍ക്ക് നേരെ നീട്ടി.
"ഇത് തരാന്‍ വന്നതാണ്."
അവള്‍ അത് വാങ്ങി.
"അപ്പോള്‍ നീ അന്ന് തന്ന പണം.."
"അതൊക്കെ അച്ഛന്‍ എന്നെ പഠിപ്പിക്കുവാന്‍ വേണ്ടി പലരോടായി കടം വാങ്ങിയതായിരുന്നു. ഒരു ദിവസം നീ അതൊക്കെ തിരിച്ചു തരുമെന്നു കരുതി. പക്ഷേ ഒരു വാക്ക് പോലും മിണ്ടാതെ നീ പോയി..ഞാന്‍ ആകെ തകര്‍ന്നു പോയി."

എല്ലാം ക്ഷമിച്ചു നീ എന്‍റെ കൂടെ വരൂ. എന്നു പറയാന്‍ മനസ്സ് കൊതിച്ചു. അപ്പോള്‍ അകത്തെ മുറിയില്‍ നിന്നും ഒരു പെണ്‍കുട്ടിയുടെ ശബ്ദം കേട്ടു.
"അമ്മേ..ഞാന്‍ സ്കൂളില്‍ പോകാന്‍ ഒരുങ്ങി.."
ആ പെണ്‍കുട്ടി  ഇറങ്ങി വന്നു. അനിത പറഞ്ഞു." എന്‍റെ മോള്‍ ആണ്."
"ഭര്‍ത്താവ്?"
"രാവിലേ ജോലിക്ക് പോയി."
"ഞാന്‍ ഇറങ്ങുന്നു."
തിരികെ പോരുമ്പോള്‍...മനസ്സിലെവിടെയോ നഷ്ടബോധങ്ങള്‍ നിറഞ്ഞിരുന്നു. എങ്കിലും മനസ്സ് ശാന്തമായിരുന്നു.
ആ അവധിക്കാലം അങ്ങനെ കടന്നുപോയി..ഓര്‍ക്കാന്‍ ഒരുപാട് നൊമ്പരങ്ങള്‍ സമ്മാനിച്ചു കൊണ്ട്. നേരംപോക്കിനായി പറഞ്ഞ കുറെ നുണകള്‍..ജീവിതത്തില്‍ വന്ന മാറ്റങ്ങള്‍..തിരികെ വന്നപ്പോള്‍ ആദ്യം പോയത് ബാങ്കിലേക്കാണ്.
നാല് ലക്ഷം രൂപയെടുത്തു. അത് അനിതയുടെ അഡ്രെസ്സില്‍ അയച്ചു. പലപ്പോഴായി അവളെ പറ്റിച്ചുണ്ടാകിയ പണം കൊണ്ട് ധൂര്‍ത്തടിച്ചതിനും അവളുടെ ജീവിതം തകര്‍ത്തത്തിനും ഇത് കൊണ്ട് പശ്ചാത്താപം ചെയ്യാന്‍ കഴിയില്ല എന്നറിയാം ..എങ്കിലും കുറഞ്ഞത് ഇതെങ്കിലും ചെയ്യണം.
ഫ്ലാറ്റിലേക്ക് പോകുമ്പോള്‍ അമ്മയുടെ ഫോണ്‍ വന്നു.
"അടുത്ത അവധിക്കു വരുമ്പോള്‍ ശേഖരേട്ടന്‍ പറഞ്ഞ ആ പെണ്‍കുട്ടിയെ തീര്‍ച്ചയായും കാണണം കേട്ടോ,, ഉണ്ണീ.."

Friday, 13 April 2012

നിഴലിന്‍റെ മറുവശം


"എന്തിനാണ് ഇങ്ങനെയൊക്കെ...?
എല്ലാ ദിവസവും എന്നെ കാണാന്‍ വരുന്നത്. ഞാന്‍ ജോലി കഴിയുന്നിടം വരെ ഈ ഓഫീസിന്‍റെ ഒഴിഞ്ഞ കോണില്‍ എന്നെയും കാത്തു നില്‍ക്കുന്നത്? ചിലപ്പോള്‍ ഞാന്‍ ഒരുപാട് വൈകും ...എന്നിട്ടും..നമ്മള്‍ സുഹൃത്തുക്കള്‍ മാത്രമാണ് കേട്ടോ. അതില്‍ കൂടുതലൊന്നും പ്രതീക്ഷിക്കരുത്..."
അവള്‍ ഇങ്ങനെ ഇപ്പോഴും പറയുന്നതാണ്. ഇതില്‍ അസാധാരണം ആയി ഒന്നും തന്നെ ഇല്ല. എന്നാലും എല്ലാ വൈകുന്നേരങ്ങളിലും അവളെ കാണുവാന്‍ വേണ്ടി മാത്രം ഞാന്‍ സമയം കണ്ടെത്തിയിരുന്നു. അവള്‍ എത്ര വൈകിയാലും ഞാന്‍ ക്ഷമയോടെ കാത്തു നില്‍ക്കും. അവള്‍ വരുമ്പോള്‍ അവളുമൊത്ത്‌ നടക്കും..കുറെ സംസാരിക്കും. എന്നിട്ട് അവളെ ബസ്‌ സ്റ്റോപ്പില്‍ ഡ്രോപ്പ് ചെയ്തു തിരികെ വീട്ടിലേക്കു പോകും. കുറെ ദിവസങ്ങള്‍ ആയി എന്‍റെ ജീവിതം അവളെ ചുറ്റി ഇങ്ങനെ കറങ്ങുകയാണ്.
ഈ വന്‍ നഗരത്തില്‍ മഴയും, തണുപ്പും, വെയിലും, വസന്തവും വളരെ പെട്ടെന്ന് മാറി മാറി വന്നു കൊണ്ടിരുന്നു. അത് കൊണ്ട് തന്നെ ..നഗരത്തിന്‍റെ ചടുലമായ അനിശ്ചിതാവസ്ഥയെ ഞാന്‍ സ്നേഹിച്ചിരുന്നു.ഇവിടെ എനിക്ക് ആരുമില്ലായിരുന്നു. പലപ്പോഴും ഒറ്റപ്പെട്ടു പോകുന്നു എന്ന തോന്നല്‍ എന്നെ വല്ലാതെ അലട്ടിയിരുന്നു. അപ്പോഴൊക്കെ എന്ത് ചെയ്യണമെന്നറിയാതെ മനസ്സ് പതറുന്നത് ഞാന്‍ അറിഞ്ഞിരുന്നു.
ചില വൈകുന്നേരങ്ങളില്‍ വീടിനടുത്തുള്ള കഫേയില്‍ പോവുക പതിവായിരുന്നു. അവിടെ താരതമ്യേന നല്ല തിരക്കാണ്. ചൂട് പൊന്തുന്ന പലതരത്തിലുള്ള കോഫികള്‍ ഞാന്‍ ആസ്വദിക്കുമായിരുന്നു. മഴ പെയ്യുന്ന വൈകുന്നേരങ്ങള്‍ എനിക്കു ഒരു പാടിഷ്ടമായിരുന്നു. കാരണം മഴത്തുള്ളികള്‍ ചിതറി വീണു മങ്ങിയ ചില്ലുജാലകത്തിനപ്പുറം നിറം മങ്ങിയ കാഴ്ചകള്‍ ഞാന്‍ കണ്ടിരുന്നു.
പലപ്പോഴും ഞാന്‍ അവിടെ അവളെ കണ്ടിരുന്നു. അവളെ ഞാന്‍ വെറുതെ ശ്രദ്ധിച്ചു. നീണ്ട മുടികള്‍ കൈകൊണ്ടു ഒതുക്കി ,അവള്‍ ചില്ല് ജാലകത്തില്‍ നോക്കി ഇരിക്കുമായിരുന്നു. പലപ്പോഴും അവള്‍ ഫോണില്‍ ആരോടൊക്കെയോ സംസാരിക്കുന്നത് ഞാന്‍ കണ്ടു.
ഒരു ദിവസം അവള്‍കൊപ്പം ..ഞാന്‍ ഇരുന്നു. ഒരുപാട് സംസാരിച്ചു. അന്ന് മുതല്‍ അവളെ കാണുവാന്‍ ഞാന്‍ സ്ഥിരമായി പോയി തുടങ്ങി.ഇരുട്ട് വീണു തുടങ്ങിയ ഒരു വൈകുന്നേരം അവളുടെ അനുവാദമില്ലാതെ കൈവിരലുകളില്‍ തൊട്ടു ഞാന്‍ പറഞ്ഞു." എനിക്കിഷ്ടമാണ്" .
" നമ്മള്‍ സുഹൃത്തുക്കള്‍ ,മാത്രമാണ്. അതില്‍ കൂടുതല്‍ ഒന്നും വേണ്ട"

രാത്രിയുടെ ആഴങ്ങളില്‍ , എന്‍റെ സ്വപ്‌നങ്ങള്‍ എന്നോട് ചോദിച്ചു. സുഹൃത്തുക്കള്‍ മാത്രം...അതില്‍ കൂടുതല്‍ ഒന്നുമില്ലേ?.
പക്ഷെ അവള്‍ എന്‍റെ മനസ്സില്‍ നിന്നും ദൂരെ മാറി പോയിരുന്നില്ല.

"നിന്‍റെ മനസ്സില്‍ വേറെ ആരെങ്കിലും?" ഞാന്‍ വളരെ ആകാംഷയോടെ ചോദിച്ചു.
"ഇല്ല. പ്രേമിക്കുന്ന, കല്യാണം കഴിക്കുന്ന ആളെ കുറിച്ച് ഒരുപാട് പ്രതീക്ഷകള്‍ എനിക്കുണ്ട്. പക്ഷെ നീ എന്‍റെ മനസ്സില്‍ ഉള്ള ഒരാള്‍ അല്ല.," അവള്‍ പറഞ്ഞു നിര്‍ത്തി.
" അപ്പോള്‍ ഞാന്‍.?"
"നീ എന്‍റെ നല്ല ഒരു സുഹൃത്താണ്. നിന്നെ പ്രേമിക്കാന്‍ എനിക്ക് കഴിയില്ല. സത്യം"
പക്ഷെ അവളെ മറക്കാന്‍ കഴിഞ്ഞില്ല. ഞാന്‍ അവളെ വീണ്ടും വീണ്ടും ഓര്‍ത്തു കൊണ്ടേയിരുന്നു.
ഒരു ദിവസം അവള്‍ പറഞ്ഞു."നീ ഒട്ടും സുന്ദരനല്ല. നിന്നെ പ്രേമിക്കാന്‍ എനിക്ക് കഴിയില്ല."
അവിടെ നഷ്ടങ്ങള്‍ തൂക്കിയ സ്വപ്നങ്ങളുടെ നിറം നഷ്ടപ്പെട്ട വേദന ഞാന്‍ അറിഞ്ഞു. വിഷമങ്ങള്‍ ഉള്ളില്‍ ഒതുക്കി ഞാന്‍ തീരുമാനിച്ചു. ഇനി അവളെ കാണില്ല ഒരിക്കലും.
ദിവസങ്ങള്‍ക്കു ശേഷം അവള്‍ എന്നെ വിളിച്ചു.
" എവിടെ ആണ്,നീ ...നിന്നെ എല്ലാ ദിവസവും ഞാന്‍ കാത്തു നിന്നു. പക്ഷെ നീ വന്നില്ല."
" ഞാന്‍ നിന്നെ മറക്കാന്‍ ശ്രമിക്കുകയാണ്."
"ഇന്ന് കാണണം, സംസാരിക്കാനുണ്ട്."
തണുത്ത കാറ്റു വീശുന്ന തടാകത്തിനു തീരത്ത് അവളോട്‌ ചേര്‍ന്നിരുന്നപ്പോള്‍ ചോദിച്ചു.
"ഞാന്‍ അങ്ങനെ പറഞ്ഞത് ...?"
" സാരമില്ല., എനിക്ക് നിന്നെ മറക്കണം."
"കുറെ ദിവസങ്ങള്‍ കാണാതെ ഇരുന്നപ്പോള്‍ ....കാണണം എന്ന് തോന്നി. എന്നെ കാണാതിരുന്നപ്പോള്‍ വിഷമം തോന്നി ഇല്ലേ.."
"ഉവ്വ്"
 അന്ന് രാത്രി അവള്‍ ഫോണ്‍ വിളിച്ചു.
" നമുക്ക് കുറെ സമയം ഒരുമിച്ചു ചിലവഴിക്കാം. നാളെ മുഴുവന്‍ ....രാവിലെ മുതല്‍ ...സന്ധ്യ വരെ."
അന്ന് പകല്‍ മുഴുവന്‍ അവള്‍ക്കൊപ്പം ഞാന്‍ ചിലവഴിച്ചു. ഇരുട്ട് വീണു തുടങ്ങിയപ്പോള്‍ അവള്‍ പറഞ്ഞു.
" നിന്‍റെ കൂടെ ഇങ്ങനെ കൂട്ട് കൂടി നടക്കാന്‍ എന്ത് രസമാണ്. നീ ഒരു നല്ല വ്യക്തി ആണ്. "
അവളുടെ കൂടെ ഒരു പകല്‍ ചിലവഴിച്ചപ്പോഴും എന്‍റെ മനസ്സില്‍ നിറയെ നഷ്ടബോധമായിരുന്നു. അവള്‍ എന്നോട് ചേര്‍ന്ന് നിന്നു പലപ്പോഴും സംസാരിച്ചതാണ്. അവളുടെ ചുണ്ടുകള്‍ പലപ്പോഴും ഞാന്‍ കേള്‍ക്കാന്‍ കൊതിച്ചത് പറഞ്ഞു കൊണ്ടിരുന്നു.
പിന്നെ ഒരു വൈകുന്നേരം അവള്‍ ചോദിച്ചു."ഞാന്‍ നിന്‍റെ വീട്ടില്‍ വരട്ടെ?"
" ഉം,..പക്ഷെ ഞാന്‍ അവിടെ ഒറ്റക്കാണ്.."
"അതിനെന്താ,..നീ എന്നെ കൊണ്ട് പോകില്ലേ."
"ഉം.കൊണ്ട് പോകാം"

ആ സന്ധ്യയില്‍ അവള്‍ എനിക്കൊപ്പം വീട്ടില്‍ വന്നു.
അടഞ്ഞു കിടന്ന ജനാലയില്‍ കൂടി അരിച്ചിറങ്ങി വന്ന മങ്ങിയ വെളിച്ചത്തില്‍ അവള്‍ ഒരു ചിത്രശലഭത്തെ പോലെ എന്‍റെ ഹൃദയത്തില്‍ പറന്നിറങ്ങി..ആ രാത്രി വെളുക്കിന്നിടം വരെ ..ഞങ്ങള്‍ പരസ്പരം ഒട്ടിക്കിടന്നു. അതി രാവിലെ എണീറ്റപ്പോള്‍ അവള്‍ പറഞ്ഞു.
" എല്ലാം ഒരു സ്വപ്നം പോലെ തോന്നുന്നു."
അവള്‍ നടന്നിറങ്ങിയ വഴികളില്‍ വെറുതെ കണ്ണും നട്ടു ഞാന്‍ നിന്നു.
പിന്നെ ഒരുപാട് ദിവസങ്ങള്‍ ഞാന്‍ അവള്‍ക്കൊപ്പം വീട്ടില്‍ വന്നു.
ഒരു വൈകുന്നേരം ഞാന്‍ പറഞ്ഞു.
" എന്‍റെ വിവാഹമാണ്..ഞാന്‍ നാട്ടില്‍ പോകുന്നു."
"എന്ത്?"
" അതെ , ഇനി നമ്മള്‍ തമ്മില്‍ ഒരിക്കലും കാണരുത്?"
അപ്പോള്‍ അവള്‍ എന്നെ നിറഞ്ഞ കണ്ണുകളോടെ നോക്കി.അതില്‍ ഒരുപാട്  കുറ്റപ്പെടുത്തല്‍  ഉണ്ടെന്നു തോന്നി.
"നീ ചതിയനാണ്." അവള്‍  കരഞ്ഞു.
"അല്ല .......,എന്നെ പ്രേമിക്കാന്‍ കഴിയില്ല ..സുഹൃത്തുക്കള്‍ മാത്രമാണ് നമ്മള്‍ എന്ന് നീ പറഞ്ഞതല്ലേ...?"
"പക്ഷെ"
പക്ഷെ ,എന്ന വാക്കിനു ഒരുപാട് അര്‍ഥങ്ങള്‍ ഉണ്ട്. അവള്‍ക്കു പറയാനുള്ളത് കേള്‍ക്കാതെ ഞാന്‍ വേഗത്തില്‍ നടന്നു. തിരിഞ്ഞു നോക്കിയില്ല. അപ്പോള്‍ ഇരുട്ട് വീണിരുന്നു.അന്ന് രാത്രിയില്‍ ഞാന്‍ ഒരുപാട് മദ്യപിച്ചിരുന്നു.
കണ്ണുകള്‍ കുഴഞ്ഞു കട്ടിലില്‍ കിടക്കുമ്പോള്‍ ഞാന്‍ അവളെ മറക്കാന്‍ ശ്രമിച്ചു. പിന്നെ ഫോണ്‍ എടുത്തു ..
അപ്പുറത്ത് മറ്റൊരു സ്ത്രീ ശബ്ദം.
" എവിടാരുന്നു ഇത്രയും നാള്‍ ...?ഒരു വിവരവും ഇല്ലായിരുന്നു..'
" അല്പം തിരക്കായിരുന്നു...ഞാന്‍ വരട്ടെ...?"
ആ രാത്രിയില്‍ ഞാന്‍ പുറപ്പെടുമ്പോള്‍ ...വെറുതെ ഓര്‍ത്തു..ഈ നഗരത്തില്‍ എനിക്കെല്ലാം ഉണ്ട്. സുഹൃത്തുക്കള്‍ , മദ്യം, മയക്കുമരുന്ന്, പിന്നെ ജീവിതം ആസ്വദിക്കാന്‍ വേണ്ട എല്ലാം.