Monday, 16 April 2012
നുണയന്
നിറമുള്ള കുറെ ഓര്‍മകള്‍ സമ്മാനിക്കുവാന്‍ മറ്റൊരു അവധിക്കാലം കടന്നു വന്നു. കുറെ സാധനങ്ങള്‍ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും വേണ്ടി വാങ്ങിയിട്ടുണ്ട്. നാട്ടില്‍ ചെന്നയുടന്‍ തന്നെ, എല്ലാവരെയും കാണണം. സുഹൃത്തുക്കളില്‍ പലരും ലോകത്തിന്റെ പലഭാഗങ്ങളിലായി ചിതറിക്കിടക്കുകയാണ്. അധികമാരോടും അധികം സംബര്‍ക്കമില്ല. ജോലിയുടെ തിരക്കുകള്‍ തന്നെയാണ് കാരണം. കാണും പോള്‍ ആദ്യം തന്നെ എല്ലാവര്ക്കും പരിഭവങ്ങള്‍ പറയാനെ നേരം കാണൂ. ഫോണ്‍ വിളിക്കാറില്ല, നമ്മളെ ഒന്നും ഇപ്പോള്‍ അറിയില്ല ..അങ്ങനെയൊക്കെ..
അവധിക്ക് വരുന്നുവെന്ന് ആദ്യം പറഞ്ഞത് അമ്മയോടാണ്. കേട്ടയുടന്‍ തന്നെ പറഞ്ഞു. "ഉണ്ണി ഇത്തവണ വരുമ്പോള്‍ നല്ല ഒരു പെണ്‍കുട്ടിയെ കണ്ടെത്തണം. എത്ര നാള് ഇങ്ങനെ അന്യ നാട്ടില്‍ ഒറ്റക്ക്..എനിക്കാണെങ്കില്‍ ഒരു സമാധാനവുമില്ല."
അത് കേട്ടപ്പോള്‍ സമ്മതമാണ് എന്ന അര്‍ത്ഥത്തില്‍ മൂളി. കുറെ നാള് ആയി അമ്മ കല്യാണക്കാര്യം പറയുന്നു. അപ്പോഴൊക്കെ ഓരോ കാരണങ്ങള്‍ പറഞ്ഞു അതൊക്കെ ഒഴിവാക്കി. പ്രത്യേകിച്ച് കാരണമൊന്നുമില്ല. ഇപ്പോള്‍ കല്യാണം കഴിക്കാനുള്ള പക്വത ആയോ എന്നു ഒരു സംശയം . പക്ഷേ ഇത്തവണ അമ്മയുടെ ഇഷ്ടം പോലെ നടക്കട്ടെ..
എയര്‍പോര്‍ട്ടില്‍ അനിയന് കാറുമായി കാത്തുനിന്നു. രണ്ടു വര്‍ഷം കൊണ്ട് അവന് വീണ്ടും പൊക്കം വെച്ചുവെന്ന് തോന്നി. എന്നെ കണ്ടപ്പോള്‍ പതിവ് പോലെ കെട്ടിപ്പിടിച്ചിട്ടു പറഞ്ഞു. " രണ്ടു മാസമില്ലേ ,നമുക്ക് തകര്‍ക്കണം. ചേട്ടാ.."
"പിന്നെ, നാളെ തന്നെ തകര്‍ക്കാന്‍ തുടങ്ങിയേക്കാം"
വീട്ടിലെത്തിയപ്പോള്‍ നേരം വൈകിയിരുന്നു. അമ്മ ചോറും ഇഷ്ടമുള്ള കറികളും ഉണ്ടാക്കി കാത്തിരിപ്പുണ്ടായിരുന്നു.
"ഉണ്ണി, ഇത്ര ദൂരം യാത്ര ചെയ്തതല്ലേ, വേഗം കുളിച്ച് വരൂ..കഴിച്ചിട്ടു കിടന്നോളൂ."
" ഈ വൈകിയ നേരത്ത് കുളിക്കാന്‍ വയ്യാ. വല്ലോം കഴിച്ചിട്ടു കിടക്കട്ടെ.."
" ഒരു മാറ്റവുമില്ല.. ഇപ്പോളും കുളിക്കാന്‍ മടിയാണോ നിനക്ക്."
അത് കേട്ടപ്പോള്‍ ചിരിച്ചു. എപ്പോഴും കുളിക്കുന്ന കാര്യം പറഞ്ഞാണ് അമ്മ വഴക്കുണ്ടാക്കുന്നത്..കുളിക്കാതെ തന്നെ കിടന്നു.
നേരം പുലര്‍ന്നപ്പോള്‍ അമ്മ ചായയുമായി വന്ന് വിളിച്ചുണര്‍ത്തി.
" ഉണ്ണി, പുറപ്പെടുന്നതിന് മുന്‍പ് ഞാന്‍ പറഞ്ഞ കാര്യം?"
"ഉവ്വ്,,ഓര്‍മയുണ്ട്.. നോക്കാം."
" ശേഖരേട്ടന് പറഞ്ഞ കുട്ടിയാ..നല്ല സ്വഭാവം..സുന്ദരിയാണ്. ഫോട്ടോ വാങ്ങി വെച്ചിട്ടുണ്ട്. ഒന്നു കണ്ടു നോക്കൂ ..ഇഷ്ടായിച്ചാ ഒന്നു പോയി കാണാം."
"ഉം, അമ്മേടെ ഇഷ്ടം".
അത് കേട്ടപ്പോള്‍ അമ്മക്ക് സമാധാനമായി എന്നു തോന്നി.
" ഉണ്ണീ,, രാവിലെ അമ്പലത്തില്‍ ഒന്നു പോയി തൊഴുതു വരൂ.." അച്ഛന്റെ കനമുള്ള ശബ്ദം.
"വൈകുന്നേരം പോകാം. ദീപാരാധന തൊഴാമല്ലോ.."
" മച്ചിന് പുറത്തു നിന്റെ കുറെ പഴയ ബാഗുകളും പുസ്തകങ്ങളും ഉണ്ട്..ഒന്നു നോക്കൂ. വേണ്ടാത്തതാണെങ്കില്‍ കളയൂ..അവിടെ തീരെ സ്ഥലമില്ല."
"ഉവ്വു"
കുട്ടിക്കാലത്ത് മച്ചിന് പുറത്തു കയറി ഒരുപാട് ഒളിച്ചിരുന്നതാണ്. പകലുപോലും നല്ല ഇരുട്ടാണ്. പിന്നെ പഴയ തടിയുടെയും പൊടിയുടെയും മണമുണ്ട്. അച്ഛന് പറഞ്ഞത് പോലെ പഴയ ബാഗുകളും കുറെ തുണികളും..പൊടിപിടിച്ചു കിടക്കുന്നു. ഇതൊന്നും വേണ്ടാത്തതാണ്.അച്ഛന് ഇതൊക്കെ വെറുതെ കത്തിച്ചു കളയാമായിരുന്നില്ലേ...വെറുതെ സംശയിച്ചു. ആ ബാഗുകളില്‍ കുറെ പുസ്തകങ്ങള്‍ ഉണ്ടായിരുന്നു. എല്ലാം വേണ്ടാത്തത്. ബാഗ് തുറന്നപ്പോള്‍ ചിതലരിച്ച കടലാസിന്റെ മണം വരുന്നുണ്ടായിരുന്നു. പെട്ടെന്ന് തന്നെ അതടച്ചു.
താഴേയ്ക്കിറങ്ങാനായി ബാഗ് ഉയര്‍ത്തിയപ്പോള്‍ തുറന്നു കിടന്ന കള്ളിയില്‍ നിന്നും തിളക്കമുള്ള എന്തോ മച്ചിന് പുറത്തെ പൊടിപിടിച്ച ഇരുണ്ട തടിയില്‍ വന്നു വീണു. ആ ഇരുട്ടിലും അത് തിളങ്ങുന്നുണ്ടായിരുന്നു. കൈവിരലുകള്‍ കൊണ്ട് പരതിയെടുത്തപ്പോള്‍ വിശ്വസിക്കാന്‍ സാധിച്ചില്ല.."ഇതിപ്പോള്‍ ഇവിടെ"..മനസ്സ് വിറക്കുന്നത് പോലെ തോന്നി.
പാദസരം..അനിതയുടെ പാദസരം..സ്വര്‍ണപാദസരം ...ഇത് ഇത്രയും വര്‍ഷങ്ങള്‍ ...എന്റെ ബാഗില്‍...
വലതു കയ്യില്‍ പാദസരം ആരും കാണാതെ പിടിച്ചു മച്ചിന് പുറത്തു നിന്നും ഇറങ്ങി വന്നപ്പോള്‍. അച്ഛന് ചോദിച്ചു.
"ആ കൂടെ ആവശ്യമുള്ളത് വല്ലോം ഉണ്ടോ ഉണ്ണീ..?"
"അതിപ്പോള്‍ അവിടെ ഇരിക്കട്ടെ അച്ഛാ..രണ്ടു ദിവസം കഴിഞ്ഞു നോക്കാം."
മുറിയില്‍ കയറി വാതില്‍ അടച്ചു...അവളുടെ പാദസരത്തില്‍ പിന്നെയും നോക്കി. ബാഗില്‍ നിന്നും ചിതലരിച്ച പുസ്തകങ്ങള്‍ കുടഞ്ഞിട്ടു.. പഴയ പോക്കറ്റ് ഡയറികള്‍ തറയില്‍ ചിതറി വീണു. കടലാസില്‍ നിന്നും ചിതലുകള്‍ ആര്‍ത്തി പിടിച്ചു നിലവിളിച്ചു കൊണ്ട് പുറത്തേക്ക് പാഞ്ഞു കൊണ്ടിരുന്നു.
ഡയറിയിലെ ചില താളുകളില്‍ കുറെ ഫോണ്‍ നമ്പറുകള്‍ കുറിച്ച് വെച്ചിട്ടുണ്ടായിരുന്നു. അതില്‍ ചിതലരിക്കാതെ ഒരു താളില്‍ ,..അനിതയുടെ ഫോണ്‍ നമ്പര്‍..വര്‍ഷങ്ങള്‍ എട്ട് കഴിഞ്ഞിരിക്കുന്നു..അന്ന് കോളേജ് അവസാനിക്കുന്ന ദിവസം അവളെ കാണാന്‍ ചെല്ലാമെന്ന് പറഞ്ഞത് ഓര്‍ക്കുന്നു. പോയില്ല. അതിനു ശേഷം ഇത് വരെ കണ്ടിട്ടുമില്ല. വിളിച്ചിട്ടുമില്ല. ഇപ്പോള്‍ എവിടെ ആണോ എന്തോ? അറിയില്ല. ഫോണ്‍ എടുത്തു ധൃതിയില്‍ ഡയല് ചെയ്തു..എലക്ട്രോണിക് സന്ദേശം ,..''ഈ നമ്പര്‍ നിലവിലില്ല...'''
ബാഗില്‍ നിന്നും കുടഞ്ഞിട്ട കടലാസുകള്‍ കൂനപോലെ കിടക്കുന്നു. മുറി മുഴുവന്‍ വൃത്തികേടായെന്നു തോന്നി. അനിതയുടെ പാദസരം അലമാരിയില്‍ വെച്ചു പൂട്ടിയപ്പോള്‍ അമ്മയുടെ സ്വരം കേട്ടു..
"ഉണ്ണീ ,വാതില്‍ തുറക്കൂ.."
തുറന്നപ്പോള്‍ പറഞ്ഞു.." ഇതാണ് കുട്ടിയുടെ ഫോട്ടോ.."
ഫോട്ടോയുമായി ഉമ്മറത്തേക്ക് നടന്നപ്പോള്‍ ..അമ്മ ശകാരിക്കുന്നത് കേട്ടു.
"ഈ ചെറുക്കന്...ഒരു അടുക്കും ചിട്ടയുമില്ല.കണ്ടില്ലേ ഇവിടം മുഴുവന്‍ കടലാസുകള്‍ വാരി വിതറി വൃത്തികേടാക്കിയിട്ടിരിക്കുന്നു."
രാവിലെ വെയിലിന് കനം വെച്ചു തുടങ്ങിയിരുന്നു. ഉമ്മറത്തെ തൂണില്‍ ചാരിയിരുന്നപ്പോള്‍ അനിതയുടെ മുഖം മനസ്സിലേക്ക് വന്നു. എന്തിനാണ് ഇത്രയും വര്‍ഷങ്ങള്‍ കഴിഞ്ഞു ഒരു അവധിക്കാലത്ത് അവളെ ഓര്‍ക്കുന്നത്...?
....................കുറെ വര്‍ഷങ്ങള്‍ക്ക് മുന്‍പ്...................................
തണുത്ത കാറ്റില്‍ പൂക്കള്‍ കൊഴിക്കുന്ന മരങ്ങള്‍ക്ക് കീഴെ നില്ക്കുമ്പോള് അവള് ചോദിച്ചു."നീ ഈ പറയുന്നതൊക്കെ സത്യമാണോ..?"
" സത്യം,, ഞാന്‍ എന്തിനാണ് വെറുതെ നുണ പറയുന്നത്."
ഹനുമാന് ക്ഷേത്രത്തിന്റെ വേലിക്കെട്ടിന് പുറത്തു, നീളമുള്ള സിമെന്റ് ബെഞ്ചുകളില്‍ അവള്‍ക്കൊപ്പം ഇരിക്കുമായിരുന്നു. അവള് ഒരുപാട് സംസാരിക്കുമായിരുന്നു. എന്തെങ്കിലും പറയുമ്പോള്‍ അവള് ചോദിക്കും.."നീ പറയുന്നത് സത്യമാണോ?"
അപ്പോള്‍ അവളുടെ നീളമുള്ള കണ്ണുകള്‍ വിടരുന്നത് പോലെ തോന്നും. പിന്നെ നനഞ്ഞ ചുണ്ടുകള്‍ വിടര്‍ത്തി ചിരിക്കുമ്പോള്‍ അവള് ഏറെ സുന്ദരി ആണെന്ന് തോന്നുമായിരുന്നു.
കയ്യില്‍ കരുതിയ ബാഗ് തുറന്നു അവള് കുറെ പണം തന്നു.
" ആയിരം ഉണ്ട്. ഇപ്പോള്‍ തന്നെ അയച്ചേയ്ക്കൂ.. അമ്മക്ക് മരുന്ന് വാങ്ങാന്‍ വൈകേണ്ടാ.."
" താങ്ക്സ് അനിത. ഞാന്‍ എത്രയും പെട്ടെന്ന് തിരികെ തരാം."
"ധൃതി കൂട്ടണ്ടാ..എന്റെ കയ്യില്‍ ഇപ്പോള്‍ കാശുണ്ട്,"
പണവും വാങ്ങി നടന്നു വരുമ്പോള്‍ മത്തായി കാത്തു നില്‍പ്പുണ്ടായിരുന്നു.
"കിട്ടിയോ..?"
"പിന്നില്ലേ? നമ്മള് പോയാല്‍ നടക്കില്ലെ..? ഇത്തിരി സെന്റി അടിച്ചു..അമ്മക്ക് അസുഖമാണെന്ന് ആ പൊട്ടി വിശ്വസിച്ചു."
മത്തായി ഉറക്കെ ചിരിച്ചു കൊണ്ട് ബൈക്ക് സ്റ്റാര്‍ട്ട് ചെയ്തു. "അടുത്ത ബാറിലേക്ക് പോകാം അല്ലേ,,..?"
ബാറിലെ തിരക്കേറിയ കോണില്‍ ഇരുന്നു കുടിക്കുമ്പോള്‍ മത്തായി ചോദിച്ചു.
'ഈ കാശ് അവള് തിരികെ ചോദിക്കില്ലെ..?"
"ഉം'
"അപ്പോള്‍?"
"നീ കൊടുക്കും"
"എന്റെ കയ്യില്‍ ഇപ്പം എവിടുന്നാ."
"ഒന്നു പോടാ ..ഈ ബാംഗ്ലൂര്‍ നഗരത്തില്‍ ജീവിക്കണമെങ്കില്‍ ഇത്തിരി തരികിടകള്‍ ഒക്കെ അറിയണം. പിന്നെ ലവടെ കയ്യില്‍ പൂത്ത കാശുണ്ട്...കുറെ നമ്മക്കടിച്ചു മാറ്റാം."
കുടിച്ചു കഴിഞ്ഞു തിരികെ വീട്ടില്‍ എത്തിയപ്പോള്‍ അനിതയുടെ മെസ്സേജ് വന്നു.
"പണം വീട്ടിലേക്ക് അയച്ചോ?"
പിറ്റേ ദിവസം ക്ലാസില്‍ ചെന്നപ്പോള്‍ അവള് ചോദിച്ചു.."വീട്ടിലേക്ക് വിളിച്ചോ..?"
"ഇല്ല,, പക്ഷേ പൈസ അയച്ചു."
"അതെന്തേ വിളിക്കാതിരുന്നത്?"
"കാശില്ലായിരുന്നു. നീ തന്നത് മൊത്തം അയച്ചു" അത് കേട്ടപ്പോള്‍ അവള് ഒരു നിമിഷം ആലോചിച്ചു നിന്നു. പിന്നെ നൂറു രൂപ തന്നു.
"നീ ടെന്‍ഷന്‍ അടിക്കേണ്ടാ..ഫോണ്‍ ചെയ്യൂ.."
അത് കണ്ടപ്പോള്‍ മത്തായി കണ്ണുകള്‍ കൊണ്ട് ആംഗ്യം കാണിക്കുന്നത് കണ്ടു.
ആ നൂറു രൂപ കൊണ്ട് ഉച്ചക്ക് ബിരിയാണി കഴിച്ചു. വയര്‍ നിറഞ്ഞു പൊട്ടുമെന്ന് തോന്നി.
വൈകുന്നേരം ക്ഷത്രത്തിന് സമീപം അനിതയെ കണ്ടു.
"ഞാന്‍ വിളിച്ചു...അമ്മക്ക് ഇപ്പോള്‍ നല്ല സുഖമുണ്ട്."
അപ്പോള്‍ അവള് പറഞ്ഞു."എന്റെ പ്രാര്‍ഥന ഈശ്വരന് കേട്ടു."
അവളുമായി ഏറെ നേരം സംസാരിച്ചു. നേരം വൈകിയപ്പോള്‍ അവളുമായി ലേഡീസ് ഹോസ്റ്റല്‍ വരെ നടന്നു. തമാശകള്‍ കേള്‍ക്കുമ്പോള്‍ അവള് ഉറക്കെ ചിരിക്കുമായിരുന്നു. വെറുതെ ഉണ്ടാക്കി പറയുന്ന തമാശകള്‍. അപ്പോളൊക്കെ അവള് ചിരിച്ചു കൊണ്ട് വിളിക്കും,,"നുണയന്."
തിരികെ പോയപ്പോള്‍ സ്വയം ചോദിച്ചു..ഇവള് ഇത്ര മണ്ടി ആണോ?
ദിവസങ്ങള്‍ കഴിഞ്ഞു.
പലപ്പോഴായി അവളുടെ കയ്യില്‍ നിന്നും പല കള്ളങ്ങള്‍ പറഞ്ഞു പണം വാങ്ങി..അവള് ഒന്നും തിരികെ ചോദിക്കില്ലായിരുന്നു.
അങ്ങനെ അവളുമായി കൂടുതല്‍ അടുത്തു. ഒരു അവധിക്കു അവള്കൊപ്പം നാട്ടിലേക്ക് ട്രയിനില്‍ വന്നു. മുഴുവന്‍ ചിലവും അവള് എടുത്തു. പിന്നെ അതൊരു ശീലമായി. എല്ലാ അവധിക്കും ഒരുമിച്ചായിരുന്നു യാത്ര.
അവള് കടം തരുന്ന പണം മത്തായിയുമായി അടിച്ചു പൊളിക്കുമായിരുന്നു. വര്‍ഷാരംഭത്തില്‍ അവള് ഫീസടക്കാന്‍ കൊണ്ട് വന്ന പൈസയില്‍ നിന്നും പതിനായിരം രൂപ വാങ്ങിയാണ് ആദ്യമായി ബൈക് വാങ്ങിയത്. ബൈക്കില്‍ നഗരത്തില്‍ കൂടി പായുമ്പോള്‍ സ്വര്‍ഗം കിട്ടിയ പ്രതീതി ആയിരുന്നു.
അവള് ചോദിച്ചു.." ഈ ബൈക്..ആരുടെയാണ്?"
"ഇതെന്റെ സുഹൃത്തിന്റെയാണ് ..അവന് നാട്ടില്‍ പോയിരിക്കുവാ..'
"നുണയന്.."
"ഹും എന്താ ഞാന്‍ പറയുന്നത് സത്യമാണ്."
" കോളേജില്‍ എല്ലാരും പറയുന്നു നിന്റെ ആണെന്ന്."
"അയ്യോ സത്യമായിട്ടും അല്ല. എന്റെ കയ്യില്‍ എവിടുന്നാ ഇതിനൊക്കെ പണം."
കുടിച്ചു ബോധമില്ലാതെ ഇഴഞ്ഞു നീങ്ങിയ ഒരു രാത്രിയില്‍ മത്തായി പറഞ്ഞു."നീ അവളോടു ഇഷ്ടമാണെന്ന് പറ."
"എന്തിന്?"
"ചുമ്മാ പറ..കാണാന്‍ കൊള്ളാവുന്ന ഒരു പെണ്ണാണ്...വെറുതെ കിടക്കട്ടെ.."
അന്ന് രാത്രി അവളെ വിളിച്ചു.
"എന്താ ..ഈ രാത്രിയില്‍?"
" നാളെ കാണണം ...ഒരുപാട് സംസാരിക്കാനുണ്ട്.."
"ഉം".
പിറ്റേ ദിവസം..പറഞ്ഞു..ഒരു വലിയ കള്ളം..
"അനിതയെ ജീവനേക്കാള്‍ കൂടുതല്‍ ഞാന്‍ സ്നേഹിക്കുന്നു."
അവളുടെ കണ്ണുകള്‍ വിടര്‍ത്തി അവള് നോക്കി.
"എനിക്കും ഇഷ്ടമാണ്. ഒരു ദിവസം നീ ഇത് പറയുമെന്നു എനിക്കുറപ്പായിരുന്നു.എന്റെ പ്രാര്‍ഥന ദൈവം കേട്ടു."
കുറെ നാള് അവളുമായി പ്രണയത്തില്‍ ആയിരുന്നു.
അതിര്‍വരംബുകള്‍ ലംഘിച്ച പ്രണയം. അവള്‍ക്ക് ഒരുപാട് വിശ്വാസം ആയിരുന്നു. കോളേജില്‍ എല്ലാവരും അറിഞ്ഞു. അതൊന്നും ഒരു പ്രശ്നമല്ലായിരുന്നു. പലപ്പോഴും സുഹൃത്തുക്കള്‍ക്ക് കുപ്പി വാങ്ങി കൊടുക്കുമ്പോള്‍ അവര്‍ വീട്ടില്‍ നിന്നും മാറി തരുമായിരുന്നു. ആ സമയങ്ങളില്‍ അവള് വീട്ടില്‍ വന്നിരുന്നു. പ്രണയത്തില്‍ നിറഞ്ഞ നിമിഷങ്ങളിലെപ്പോഴോ ആണ് അവളുടെ വലതുകാലില്‍ നിന്നും പാദസരം ഊരിയെടുത്തത്. അപ്പോള്‍ അവള് പറഞ്ഞു.
"അത് ഒന്നര പവന് ഉണ്ട്.."
"പണയം വെയ്ക്കാനാ ...അടുത്ത മാസം തിരികെ തരാം."
അവള് മറുപടി പറഞ്ഞില്ല.
അവസാന വര്‍ഷം ആയിരുന്നു. പരീക്ഷ കഴിഞ്ഞു നാട്ടിലേക്ക് പോകാന്‍ തീരുമാനിച്ചു.
അവള് കാത്തു നിന്ന ദിവസം മനപ്പൂര്‍വം പോയില്ല,.അന്ന് കോളേജിലെ അവസാന ദിവസം ആയിരുന്നു. ആ രാത്രിയില്‍ മഴ പെയ്തിരുന്നു. അവള് മഴ നനഞ്ഞു നിന്നപ്പോള്‍ ഫോണ്‍ ചെയ്തു..
"നമ്മള് തമ്മിലുള്ള എല്ലാ ബന്ധങ്ങളും അവസാനിച്ചു..നിനക്കു നല്ല ഒരു ഭാവി ഉണ്ടാകട്ടെ ..എന്നെ പ്രതീക്ഷിക്കേണ്ടാ.."
"ഉണ്ണീ"
"എനിക്കൊന്നും പറയാനില്ല..ഗുഡ് ബൈ .."
ആ രാത്രിയില്‍ മഴ നനഞ്ഞു അവള് ഒരുപാടു കരഞ്ഞു.
പിറ്റേ ദിവസം മത്തായി പറഞ്ഞു.
"അനിത ആശുപത്രിയില്‍ അഡ്മിറ്റ് ആണ്.."
"എന്തു പറ്റി.?"
"ആത്മഹത്യ ചെയ്യാന്‍ നോക്കി"
"നമുക്ക് പണി ആകുവോ..?"
"നീ ഇവിടെ നില്ക്കേണ്ടാ..വേഗം നാട്ടില്‍ പൊയ്ക്കൊ.."
കയ്യില്‍ കിട്ടിയതൊക്കെ വാരി വലിച്ചു ബാഗില്‍ തിരികിയപ്പോള്‍ അതിനുള്ളിലെവിടെയോ അവളുടെ പാദസരം ഉണ്ടെന്ന കാര്യം മറന്നു പോയി.
-------------------------------------------------------------------------------------------------------------------
ഉമ്മറത്തെ തൂണില്‍ നിന്നും ഞെട്ടിയുണര്‍ന്നപ്പോള്‍ അമ്മയുടെ ശബ്ദം
" ഒന്നു പോയി കുളിക്കൂ,,ഉണ്ണീ.."
തോര്‍ത്തുമെടുത്ത് പുഴക്കരയിലേക്ക് നടന്നു.
കുളി കഴിഞ്ഞു തിരികെ വന്നപ്പോള്‍ അമ്മ പറഞ്ഞു.
"ആ കുട്ടിയുടെ ഫോട്ടോ ഇഷ്ടായോ? ഞാന്‍ ശേഖരനെ വിളിക്കട്ടെ.."
"ഒന്നു നില്ക്ക് അമ്മേ ,,ഞാന്‍ വന്നതല്ലേ ഉള്ളൂ.."
മുറിയില്‍ ചെന്നു കോളേജിലെ നമ്പര്‍ തപ്പിയെടുത്തു. വിളിച്ചപ്പോള്‍ ഫോണ്‍ എടുത്ത കന്നടക്കാരനോടു സംസാരിച്ചു. അയാള്‍ കമ്പ്യൂട്ടര്‍ ഇല് തിരഞ്ഞു അനിതയുടെ അഡ്രെസ്സ് പറഞ്ഞു തന്നു.
അന്ന് വൈകീട്ട് അമ്മയോട് പറഞ്ഞു. "ഞാന്‍ കണ്ണൂര്‍ വരെ പോകുന്നു. ഒരു സുഹൃത്തിനെ കാണാന്‍."
"ഇത്ര പെട്ടെന്ന്"
" ഉടന്‍ തന്നെ മടങ്ങി വരും"
വളഞ്ഞു തിരിഞ്ഞു കുന്നുകള്‍ ചുറ്റി കാര്‍ ഡ്രൈവ് ചെയ്യുമ്പോള്‍ അനിതയെ കാണാന്‍ കൊതിച്ചു. ബാഗില്‍ അവളുടെ സ്വര്‍ണപാദസരം കരുതിയിരുന്നു.
വര്‍ഷങ്ങള്‍ കുറെ കഴിഞ്ഞതാണ്. അവള്‍ക്ക് ഓര്മ കാണുമോ എന്തോ? വിവാഹം കഴിഞ്ഞിട്ടുണ്ടായിരിക്കും..എങ്കിലും സാരമില്ല.ഒന്നു കണ്ടാല്‍ മാത്രം മതി ..ചെയ്ത തെറ്റുകള്‍ക്ക് മാപ്പ് ചോദിക്കണം.
അതൊരു ഗ്രാമം ആയിരുന്നു. ഏറെ ബുദ്ധിമുട്ടിയാണ് വണ്ടിയോടിച്ചത്. രാത്രി മുഴുവന്‍ ഉറങ്ങാത്തത്തിന്റെ ക്ഷീണം ഉണ്ടായിരുന്നു. കുണ്ടും കുഴിയും നിറഞ്ഞ വഴിയിലൂടെ വണ്ടിയോടിച്ച് നീങ്ങും പോള്‍ വഴിയില്‍ കണ്ടവരോടെല്ലാം വഴി ചോദിച്ചിരുന്നു.
ഒടുവില്‍ ഒരു പഴയ ഓലമേഞ്ഞ കുടിലിന് മുന്നില്‍ വണ്ടി നിര്‍ത്തി ഇറങ്ങിയപ്പോള്‍ സംശയിച്ചു. ഇത് തന്നെ ആണോ..? പിന്നെ ജീര്‍ണിച്ച തെങ്ങും തടിപ്പാലം കടന്നു മുറ്റത്തെത്തിയപ്പോള്‍ ഒരു വൃദ്ധന് തറയില്‍ കിടന്നുറങ്ങുന്നത് കണ്ടു.
കാല്പെരുമാറ്റം കേട്ടു അയാള്‍ കണ്ണുകള്‍ തുറന്നു.
"ആരാത്.. എനിക്കു കണ്ണിന് തീരെ കാഴ്ച ഇല്ല.."
"എന്റെ പേര് ഉണ്ണി.. ഞാന്‍ അനിതയുടെ ഒരു സുഹൃത്താണ്.."
"ഉം.."
"അനിത ഇവിടെ ഇല്ലേ.?"
"ഉവ്വ്".ഇപ്പോള്‍ വിളിക്കാം." എന്നിട്ടയാള്‍ ഉറക്കെ ചിരിച്ചു..അപ്പോള്‍ അയാള്‍ക്ക് ഭ്രാന്തുണ്ടെന്ന് തോന്നി. അയാളുടെ ചിരി കേട്ടപ്പോള്‍ അകത്തു നിന്നും ഒരു സ്ത്രീ ഇറങ്ങി വന്നു.
" ആരാ ...?"
"ഞാന്‍.........."
അപ്പോള്‍ അവള് സൂക്ഷിച്ചു നോക്കി..."ഉണ്ണീ അല്ലേ..."
അവള് ആകെ ക്ഷീണിച്ചിരുന്നു. കവിളുകള്‍ ഒട്ടി ,കണ്ണുകള്‍ കുഴിഞ്ഞിരുന്നു. അവളെ കണ്ടപ്പോള്‍ എന്തു പറയണമെന്ന് അറിയില്ലായിരുന്നു.
ആ വൃദ്ധന് എന്തൊക്കെയോ പുലംബിക്കൊണ്ടിരുന്നു.
"അച്ഛന് ആണ് നല്ല സുഖമില്ല.ഉണ്ണി വരൂ..കയറിയിരിക്കൂ.."
ഒരു പ്ലാസ്റ്റിക് കസേരയില്‍ ഇരുന്നപ്പോള്‍ അവള് ചായ കൊണ്ട് വന്നു.
"ഉണ്ണി, ഒരു ദിവസം വരുമെന്ന് എനിക്കറിയാമായിരുന്നു..എന്റെ പ്രാര്‍ഥന ദൈവം കേട്ടു."
ഒന്നും മിണ്ടാതെ അവളെ തന്നെ നോക്കിയിരുന്നു.
"ഞാന്‍ ഉണ്ണിക്ക് ഒരുപാട് പണം തന്നത്. ഞാന്‍ വലിയ പണക്കാരി ആയത് കൊണ്ടല്ല. ഇയാളെ ഒരുപാട് ഇഷ്ടമായതു കൊണ്ടായിരുന്നു."
"അനിത ,ഞാന്‍ ചെയ്ത തെറ്റുകള്‍ക്ക് നീ ക്ഷമിക്കണം." ഇത്രയും പറഞ്ഞു കൊണ്ട് അവളുടെ പാദസരം അവള്‍ക്ക് നേരെ നീട്ടി.
"ഇത് തരാന്‍ വന്നതാണ്."
അവള് അത് വാങ്ങി.
"അപ്പോള്‍ നീ അന്ന് തന്ന പണം.."
"അതൊക്കെ അച്ഛന് എന്നെ പഠിപ്പിക്കുവാന്‍ വേണ്ടി പലരോടായി കടം വാങ്ങിയതായിരുന്നു. ഒരു ദിവസം നീ അതൊക്കെ തിരിച്ചു തരുമെന്നു കരുതി. പക്ഷേ ഒരു വാക്ക് പോലും മിണ്ടാതെ നീ പോയി..ഞാന്‍ ആകെ തകര്‍ന്നു പോയി."
എല്ലാം ക്ഷമിച്ചു നീ എന്റെ കൂടെ വരൂ. എന്നു പറയാന്‍ മനസ്സ് കൊതിച്ചു. അപ്പോള്‍ അകത്തെ മുറിയില്‍ നിന്നും ഒരു പെണ്‍കുട്ടിയുടെ ശബ്ദം കേട്ടു.
"അമ്മേ..ഞാന്‍ സ്കൂളില്‍ പോകാന്‍ ഒരുങ്ങി.."
ആ പെണ്‍കുട്ടി ഇറങ്ങി വന്നു. അനിത പറഞ്ഞു." എന്റെ മോള് ആണ്."
"ഭര്‍ത്താവ്?"
"രാവിലേ ജോലിക്ക് പോയി."
"ഞാന്‍ ഇറങ്ങുന്നു."
തിരികെ പോരുമ്പോള്‍...മനസ്സിലെവിടെയോ നഷ്ടബോധങ്ങള്‍ നിറഞ്ഞിരുന്നു. എങ്കിലും മനസ്സ് ശാന്തമായിരുന്നു.
ആ അവധിക്കാലം അങ്ങനെ കടന്നുപോയി..ഓര്‍ക്കാന്‍ ഒരുപാട് നൊമ്പരങ്ങള്‍ സമ്മാനിച്ചു കൊണ്ട്. നേരംപോക്കിനായി പറഞ്ഞ കുറെ നുണകള്‍..ജീവിതത്തില്‍ വന്ന മാറ്റങ്ങള്‍..തിരികെ വന്നപ്പോള്‍ ആദ്യം പോയത് ബാങ്കിലേക്കാണ്.
നാല് ലക്ഷം രൂപയെടുത്തു. അത് അനിതയുടെ അഡ്രെസ്സില്‍ അയച്ചു. പലപ്പോഴായി അവളെ പറ്റിച്ചുണ്ടാകിയ പണം കൊണ്ട് ധൂര്‍ത്തടിച്ചതിനും അവളുടെ ജീവിതം തകര്‍ത്തത്തിനും ഇത് കൊണ്ട് പശ്ചാത്താപം ചെയ്യാന്‍ കഴിയില്ല എന്നറിയാം ..എങ്കിലും കുറഞ്ഞത് ഇതെങ്കിലും ചെയ്യണം.
ഫ്ലാറ്റിലേക്ക് പോകുമ്പോള്‍ അമ്മയുടെ ഫോണ്‍ വന്നു.
"അടുത്ത അവധിക്കു വരുമ്പോള്‍ ശേഖരേട്ടന് പറഞ്ഞ ആ പെണ്‍കുട്ടിയെ തീര്‍ച്ചയായും കാണണം കേട്ടോ,, ഉണ്ണീ.."
Subscribe to:
Post Comments (Atom)
ചിലപ്പോള്‍ നമ്മള് ഇങ്ങനെയാണ്..പറയേണ്ടത് പറയേണ്ട സമയത്ത് പറയില്യാ..വീണ്ടു വിചാരം ഉണ്ടാവുംപോഴേക്കും ഒക്കെയും കൈ വിട്ടു പോയിട്ടുണ്ടാവും...നല്ല കഥ..ഒഴുക്കോടെ പറഞ്ഞു...ഫോളോവെര്‍ ഗാട്ജെറ്റ് ഇടു...ആശംസകള്‍...
ReplyDeleteനന്ദി ...അതല്ലേ ജീവിതം..
Delete