Powered By Blogger

Thursday, 29 March 2012

നൂല്‍പാലങ്ങള്‍


ചില ബന്ധങ്ങള്‍ നൂല്‍പാലങ്ങള്‍ പോലെയാണ്. എത്ര ദൃഢമാണെങ്കിലും ആടിയുലഞ്ഞു കൊണ്ടിരിക്കും.ചിലപ്പോഴൊക്കെ ഭയം തോന്നും. കാല്‍ വഴുതിയാല്‍ താഴെ അഗാധ ഗര്‍ത്തമാണ്. എത്രയോ ജീവിതങ്ങള്‍ നൂല്‍പാലങ്ങള്‍ പൊട്ടി താഴെ വീണിരിക്കുന്നു..ഒരിക്കലും കയറാനാവാത്ത വിധം താഴേക്ക് ..
ചില പ്രതീക്ഷകള്‍ ..അത് മാത്രമാണ് ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത്.
നേരം പുലരുന്നതിന് മുന്‍പെ സൂസന്‍ കണ്ണു തുറന്നു,.എല്ലാ ദിവസവും പള്ളിയില്‍ മണി അടിക്കുന്നതു കേട്ടാണ് ഉണരുന്നത്. അപ്പോള്‍ നേരം വെളുത്തിട്ടുണ്ടായിരിക്കില്ല. പിന്നെ കട്ടിലില്‍ കിടന്നു കൊണ്ട് തന്നെ കുരിശ് വരക്കും .അരണ്ട വെളിച്ചത്തില്‍ കണ്ണുകള്‍ തുറന്നു കിടക്കും. കുറെ നാളുകളായി ഇങ്ങനെ ആണ്. അടുത്തു കിടന്നു മോള്‍ സുഖമായി ഉറങ്ങുകയാണ്. അവള്‍ ഇനിയും കുറെ സമയം ഉറങ്ങും.
അല്പ സമയം കഴിഞ്ഞപ്പോള്‍ എണീക്കണം എന്നു തോന്നി. മേശപ്പുറത്ത് പാതി നോക്കി വെച്ചിരിക്കുന്ന പരീക്ഷ കടലാസുകള്‍ ചിതറികിടക്കുന്നു .അതിനടുത്തായി വലിയ ഒരു കെട്ടില്‍ ഉത്തര കടലാസുകള്‍.,.നോക്കി കൊടുക്കേണ്ട സമയം എപ്പോഴേ കഴിഞ്ഞിരിക്കുന്നു. പക്ഷേ ഇനിയും ഒരുപാട് തീരാനുണ്ട്. ചില ഉത്തരങ്ങള്‍ വായിക്കുമ്പോള്‍ ചിരി വരും,ചിലത് വായിക്കുമ്പോള്‍ സങ്കടവും വരാറുണ്ട്. എത്ര കഷ്ടപ്പെട്ട് പഠിപ്പിച്ചതാണ് എന്നിട്ടും ആത്മാര്‍ത്ഥത ഒട്ടും ഇല്ലാത്ത കുട്ടികള്‍.., വല്ലാതെ നിരാശ തോന്നി.
പുതപ്പ് മാറ്റി കട്ടിലില്‍ നിന്നും ഇറങ്ങി.മുറിയില്‍ പുറത്തു വഴിയരികിലെ നിയോണ്‍ ബള്‍ബിന്റെ മങ്ങിയ പ്രകാശം ഉണ്ട്. അതി രാവിലെ പുറത്തു നേര്‍ത്ത കാറ്റുണ്ടെന്ന് തോന്നി..ആടുന്ന ഇലകളുടെ നിഴലുകള്‍ ജനാല കര്‍ട്ടനില്‍ കാണാം. ടേബിള്‍ ലാംബ് ഓണ്‍ ചെയ്തു ഉത്തര കടലാസുകള്‍ക്ക് മുന്നില്‍ ഇരുന്നു. കുറച്ചെങ്കിലും നോക്കി തീര്‍ക്കണം. ആദ്യമെടുത്തത് സോണിയുടെ പേപ്പര്‍ ആയിരുന്നു. നിസാര ചോദ്യങ്ങള്‍ക്ക് പോലും പൊട്ടത്തരങ്ങള്‍ എഴുതി വെച്ചിരിക്കുന്നു.ദേഷ്യം വരുന്നു. എത്ര പഠിപ്പിച്ചാലും  അവന്റെ തലയില്‍ കയറില്ല. സ്ഥിരമായി ക്ലാസിലും വരില്ല.അത് നോക്കാന്‍  തോന്നിയില്ല. മാറ്റിവെച്ചു...പിന്നെ നല്ലവണ്ണം പഠിക്കുന്ന പെണ്‍കുട്ടികളുടെ ഉത്തര കടലാസുകള്‍ നോക്കി.പെണ്‍കുട്ടികള്‍ ഏറെയും നല്ലവണ്ണം പടിക്കുന്നവരാണ്.അത് കൊണ്ട് ഉത്തര പേപ്പര്‍ നോക്കാന്‍ മടുപ്പ് തോന്നില്ല. നാലഞ്ച് പേപ്പര്‍ നോക്കിയപ്പോള്‍ നേരം വെളുത്തുവെന്ന്  തോന്നി. മോളു ഇപ്പോളും ഉറക്കമാണ്.വലിയ ശബ്ദത്തോടെ ടേബിള്‍ ക്ലോക്ക് ...മണി ആറ് ആയിരിക്കുന്നു. കുറെ നാളുകള്‍ക്ക് മുന്‍പ്  ക്ലോക്കില്‍ അലാറം വെച്ചതാണ്. എല്ലാ  ദിവസവും അലാറം അടിക്കുന്നതിന് മുന്പെ എണീക്കും. ഉണര്‍ന്ന് കിടക്കുമ്പോള്‍ അലാറം അടിക്കുന്നതു കേള്‍ക്കാന്‍ ഒരു രസമുണ്ട്..ആലസ്യത്തില്‍ നിന്നും ആരോ പിടിച്ച് എണീപ്പിക്കും  പോലെ....അടുക്കളയിലേക്ക് നടന്നു. ചായ ഉണ്ടാക്കി തിരികെ വന്നപ്പോഴും മോളു ഉറക്കമാണ്.അവളെ എണീപ്പിച്ചു .അപ്പോള്‍ ചിണുങ്ങി കൊണ്ട് അവള്‍ ചോദിച്ചു.
"ഇന്നും സ്കൂളില്‍ പോണോ മമ്മീ."
"പിന്നെ ..ഇന്ന് വെള്ളിയാഴ്ച അല്ലേ..?ഇന്നും കൂടി പോയാല്‍ മതി ,ഇനി രണ്ടു ദിവസം പോകണ്ടാ ."
അപ്പോള്‍ അവള്‍ മുഖം ചുളിച്ചു കൊണ്ട് കണ്ണുകള്‍  തിരുമ്മി.
അവള്‍ക്ക് അടുത്ത മാസം ആറ് വയസ്സു തികയും. എത്ര പെട്ടെന്നാണ് അവള്‍ വളരുന്നത്. അധികം വൈകാതെ അവള്‍ ചുരിദാര്‍ ഇടാന്‍ തുടങ്ങും ,പിന്നെ സാരിയുടുക്കും.പിന്നെ ഒരു ചെക്കന്‍റെ കൈ പിടിച്ചിറങ്ങി പോകും.
മോളു ഇറങ്ങി അടുത്ത മുറിയിലേക്ക്  പോയി.
വെറുതെ എന്തെല്ലാമാണ് ചിന്തിച്ചു കൂട്ടുന്നത്. എപ്പോഴും തനിച്ചായി പോകുന്നതിന്റെ ഭയമാണ്.വെറുതെ ഓരോ ഓരോ പേടികള്‍...,.ആശ്വസിക്കാന്‍ ശ്രമിച്ചു.
കറുത്ത  മഞ്ഞ പൂക്കളുള്ള സാരിയാണ് ഉടുത്തത്. അതുടുക്കുമ്പോള്‍ ശരീരത്തിന് കൂടുതല്‍ നിറമുണ്ടെന്ന് തോന്നും ..അങ്ങനെ പറഞ്ഞത് സണ്ണിയാണ്.അങ്ങനെയൊക്കെ പണ്ട് പറഞ്ഞിരുന്നു.ഇപ്പോള്‍ പറയാറില്ല.വിവാഹം കഴിഞ്ഞിട്ടു എട്ട് വര്‍ഷം ആയി.ഇനിയും എന്തിനാണ് അങ്ങനെയൊക്കെ പറയുന്നത്. ജീവിതത്തിന്റെ തിരക്കുകള്‍ ..ചില വാക്കുകള്‍ എപ്പോഴും പ്രതീക്ഷകള്‍ നല്കുന്നു.
മോളു തനിയെ ഒരുങ്ങും.മുടി തനിയെ കെട്ടും .ഇപ്പോഴേ എല്ലാം തനിയെ ചെയ്യാന്‍ അവള്‍ക്കറിയാം.അവള്‍ സ്കൂളില്‍ പോകാന്‍ റെഡി ആയിരുന്നു.
എല്ലാ ദിവസവും ഇങ്ങനെയാണ്.അവള്‍ ആദ്യം തയാറായി നില്ക്കും.അവളുമൊത്ത് റെയില്‍വേ സ്റ്റേഷനിലേക്ക് നടക്കും. അവിടുന്ന് കോട്ടയത്തേക്ക് ട്രയിനില്‍ ഒരു മണിക്കൂര്‍ ..കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ നിന്നും നടക്കാവുന്ന ദൂരമേ ഉള്ളൂ സ്കൂളിലേക്ക്.അവിടെയാണ് മോളും പഠിക്കുന്നത്.അവള്‍ക്ക് ഇഷ്ടമാണ്  എല്ലാ ദിവസവും ട്രയിനില്‍ യാത്ര ചെയ്യാന്‍..,.
ചിലപ്പോഴൊക്കെ ട്രയിന്‍ താമസിക്കാറുണ്ട്. അന്നൊക്കെ പ്രിന്‍സിപ്പാള്‍ നല്ല വഴക്കും പറയും.
മോളുമൊത്ത് റെയില്‍വേ സ്റ്റേഷനില്‍ നിന്നപ്പോള്‍ ട്രയിന്‍ താമസിക്കല്ലേയെന്ന് പ്രാര്‍ഥിച്ചു. കാരണം കുറെ നാള്‍ അവധിയെടുത്തത്തിന് ശേഷം തിരികെ കയറിയിട്ടു ഒരു മാസം തികയുന്നതേയുള്ളൂ.
തിരികെ ചെന്നപ്പോള്‍ പ്രിന്‍സിപ്പാള്‍ പറഞ്ഞതാണ്.."ഇത്തവണ നൂറു ശതമാനം വിജയം വേണം പ്ലസ് ടൂ കുട്ടികള്‍ക്ക്.പോര്‍ഷന്‍സ് ഡിസംബറിന് മുന്പ് തീര്‍ക്കണം." .
.അതിന്റെ അര്‍ത്ഥം ഇനിയും ലീവ് തരില്ല എന്നാണോ? അറിയില്ല.
ട്രയിന്‍ പെട്ടെന്ന് വന്നു.
സ്ഥിരം യാത്രക്കാരാണ് അധികവും. പരിചയമുള്ള മുഖങ്ങള്‍..,.ചിലപ്പോള്‍ നല്ല തിരക്കുണ്ടാവും, എങ്കിലും സ്ഥിരമായി ഏര്‍ണാകുളത്തേക്ക് പോകുന്ന ഒരു സ്ത്രീയുണ്ട്. അവര്‍ക്ക്മോളുവിനെ വലിയ ഇഷ്ടമാണ് ..എപ്പോളും അവളെ മടിയില്‍ ഇരുത്തും..അവള്‍ പുറത്തേക്ക് നോക്കി കാഴ്ചകള്‍ കണ്ടിരിക്കും.
ട്രയിന്‍ വിട്ടപ്പോള്‍ വെറുതെ സണ്ണിയെ പറ്റി ഓര്‍ത്തു. ഒരു ട്രയിന്‍ യാത്രയില്‍ ആണ് ആദ്യമായി കണ്ടത്..,.ഏകദേശം പത്തു വര്‍ഷങ്ങള്‍ക്ക് മുന്‍പ്. നല്ല ചുറുചുറുക്കുള്ള ചെറുപ്പക്കാരന്‍..,.ട്രയിന്‍ ഇറങ്ങി നടന്നപ്പോള്‍ പിന്നില്‍ നിന്നു വിളിച്ചു.പിന്നെ കണ്ണുകളില്‍ തന്നെ നോക്കി പറഞ്ഞു."ഇയാളെ  ഒരുപാട് ഇഷ്ടമാണ്.എപ്പോഴും കാണണമെന്ന് തോന്നും"
ആദ്യം പേടിയാണ് തോന്നിയത്..വേഗം വീട്ടിലേക്ക് നടന്നു.വീട്ടില്‍ ചെന്നപ്പോള്‍ മമ്മിയോട് കാര്യം പറഞ്ഞു.ഇത്തിരി ആശ്വാസം തോന്നി.പിറ്റേ ദിവസവും ഇത് പോലെ പറഞ്ഞു. പിന്നെ ഒരു ദിവസം പറഞ്ഞു."എനിക്കു വിവാഹം കഴിക്കണം." അറിയാതെ എപ്പോഴോ തമ്മില്‍ അടുത്തു.പിന്നെ വാകമരങ്ങള്‍ നിറഞ്ഞ വഴിയോരത്ത് വെച്ചു ഒരുപാട് സംസാരിച്ചു. ഒത്തിരി സ്നേഹമുള്ള ചെറുക്കന്‍.,.വീട്ടില്‍ ആരും എതിര്‍ത്തില്ല..വിവാഹം.,പ്രണയത്തില്‍ കുതിര്‍ന്ന ദിവസങ്ങള്‍.,.മൂന്നു മാസങ്ങള്‍ക്ക് ശേഷം സണ്ണി ഗല്‍ഫിലേക്ക് പോയി. സിവില്‍ എന്‍ജിനിയര്‍.... രണ്ടു വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ അവധിക്കു വന്നു.പിന്നെ അവധികള്‍ കുറഞ്ഞു വന്നു.സ്വന്തമായി കമ്പനി തുടങ്ങി...തിരക്കുകള്‍ ...ഇപ്പോള്‍ ആഴ്ചയില്‍ ഒരിക്കല്‍ ഫോണ്‍ വിളിക്കും...ഓരോരോ കാരണങ്ങള്‍ പറയും...പിന്നെ വെയ്ക്കും. കഴിഞ്ഞ വര്‍ഷം വന്നതാണ്. പക്ഷേ..എപ്പോഴും ഒറ്റയ്ക്കാണെന്ന തോന്നല്‍.,..എപ്പോഴും സണ്ണി കൂടെ വേണം എന്ന ആഗ്രഹം.അതാണ് എല്ലാ സങ്കടങ്ങള്‍ക്കും കാരണം ...പക്ഷേ സണ്ണിക്കു അത് മനസ്സിലാകുന്നില്ല.
വലിയ ശബ്ദത്തില്‍ ചൂളം വിളിച്ചു കൊണ്ട് ട്രയിന്‍ പായുകയാണ് .മോളു പുറത്തേക്ക് നോക്കി കാഴ്ചകള്‍ കാണുകയാണ്.അവളെ മടിയില്‍ ഇരുത്തിയിരിക്കുന്ന സ്ത്രീ അവളോടു എന്തൊക്കെയോ സംസാരിക്കുന്നു.അവള്‍ ചിരിച്ചു കൊണ്ട് മറുപടി പറയുന്നുണ്ട്.
ട്രയിന്‍ കോട്ടയത്ത് പെട്ടെന്ന് എത്തിയതായി തോന്നി. റെയില്‍വേ സ്റ്റേഷന്റെ തൊട്ട് ചേര്‍ന്നാണ് സ്കൂള്‍..,.ട്രയിന്‍ ഇറങ്ങി നടക്കുമ്പോള്‍ തിരമാലകള്‍ ഇരമ്പുന്നതുപോലെ കുട്ടികളുടെ ശബ്ദം കേള്‍ക്കാം. അതി രാവിലെ ചില കുട്ടികള്‍  സ്കൂളില്‍ എത്തും .ഓടി കളിക്കാന്‍ വേണ്ടി. എട്ടര ആകുമ്പോള്‍ ആണ് ക്ലാസ്സ് തുടങ്ങുന്നത്. പ്ലസ് ടു വിന്‍റെ ടീച്ചര്‍ ആയത് കൊണ്ട് സ്കൂള്‍ പിള്ളേരുടെ കാര്യത്തില്‍ ടെന്‍ഷന്‍ വേണ്ട.പക്ഷേ ചിലപ്പോള്‍ തോന്നും മുതിര്‍ന്ന കുട്ടികള്‍ അതില്‍ കഷ്ടമാണെന്ന്.
മോളുവിനെ ക്ലാസ്സില്‍ വിട്ടിട്ട് സ്റ്റാഫ് റൂമില്‍ ചെന്നപ്പോള്‍ ബിന്ദു വിനെ കണ്ടു. ബിന്ദു ഇംഗ്ലിഷ് ടീച്ചര്‍ ആണ്. പലപ്പോഴും തോന്നും ഒരു നല്ല സുഹൃത്ത് ആണെന്ന്.കണ്ടപ്പോള്‍ അവള്‍ ചിരിച്ചു.
"സൂസന്‍ വന്നാല്‍ വേഗം ഒന്നു കാണണമെന്ന് പ്രിന്‍സിപ്പാള്‍ പറഞ്ഞു."
ബിന്ദു പറഞ്ഞു.
"എന്താണ് കാര്യം എന്നു പറഞ്ഞോ ബിന്ദു."
"ഇല്ല,സാറിന്‍റെ പതിവായുള്ള ചോദ്യങ്ങള്‍ ചോദിക്കാന്‍ ആകും."
"ഉം"
പ്രിന്‍സിപ്പാള്‍ വളരെ ദേഷ്യകാരന്‍ ആണ്. ഓരോ കുട്ടിയും എങ്ങനെ പഠിക്കുന്നു.ഇനി എന്താണ് കൂടുതല്‍ മെച്ചപ്പെടുത്താന്‍ ചെയ്യുക..ഇങ്ങനെ നൂറു കൂട്ടം ചോദ്യങ്ങള്‍ ചോദിക്കും.
പ്രിന്‍സിപ്പാള്‍ എന്തൊക്കെയോ ധൃതിയില്‍ എഴുതുകയാരുന്നു. കണ്ടപ്പോള്‍ ചിരിച്ചു.
"ഗുഡ് മോണിങ്,സൂസന്‍.." .,"
" മോണിങ് സര്‍,കാണണം എന്നു പറഞ്ഞു."
"ഓ യെസ്,.എക്സാം റിസല്‍റ്റ് ..?"
"ഞാന്‍ ഇവാലുവേഷന്‍ കഴിഞ്ഞില്ല സര്‍.,ഉടനെ തീര്‍ക്കാം."
 അപ്പോള്‍ പ്രിന്‍സിപ്പാളിന്റെ മുഖം ചുളുങ്ങുന്നത് കണ്ടു.
"ഹറി അപ്,സൂസന്‍.,.അമ്പത് ശതമാനത്തില്‍ താഴെ മാര്‍ക് കിട്ടുന്ന കുട്ടികള്‍ക്ക് റീടെസ്റ്റ് വേണം .പിന്നെ സ്പെഷല്‍ ക്ലാസ്സ് . യു കാന്‍ ഗോ നൌ,,."
തിരികെ സ്റ്റാഫ് റൂമിലേക്ക് നടന്നപ്പോള്‍ അമ്പത് ശതമാനത്തില്‍ താഴെ മാര്‍ക് കിട്ടുന്ന കുട്ടികളുടെ മുഖം മനസ്സില്‍ വന്നു. ഇരുപതില്‍ കൂടുതല്‍ ഉണ്ടാകും.കൂടുതലും ആണ്‍കുട്ടികള്‍...,.
ആ ദിവസം വളരെ  പെട്ടെന്ന് പോയതായി തോന്നി. മോളുവിനെയും കൂട്ടി റെയില്‍വേ സ്റ്റേഷനിലേക്ക് നടക്കുമ്പോള്‍ ബിന്ദുവും കൂടെ ഉണ്ടായിരുന്നു.
സ്കൂള്‍ വിട്ട സമയം റോഡില്‍ നല്ല തിരക്കാണ്.നിറയെ വാഹനങ്ങള്‍ .ആണ്‍കുട്ടികള്‍ കൂട്ടമായും,അത് പോലെ തന്നെ പെണ്‍കുട്ടികളും. ചിലപ്പോള്‍ സ്കൂളിന്‍റെ മരത്തണലുകളില്‍ ഒറ്റപ്പെട്ടു മറഞ്ഞുനിന്നു സംസാരിക്കുന്ന  ആണ്‍കുട്ടിയെയും പെണ്‍കുട്ടിയെയും കാണാറുണ്ട്. അവരുടെ കണ്ണുകളില്‍ നിറയെ പ്രണയമാണ്. ആരെങ്കിലും ശ്രദ്ധിക്കുന്നു എന്നു കാണുംപോള്‍ ആണ്‍കുട്ടി ഓടി മറയുന്നതു കാണാം.അപ്പോള്‍ പെണ്‍കുട്ടി ഒരു ചമ്മലോടെ തിരിഞ്ഞു നില്‍കും. അവന്‍ ഒരു ദിവസം ഇത് പോലെ അവളുടെ ജീവിതത്തില്‍ നിന്നും ഓടി മറയുമ്പോള്‍ അവള്‍ ഇങ്ങനെ പിന്‍തിരിഞ്ഞു നില്‍ക്കുമോ.? അപ്പോള്‍ വാകമരങ്ങള്‍ക്ക് ചുവട്ടില്‍  സണ്ണിയുടെ തോളില്‍ തലചായ്ച്ച് ഇരുന്നതു ഓര്‍ത്തുപോയി.
ബിന്ദു യാത്ര പറഞ്ഞു പോകാന്‍ തുടങ്ങിയപ്പോള്‍ ചോദിച്ചു
"ഇനി രണ്ടു ദിവസം കഴിഞ്ഞു കാണാം.നാളെയെന്താ  പരിപാടി.?"
"ഒന്നും തന്നെ ഇല്ല..വെറുതെ മോളുവുമായി ഇങ്ങനെ സംസാരിച്ചു കൊണ്ടിരിക്കും."
ചിരിച്ചു കൊണ്ട് അവള്‍ നടന്നു. അവള്‍ എപ്പോഴും സന്തോഷവതി ആണ്.എല്ലാവരും അടുത്തുണ്ട്. വളരെ സ്നേഹമുള്ള ഭര്‍ത്താവ്.രണ്ടു കുട്ടികള്‍.,.ചിലപ്പോഴൊക്കെ അസൂയ തോന്നും.
അപ്പോള്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും അനൌണ്‍സെമെന്‍റ് കേട്ടു.ട്രയിന്‍ വിവരങ്ങള്‍.,. മോളുവുമൊത്ത് തടി കൊണ്ട് നിര്‍മിച്ച ബെഞ്ചില്‍ ട്രയിന്‍ വരാന്‍ കാത്തിരുന്നു.വൈകാതെ ചൂളം വിളിച്ചു കൊണ്ട് ട്രയിന്‍ വന്നു. ഇനി വീട്ടിലേക്ക്..രാവിലെ ജോലിക്ക് പോയവര്‍ തിരികെ വീട്ടിലേക്ക് പോകുന്നു.പരിചയമുള്ള മുഖങ്ങള്‍.,..
അതിരാവിലെ തന്നെ ഉണര്‍ന്ന് ഉത്തര കടലാസുകള്‍ നോക്കാന്‍ തുടങ്ങി.ഒന്നും കഴിച്ചില്ല,വെറുതെ ചായ കുടിച്ചു കൊണ്ടിരുന്നു. മോളു കാര്‍ടൂണ്‍ കണ്ടു കൊണ്ടിരുന്നു.ഇടക്ക് അടുത്തു വന്നു അവള്‍ ഓരോന്ന് ചോദിക്കുമ്പോള്‍ ദേഷ്യം വരുന്നുണ്ടായിരുന്നു. എന്നിട്ടും ചിരിച്ചു കൊണ്ട് അവളോടു പറഞ്ഞു.
'മോളു പോയി ടി‌വി കാണൂ.മമ്മി ഇതൊന്നു നോക്കി തീര്‍ക്കട്ടെ,."
അപ്പോള്‍ മുഖം കൂര്‍പ്പിച്ചു കൊണ്ട് അവള്‍ ചിണുങ്ങും.
ഉച്ചയായപ്പോള്‍ നോക്കി തീര്‍ന്നു. ഒരു ചെറിയ ആശ്വാസം തോന്നി.പിന്നെ നിരാശയും. അമ്പത് ശതമാനത്തില്‍ താഴെ ഇരുപത്തിനാലു കുട്ടികള്‍ ഉണ്ട്.അപ്പോള്‍ സ്പെഷല്‍ ക്ലാസ്സിനെ പറ്റി ഓര്‍ത്തു.
പിന്നെ മോളുവിന്‍റെ അടുത്തു പോയി അവളെ കെട്ടിപിടിച്ചിരുന്നു.അല്പ നേരം.... അവളുടെ പിണക്കം പോയി എന്നു തോന്നി.
അവിടെ ഇരുന്ന്‍ അവള്‍ക്കൊപ്പം മയങ്ങി പോയി.
ഫോണ്‍ ബെല്ലടിക്കുന്നത് കേട്ടു ഉണര്‍ന്നു.
"ഹലോ."
"ഞാനാണ്."
 മനസിന് ഭാരമില്ലാതെയായി,സണ്ണിയുടെ ഫോണ്‍.., രണ്ടാഴ്ച കൂടിയാണ് വിളിക്കുന്നത്. എന്നാലും പരിഭവം ഇല്ല. ശബ്ദം കേള്‍കുമ്പോള്‍ ഒരുപാട് ആശ്വാസം ഉണ്ട്.
"എന്തുണ്ട് വിശേഷം?"
"സുഖം തന്നെ."
"ഞാന്‍ വൈകുന്നേരം ജിദ്ദ യിലേക് പോകും,നാളെ ഒരു മീറ്റിങ് ഉണ്ട്.പിന്നെ വിളിക്കാം ."
"ഞാന്‍ മോളുവിനെ വിളിക്കാം അവളോടു സംസാരിക്കാണോ?"
"വേണ്ട.ഞാന്‍ പിന്നെ വിളിക്കാം .തിരക്കുണ്ട്."
പിന്നെ ഫോണ്‍ കട്ട് ചെയ്യുന്ന ശബ്ദം കേട്ടു.
തിരക്ക് എന്ന വാക്കിനെ എന്നോ വെറുക്കാന്‍ തുടങ്ങിയതാണ്. എന്നിട്ടും ജീവിതത്തില്‍ എല്ലാവര്‍ക്കും തിരക്കാണ്.പരസ്പരം മിണ്ടാന്‍ പോലും സമയമില്ലാത്ത വിധം തിരക്ക്.
 കഴിഞ്ഞ വര്‍ഷം സണ്ണി അവധിയെടുത്ത് വന്നതാണ്.രണ്ടാഴ്ച മാത്രം ആയിരുന്നെങ്കിലും നല്ല രസമുള്ള ദിവസങ്ങള്‍ ..ആയിരുന്നു. മോളു ഒരുപാട് സന്തോഷിച്ചിരുന്നു. അവള്‍ക്ക് പപ്പയും ഒത്തു ഇങ്ങനെ കറങ്ങി നടക്കാന്‍ വലിയ ഇഷ്ടമാണ്.
ഒരു ദിവസം സണ്ണിയുടെ അടുത്തു ചേര്‍ന്ന് കിടന്നു കൊണ്ട് ചോദിച്ചു.
"ഇനി നമുക്ക് നാട്ടില്‍ എന്തെങ്കിലും ബിസ്സിനെസ്സ് തുടങ്ങി ഒരുമിച്ച് നിന്നു കൂടെ?"
"നോ .നിനക്കറിയില്ല ,.എന്‍റെ ജോബ് ,അതെനിക്ക് വളരെ പ്രധാനമാണ്.നിനക്കു പറഞ്ഞാല്‍ മനസ്സിലാവില്ല."
ഇത്രയും പറഞ്ഞു കട്ടിലില്‍ നിന്നെണീറ്റ് ജനാലകള്‍ തുറന്നു അയാള്‍ പുറത്തേക്ക് നോക്കി നിന്നു.പിന്നെ ഒരു സിഗറെറ്റ് ചുണ്ടുകള്‍ക്കിടയില്‍ വെച്ചു തീകൊളുത്തി. പിന്നെ ആലോചിച്ചു കൊണ്ട് കട്ടിയുള്ള വെളുത്ത പുകകള്‍ പുറത്തേക്ക് ഊതിവിട്ടു.കുട്ടിക്കാലം മുതല്‍ സിഗറേറ്റിന്‍റെ പുക അലര്‍ജി ആണ്.അത് സണ്ണിക്കറിയാം.എന്നാലും അറിയുന്നതായി ഭാവിക്കില്ല. രാത്രിയില്‍ കുറെ നേരം തുമ്മി ..കാരണം മുറിയില്‍ സിഗറേറ്റിന്‍റെ മണം നിറഞ്ഞു നിന്നിരുന്നു. തുമ്മുന്നത് ശ്രദ്ധിക്കാതെ സണ്ണി സുഖമായി ഉറങ്ങി. അപ്പോള്‍ സണ്ണി വളരെ സെല്‍ഫിഷ് ആണെന്ന് തോന്നി.
ആ അവധിക്കാലം കഴിഞ്ഞു സണ്ണി പോയി. യാത്ര പറഞ്ഞു പോയപ്പോള്‍ വെറുതെ നോക്കി നിന്നു. കണ്ണുകള്‍ നിറയാതിരിക്കാന്‍ ഒരുപാട് ശ്രമിച്ചു.എന്നിട്ടും...കണ്ണുകള്‍ക്ക് തീരെ അനുസരണ ഇല്ല എന്നു തോന്നി.
 രണ്ടു മാസം കഴിഞ്ഞപ്പോള്‍ വല്ലാതെ പുറം വേദനിക്കുന്നതായി തോന്നി. ആദ്യം കാര്യമാക്കിയില്ല .പിന്നെ വേദന കൂടി കൂടി വന്നു.തല ചുറ്റുന്നത് പോലെ തോന്നിയപ്പോള്‍ ആശുപത്രിയില്‍ ചെന്നു കുറെ ടെസ്റ്റുകള്‍ നടത്തി..
ഡോക്ടര്‍ വളരെ ശാന്തനായി പറഞ്ഞു."ഗര്‍ഭിണി ആണ്."  വളരെ സന്തോഷം തോന്നി.  അടിവയറ്റില്‍ അറിയാതെ സ്പര്‍ശിച്ചു. ഒരു ജീവന്‍ തുടിക്കുന്നു. മോളു എപ്പോഴും പറയും ആണ്‍കുട്ടികളെ വലിയ ഇഷ്ടമാണെന്ന്.
"പക്ഷേ ,ചെറിയ പ്രോബ്ലം ഉണ്ട് സൂസന്‍,എക്ടോപിക് ആണ്. അബോര്‍ഷന്‍ വേണ്ടി വരും .ഇല്ലെങ്കില്‍ വളരെ അപകടം ആണ്."
തല ചുറ്റുന്നത് പോലെ തോന്നി.
വീട്ടില്‍ ചെന്നപ്പോള്‍ സണ്ണിയെ  വിളിച്ചു.ഫോണ്‍ എടുക്കുന്നില്ല..ഒരാഴ്ച കഴിഞ്ഞു വിളിച്ചപ്പോള്‍ പറഞ്ഞു.
"നാളെ സര്‍ജറി ആണ്."
"എന്തു പറ്റി..?"
പിന്നെ കാര്യങ്ങള്‍ വിശദീകരിച്ചു.അപ്പോള്‍ പറഞ്ഞു.
"സാരമില്ല. എല്ലാം ശരി ആകും."
 വയറ്റില്‍ വളരാന്‍ തുടങ്ങിയ കുഞ്ഞിനെ പറ്റി ഓര്‍ത്തു.അറിയാതെ തെറ്റായ സ്ഥാനത്ത് ജീവന്‍ കുരുത്തപ്പോള്‍ അതെന്തു തെറ്റ് ചെയ്തു.
ശസ്ത്രക്രിയ കഴിഞ്ഞു ആശുപത്രി മുറിയില്‍ കിടന്നപ്പോള്‍ ഒരുപാട് സങ്കടം തോന്നി. മോളുവിനെ മമ്മി വീട്ടില്‍ കൊണ്ടുപോയി..പകല്‍ സമയം അവള്‍ മമ്മിയുമൊത്ത് ആശുപത്രിയില്‍ വന്നു അടുത്തിരുന്നു കളിക്കും.പിന്നെ രാത്രി ആകുമ്പോള്‍ അവള്‍ മമ്മിയുമൊത്ത് പോകും. നാലു ദിവസം കഴിഞ്ഞു വീട്ടില്‍ പോയി.മമ്മി ഒരു മാസം വന്നു കൂടെ നിന്നു .
കുറെ മാസങ്ങള്‍ ലീവ് എടുത്തു.ശേഷം വീണ്ടും തിരികെ ജോലിക്ക് കയറി.പകരം കുട്ടികളെ പഠിപ്പിച്ച ഗസ്റ്റ് ടീച്ചര്‍ പുതിയ ആള്‍ ആയിരുന്നത് കൊണ്ടാവണം ..കുട്ടികള്‍ നല്ലവണ്ണം പരീക്ഷ എഴുതാതിരുന്നത്.
ചോറുണ്ട് കഴിഞ്ഞു വെറുതെ മയങ്ങിയപ്പോള്‍ ഉത്തര കടലാസുകള്‍ നോക്കുന്നത് സ്വപ്നം കണ്ടു. ചിലപ്പോള്‍ അങ്ങനെ ആണ് സ്വപ്നങ്ങള്‍ക്ക് പോലും സ്കൂളിന്‍റെ നിറം ആണ്.
 പകല്‍ സ്വപ്നത്തിന്‍റെ നിഴലുകള്‍ ജീവിതത്തിന് മേല്‍ പറക്കുകയാണെന്ന് തോന്നി.
 നാളെ ഞായര്‍ ആണെന്ന് ഓര്‍ത്തു.
രാവിലെ പള്ളിയില്‍ പോണം. പിന്നെയും പകല്‍സ്വപ്നങ്ങളിലേക്ക്....
--------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------
ദിവസങ്ങള്‍ കഴിഞ്ഞു.
ഇനി പരീക്ഷക്ക് നാല് മാസങ്ങള്‍..
സ്പെഷല്‍ ക്ലാസ്സുകള്‍ എടുക്കാന്‍ പ്രിന്‍സിപ്പാള്‍ നിര്‍ബന്ധിക്കുന്നു. അങ്ങനെ ആണെങ്കില്‍ ട്രയിന്‍ കിട്ടില്ല .അത് പറഞ്ഞാല്‍ പ്രിന്‍സിപ്പാള്‍ സമ്മതിക്കില്ല.കൂടുതല്‍ ടെന്‍ഷന്‍.,.പലപ്പോഴും വീട്ടില്‍ വരുമ്പോള്‍ മോളു തളര്‍ന്നിരിക്കും.ചിലപ്പോള്‍ രാത്രി ഒന്‍പത് അല്ലെങ്കില്‍ പത്ത്.
ഒരു ദിവസം വിളിച്ചപ്പോള്‍ സണ്ണി പറഞ്ഞു."സൂസന്‍,കോട്ടയത്ത് ഒരു വാടക വീട് നോക്കൂ.പരീക്ഷകള്‍ കഴിയുന്നിടം വരെ."
അത് നല്ല കാര്യം ആണെന്ന് തോന്നി. നാല് മാസത്തെ കാര്യമല്ലേ.
പിന്നെ സ്കൂളില്‍ നിന്നും ഏകദേശം അര കിലോമീറ്റര്‍ അകലെ ഒരു വീട് കണ്ടു.ഒരു കുഞ്ഞ് വീട്. രണ്ടു മുറികള്‍ ,പക്ഷേ നല്ല ഭംഗി ഉണ്ട്. ഉയര്‍ന്നു നില്ക്കുന്ന മുറ്റത്തു നിറയെ ചെടികള്‍ . നഗരത്തിന് നടുവില്‍ ആണെങ്കിലും നല്ല ശാന്തമായ സ്ഥലം. ആ വീട് എടുത്തു.
മമ്മി എപ്പോഴും പറയുമായിരുന്നു കോട്ടയത്ത് സ്കൂളിനടുത്തായി ഒരു വീട് നോക്കാന്‍. ഒന്നുമില്ലെങ്കിലും ഈ യാത്ര ഒഴിവാക്കാമല്ലോ. കുറച്ചു സാധനങ്ങള്‍ മാത്രമേ കൊണ്ട് വന്നുള്ളൂ.ബാക്കിയെല്ലാം അവിടെ തന്നെ ഇട്ടു വീട് പൂട്ടി.രണ്ടാഴ്ച കൂടുംപോള്‍ പോയി വീട് തുറന്നു മുറിയൊക്കെ അടിച്ചു വൃത്തിയാക്കണം.
വന്നപ്പോള്‍ തന്നെ വേണ്ട സാധനങ്ങള്‍ വീട്ടില്‍ അടുക്കി വെച്ചു. പുസ്തകങ്ങള്‍  എല്ലാം എടുത്തിരുന്നു. അത് ചെറിയ കബ്ബോര്‍ഡില്‍ ഭംഗിയായി അടുക്കി വെച്ചു. മോളുവിന്  ആ ചെറിയ വീട് ഒത്തിരി ഇഷ്ടമായെന്ന് തോന്നി. അവള്‍ മുറ്റത്തു കൂടി ഓടി കളിച്ചു കൊണ്ടിരുന്നു.
രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ വളരെ അഡ്ജസ്റ്റ് ആയി.എല്ലാം കൊണ്ടും നല്ല സൌകര്യം ആണെന്ന് തോന്നി.
ഞായറാഴ്ച പള്ളിയില്‍ പോയി .പള്ളിയിലേക്കും നടക്കാവുന്ന ദൂരമേയുള്ളൂ. തിരികെ വന്നു കഴിഞ്ഞു എന്തെങ്കിലും ഒന്നു വായിക്കാം എന്നു കരുതി.
 ആരോ ഗൈറ്റ് തുറക്കുന്ന ശബ്ദം കേട്ടു. ചെന്നു നോക്കിയപ്പോള്‍ നല്ല പരിചയമുള്ള മുഖം. അവന്‍ ചിരിച്ചു കൊണ്ട് അടുത്തേക്ക് നടന്നു വന്നു.
"സൂസന്‍ മിസ്സ് അല്ലേ,.?" അവന്‍ ചോദിച്ചു .
 "അതേ"
"എന്നെ മനസ്സിലായില്ല എന്നു തോന്നുന്നു." ചിരി മായ്കാതെ അവന്‍ ചോദിച്ചു.
അവനെ നല്ല പരിചയം ഉണ്ടെന്ന് തോന്നി.
"എനിക്കറിയാം ,പക്ഷേ പേര് മറന്നു പോയി."
"വിനു .ഞാന്‍ രണ്ടു വര്‍ഷം മുന്‍പ് പാസ് ഔട്ട് ആയതാണ്."
"ഓഹ് വിനു ചെറിയാന്‍ ,.സോറി വിനു .ഞാന്‍ പെട്ടെന്ന്."
അവന്‍ അടുത്ത വീട്ടിലേക്ക് കൈചൂണ്ടി കൊണ്ട് പറഞ്ഞു
"അതാണ് എന്‍റെ വീട്. ഇവിടെ പുതിയ താമസക്കാര്‍ വന്നു എന്നറിഞ്ഞു .ഇന്ന് രാവിലെ നോക്കിയപ്പോള്‍ മിസ്സിനെ കണ്ടു .അപ്പോഴാണ് മനസ്സിലായത്."
അടുത്ത വീട് വളരെ വലുതായിരുന്നു.ആ വീടിന്‍റെ വശം മാത്രമേ കാണാന്‍ സാധിക്കൂ.അത് കൊണ്ട് തന്നെ അവിടേക്കു ശ്രദ്ധിക്കാറില്ലായിരുന്നു.
"ഇപ്പോള്‍ എന്തു ചെയ്യുന്നു വിനു.?"
"ഞാന്‍ ബയോടെക്നോളജി ആണ്.രണ്ടാം വര്‍ഷം."
"അത് വളരെ ഇന്‍ററസ്റ്റിങ് ആണല്ലോ.?"
"ഉം ,കുഴപ്പമില്ല."
"വിനു കയറി വരൂ,ഞാന്‍ ചായ എടുക്കാം." അവന്‍ അകത്തേക്ക് വന്നു. പിന്നെ വെറുതെ പുസ്തകങ്ങളിലൊക്കെ കണ്ണോടിച്ചു. അപ്പോള്‍ മോളു അടുത്തേക്ക് വന്നു.ചായയുമായി ചെന്നപ്പോള്‍ അവള്‍ അവനോടൊപ്പം കളിക്കുന്നത് കണ്ടു. അവള്‍ അങ്ങനെയാണ് , എല്ലാവരോടും വളരെ പെട്ടെന്ന് അടുക്കും. പിന്നെ വീട്ടില്‍ ആരെങ്കിലുമൊക്കെ വരുന്നത് അവള്‍ക്കിഷ്ടമാണ്.
ചായ കുടിക്കുന്നതിനിടയില്‍ അവന്‍ പറഞ്ഞു.
"ഞാന്‍ ഇവിടെ ഒറ്റക്കാണ് മിസ്സ്. പപ്പയും മമ്മിയും പുറത്താണ് . കഴിഞ്ഞ വര്‍ഷം വന്നിട്ട് പോയതാണ്.എല്ലാ വര്‍ഷവും വരും." അപ്പോഴും അവന്‍ ചിരിച്ചു.ഇറങ്ങാന്‍ നേരത്ത് അവന്‍ പറഞ്ഞു."സമയം കിട്ടുമ്പോള്‍ മിസ്സ് മോളുമായി അവിടേക്കു വരണം,"
"തീര്‍ച്ചയായും വരാം."
വിനു നല്ലവണ്ണം പഠിക്കുന്ന കുട്ടി ആയിരുന്നു. എപ്പോഴും ചിരിച്ചു കൊണ്ടിരിക്കും.ആരുമായും ഒരു ബഹളത്തിനും പോകില്ല.നല്ല മര്യാദക്കാരന്‍..,.വീട്ടില്‍ ധാരാളം പണം ഉണ്ട്, പക്ഷേ അവന് യാതൊരു അഹങ്കാരവും ഇല്ലായിരുന്നു. പണ്ട് അവന് കുട്ടികളുടെ മുഖം ആയിരുന്നു.ഇപ്പോള്‍ ഒരു വലിയ മുഖം ആണ്. കട്ടിയില്ലാത്ത മീശയും മുഖത്ത് അവിടെയും ഇവിടെയുമായി കുറ്റി രോമങ്ങളും ഉണ്ടായിരുന്നു.
അവനും ഒറ്റക്കാണെന്ന് തോന്നി. ചിലപ്പോള്‍ അല്ലായിരിക്കാം..
ശനിയാഴ്ച ചെങ്ങന്നൂര്‍ പോയി. വീടൊക്കെ വൃത്തിയാക്കി പിറ്റേന്ന് തിരിച്ചു വന്നു.
വൈകുന്നേരം വെറുതെ ഇരുന്നപ്പോള്‍ വിനുവിനെ ഓര്‍ത്തു. അവന്‍റെ വീട്ടില്‍  ചെല്ലാമെന്ന് പറഞ്ഞിട്ട് ഇതുവരെ ചെന്നില്ല. പോകാമെന്നു കരുതി. മോളുവിനെയും ഒരുക്കി അടുത്ത വീട്ടിലേക്ക് നടന്നു. ഗൈറ്റ് തുറന്നപ്പോള്‍ മുറ്റത്തു മുഴുവന്‍ ഉണങ്ങിയ ഇലകള്‍ വീണു കിടക്കുന്നത് കണ്ടു. ഒരു പാട് മരങ്ങള്‍ ഉള്ളത് കൊണ്ടാവണം.പിന്നെ തനിയെ  ഒരു ആണ്‍ കുട്ടി താമസിക്കുമ്പോള്‍ മുറ്റം അടിച്ചു വൃത്തിയാക്കാനൊക്കെ മെനക്കെടുമോ.? വെറുതെ സംശയിച്ചു.
ബെല്ലടിച്ചപ്പോള്‍ അവന്‍ വാതില്‍ തുറന്നു.
"ആഹാ മിസ്സ് ആയിരുന്നോ..മോളുവും ഉണ്ടല്ലോ..? ഞാന്‍ ഇന്നലെ വന്നിരുന്നു,.പക്ഷേ ആരെയും കണ്ടില്ല."
"ഉം, ഞാന്‍ വീട്ടില്‍ പോയിരുന്നു."
വീടൊക്കെ അവന്‍ നല്ല ഭംഗിയായി സൂക്ഷിക്കുന്നുണ്ടെന്ന് തോന്നി. ടേബിള്‍ നിറയെ പുസ്തകങ്ങള്‍ തുറന്നു വെച്ചിരിക്കുന്നു. അവന്‍ പഠിക്കുകയായിരുന്നെന്ന് കണ്ടപ്പോള്‍ മനസ്സിലായി.
"വിനു സ്റ്റഡി ആയിരുന്നോ.?"
"ഇപ്പോള്‍ ചുമ്മാ തുറന്നതാണ്, പിന്നെ എന്‍റെ ഒരു ഫ്രണ്ട് വന്നിട്ടുണ്ട്.ഞങ്ങള്‍ ഒരുമിച്ചാണ് സ്റ്റഡി."
അപ്പോള്‍ അകത്തെ മുറിയില്‍ നിന്നും  ഒരു പെണ്‍കുട്ടി  ഇറങ്ങി വന്നു.
"ഇതെന്‍റെ ഫ്രണ്ട് ,പേര് ജൂലി ..ഇവിടെ ഹോസ്റ്റല്‍ ഇല്‍ ആണ് സ്റ്റേ ...ചിലപ്പോള്‍  ഇവിടെ വരും.കംപൈന്‍ സ്റ്റഡി."
അവള്‍ വളരെ മോഡേണ്‍ ആയിരുന്നു. ചിരിക്കുമ്പോള്‍ അവളുടെ ഭംഗിയുള്ള പല്ലുകള്‍ കാണാം. അവളുടെ വെള്ളാരംകണ്ണുകള്‍ തിളങ്ങിയിരുന്നു.
അല്പ സമയം അവരോടു സംസാരിച്ചിരുന്നു.
തിരികെ വീട്ടിലേക്ക് നടന്നപ്പോള്‍ അവരെ പറ്റി ഓര്‍ത്തു. ഇപ്പോള്‍ കുട്ടികള്‍ വളരെ സ്വാതന്ത്ര്യം ഉള്ളവരാണെന്ന് തോന്നി. അല്ലെങ്കില്‍ വെള്ളാരംകണ്ണുകള്‍ ഉള്ള സുന്ദരിയായ പെണ്‍കുട്ടി ഒരു ആണ്‍കുട്ടി തനിയെ താമസിക്കുന്ന വീട്ടില്‍ വന്നു പോകില്ലല്ലോ?
--------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------
പള്ളികഴിഞ്ഞു എല്ലാവരും പോയി.
അവിടെ കുറെ സമയം ചിലവഴിക്കണമെന്ന് തോന്നി. വലിയ കരിങ്കല്‍പടവുകളില്‍ ഇരുന്നപ്പോള്‍ കാറ്റാടിമരങ്ങളുടെ ഇലകളില്‍ തടയുന്ന കാറ്റ് ചൂളംവിളിക്കുന്നത് പോലെ തോന്നി. വൈകുംനേരങ്ങളിലെ നേര്‍ത്ത വെയിലിന്‍റെ ഇളം ചൂടില്‍ പകല്‍സ്വപ്നങ്ങള്‍ പിടിമുറുക്കുന്നത് പോലെ ..
മോളുവും വിനുവും താഴെ കരിങ്കല്‍ പടവുകള്‍ അവസാനിക്കുന്നിടത്ത് നില്‍ക്കുകയാണ്. അവളുടെ കൈകളില്‍ എന്തോ ഒന്നുണ്ട്. കൈകള്‍ മുറുക്കി അടച്ചു അതെന്താണെന്ന് വിനുവിനോടു ചോദിക്കുന്നു. അവന്‍ കൊച്ചു കുട്ടികളെ പോലെ ആലോചിച്ചു നില്ക്കുന്നത് കണ്ടപ്പോള്‍ ചിരി വന്നു.
പള്ളിയില്‍ പോകാന്‍ ഒരുങ്ങി ഇറങ്ങിയപ്പോള്‍ അവനെ കണ്ടതാണ് .അവനും പള്ളിയില്‍ വരുന്നു എന്നു പറഞ്ഞു. മൂന്നു പേരും കൂടി നടന്നപ്പോള്‍ അവന്‍ മോളുവിന്‍റെ  വിരല്‍ത്തുമ്പ് പിടിച്ചിരുന്നു.
എത്ര പെട്ടെന്നാണ് അവള്‍ അവനുമായി അടുത്തത്. ഇപ്പോള്‍ അവനെ വലിയ ഇഷ്ടമാണ്. സ്കൂള്‍ വിട്ടു വരുമ്പോള്‍ തന്നെ വിനുവിന്‍റെ അടുത്തു പോകണം ,അവിടെയിരുന്ന് കളിക്കണം. വൈകുമ്പോള്‍ അവന്‍ വീട്ടില്‍ കൊണ്ട് വന്നു വീടും.പിന്നെ അല്‍പസമയം വര്‍ത്തമാനം പറയും. അവന് കൂടുതലും സയന്‍സിനെ പറ്റി സംസാരിക്കാനായിരുന്നു ഇഷ്ടം. ചിലപ്പോള്‍ അവന്‍ പറയുന്നത് കേട്ടിരിക്കാന്‍ താല്പര്യം തോന്നും. വിനു അടുത്തുള്ളത് ഭാഗ്യമാണെന്ന് തോന്നും കാരണം ജീവിതത്തില്‍ പഴയത് പോലെ വിരസത ഇല്ല. ഒന്നുമില്ലെങ്കിലും ,എന്തെങ്കിലും സംസാരിക്കാന്‍ ആരെങ്കിലുമുണ്ടല്ലോ .
ഒരു ദിവസം അവനോടു ചോദിച്ചു. ചോദിക്കണമെന്ന് വിചാരിച്ചതല്ല.
"ജൂലി എപ്പോഴും വീട്ടില്‍ വരുമോ?"
"എയ് ഇല്ല മിസ്സ്,അവള്‍ ആകെ രണ്ടു തവണയെ വന്നിട്ടുള്ളൂ. ചിലപ്പോള്‍ അവള്‍ക്ക് പഠിക്കുന്ന കാര്യത്തില്‍ സംശയങ്ങള്‍ ഉണ്ടാകും .ഞാന്‍ അത് ക്ലിയര്‍ ചെയ്യും." ഇത്രയും പറഞ്ഞിട്ട് അവന്‍ വീട്ടിലേക്ക് പോയി.
"പോകാം മമ്മി " മോളു ചോദിച്ചപ്പോള്‍ പകല്‍സ്വപ്നത്തില്‍ നിന്നും അടര്‍ന്ന് വീണു.
കരിങ്കല്‍ പ്പടവുകളില്‍ നിന്നെണീറ്റ് കൈകളില്‍ പറ്റിയ പൊടി തട്ടിക്കളഞ്ഞു കൊണ്ട് നടന്നു.
പകല്‍ മങ്ങി തുടങ്ങിയിരുന്നു. വീട്ടിലേക്ക് പോകും വഴി വഴികച്ചവടക്കാരുടെ തിരക്കാണ്.
വിനു വീട്ടില്‍ വന്നിട്ടാണ് പോയത്. ഇറങ്ങിയപ്പോള്‍ പറഞ്ഞു.
"മിസ്സ്, ഞാന്‍ എന്‍റെ ഒരു ബന്ധുവിന്റെ വീട്ടില്‍ പോകും. നാല് ദിവസം കഴിഞ്ഞേ വരൂ."
പിറ്റേന്ന് അവന്‍ പോയതില്‍ പിന്നെ വീട്ടിലേക്ക് വരാന്‍ ആരും ഉണ്ടായിരുന്നില്ല. ആകെ ഒറ്റപ്പെട്ടത് പോലെ വീണ്ടും തോന്നി. മോളുവിനും ആകെ വിഷമം ആയിരുന്നു. വിനുചേട്ടന്‍ എപ്പോള്‍ വരുമെന്ന് സദാസമയവും ചോദിച്ചു കൊണ്ടിരുന്നു.ആ ദിവസങ്ങളില്‍ സ്കൂളില്‍ നിന്നും വന്നു കഴിഞ്ഞു സന്ധ്യ മയങ്ങുംപോള്‍ അവന്‍റെ വീട്ടിലേക്ക് നോക്കുമായിരുന്നു. അവിടെ ആകെ ഇരുണ്ടു കിടന്നിരുന്നു.
നാല് ദിവസങ്ങള്‍ ഇഴഞ്ഞാണ് നീങ്ങിയത്. പകല്‍ സ്കൂളിന്‍റെ തിരക്കില്‍ നിന്നും ഭയന്നോടി വീട്ടിലെത്തുംപോള്‍ അവിടെ ഏകാന്തതയുടെ നിമിഷങ്ങള്‍ കാത്തിരിക്കുന്നുണ്ടായിരുന്നു.
നാലാം ദിവസം വൈകുന്നേരം വീട്ടിലേക്ക് നടന്നപ്പോള്‍ പതിവിലും കൂടുതല്‍ വേഗതയുണ്ടായിരുന്നു. മോളു ചോദിച്ചു കാരണം എന്താണെന്ന്.
വിനുചേട്ടന്‍ വന്നു കാണും എന്നു പറഞ്ഞപ്പോള്‍ അവള്‍ തുള്ളിച്ചാടുന്നുണ്ടായിരുന്നു.
പ്രതീക്ഷിച്ചത് പോലെ ഗൈറ്റ് തുറന്നപ്പോള്‍ അവന്‍ മുറ്റത്തു നില്‍പ്പുണ്ടായിരുന്നു. മനോഹരമായി ചിരിച്ചു കൊണ്ട്.
"വിനുചേട്ടന്‍ ഇല്ലാതിരുന്നത് കൊണ്ട് ഒരു രസവുമില്ലായിരുന്നു.അല്ലേ മമ്മി .?"
മോളു അവന്‍റെ കൈകള്‍ പിടിച്ചുകൊണ്ടു പറഞ്ഞു. അവന്‍ മുഖത്തേക്ക് നോക്കിയപ്പോള്‍ എന്തോ പോലെ തോന്നി.
അവന്‍ വന്നതിനു ശേഷം ദിവസങ്ങള്‍ വേഗത്തില്‍ വന്നുപോയി. അങ്ങനെ പരീക്ഷ അടുത്തപ്പോള്‍ സ്കൂള്‍ അടച്ചു. സ്റ്റഡി ഡൈസ് ആണ് കുട്ടികള്‍ക്ക്. വേഗത്തില്‍ പോര്‍ഷന്‍സ് തീര്‍ത്തു.സ്പെഷല്‍ ക്ലാസുകള്‍ എടുത്തു മനസ്സും ശരീരവും തളര്‍ന്നിരുന്നു. ഇനി ഒരാഴ്ച കഴിഞ്ഞു പോയാല്‍ മതി. വീട്ടില്‍ വന്നപ്പോള്‍ മനസ്സ് ശാന്തമായിരുന്നു.
മോളു വിനുവിനൊപ്പം പോയിരുന്നു. അവളുടെ പരീക്ഷകളൊക്കെ നേരത്തെ തീര്‍ന്നത് കാരണം മുഴുവന്‍ സമയവും വിനുവിനൊപ്പം ആണ്.കുറച്ചു സമയം കഴിഞ്ഞപ്പോള്‍ അവര്‍ രണ്ടു പേരും വന്നു. അവളുടെ കയ്യില്‍ കുറെ കടലാസുകള്‍ ഉണ്ടായിരുന്നു. കട്ടിയുള്ള ഡ്രോയിങ് കടലാസുകള്‍.,. അപ്പോഴാണ് വിനു നല്ലവണ്ണം ചിത്രങ്ങള്‍ വരക്കും എന്നു മനസ്സിലായത്..മോളു കടലാസുകള്‍ ചുരുളഴിച്ചു കാണിച്ചു. അവളില്‍ നിന്നും അത് വാങ്ങി നോക്കിയപ്പോള്‍ കണ്ണാടിയില്‍ നോക്കുന്നത് പോലെ തോന്നി. മോളു പറഞ്ഞു."ഇത് മുഴുവന്‍ മമ്മിയുടെ പടങ്ങള്‍ ആണ്..വിനുചേട്ടന്‍ വരച്ചതാ,."
ആ ചിത്രങ്ങളില്‍ ഒരു സ്ത്രീയുടെ ഹൃദയമാണ് അവന്‍ വരച്ചിരിക്കുന്നതെന്ന് തോന്നി. ഏകാന്തതയില്‍ അവളുടെ ഹൃദയം എപ്പോഴും തുടിക്കുന്നുണ്ടായിരുന്നു.
എത്ര ശ്രമിച്ചിട്ടും പുഞ്ചിരിക്കാന്‍ സാധിച്ചില്ല.
അവന്‍ മോളുവിനെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു. പിന്നെ ആരോടെന്നില്ലാതെ പറഞ്ഞു."മോളുവിന്‍റെ മമ്മി എത്ര സുന്ദരി ആണ്, അത് കൊണ്ടല്ലേ ഞാന്‍ പടം വരച്ചത്."
അറിയാതെ ചിരിച്ചു .അപ്പോള്‍ കൈകള്‍ കൊണ്ട് മുഖം മറയ്ക്കണം എന്നു തോന്നി.
അന്ന് വൈകുന്നേരം അവന്‍ ഏറെ വൈകിയിട്ടും ഇരുന്നു സംസാരിച്ചു. ചിലപ്പോള്‍ അവന്‍ മുഖത്തേക്ക് നോക്കുമ്പോള്‍ മുഖം കുനിഞ്ഞുപോകുമെന്ന് കരുതി.പിന്നെയും വൈകിയപ്പോള്‍ അസ്വസ്ഥത പോലെ. അവനോടു പറഞ്ഞു.
"ഇന്ന് പരീക്ഷകള്‍ക്ക് മുന്‍പുള്ള അവസാന ദിവസം ആയത് കൊണ്ട് ഭയങ്കര തിരക്കായിരുന്നു. ഉറക്കം വരുന്നുണ്ട്,"
"വീട്ടില്‍ ചെന്നിട്ടു ഒന്നും ചെയ്യാനില്ല. വെറുതെ മിസ്സിനോട് സംസാരിക്കാം എന്നു കരുതി."
"ഞാന്‍ ഉറങ്ങാന്‍ പോകുന്നു. പോകുമ്പോള്‍ വിനു വാതില്‍ അടച്ചേയ്ക്കൂ.ഞാന്‍ പിന്നെ പൂട്ടികൊള്ളാം."
ഇത്രയും പറഞ്ഞിട്ട് മുറിയിലേക്ക് നടന്നു.അവനൊപ്പം ഇരിക്കാന്‍ ധൈര്യം ഇല്ലായിരുന്നു.
അവന്‍ പിന്നെയും കുറെ സമയം അവിടെ ഇരുന്നു. പിന്നെ മുറിയുടെ വാതില്‍ക്കല്‍ വന്നു പറഞ്ഞു."മിസ്സ് ഞാന്‍ പോകുന്നു.വാതില്‍ അടച്ചു കൊള്ളൂ.."
മുറ്റത്തെ ചരലില്‍ കൂടി അവന്‍റെ കാലൊച്ചകള്‍ അകന്നുപോകുന്നത് കേട്ടു. അവന്‍റെ മനസ്സില്‍ എന്തൊക്കെയോ ആഗ്രഹങ്ങള്‍ ഉണ്ടെന്ന് തോന്നി.കതകിന് കുറ്റിയിട്ടു ഉറങ്ങാന്‍ ശ്രമിക്കുമ്പോളും മനസ്സ് പിടഞ്ഞു കൊണ്ടിരുന്നു.
 വരച്ച ചിത്രങ്ങള്‍ അവിടെ വെച്ചിട്ടാണ് അവന്‍ പോയത് .അത് ഒന്നും കൂടി കാണണം എന്നു മനസ്സ് പറഞ്ഞു, എടുത്തു നോക്കി. അവന്‍ നിറങ്ങള്‍ കൊണ്ട് മായാജാലം തീര്‍ത്തതാണെന്ന് തോന്നി .
ജീവിതം ഒരു നൂല്‍പാലത്തില്‍ നില്‍ക്കുകയാണ്.അലക്ഷ്യമായി ആടിക്കൊണ്ട്.
--------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------
ജീവിതം നിറയെ സ്വപ്നങ്ങള്‍ മാത്രമായിരുന്നു. പ്രതീക്ഷയോടെ കണ്ടുറങ്ങി നേരം വെളുക്കുമ്പോള്‍ വിട പറയുന്ന സ്വപ്നങ്ങള്‍.,.എന്നിട്ടും ഹൃദയത്തിന്‍റെ പാളിയില്‍,ഏതോ  ഒരു ഒഴിഞ്ഞ കോണില്‍ അല്പം ദൌര്‍ബല്യം പോലെ വീണ്ടുമൊരു മോഹം കയറി കൂടുന്നു. മനസ്സിന്‍റെ ബലം കുറഞ്ഞു അത് നേര്‍ത്തതാകുന്നു. തനിച്ചിരുന്ന ദിവസങ്ങളില്‍ വിറക്കുന്ന വിരല്‍തുംബുകളില്‍ കണ്ണീര്‍ തുള്ളികള്‍ വീണിരുന്നു. കാതുകള്‍ അകലെ നിന്നും വരുന്ന ശബ്ദത്തിന് വേണ്ടി ദാഹിച്ചിരുന്നു. നിശബ്ദമായി കണ്ണുകള്‍ ഫോണില്‍ നോക്കിയിരുന്നിരുന്നു. ഫോണ്‍ വല്ലപ്പോഴും ഒരിക്കല്‍ മാത്രം ശബ്ദിച്ചിരുന്നു. പിന്നെ ശബ്ദത്തിന്‍റെ ഒലികള്‍ വഴിവക്കിലെവിടെയോ വീണുടഞ്ഞു കൊണ്ടിരുന്നു. അപ്പോള്‍ ഒറ്റപ്പെട്ടു പോകുന്ന ഭയത്തെ വെറുത്തു തുടങ്ങി.
പ്രഭാതമായതറിയാതെയാണ് കണ്ണുകള്‍ തുറന്നത്.വീണ്ടുമൊരു പ്രഭാതം.
ആദ്യമായി വിനു വീട്ടിലേക്ക് വരരുതേ എന്നു ആഗ്രഹിച്ചു.വെറുതെ ..അവനോടു ദേഷ്യം ഒന്നുമില്ലായിരുന്നു. പക്ഷേ അവന്‍ വരുമെന്ന് ഉറപ്പായിരുന്നു. പതിവുപോലെ അവന്‍ വന്നു അവളെയും കൂട്ടിക്കൊണ്ടു പോയി. ഒന്നും സംസാരിച്ചില്ല.
വൈകുന്നേരം മോളു നിര്‍ബന്ധിച്ചപ്പോള്‍ പാര്‍ക്കില്‍ പോയി. തിരക്കില്ലാത്ത ദിവസം. പാര്‍ക്കില്‍ നിറയെ ആളുകള്‍.,.മോളു കുറെ കുട്ടികള്‍കൊപ്പം കളിക്കുന്നു.അടുത്തു നിന്നപ്പോള്‍ അവന്‍ ചോദിച്ചു .
"എന്തു പറ്റി മിസ്സ് ,ആകെ ഒരു ദുഖം പോലെ?"
"ഒന്നുമില്ല വിനു."
"പിന്നെ?"
"വിനു എന്‍റെ ചിത്രങ്ങള്‍ വരച്ചത് എനിക്കിഷ്ടമായില്ല..പിന്നെ ഞാന്‍ സുന്ദരി ആണെന്ന് പറഞ്ഞതും"
"സോറി മിസ്സ്.ഞാന്‍ അറിയാതെ,പിന്നെ മിസ്സിനോട് എനിക്കു വല്ലാത്തൊരു അഫ്ഫെക്ഷന്‍ തോന്നുന്നു."
അത് കേള്‍കേണ്ടിയിരുന്നില്ല.അപ്പോള്‍ മുഖം കൂടുതല്‍ ചുവന്നു.
"വിനു ഇനി വീട്ടിലേക്ക് വരരുത്."
വേഗത്തില്‍ ചെന്നു മോളുവിനെയും കൂട്ടി വീട്ടിലേക്ക് നടന്നു. വിനു പിന്നാലെ വന്നില്ല ..അവനാകെ പരിഭ്രമിച്ചിരുന്നു.
വീട്ടില്‍ ചെന്നു അല്പം കഴിഞ്ഞപ്പോള്‍ സണ്ണി വിളിച്ചു.
"എന്തുണ്ട് വിശേഷം ?"
"സുഖം"
"എന്നാണ് സ്കൂള്‍ അടക്കുന്നത്?"
"മാര്‍ച്ച് 30"
"മോളു..?"
"ഉറങ്ങി"
"ഞാന്‍ പിന്നെ വിളിക്കാം."
"സണ്ണി, എനിക്കൊരു കാര്യം പറയാനുണ്ട്.?"
"എന്താ? പറയൂ"
"എനിക്കു സണ്ണിയെ കാണണം ."
"എന്താ പെട്ടെന്ന്.?"
"മനസ്സിന് ഒരു സുഖമില്ല."
"വെറുതെ ഓരോന്ന് ആലോചിച്ചു കൂട്ടിയിട്ടാ.."
"അല്ല ..എന്‍റെ വിഷമങ്ങള്‍ ...?"
"നിനക്കെന്താണ് ഇത്ര ദുഖം.,ഞാന്‍ കഷ്ടപ്പെടുന്നില്ലേ ...അത് നമ്മുടെ മോള്‍ക്ക് വേണ്ടിയും നിനക്കു വേണ്ടിയും അല്ലേ..? ഞാന്‍ ജോലി ഉപേക്ഷിച്ചു നാട്ടില്‍ വന്നു നില്‍ക്കണം അതാണ് വേണ്ടതെങ്കില്‍ നടക്കില്ല .."
ഫോണ്‍ കട്ട് ചെയ്ത ശബ്ദം ..
അപ്പോള്‍ കണ്ണുകള്‍ നിറഞ്ഞിരുന്നു.
------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------


രാത്രിയില്‍ മഴ ചാറുന്നുണ്ട്. കണ്ണുകള്‍ തുറന്നു സമയം നോക്കി ,മോളു നല്ല ഉറക്കമാണ്.ശബ്ദമുണ്ടാക്കാതെ ഇറങ്ങി നടന്നു. നേര്‍ത്ത മഴത്തുള്ളികള്‍ വീണപ്പോള്‍ ഹൃദയഭിത്തികള്‍ക്ക്  വേഗത കൂടി വിറച്ചു. കാല്‍വിരലുകള്‍ തട്ടി ചരലുകള്‍ തെറിക്കുന്നത് അറിഞ്ഞു.അപ്പോള്‍ അവന്‍ വാതില്‍ തുറന്നിട്ടിരുന്നു. അകത്തു കടന്നപ്പോള്‍ ശബ്ദമുണ്ടാക്കാതെ വാതില്‍ ചാരി.
ഞെട്ടിയുണര്‍ന്നപ്പോള്‍ അതൊരു സ്വപ്നമായിരുന്നെന്ന് കരുതാന്‍ പ്രയാസം തോന്നി. പതിവായി കാണുന്ന ദുസ്വപ്നം. പിന്നെ മോളുവിനെ നെഞ്ചോട് ചേര്‍ത്ത് കിടത്തിയുറങ്ങി.
പിന്നെ ഒരു രാത്രിയില്‍ ..പിടയ്ക്കുന്ന മനസ്സോടെ..വേഗത്തില്‍ നടന്നു.. മനസ്സ് പായുകയാണ്..ഒരു കുതിരയുടെ വേഗത്തോടെ..ദൂരെ നിന്നും വരുന്ന ശബ്ദം വഴിവക്കില്‍ വീണുടഞ്ഞ യാഥാര്‍ത്ഥ്യം മാത്രം ആണ്.അത് എപ്പോഴേ  നഷ്ടപ്പെട്ടു പോയിരിക്കുന്നു. പിന്നെ ഇപ്പോള്‍ ജീവിതം മോഹങ്ങള്‍ മാത്രമാണ്.  ചില നിമിഷങ്ങള്‍ക്ക് വേണ്ടി മാത്രം ജീവന്‍ വെയ്ക്കുന്ന  മോഹങ്ങള്‍...,..വാതില്‍ ചാരി കിടക്കുകയായിരുന്നു..അകത്തു കയറിയപ്പോള്‍. വെള്ളാരംകണ്ണുള്ള സുന്ദരിയുടെ ചിരികള്‍ കേട്ടു. അവനൊപ്പം അവള്‍ ഉണ്ട്. അവര്‍ സംസാരിക്കുന്നത് കേട്ടു. അപ്പോള്‍ മനസ്സിലായി..അവള്‍ അവന്‍റെ സുഹൃത്ത് മാത്രമല്ല.
ഇരുട്ട് വീണു കിടന്ന മുറ്റത്തു കൂടി തിരികെ നടന്നപ്പോള്‍ ആരും കാണരുതേ എന്നായിരുന്നു പ്രാര്‍ത്ഥന.
------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------

പരീക്ഷകള്‍ തീര്‍ന്നു .
ഇനി ഇവിടെ  നില്‍ക്കുന്നില്ല എന്നു തീരുമാനിച്ചു. മുന്‍പ് തീരുമാനിച്ച പോലെ കോട്ടയത്തെ വീട് ഒരു താല്കാലികമായ മാറ്റം തന്നെ ആയിരുന്നു. കുറെ മാസങ്ങള്‍ താമസിക്കാന്‍ വേണ്ടി മാത്രം. ഇനി ഇങ്ങോട്ട് തിരികെ വരുന്നില്ല. വീട് പൂട്ടി താക്കോല്‍ ഉടമസ്ഥന് കൊടുത്തു. പിന്നെ മോളുവുമൊത്ത് റെയില്‍വേ സ്റ്റേഷനിലേക്ക് നടന്നു. വിനു വരച്ച ചിത്രങ്ങള്‍ ആ വീട്ടില്‍ എവിടെയോ കിടപ്പുണ്ടായിരുന്നു.
അടുത്ത വര്‍ഷം ചെങ്ങന്നൂര്‍ ഉള്ള സ്കൂളിലേക്ക് ട്രാന്‍സ്ഫെര്‍ വാങ്ങി.ജീവിതം പതിവുപോലെ തന്നെ..
സ്കൂള്‍ ,,,കുട്ടികള്‍,, പരീക്ഷകള്‍ വന്നു പൊയ്കൊണ്ടിരുന്നു.
പിന്നെ ഒരു ദിവസം ഫോണ്‍ വന്നു.
"ഞാനാണ് "
"ഉം"
"അടുത്ത മാസം വരുന്നു."
"എത്ര നാള്‍ "
" പത്തു ദിവസം."

പത്തു ദിവസത്തെ അവധിക്കാലം ..സണ്ണി വരുന്നു. തിരക്കില്‍ നിന്നും ...കുറച്ചു ഒഴിവ് ദിനങ്ങള്‍.. ആഘോഷിക്കാന്‍...,..വന്നിട്ട് പോകുമ്പോള്‍ ഒരുപാട് നൊമ്പരങ്ങള്‍ ബാക്കിയാകും.
എങ്കിലും അയാള്‍ തിരിച്ചു പോകും..
പിന്നെയും ജീവിതം നൂല്‍പാലങ്ങളില്‍ കൂടി ഇഴഞ്ഞു നീങ്ങും.

Sunday, 18 March 2012

ജീവന്‍ തുടിക്കുന്ന സ്വപ്നം..


ഒരു ട്രയിന്‍ യാത്രയുടെ വിരസതയിലേക്ക് കടന്നു വന്ന അപരിചിതന്‍ നേരംപോക്കിനായി  പറഞ്ഞ ജീവിതാനുഭവം ആണ് ഈ കഥയുടെ പ്രചോദനം. കഥയും കഥാപാത്രങ്ങളും സാങ്കല്‍പ്പികം മാത്രമാണ്..പക്ഷേ അനുഭവങ്ങള്‍ സത്യമാണ്.
---------------------------------------------------------------------------------


കാറ്റ് വീശുന്ന ,നിറം മങ്ങിയ ഒരു ദിവസം ആയിരുന്നു അത്.കാര്‍മേഘങ്ങള്‍ ഉരുണ്ടു കൂടിയപ്പോള്‍ വെയില്‍  മങ്ങി,പിന്നെ ശക്തമായ മഴയുടെയും കാറ്റിന്റെയും ലക്ഷണമെന്നോണം ആകാശത്ത് മിന്നല്‍ തിളങ്ങാന്‍ തുടങ്ങി.
വളരെ അലസമായ ഒരു ദിവസം ജൈംസിനെ സംബന്ധിച്ചത് അതായിരുന്നു ആ ദിവസത്തിന്റെ പ്രത്യേകത.ഒഫ്ഫീസില്‍ നിന്നും ഉച്ചയായപ്പോള്‍ തിരികെ വീട്ടില്‍ വന്നതാണ്.ഹാഫ് ഡേ ലീവ് ..ആദ്യമായാണ് രാവിലെ ജോലിക്ക് ചെന്ന ശേഷം ലീവ് എടുത്തു തിരികെ പോരുന്നത്.എല്ലാവരെയും അലസന്‍മാര്‍ എന്നു മുദ്ര ചാര്‍ത്തുന്ന ജൈംസിന് അലസതയുടെ ഏടുകള്‍ തന്‍റെ ജീവിതത്തിലും കടന്നു കൂടുകയാണോ എന്നു ഭയമുണ്ടായിരുന്നു.

കാറ്റടിക്കുമ്പോള്‍ ആടിയുലയുന്ന ജനാല കര്‍ട്ടനില്‍ നോക്കി അയാള്‍ കിടന്നു.മഴ പെയ്യാന്‍ പോവുകയാണ്.മഴയുടെ സംഗീതം അയാള്‍ക്ക് ഏറെ ഇഷ്ടമാണ്.തന്‍റെ ജീവിതത്തിലെ എല്ലാ മുഹൂര്‍ത്തങ്ങള്‍ക്കും മഴ കൂട്ടിനുണ്ടായിരുന്നു.മഴ പെയ്യുമ്പോള്‍ ജനാലകള്‍ തുറന്നിട്ട് ഉറങ്ങാന്‍ നല്ല രസമാണ്. വളരെ പെട്ടെന്ന് ഉറക്കം വരും. മഴത്തുള്ളികള്‍ക്കൊപ്പം മനസ്സും തുള്ളിക്കളിക്കും.പിന്നെ സ്വപ്നങ്ങളുടെ താഴ്വരയിലേക്കു അയാള്‍ യാത്രയാകും ...വെറുതെ സ്വപ്നങ്ങളില്‍ അലയാന്‍ അയാളിക്കിഷ്ടമാണ്...അതിര്‍ വരംബുകള്‍  ഇല്ലാത്ത സ്വപ്നങ്ങള്‍.....,...ജയിംസ് അറിയാതെ മയക്കത്തിലേക്ക് വഴുതി വീണു.പാതിമയക്കത്തില്‍ സ്വപ്നങ്ങള്‍ മനസ്സിന്റെ തിരശീലയില്‍ ചിത്രങ്ങള്‍ വരക്കുന്നത് അയാള്‍ അറിഞ്ഞിരുന്നു.നിറമുള്ള ഓര്‍മകള്‍..,സുഹൃത്തുക്കള്‍ ,കലഹങ്ങള്‍.,..വര്‍ഷങ്ങള്‍ പിന്നിലേക്ക് സഞ്ചരിച്ചു..
വെളുത്ത പൂക്കള്‍ വിരിഞ്ഞ മരങ്ങളുടെ കീഴില്‍ ..നീളന്‍ വരാന്തയുള്ള തന്‍റെ കോളേജ് കെട്ടിടം അയാള്‍ക്ക് കാണാം.
അതി മനോഹരമായ ഒരു സായാഹ്നം ,.കോളേജില്‍ നിന്നും എല്ലാവരും വീട്ടിലേക്ക് പോകുന്നു.ക്ലാസ്സ് റൂമുകള്‍ അടക്കുന്ന ശബ്ദം കേള്‍ക്കാം..പിന്നെ അവളുടെ ശബ്ദം കേട്ടപ്പോള്‍ കണ്ണുകള്‍ തുറക്കണമെന്ന് തോന്നി.പിന്നെ അയാള്‍ കണ്ണുകള്‍ കൂട്ടിയടച്ചു.
"ജയിംസ്,നീ സ്വപ്നങ്ങളില്‍ വിശ്വസിക്കുന്നുണ്ടോ..?" അത് മീരയുടെ ശബ്ദം ആയിരുന്നു. ആ ചോദ്യം അവള്‍ ഒരുപാട് തവണ ചോദിച്ചതാണ്.അവളുടെ പ്രിയപ്പെട്ട വിഷയം 'സ്വപ്നങ്ങള്‍' സ്വപ്നങ്ങളില്‍ അവള്‍ ഗവേഷണങ്ങള്‍ വരെ നടത്തിയിരുന്നു.
"ഇല്ല..നമ്മള്‍ ഇതേപ്പറ്റി ഒരുപാട് തവണ സംസാരിച്ചതല്ലേ."ജയിംസ് മറുപടി പറഞ്ഞു.
"അതേ ,പക്ഷേ സ്വപ്നങ്ങളില്‍ എനിക്കു വിശ്വാസം ഉണ്ട്.നമുക്ക് നിസ്സാരമായി ഉഴിവാക്കാനാവാത്ത എത്രയോ സ്വപ്നങ്ങള്‍ ആണ് നാം ദിവസവും കണ്ടു മറക്കുന്നത്.അത് മറ്റേതോ ലോകത്തേക്കുള്ള വാതിലാണ്."മീര സ്വപ്നങ്ങളുടെ കാര്യത്തില്‍ ഒരു പണ്ഡിത ആയിരുന്നു.അവള്‍ തര്‍ക്കിച്ചു കൊണ്ടിരുന്നു.
"ഇല്ല,എനിക്കത് അംഗീകരിക്കാന്‍  കഴിയില്ല.ഒരു അനുഭവം പോലുമില്ലാതെ നിനക്കെങ്ങനെ ഇതൊക്കെ പറയാന്‍ കഴിയുന്നു.?"
"എനിക്കറിയാം,ഞാന്‍ ഒരുപാട് പുസ്തകങ്ങള്‍ വായിച്ചിട്ടുണ്ട്. പഠിക്കുകയും ചെയ്തു..സ്വപ്നങ്ങളും അവയുടെ പ്രവചനങ്ങളും.."
"വെറുതെ,,പുസ്തകങ്ങള്‍ കള്ളം പറയും.ആര്‍ക്ക് വേണമെങ്കിലും വെറുതെ ഒരു പുസ്തകം എഴുതാം. പിന്നെ ശാസ്ത്രീയമായി തെളിവുകള്‍ ഒന്നുമില്ലല്ലോ..?"ജയിംസ് തര്‍ക്കിച്ചു കൊണ്ടിരുന്നു.
"നമുക്ക് കാണാനാവാത്ത പലതും നമുക്ക് ചുറ്റും ഉണ്ട്.പ്രേതങ്ങള്‍ ആത്മാക്കള്‍ ..ഞാന്‍ കുട്ടിയായിരിക്കുമ്പോള്‍ അമ്മ പറഞ്ഞതോര്‍ക്കുന്നു.അമ്മയുടെ അച്ഛന്‍ മരണശേഷം അമ്മയുടെ സ്വപ്നങ്ങളില്‍ വന്നു സംസാരിക്കാറുണ്ടായിരുന്നു.സ്വപ്നങ്ങള്‍ ഒരു മാധ്യമം ആണ്.ആത്മാക്കള്‍ക്ക് നമ്മളോട് സംസാരിക്കാനുള്ള ഒരു നേര്‍ത്ത പ്രതലം.
അപ്പോള്‍ അയാള്‍ക്ക് ചിരി വന്നു.
"ശരി,നമുക്കിത് ഇവിടെ നിര്‍ത്താം,നേരം വൈകുന്നു.പിന്നെ നീ മരിച്ചാല്‍ നിനക്കു എന്‍റെ സ്വപ്നങ്ങളിലേക്ക് സ്വാഗതം. വരാന്‍ മടിക്കരുത്." അയാള്‍ അവളെ പരിഹസിച്ചു.
"തീര്‍ച്ചയായും,,നിന്നെ ഞാന്‍ സ്വപ്നങ്ങളില്‍ വന്നു ശല്യം ചെയ്യും."

അയാള്‍ ഉറക്കത്തില്‍ നിന്നും ഞെട്ടിയുണര്‍ന്നു..അപ്പോള്‍ ഇരുട്ട് വീണിരുന്നു. പുറത്തു ചാറ്റല്‍ മഴയുണ്ടായിരുന്നു.ആകാശത്ത് ഇടിമിന്നല്‍ വെട്ടി തിളങ്ങി.
നാളെ ഓഫീസില്‍ നേരത്തെ പോകണം. അയാള്‍ ചില ഫൈലുകള്‍ നോക്കാന്‍ കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്തു.
------------------------------------------------------------------------------------------------------------

കുട്ടിക്കാലം മുതല്‍ അവര്‍ ഒരുമിച്ചായിരുന്നു..ഒരേ സ്കൂള്‍ ഇല്‍ പഠിച്ചു ..പിന്നെ ഒരുമിച്ച് തീരുമാനിച്ചു ഒരേ കോളേജില്‍ എത്തി. പഠിക്കാന്‍ അതി സമര്‍ത്ഥര്‍ ..ആത്മാര്‍ഥ സുഹൃത്തുക്കള്‍...പക്ഷേ അവര്‍ എപ്പോഴും വഴക്കിടുമായിരുന്നു.ആ കലഹങ്ങളില്‍ സൌഹൃദത്തിന്റെ ആഴമുള്ള ബന്ധം ഉണ്ടായിരുന്നു.മീര എന്നും അറിവുകള്‍ തേടിക്കൊണ്ടിരുന്നു.പുസ്തകങ്ങള്‍ വായിച്ചും എഴുതിയും അവള്‍ ദിവസങ്ങള്‍ ചിലവഴിച്ചു.പക്ഷേ ജയിംസ് കോളേജ് രാഷ്ട്രീയത്തിലും ,ക്രിക്കെറ്റിലും ശ്രദ്ധ കേന്ദ്രീകരിച്ചു.എന്നിരുന്നാലും എല്ലാ വൈകുന്നേരങ്ങളിലും കുറഞ്ഞത് ഒരു മണിക്കൂര്‍ അവര്‍ സംസാരിക്കുമായിരുന്നു.പരസ്പരം വഴക്കു കൂടുമായിരുന്നു..എല്ലാം മറന്നു തര്‍ക്കിക്കുമായിരുന്നു..അവളുടെ ഇഷ്ട വിഷയം സ്വപ്നങ്ങള്‍ ആയിരുന്നു.പക്ഷേ അയാള്‍ അതില്‍ ഒട്ടും തല്‍പരനായിരുന്നില്ല.
പലപ്പോഴും  അവള്‍ സ്വപ്നങ്ങളെ കുറിച്ച് പറയുമ്പോള്‍ ..അയാള്‍ മുഖം വികൃതമാക്കി പരിഹസിക്കുമായിരുന്നു..പിന്നെ അയാള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ അനിശ്ചിതാവസ്ഥയെ പറ്റി സംസാരിക്കും.എന്നെങ്കിലുമൊരിക്കല്‍ അവള്‍ സ്വപ്നങ്ങള്‍ വെടിഞ്ഞു ജീവിത യാഥാര്‍ഥ്യങ്ങള്‍ മനസ്സിലാക്കുമെന്ന് അയാള്‍ പ്രതീക്ഷിച്ചു.

അങ്ങനെയാണ് ആ സൌഹൃദം അവര്‍ ആഘോഷിച്ചത്.
ഒടുവില്‍ കോളേജിലെ മരങ്ങള്‍ പൂത്തുലഞ്ഞ ഒരു വസന്തകാലത്ത് പരീക്ഷകള്‍ കടന്നു  വന്നു.
രണ്ടു പേരും നല്ലവണ്ണം പരീക്ഷക്ക് തയ്യാറെടുത്തു.
പക്ഷേ ...പരീക്ഷ എഴുതാന്‍ മീര വന്നില്ല. ആരോ പറഞ്ഞു .."അവള്‍ സുഖമില്ലാതെ കിടക്കുകയാണ് ..ഈ കൊല്ലം പരീക്ഷ എഴുതാനാവില്ല."
അത് കേട്ടു ജയിംസ് വളരെ വിഷമിച്ചു.
വെളുത്ത പൂക്കള്‍ വിരിഞ്ഞ മരങ്ങള്‍ക്ക് താഴെയുള്ള നീളന്‍ വരാന്തയില്‍ പരീക്ഷ അവസാനിച്ച ദിവസം അയാള്‍ തനിച്ചിരുന്നു.
കുറെ നാളുകള്‍ കഴിഞ്ഞു.
അയാള്‍ അവളെപ്പറ്റി ഒന്നും അറിഞ്ഞില്ല..
റിസല്‍റ്റ് വന്നപ്പോള്‍ ജൈംസിന് നല്ല മാര്‍ക് ഉണ്ടായിരുന്നു. ഉപരി പഠനത്തിനായി അമേരികയില്‍ നിന്നും സ്കോളര്‍ഷിപ്പ് ലഭിച്ചപ്പോള്‍ അയാള്‍ക്ക് എന്തു ചെയ്യണം എന്നറിയില്ലായിരുന്നു. വീട്ടുകാരുടെ നിര്‍ബന്ധം മൂലം അയാള്‍ അത് സ്വീകരിച്ചു.

മീരയുമായി അയാള്‍ വേര്‍പിരിയുകയായിരുന്നു. പ്രധാന തീരുമാനങ്ങള്‍ എടുക്കാന്‍ എന്നും സഹായിച്ച കൂട്ടുകാരി..
അവളെ ഇനി കാണില്ല എന്നു തോന്നി..
യാത്രയാകുന്നതിന് രണ്ടു ദിവസങ്ങള്‍ക്ക് മുന്‍പ് അയാള്‍ അവളുടെ വീട്ടില്‍ പോയിരുന്നു.കായല്‍ തീരത്തെ ആ വീട് പൂട്ടികിടക്കുകയായിരുന്നു. അടുത്ത വീട്ടിലെ ആരോ പറഞ്ഞു."ആ കുട്ടിയുടെ ചികില്‍സക്കായി അവര്‍ മദ്രാസിലേക്ക് പോയി."

പിന്നെ അവളോടു യാത്ര പറയാതെ അയാള്‍ അമേരിക്കയിലേക്ക് പോയി.

 വര്‍ഷങ്ങള്‍ക്ക് ശേഷം .......

കല്‍ക്കത്ത നഗരത്തിലെ തിരക്കേറിയ ഇടുങ്ങിയ തെരുവുകള്‍ അയാള്‍ക്ക് ഒരു പുതിയ അനുഭവം ആയിരുന്നു.എവിടെയും ജനക്കൂട്ടം,മാലിന്യകൂമ്പാരങ്ങള്‍.,പിന്നെ യാചകര്‍....,..മഞ്ഞ നിറമുള്ള കാറുകള്‍...,..ബ്രിറ്റിഷുകാര്‍ പണിതുയര്‍ത്തിയ കെട്ടിടങ്ങള്‍.,..
പഞ്ചനക്ഷത്ര ഹോട്ടലിലെ ശീതീകരിച്ച മുറിയില്‍ ഇരുന്നപ്പോള്‍ പുറത്തു വേനല്‍ ചുട്ടു പൊള്ളുന്നത് അറിഞ്ഞില്ല.
ഒരാഴ്ചത്തെ ബിസ്സിനെസ്സ് യാത്രയില്‍  ആയിരുന്നു ജയിംസ്.തിരക്കേറിയ ജീവിതം..ഒരുപാട് കൂടിക്കാഴ്ചകള്‍....,..നൂതനമായ ആശയങ്ങള്‍...,.. അയാളെ എല്ലാവരും ആകര്‍ഷിച്ചു..മുന്‍നിര കമ്പനികളില്‍ അയാള്‍ ക്ലാസ്സുകള്‍ എടുത്തു. പത്രങ്ങളില്‍ അയാള്‍ നിറഞ്ഞു നിന്നു..
അങ്ങനെ ഒരു പ്രധാനപ്പെട്ട ചടങ്ങില്‍ അയാള്‍ അധ്യക്ഷന്‍ ആയിരുന്നു.
ഏകദേശം ഇരുനൂറില്‍ പരം പ്രമുഖര്‍ പങ്കെടുത്ത ആ സമേളനത്തില്‍ അയാള്‍ വാണിജ്യ വ്യവസായ രംഗത്ത് രാജ്യം കൈവരിക്കേണ്ട പുരോഗതിയെ പറ്റി സംസാരിച്ചു.പിന്‍ നിരയിലെ സീറ്റില്‍ എവിടെയോ കണ്ടു മറന്ന ഒരു മുഖം അയാള്‍ കണ്ടു. തന്നെ നോക്കിയിരിക്കുന്ന ആ കണ്ണുകള്‍ തിരിച്ചറിയാന്‍ അധികം സമയം വേണ്ടി വന്നില്ല..
അയാള്‍ മനസ്സില്‍ പറഞ്ഞു.'മീര'
പണ്ടെങ്ങോ ..കാലത്തിന്‍റെ ഒഴുക്കില്‍ നഷ്ടപ്പെട്ടു പോയ കൂട്ടുകാരി.ഇപ്പോള്‍ കണ്‍മുന്നില്‍..... ,... പ്രസംഗം  ദൃതിയില്‍ അവസാനിപ്പിച്ചു അയാള്‍ ആളുകള്‍ക്കിടയിലൂടെ അവളുടെ അടുത്തേക്ക് നടന്നു.  അപ്പോള്‍ അവള്‍ മെല്ലെ എണീറ്റു.
"മീര ,.മീര ..അല്ലേ..?"
"അതേ, എന്നെ തിരിച്ചറിയുമെന്ന് ഞാന്‍ കരുതിയില്ല.പക്ഷേ ഈ ശബ്ദം ..ഞാന്‍ ഓര്‍ക്കുകയായിരുന്നു.ഒരു മാറ്റവുമില്ലാത്ത ശബ്ദം,." അവള്‍ പറഞ്ഞു.
"സുഖമല്ലേ.."
" അതേ."
"ഞാന്‍ ചിലപ്പോഴൊക്കെ ഓര്‍ക്കാറുണ്ടായിരുന്നു .,പിന്നെ തിരക്കുകള്‍ ...ഒന്നിനും സമയമില്ല..പിന്നെ ഒരിക്കലും കാണുമെന്നു കരുതിയതല്ല."
"ഞാനും" അവള്‍ പറഞ്ഞു.
മീര അയാളെ വീട്ടിലേക്ക് ക്ഷണിച്ചു.
രണ്ടു മണിക്കൂര്‍ അവര്‍ ചിലവഴിച്ചു. അല്പ സമയം സംസാരിച്ചു.കല്‍കതയിലെ ഒരു പരസ്യ കമ്പനിയില്‍ ഉദ്യോഗസ്ഥയായിരുന്നു അവള്‍..,.
സംസാരിച്ചപ്പോള്‍ പഴയ ഉല്‍സാഹവതിയായ മീരയുടെ മങ്ങിയ നിഴല്‍ ആണ് അവള്‍  എന്നു തോന്നി. വളരെ ക്ഷീണിച്ച മുഖവും.മെല്ലെയുള്ള സംസാരവും.അവള്‍ പഴയത് പോലെ സ്വപ്നങ്ങളെ പറ്റി ഒന്നും തന്നെ സംസാരിച്ചില്ല.
അവള്‍ ഏറെ മാറിയിരിക്കുന്നു. വര്‍ഷങ്ങള്‍ കടന്നു പോകുമ്പോള്‍ അറിയാതെ മനുഷ്യന്‍ മാറുന്നു.
അയാള്‍ യാത്ര പറഞ്ഞിറങ്ങി.
ഒരാഴ്ചക്കു ശേഷം ജയിംസ് അമേരിക്കയിലേക്ക് തിരിച്ചു.
ഇ-മൈല്‍ ചെയ്തും.ചിലപ്പോള്‍ ഫോണ്‍ വിളിച്ചും അവര്‍ സൌഹൃദം പുതുക്കി.
പിന്നെ വീണ്ടും തിരക്കുകള്‍ ,,ഉയര്‍ച്ചകള്‍.. ,..മാസങ്ങള്‍ക്ക് ശേഷം അവര്‍ വീണ്ടും വളരെ ദൂരെയായി.മീരയെ പറ്റി ഒന്നും തന്നെ അയാള്‍ അറിഞ്ഞില്ല.
------------------------------------------------------------------------------------------------
വര്‍ഷങ്ങള്‍ക്ക് ശേഷം... 


രാവിലെ ഒരുങ്ങിയതിന് ശേഷം അയാള്‍ കണ്ണാടിയില്‍ നോക്കി ഏറെ നേരം നിന്നു. മുടികള്‍ക്കിടയില്‍ അങ്ങിങ്ങായി വെളുത്ത നിറം കാണാം.അത് കൂടുതല്‍ കട്ടി നിറഞ്ഞതാണെന്നും മുഴുവന്‍ ഉടനെ വ്യാപിക്കുമെന്നും തോന്നി.ചെറിയ ജോലികള്‍ ചെയ്യുമ്പോഴും ശരീരം തളരുന്നു. ഓഫീസിലെ തിരക്കുകള്‍ .ചില ദിവസങ്ങളില്‍ ജോലിക്ക് പോകാന്‍ തോന്നില്ല.ഉച്ച സമയങ്ങളില്‍ വെറുതെ സ്വപ്നങ്ങള്‍ കണ്ടു മയങ്ങാന്‍ അയാള്‍ ആഗ്രഹിച്ചിരുന്നു.പലപ്പോഴും ജീവിത സായാഹ്നത്തിന്റെ നിറം മങ്ങല്‍ അയാള്‍ അനുഭവിച്ചിരുന്നു.
ഒരു ശാന്തമായ റിട്ടയേഡ് ജീവിതം അയാള്‍ ആഗ്രഹിച്ചു.നാട്ടില്‍ പോകണം ..ഇനിയുള്ള കാലം അവിടെ ..പക്ഷേ സ്റ്റെല്ല അതിനു എതിരായിരുന്നു.എന്നും അമേരികയില്‍ ജീവിക്കാനാണ് അവള്‍ ഇഷ്ടപ്പെടുന്നത്.അതിനെ കുറിച്ച് പറഞ്ഞു അയാള്‍ കലഹിച്ചിരുന്നില്ല.
വളരെ വൈകിയുള്ള വിവാഹമായിരുന്നു അവരുടേത്.ഇപ്പോള്‍ രണ്ടു കുട്ടികള്‍ ഉണ്ട്. അവര്‍ സ്കൂളില്‍ പഠിക്കുന്നു. കുടുംബജീവിതം..അയാള്‍ മറ്റെല്ലാം മറന്നിരുന്നു.അതുകൊണ്ടു തന്നെ നാട്ടില്‍ പോയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിരുന്നു.
"ജയിംസ്,ഞാന്‍ പോകാന്‍ റെഡി ആണ്.ഇപ്പോഴും കണ്ണാടിയില്‍ നോക്കി നില്‍ക്കുവാണോ?"
"സോറി ഡിയര്‍,,എനിക്കു നല്ല ക്ഷീണം .,"
"വയ്യ എങ്കില്‍ ലീവ് എടുത്തുകൊള്ളൂ..സ്റ്റെല്ല പറഞ്ഞു."ഞാന്‍ ഇപ്പോളേ ലേറ്റ് ആയി.ഇറങ്ങുന്നു."ഇത്രയും പറഞ്ഞിട്ട് അവള്‍ ഇറങ്ങി.
അയാള്‍ വീണ്ടും കണ്ണാടിയില്‍ തന്നെ നോക്കി നിന്നു.ഓഫീസില്‍ പോകാന്‍ തന്നെ തീരുമാനിച്ചു.
എല്ലാ ദിവസവും അയാള്‍ ബസ്സിനാണ് പോകുന്നത്.അതായിരുന്നു ഇഷ്ടം ..ചുറ്റുമുള്ള ജീവിതങ്ങളെ അയാള്‍ നോക്കികാണുമായിരുന്നു...
വീട്ടില്‍ നിന്നിറങ്ങി ഒരു വലിയ കയറ്റം കയറി ബസ്സ്സ്റ്റോപ്പിലേക്ക് നടന്നു..നടപ്പാതയിലൂടെ സ്കെയ്ട്ടിങ്  ചെയ്യുന്ന കുട്ടികളെയും വ്യായാമം ചെയ്യുന്നവരെയും കാണാം..  പെട്ടെന്നാണ് മഴ പെയ്തത്..അയാള്‍ അത്ഭുതപ്പെട്ടു.കോട്ട് തലയില്‍ ഇട്ടു കൊണ്ട് വേഗത്തില്‍ നടന്നു.സ്ഥിരമായി കോഫീ വാങ്ങാറുള്ള സ്റ്റാര്‍ ബക്ക്സില്‍ എത്തിയപ്പോള്‍ പിന്നില്‍ നിന്നാരോ വിളിച്ചു.
"ജയിംസ്"
അയാള്‍ ഒരു ഞെട്ടലോടെ തിരിഞ്ഞു നോക്കി."മീര"
അവള്‍ അയാളെ നോക്കി പുഞ്ചിരിച്ചു.
"മീര,,ഇവിടെ..?"
"ഞാന്‍ അമേരിക്കയില്‍ വന്നിട്ട് അഞ്ചു വര്‍ഷം ആയി.കാലിഫോര്‍ണിയയില്‍ ആയിരുന്നു ..കഴിഞ്ഞ മാസമാണ് ന്യൂ യോര്‍ക്കില്‍ വന്നത്.ഇപ്പോള്‍ സ്റ്റെല്ലയുടെ ഓഫീസില്‍ ആണ്.ഞാന്‍ എന്റെ അന്വേഷണം പറഞ്ഞായിരുന്നു,സ്റ്റെല്ല പറഞ്ഞില്ലേ..?"
"ഇല്ല.."
"ഞാന്‍ ഒരിക്കല്‍ കാണാന്‍ ഓഫീസില്‍ വന്നിരുന്നു.പക്ഷേ തിരക്കില്‍ ആയിരുന്നു."
"മിക്കവാറും തന്നെ തിരക്കാണ് മീര,."അയാള്‍ പറഞ്ഞു.
അപ്പോള്‍ മഴക്ക് ശക്തി കൂടി.
"ഞാന്‍ ഇവിടെ അടുത്താണ് താമസിക്കുന്നത്. നല്ല മഴയല്ലേ,മീര വരൂ"
അയാള്‍ വീട്ടിലേക്ക് ക്ഷണിച്ചു.
"എനിക്കു വളരെ അതിശയമായി തോന്നുന്നു.ഇത്രയും അടുത്തായിരുന്നിട്ടും നമ്മള്‍ ഇതുവരെ തമ്മില്‍ കണ്ടില്ലല്ലോ..?" കോഫീ ഉണ്ടാക്കുന്നതിനിടയില്‍ ജയിംസ് ചോദിച്ചു.അവള്‍ അയാളെ നോക്കി പുഞ്ചിരിച്ചു. അയാളുടെ അതി സുന്ദരമായ വീട്ടില്‍ അവള്‍ വെറുതെ കണ്ണോടിച്ചു.
അവര്‍ ഏറെ നേരം സംസാരിച്ചു.മീര വളരെ ഉല്‍സാഹവതിയായി കാണപ്പെട്ടു. അവള്‍ ജൈംസിനോട് തര്‍ക്കിച്ചു  കൊണ്ടിരുന്നു.മനപ്പൂര്‍വം അയാള്‍ സ്വപ്നങ്ങളെ പറ്റി സംസാരിച്ചു.
"എനിക്കു കൂടുതല്‍ തെളിവുകള്‍ ഉണ്ട് ഞാന്‍ നടത്തിയ പഠനങ്ങള്‍...,..ഒന്നും ഇപ്പോള്‍ ഞാന്‍ കാണിച്ചു തരില്ല."അവള്‍ പറഞ്ഞു.
തന്‍റെ നഷ്ടപ്പെട്ട ഓര്‍മകള്‍ തിരികെ വരുന്നതായി ജൈംസിന് തോന്നി.വൈകാതെ യാത്ര പറഞ്ഞു മീര പോയി.
അയാള്‍ക്ക് ഒരുപാട് സന്തോഷം തോന്നി.അവള്‍ പോയതിന് ശേഷം പഴയ കാര്യങ്ങള്‍ ഓര്‍ത്ത് കൊണ്ട് അയാള്‍ കസേരയില്‍ ഇരുന്നു.
വാതിലില്‍ ആരോ ശകതമായി മുട്ടുന്നത് കേട്ടു അയാള്‍ ഓര്‍മകളില്‍ നിന്നുണര്‍ന്നു.വേഗം വാതില്‍ തുറന്നു.അത് സ്റ്റെല്ല ആയിരുന്നു.അവള്‍ ആകെ പരിഭ്രമിച്ചിരുന്നു.കണ്ണുകള്‍ നിറഞ്ഞ് തുളുമ്പിയിരുന്നു.
"ഗോഡ് ....യു ആര്‍ സേഫ്.."അവള്‍ കണ്ണുകള്‍ തുടച്ചു കൊണ്ട് അയാളെ കെട്ടിപിടിച്ചു.
"എന്തുപറ്റി..?"അയാള്‍ ആശ്ചര്യത്തോടെ ചോദിച്ചു.
"നിങ്ങള്‍ സ്ഥിരമായി പോകുന്ന ബസ്സ്...അപകടത്തില്‍ പെട്ടു..ട്രൈനുമായാണ് കൂട്ടിയിടിച്ചത്...അതിലുണ്ടായിരുന്ന എലാവരും മരിച്ചു...ഞാനാകെ ഭയന്നുപോയി.."വാചകം മുഴുവനാക്കാതെ അവള്‍ കിതച്ചു.
അല്പനേരം നിശബ്ദത താളം കെട്ടി നിന്നു.
"ഞാന്‍ മീരയെ കണ്ടത് കൊണ്ടാണ് തിരികെ വന്നത്."
"ഏത്  മീര..?" സ്റ്റെല്ല ചോദിച്ചു..
"നിന്റെ കൂടെ ജോലി ചെയ്യുന്ന മീര ..അവള്‍ ഇവിടെ വന്നിരുന്നു.എന്‍റെ ഏറ്റവും വലിയ സുഹൃത്താണ് അവള്‍..,.അവള്‍ എന്നെ പറ്റി അന്വേഷിച്ചിരുന്നു..പക്ഷേ നീ പറഞ്ഞിരുന്നില്ല.."ജയിംസ് ശാന്തനായി പറഞ്ഞു..

"എന്ത്...? മീര...മീര ഇവിടെ വന്നെന്നോ..?ഞാനിതു വിശ്വസിക്കില്ല.."രണ്ടു നിമിഷങ്ങള്‍ ആലോചിച്ച ശേഷം സ്റ്റെല്ല തുടര്‍ന്നു.
"കാലിഫോര്‍ണിയയില്‍ നിന്നും സ്ഥലം മാറി വന്ന ഒരു സ്ത്രീ എന്‍റെ ഓഫീസില്‍ ഉണ്ടായിരുന്നു.മീര എന്നെയിരുന്നു പേര്. നിങ്ങളെ പറ്റി ഒരിക്കല്‍ അന്വേഷിച്ചു..കൂടുതല്‍ ഒന്നും പറഞ്ഞില്ല.എനിക്കു വളരെ സ്വാഭാവികമായി തോന്നി.കാരണം...ഒരുപാട് പേര്‍ നിങ്ങളെ പറ്റി അന്വേഷിക്കുന്നുണ്ടല്ലോ..അതാണ്  ഞാന്‍ പറയാതിരുന്നത്.പക്ഷേ...രണ്ടാഴ്ചകള്‍ക്ക് മുന്‍പ് ഒരു കാര്‍ അപകടത്തില്‍ മീര മരിച്ചു." സ്റ്റെല്ല പറഞ്ഞു നിര്‍ത്തി..
" എന്ത്..മീര..?"
"അതേ, രണ്ടാഴ്ചകള്‍ക്ക് മുന്‍പ് അവള്‍ മരിച്ചു..പിന്നെ അവള്‍ എങ്ങനെ ഇവിടെ വരും...?" ചോദിച്ചു കൊണ്ട് സ്റ്റെല്ല കസേരയില്‍ ഇരുന്നു.
ആ ചോദ്യം അയാള്‍ക്ക് ചുറ്റും വട്ടം കറങ്ങി. കണ്ണുകള്‍ മങ്ങുന്നതായും വല്ലാതെ ദാഹിക്കുന്നതായും തോന്നി.
"എനിക്കെല്ലാം മനസ്സിലായി.."അയാള്‍ സ്വയം പറഞ്ഞു.മെല്ലെ തന്‍റെ മുറിയിലേക്ക് നടന്നു. വാതില്‍ ചാരി ..കട്ടിലില്‍ കിടന്നു..സ്വപ്നങ്ങളുടെ താഴ്വരയില്‍ അലയാന്‍ അയാള്‍ക്ക് കൊതി തോന്നി..
മനസ് വീണ്ടും പറഞ്ഞു.'ഇത്രയും  കാലം നീ പറഞ്ഞത് സത്യമായിരുന്നോ..?സ്വപ്നങ്ങള്‍ ആത്മാക്കള്‍ സംസാരിക്കുന്ന നേര്‍ത്ത പ്രതലമാണോ..?' എല്ലാത്തിനും ഉപരി നീ നിന്റെ വാക്ക് പാലിച്ചിരിക്കുന്നു.."
അയാള്‍ക്ക് എല്ലാം ഒരു സ്വപ്നമായി തോന്നി. അവള്‍ ജീവിതം തന്നെ രക്ഷിക്കുകയായിരുന്നു.അവളുടെ വിശ്വാസങ്ങളെ വിശ്വസിപ്പിക്കുവാന്‍ വേണ്ടി..
ഒരുപക്ഷേ ഇത് മനസ്സിന്റെ ഒരു കള്ളക്കളി ആയിരിക്കാം..അല്ലെങ്കില്‍ വെറുമൊരു സ്വപ്നം ...കൂടുതല്‍ ചിന്തിക്കുമ്പോള്‍ മനസ്സ് അസ്വസ്ഥമാകുന്നുവെന്ന് തോന്നി.
ചില ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടുക പ്രയാസമാണ്..അയാള്‍ മയങ്ങാന്‍ ശ്രമിച്ചു.

Wednesday, 14 March 2012

തണുപ്പ്


തറവാടിന്റെ പിന്നിലൂടെ പുഴ ഒഴുകുന്നുണ്ട്.
മഴക്കാലത്ത് പുഴ കുത്തിയൊഴുകുന്നത് നോക്കിയിരിക്കാന്‍ ദത്തന് ഇഷ്ടമാണ്. ചെമ്മണ്ണ് കലര്‍ന്ന തവിട്ടു നിറത്തിലുള്ള കിഴക്കന്‍ വെള്ളം അണപൊട്ടിയൊഴുകി  വന്നു നനഞ്ഞ മണ്‍ത്തിട്ടയില്‍ തട്ടി വലിയ തിരമാലകള്‍ ഉണ്ടാകുന്നു. പിന്നെ വലിയ ചുഴികള്‍ ഉണ്ടായി അവ ആഴങ്ങളില്‍ അപ്രത്യക്ഷമാകുന്നു.അയാള്‍ ആ ചുഴികളിലേക്ക്  നോക്കിയിരിക്കും ,.ചിലപ്പോള്‍ അയാള്‍ മണ്‍തിട്ടയില്‍ കുത്തിയിരുന്ന് ചുഴിയിലേക്ക് ഉറുമ്പുകളെ പിടിച്ചിടുമായിരുന്നു. അവ ചുഴികളില്‍ കറങ്ങിത്തിരിഞ്ഞ്‌ ആഴങ്ങളിലേക്ക് താണുപോകുന്നത് അയാള്‍ നോക്കിയിരിക്കും..കുട്ടികാലത്ത് മഴ പെയ്തു നനഞ്ഞു കിടക്കുന്ന മുറ്റത്തെ ചെളിവെള്ളത്തിന്റെ കരയില്‍ അയാള്‍ കാലുകള്‍കൊണ്ടു ചിത്രങ്ങള്‍ വരച്ചും ..അതില്‍ നോക്കി ഓരോ കാര്യങ്ങള്‍ ആലോചിച്ചുമിരിക്കുമായിരുന്നു.
അങ്ങനെ മാനം കറുത്ത് തോരാതെ മഴപെയ്യുന്ന സമയങ്ങളില്‍ ദത്തന്റെ മനസ്സിന് ബലം കുറയുകയും അത് ചിന്തകളുടെ കാട് കയറി പോവുകയും ചെയ്യുമായിരുന്നു. പിന്നെ അയാള്‍ ഓര്‍മകളുടെ കനമുള്ള വള്ളികളില്‍ തൂങ്ങി കിടക്കുമായിരുന്നു.ഇങ്ങനെ ദത്തന്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ നിരവധിയാണ്.
അയാളുടെ മനസ്സിന്റെ മുകളില്‍ ഓര്‍മ്മകള്‍ സങ്കീര്‍ണമായ ഒരു ചിലന്തിവല കെട്ടിയിരുന്നു...മനസ്സില്‍ നിന്നുയരുന്ന ചിന്തകള്‍ ആ ചിലന്തിവലയില്‍ വര്‍ഷങ്ങളോളം കുരുങ്ങികിടന്നു.അത് കൊണ്ട് തന്നെ ആര്‍ക്കും അയാളെ മനസ്സിലാക്കാന്‍ സാധിച്ചില്ല.
ആ വൈകുന്നേരം അയാള്‍ മന്തിട്ടയില്‍  കുത്തിയൊലിക്കുന്ന പുഴയില്‍ നോക്കിയിരുന്നു. നീളമുള്ള പുഴ ഒഴുകി കാവിന്റെ പിന്നിലെത്തി പിന്നെ രണ്ടായി പിരിഞ്ഞു പോകുന്നു.ഇവിടെ ഇരുന്നാല്‍ രണ്ടു ഗ്രാമങ്ങളെയും തമ്മില്‍ ബന്ധിക്കുന്ന ഉയരമുളള പാലം കാണാം. പിന്നെ മഴക്കാലം  മീന്‍ പിടുത്തക്കാര്‍ക്ക് ഉത്സവമാണ് അവര്‍ അക്കരെ നിന്ന് കൈവലകളില്‍ മീന്‍ പിടിക്കുന്നത്‌ കാണാം ,,ആ കാഴ്ചകള്‍ കാണാന്‍ കുറെ സ്കൂള്‍ കുട്ടികള്‍ എന്നുമുണ്ടാകും.എല്ലാ വര്‍ഷവും കാണുന്ന കാഴ്ചകള്‍,ചിലപോഴൊക്കെ ഒരേ മനുഷ്യര്‍ ...പക്ഷെ അതിലെന്നും പുതുമകള്‍ ഉണ്ടായിരുന്നു.പിന്നെ അയാള്‍ എണീറ്റ്‌ തെങ്ങിന്‍ തോപ്പിലൂടെ വീട്ടിലേക്കു നടന്നു. പിന്നാമ്പുറത്ത് കൂടി കാല്‍ കഴുകി അകത്തു കയറിയപ്പോള്‍ അമ്മയുടെ ശബ്ദം കേട്ടു.
" ദത്തന് അസുഖം കൂടുതലാ, ശങ്കരാ ...ആസ്പ്ത്രില്‍ കൊണ്ടോകാന്നു വെച്ചാ ..അവന്‍ സമ്മതിക്കൂല്ല .."
ഹും ...ആര്‍ക്കാണ് അസുഖം ,..ആശുപത്രിയില്‍ പോകണ്ട ആവശ്യം ഒന്നുമില്ല...അയാള്‍ ചാരിക്കിടന്ന വാതിലിലൂടെ അകത്തേക്ക് നോക്കി. അമ്മയുടെ ഇളയ ആങ്ങളയാണ്.. ശങ്കരന്‍ മാമ..കാണാന്‍ വന്നതാവും..ആണ്ടിലോരിക്കലല്ലേ പുഴ കടന്നു വരൂ.. വന്നാല്‍ പിന്നെ അച്ഛന് മനസമാധാനം ഉണ്ടാകില്ല.ഈ ജാതി ബന്ധുക്കളെ കാണുന്നത് പോലും ഇഷ്ടമല്ല..അസത്തുക്കള് തറവാട് കുളം തോണ്ടാന്‍ മിടുക്കന്‍ മാരാണ്. ദത്തന്‍ അകത്തെ മുറിയിലേക്ക് കയറി പോയി. കട്ടിലില്‍ കിടന്നപ്പോള്‍ മുറിയില്‍ മുഷിഞ്ഞ തുണിയുടെ ഗന്ധമുന്ടെന്നു തോന്നി.ജനലുകള്‍ തുറന്നിട്ടു.
അപ്പോള്‍ പിന്നില്‍ ശങ്കരമാമ യുടെ ശബ്ദം.
" ഞാന്‍ കുഞ്ഞിനെ കാണാന്‍ വന്നതാണ്."
" ഉവ്വോ.? എന്താപ്പോ വിശേഷം ?"
" ഇത്തിരി കാശ്..തരാന്‍....""" "
" ഹ ..കൊല്ലം.. അമ്മയുടെ വീതം പാടം അളന്നു വിട്ട്വോ?"
" എന്താപ്പോ ഇങ്ങനെ പറയണേ..?"
" അല്ല കാശ് എത്രയുണ്ട്.."
"അമ്പതു രൂപ."
ശങ്കര മാമ പണ്ട് അച്ഛനെ പറ്റിച്ചു ഒരുപാടും നിലം വിറ്റു കാശാക്കിയതാണ്.എന്നിട്ടും ഒരു നാണവുമില്ലാതെ വന്നു തിന്നുമുടിച്ചിട്ടു പോകും.ഇതൊക്കെ തുറന്നു ചോദിക്കാനും കണക്കു പറയുവാനും ആര്‍ക്കും കഴിയില്ല.അതിനു ദത്തന്‍ തന്നെ വേണം..ഓരോന്ന് പറയുമ്പോള്‍ എല്ലാവരുടെയും മുഖം ചുളിയും പിന്നെ അടക്കം പറയുന്ന സ്വഭാവം ബന്ധുക്കള്‍ക്ക്  ഉണ്ട്. അങ്ങനെ ആരോ പറഞ്ഞു ദത്തന് അസുഖമാണ് ..മനസ്സിന് സുഖമില്ല.അത് പിന്നെ നാട്ടില്‍ എല്ലാവരും അറിഞ്ഞു. പിന്നെ പുറത്തിറങ്ങാനും പഴയപോലെ മിണ്ടാനും മടിയായി.
 മഴപെയ്യുമ്പോള്‍ മുറിക്കുള്ളിലെ  തണുപ്പിലിരിക്കാന്‍  നല്ല സുഖമുണ്ട്. അപ്പോള്‍ വീടിന്റെ ഓടിട്ട മേല്‍ക്കൂരയില്‍ മഴത്തുള്ളികള്‍ വന്നു വീണു ചിതറുന്ന ശബ്ദം കേള്‍ക്കാം.മഴത്തുള്ളിയുടെ ശബ്ദവും കേട്ടു ഭിത്തിയില്‍ പതിഞ്ഞു കിടക്കുന്ന മാറാലയിലും നോക്കി അയാള്‍ മൂകനായി ചിന്തിച്ചിരിക്കും മണിക്കൂറുകളോളം..അത് അറിഞ്ഞവര്‍ പറഞ്ഞു."ദത്തനെന്തോ വിഷാദ രോഗമാണ്."
ശങ്കരന്‍ മാമ അപ്പോളും അയാളെ തന്നെ നോക്കി നിന്നു."ഈ കാശ് നിനക്കു വേണോ കുട്ടീ.."
"വേണ്ട." അയാളുടെ മുഖത്ത് നോക്കാതെ ദത്തന്‍ പറഞ്ഞു.
"ഇതാ ഇവിടെ ഇരിക്കട്ടെ " കാശ് ജനാലപടിയില്‍ വെച്ചിട്ട് പറഞ്ഞു." ഞാന്‍ തങ്ങുന്നില്ല..നേരമിരുട്ടും മുന്പ് പൊവൂട്ടോ.."
അത് കേട്ടതായി ദത്തന്‍ ഭാവിച്ചില്ല.
------------------------------------------------------------------------------------------------------------

രാത്രിയില്‍ ജനലുകള്‍ അടക്കുമായിരുന്നില്ല. പുഴക്കരയിലെ തെങ്ങിന്‍ തോപ്പില്‍ കൂടി കാറ്റ് എപ്പോഴും വീശിക്കൊണ്ടിരിക്കും. വെറുതെ ഇങ്ങനെ പുറത്തേക്ക് നോക്കി കിടക്കും.പറമ്പില്‍ ചേംബുകള്‍ കാടുപിടിച്ചു വളര്‍ന്നതൊക്കെ ആരെങ്കിലും വന്നു   വെട്ടി വൃത്തിയാക്കിയിട്ടു കാലം ഒരുപാടായി.
ഒരുപാട് രാത്രികളില്‍ ഇങ്ങനെ ഉറങ്ങാതെ കിടന്നിട്ടുണ്ട്. ഉറങ്ങാന്‍ ഭയമാണ് കാരണം മണ്‍സ്സില്‍ ഒരുപാട് ദുസ്വപ്നങ്ങള്‍ ഉറങ്ങി കിടക്കുന്നുണ്ട്.മയങ്ങും പോള്‍ അവറ്റകള്‍ തലപോക്കും. ഒരിക്കല്‍ വിഷം ചീറ്റുന്ന സര്‍പ്പങ്ങള്‍ കഴുത്തില്‍ മുറുകി കണ്ണുകളില്‍ കൊത്തിയപ്പോള്‍ തൊണ്ടപൊട്ടുമാര്‍  നിലവിളിച്ചതോര്‍ക്കുന്നു. പിന്നെ മൂന്നു മനുഷ്യരുടെ ഉയരമുള്ള നായ്ക്കള്‍ കടിച്ചു പറിക്കുന്ന ഒരു കടലാസ് കഷണമായി താന്‍.... ഇതൊന്നും കാണാന്‍ വയ്യ..അത് കൊണ്ടാണ് ഉറങ്ങാത്തത്.
കുറെ സമയം കഴിയുമ്പോള്‍ അയലത്തെ വീട്ടിലെ റേഡിയോയുടെ സംഗീതം നിലക്കും.പിന്നെ വിളക്കുകള്‍ എങ്ങും അണയും.അപ്പോള്‍ നിശബ്ദതയാണ് ..എങ്ങും ,..മുറിയിലെ ക്ലോക്ക് വലിയ ശബ്ദത്തോടെ ചലിച്ചു കൊണ്ടിരിക്കും.. ക്ലോക്കിന്‍റെ സൂചികളില്‍ അയാളുടെ ചിന്തകള്‍ തൂങ്ങി ആടുമായിരുന്നു.
രാത്രി വൈകി പറമ്പില്‍ കൂടി ആത്മാക്കള്‍ സഞ്ചരിക്കുന്നത് ദത്തന് കാണാം. വെളുത്ത വസ്ത്രം ധരിച്ച ആത്മാക്കള്‍ പരസ്പരം സംസാരിച്ചിരുന്നില്ല.അവര്‍ ധൃതിയില്‍ എവിടേക്കൊ പൊയ്ക്കൊണ്ടിരിക്കും.അവരെല്ലാം പുഴക്കരയില്‍ നിന്നാണ് കയറി വരുന്നത്.കൊച്ചു ആത്മാക്കള്‍ മുതല്‍ വലിയ ഉയരമുള്ളവര്‍ വരെ.മുഖത്തിന് ത്രികോണാക്രിതിയും കണ്ണുകളുടെ സ്ഥാനത്ത് ദ്വാരങ്ങളും ഉണ്ടായിരുന്നു.നിലത്തു കാല്‍ തൊടാതെ അവര്‍ അന്തരീക്ഷത്തില്‍ കൂടി ഒഴുകി കൊണ്ടിരിക്കും.ഇതൊന്നും ദത്തന്‍ ആരോടും പറഞ്ഞില്ല.കാരണം ആരും ഇതൊന്നും വിശ്വസിക്കില്ല.അയാള്‍ക് ഉറപ്പാണ്.
ഇങ്ങനെ പുഴവക്കിലെ കാഴ്ചകള്‍ കണ്ടും രാത്രിയില്‍ ഉറങ്ങാതെയിരുന്നുമാണ് ദത്തന്‍ ദിവസങ്ങള്‍ തള്ളി നീക്കിയത്.മഴക്കാലത്തെ തണുപ്പില്‍ അയാളുടെ മനസ്സ് കൂടുതല്‍ നേര്‍ത്തതാകുന്നതും ചിന്തകളുടെ ആഴം കൂടുന്നതും അയാള്‍ അറിഞ്ഞിരുന്നില്ല.
രാവിലെ അയാള്‍ പുഴവക്കിലേക്ക് നടക്കാന്‍ ഇറങ്ങിയപ്പോള്‍ അച്ഛന്‍ പറഞ്ഞു.
"ന്താ ദത്താ.നീ ഈ കാട്ടണേ,നിനക്കെന്റെ കൂടെ ഒന്നു വന്നൂടെ,,ആശുപത്രിയില്." രണ്ടോവസം കഴിഞ്ഞാ സുഖാവില്ലേ..ഇതിപ്പോ ദിവസം എത്രയാരിക്കുന്നു. ആരോടും മിണ്ടാതെ ...നീ ഇങ്ങനെ,,?"
അയാള്‍ അച്ഛന്റെ മുഖത്തേക്ക് നോക്കി.
"എനിക്കു പോകണ്ടാ.."
പിന്നെ നനഞ്ഞ മുറ്റത്തെ ചെമ്മണില്‍ കൂടി അയാള്‍ പുഴക്കരയിലേക്ക് പോയി.
അമ്മയെക്കാള്‍ കൂടുതല്‍ ഇഷ്ടം അച്ഛനോട് ആണ്.കാരണം അച്ഛന്റെ പരുക്കന്‍ ശബ്ദത്തിനും ക്രൂരമായ നോട്ടത്തിനും ഉള്ളില്‍ ഒരുപാട് സ്നേഹം ഒളിപ്പിച്ചു വച്ചിട്ടുണ്ട്.പക്ഷേ അച്ഛന്‍ പറയുന്നത് കേട്ടു ആശുപത്രിയില്‍ പോകാന്‍ വയ്യ.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് കുട്ടിക്കാലത്ത്  പനി പിടിച്ചു അകത്തെ മുറിയില്‍ പുതച്ചുമൂടി വിറച്ച് കിടന്നപ്പോള്‍. അമ്മക്ക് ഭയങ്കര പേടിയായിരുന്നു.ജോലി കഴിഞ്ഞു രാത്രിയില്‍ അച്ഛന്‍ വന്നപ്പോള്‍ അമ്മ പറഞ്ഞു."ദത്തന് പനി കൂടുതലാ,ആശുപത്രില്‍ പോണം." അച്ഛന്‍ മുറിയില്‍ കയറി വന്നു തോളില്‍ കിടത്തി കൊണ്ട് ആശുപത്രിയിലേക്ക് നടന്നു.അപ്പോള്‍ അച്ഛന്റെ ചൂടുള്ള ശരീരത്തില്‍ കിടന്നു ആകാശത്തേക്കു നോക്കി നക്ഷത്രങ്ങളെ കൂട്ടിയിണക്കി നേര്‍രേഖകള്‍ വരച്ചു ചിത്രങ്ങള്‍ ഉണ്ടാക്കിയിരുന്നു.
അച്ഛനെ വിശ്വാസം ആയിരുന്നു.അത് കൊണ്ടാണ് കഴിഞ്ഞ മഴക്കാലത്ത് അച്ഛന്റെ വാക്കുകള്‍ കേട്ടു ആശുപത്രിയില്‍ പോയത്.എന്നിട്ട് ഫലം എന്തായി.പറഞ്ഞതൊന്നും കേള്‍ക്കാതെ ഡോക്ടര്‍ പറഞ്ഞു രണ്ടു ദിവസം കിടക്കണമെന്ന്.
മരുന്നിന്റെ മണമുള്ള മുറിയില്‍ രണ്ടു ദിവസം കിടന്നു..കുറെ ഗുളികകള്‍ കഴിച്ചു.കൂടുതലും ഉറക്ക ഗുളികകള്‍..,..പിന്നെ ഭക്ഷണങ്ങള്‍ക്ക് നിയന്ത്രണം..

ആശുപത്രിയില്‍ നിന്നും വീട്ടില്‍ വന്നപ്പോള്‍ പിന്നെ ചെറിയൊരു ഉന്മേഷം തോന്നി..പിന്നെ വൈകുന്നേരങ്ങളില്‍ അമ്പലപ്പറമ്പില്‍ കൂട്ടുകാരുമൊത്ത് പോകുമായിരുന്നു.അപ്പോള്‍ ചിന്തിക്കാനൊന്നും സമയം ഇല്ലായിരുന്നു.ഉറക്ക ഗുളികള്‍ കഴിച്ചപ്പോള്‍ ഒന്നും ഓര്‍ക്കാതെ ഉറങ്ങാന്‍ കഴിഞ്ഞു.ആത്മാകളുടെ യാത്രയും  കണ്ടില്ല ,ക്ലോക്കിന്‍റെ വലിയ ശബ്ദവും കേട്ടില്ല.
അങ്ങനെ ദിവസങ്ങള്‍ കഴിഞ്ഞു ..ഒരു അവധിക്കാലതാണ് ശങ്കരന്‍ മാമയുടെ കൂടെ ഉണ്ണിമായ വീട്ടിലേക്ക് വന്നത്.മൂത്തമകളാണ്. ഇരുപതു വയസ്സുണ്ടായിരുന്നു.തന്നെ കാളും നാലു വയസ്സിനു ഇളപ്പമുണ്ട്.കുട്ടികാലേതെങ്ങോ കണ്ടതാണ് ..അന്നവള്‍ തുപ്പലോലുപ്പിച്ചു നടന്ന ഒരു മെലിഞ്ഞ പെങ്കുട്ടിയായിരുന്നു.ഇപ്പോള്‍ ഒരുപാട് വളര്‍ന്നിരിക്കുന്നു.അവളുടെ കണ്ണുകള്‍ക്ക് നീലനിറവും കറുത്ത ചുരുണ്ട മുടികള്‍ക്ക് നല്ല നീളവും ഉണ്ടായിരുന്നു.
"ഇവളെ പുറത്തു പഠിക്കാന്‍ വിടുകയല്ലേ ..അതോണ്ട് ഈ അവധിക്കു പത്തു ദിവസം ..ഇവിടെ നില്‍ക്കട്ടെ" അമ്മ പറയുന്നത് ദത്തന്‍ കേട്ടു.അവളെ നിര്‍ത്തിയിട്ടു ശങ്കര മാമ പോയി.
തറവാടും തൊടിയും കുളവും അവള്‍ക്ക്  ഇഷ്ടമായിരുന്നു.അവള്‍ എപ്പോഴും അതുവഴിയൊക്കെ നടക്കും.പിന്നെ അമ്മക്ക് അവള്‍ ജീവനാണ്.എല്ലാ ദിവസവും അമ്മ അവളുടെ തലയില്‍ എണ്ണതേച്ചു   കൊടുക്കുന്നതും ,കുളി കഴിഞ്ഞു വരുമ്പോള്‍ മുടി ഉണക്കി കൊടുക്കുന്നതും ദത്തന്‍ കണ്ടു.
അവള്‍ എപ്പോളും ദത്തന്റെ മുറിയില്‍ വന്നു തുണികളെല്ലാം അടുക്കിവെയ്കുകയും ഭിത്തിയിലെ മാറാലകള്‍ തൂത്തു വൃത്തിയാക്കുകയും ചെയ്യുമായിരുന്നു.
ഒരു ദിവസം സന്ധ്യക്ക് അവള്‍ വന്നു..അപ്പോള്‍ അയാള്‍ ഉറങ്ങുകയായിരുന്നു.ഉണര്‍ത്തിയിട്ടു അവള്‍ ചോദിച്ചു.
" ഏട്ടന്‍ പണ്ട് ഒരുപാട് കവിതകള്‍ എഴുതുമായിരുന്നില്ലേ,..?"
"ഉം.."
"ഇപ്പോള്‍ എഴുതാറില്ലേ?"
'ഇല്ല"
"അതെന്തേ.."
"തോന്നണില്ല."
പിന്നെ അവള്‍ ചിരിച്ചു കൊണ്ട് പോയി മച്ചിന്‍പുറത്തു നിന്നും എവിടെയോ കുറെ കടലാസ് കെട്ടുകള്‍ എടുത്തു കൊണ്ട് വന്നു.പിന്നെ കുസൃതിയോടെ ചിരിച്ചു കൊണ്ട് പറഞ്ഞു.
"ഞാന്‍ എല്ലാം കണ്ടെത്തി.".
താന്‍ പോലുമറിയാതെ ആ കവിതകള്‍ മച്ചിന്‍ പുറത്തെ ഇരുട്ടിലും പൊടിയിലും വര്‍ഷങ്ങളോളം കിടന്നത് അയാള്‍ അറിഞ്ഞിരുന്നില്ല.അയാള്‍ക്ക് വീണ്ടുമത് വായിക്കണമെന്ന് തോന്നി.
" അതിങ്ങോട്ട് താ ഉണ്ണിമായേ .."
"ഇല്ല"..അവള്‍ മച്ചിന്‍ പുറത്തേക്കോടി.ദത്തന്‍ ഉറക്കെ ചിരിച്ചു കൊണ്ട് പിന്നാലെയും ....
അവിടെ മുഴുവന്‍ പഴയ സാധനങ്ങള്‍ ആയിരുന്നു. സന്ധ്യക്ക് വന്നു കൂടിയ പ്രാവുകള്‍ കുറുകികൊണ്ടിരുന്നു.നേരിയ വെളിച്ചത്തില്‍ അവളുടെ പാദസരങ്ങള്‍ തിളങ്ങി കൊണ്ടിരുന്നു ..പിന്നെ അവള്‍ ചുവടുകള്‍ വെച്ചപ്പോള്‍ അതിലെ മണികള്‍ കിലുങ്ങികൊണ്ടിരുന്നു.അയാള്‍ അടുത്തെത്തിയപ്പോള്‍ ആ കടലാസുകള്‍ അവള്‍ നെഞ്ചോടമര്‍ത്തി തരില്ല എന്നു പറഞ്ഞു..അപ്പോള്‍ അവളുടെ കവിളിലെ നുണക്കുഴികള്‍ കാട്ടി അവള്‍ ചിരിച്ചു. പിന്നെ അടുത്തേക്ക് നീങ്ങി നിന്നു ചെവിയില്‍ ചുണ്ടുകള്‍ ചേര്‍ത്ത് പറഞ്ഞു."ഈ കവിതകള്‍ ഒക്കെ എനിക്കു വേണം.പിന്നെ ഇതെഴുതിയ ആളെയും"..അപ്പോള്‍ അവളുടെ ശബ്ദത്തിന് തണുപ്പുണ്ടെന്ന് തോന്നി.അവളെ തൊടാന്‍ തോന്നി.വിറക്കുന്ന വിരലുകളോടെ അയാള്‍ അവളുടെ കൈകളില്‍ സ്പര്‍ശിച്ചു.പിന്നെ അവളുടെ കഴുത്തില്‍ തൊട്ടു.അവള്‍ക്കും അയാള്‍ക്കുമിടയില്‍ ഒരു നെഞ്ചിടിപ്പിന്‍റെ അകലമേ ഉണ്ടായിരുന്നുള്ളൂ. അറിയാതെ അവളുടെ കൈകള്‍ തട്ടി അവിടെ ഇരുന്ന ഒരു ഓട്ടു പാത്രം താഴെ വീണു പൊട്ടി. അപ്പോള്‍ വലിയ ശബ്ദത്തോടെ പ്രാവുകള്‍ ചിറകടിച്ചു പറന്നു പോയി. താഴെ ചാര് കസേരയില്‍ കിടന്നു അച്ഛന്‍ പറഞ്ഞു.."മച്ചിന്‍പുറത്തു വീണ്ടും മരപ്പട്ടി കയറിയെന്ന് തോന്നുന്നു. രാത്രിയില്‍ തന്നെ കെണി വെക്കണം." ഇത് കേട്ടു അയാളും ഉണ്ണിമായയും അമര്‍ത്തി ചിരിച്ചു.
------------------------------------------------------------------------------------------------------------

പറമ്പിലെ വലിയ അത്തിമരത്തിന്റെ ചോട്ടില്‍ അവള്‍കൊപ്പം നില്‍ക്കുമ്പോള്‍ ദത്തന്റെ കണ്ണുകള്‍ കലങ്ങിയിരുന്നു.അവള്‍ അയാളെ തന്നെ നോക്കി നിന്നു.ദത്തന്‍ പറഞ്ഞു.
"വേണ്ട ഉണ്ണിമായേ ,ഇതൊന്നും വേണ്ട..എനിക്കു സുഖമില്ല എന്നാണ് എലാവരും പറയണേ.."
"ഇല്ല ദത്തെട്ടന് സുഖമില്ലെന്ന് ആരാ പറയുന്നെ..ആരും പറയുന്നില്ല.ഏട്ടന്‍ ഒത്തിരി ചിന്തിക്കുന്നത് കണ്ടു തോന്നുന്നതാ.പിന്നെ ചിന്തിക്കുന്നത് നല്ലതല്ലേ.."
" അല്ല ഉണ്ണിമായേ.. ഞാന്‍ മരുന്നുകള്‍ കഴിക്കുന്നുണ്ട്."
"അതിനെന്താ"
"ആരും സമ്മതിക്കില്ല.."
"ആരും സമ്മതിക്കേണ്ടാ..." അവള്‍ തിരികെ നടന്നു.മുഖത്ത് നല്ല പിണക്കം ഉണ്ടെന്ന് തോന്നി.പിന്നെ ഒരു ദിവസം ,മരുന്നിന്റെ കെട്ടുകള്‍ അവള്‍ പറമ്പിലെ കുളത്തില്‍  വലിച്ചെറിഞ്ഞു..എന്നിട്ട് പറഞ്ഞു."മരുന്നുകള്‍ ഇനി കഴിക്കേണ്ടാ..ഏട്ടന് അസുഖം ഒന്നുമില്ല."
അന്ന് രാത്രി മുതല്‍ ദത്തന്‍ മരുന്നുകള്‍ കഴിച്ചില്ല.മുറിയുടെ വാതില്‍ തുറന്നിടുമായിരുന്നു. എല്ലാവരും ഉറങ്ങി കഴിയുമ്പോള്‍ പാദസരത്തിന്റെ ശബ്ദം കേള്‍പ്പിക്കാതെ ഇടനാഴിയില്‍ കൂടി അവള്‍ മെല്ലെ നടന്നു വന്നു മുറിയില്‍ കയറുമായിരുന്നു. പിന്നെ മുറിയിലെ നേര്‍ത്ത നിശബ്ദതയില്‍ അവളുടെ തണുത്ത ശ്വാസം അയാള്‍ അറിഞ്ഞിരുന്നു.അവളുടെ ഗന്ധം അയാളെ മത്തു പിടിപ്പിക്കുമായിരുന്നു. പിന്നെ നേരം പുലരുന്നതിന് മുന്‍പ് ഉടഞ്ഞ വസ്ത്രങ്ങളുമെടുത്ത് അവള്‍ അവളുടെ മുറിയിലേക്ക് പോകും.നിലാവുള്ള രാത്രിയില്‍ അയാളുടെ നെഞ്ചില്‍ മുഖം അമര്‍ത്തി അവള്‍ ചോദിച്ചു
"ഇനിയും കവിതകള്‍ എഴുതില്ലേ..?"
"എഴുതാം,ഇനിയും ഞാന്‍ എഴുതാം."അയാള്‍ പറഞ്ഞു.
പിന്നെ ഒരു ദിവസം ശങ്കരന്‍ മാമ വന്നു അവളെ കൂട്ടികൊണ്ടു പോകാന്‍ ..അവള്‍ ഒരുങ്ങി മുറ്റത്തിറങ്ങിയപ്പോള്‍ തിരിഞ്ഞു നോക്കി.പലവട്ടം..
ദത്തന്‍ അവളെ തന്നെ നോക്കി നിന്നു..യാത്ര പറയാതെ അവള്‍ പുഴ കടന്നു അക്കരയിലേക്ക് പോയി.
അന്ന് രാത്രി ദത്തന്‍ ഉറങ്ങിയില്ല ..മുറിയുടെ ചുമരുകള്‍ക്ക് പോലും അവളുടെ ഗന്ധമായിരുന്നു.അവളെയും ഓര്‍ത്ത് കിടന്നു..കുറെ ദിവസങ്ങള്‍ക്ക് ശേഷം അവളുടെ കത്ത് കിട്ടി..അവള്‍ നഗരത്തിലേക്ക് പോവുകയാണെന്നും എല്ലാം മറക്കണമെന്നും പറഞ്ഞു.
രാത്രിയില്‍ ഉറങ്ങാന്‍ കഴിയാതെ അയാള്‍ തിരിഞ്ഞും മറിഞ്ഞും കിടന്നു. ഉറക്ക ഗുളികയുടെ അംശങ്ങള്‍ അയാള്‍ മുറിയില്‍ മുഴുവന്‍ പരതി, കിട്ടിയില്ല. അങ്ങനെ വീണ്ടും ജനലുകള്‍ തുറന്നു..പറമ്പില്‍ കൂടി നിലം തൊടാതെ സഞ്ചരിക്കുന്ന ആത്മാക്കള്‍ അയാളെ തുറിച്ചു നോക്കുന്നുണ്ടായിരുന്നു.ദത്തന്‍ ഓര്‍മകളില്‍ നിന്നും ഉണര്‍ന്നു.ആരൊക്കെ നിര്‍ബന്ധിച്ചാലും ഇനി ആശുപത്രിയില്‍ പോകില്ല.
അപ്പോള്‍ പുഴ കുത്തിയൊലിക്കുന്നുണ്ടായിരുന്നു.മണ്‍തിട്ടക്കൊപ്പം വെള്ളം വന്നിരുന്നു. മീന്‍ പിടുത്തക്കാര്‍ അല്പം നേരത്തെ പോയിരുന്നു. ദത്തന്‍ വീട്ടിലേക്ക് നടന്നു.തെങ്ങിന്‍ തോപ്പ് കഴിഞ്ഞപ്പോള്‍ വീടിന്റെ പിന്‍ഭാഗത്ത് ആള്‍കൂട്ടം കണ്ടു. അയാള്‍ വേഗത്തില്‍ നടന്നു.
വീട്ടില്‍ നിറയെ ബന്ധുക്കാര്‍. ....,,അയാള്‍ക്ക് ഭയം തോന്നി.കാലുകള്‍ കഴുകിയപ്പോള്‍  അച്ഛന്‍ പറഞ്ഞു "ദത്താ നമുക്ക് ആശുപത്രിയില്‍ പോകാം .."
അച്ചന്‍റെ ശബ്ദത്തിന് നല്ല മുഴക്കം ഉണ്ടായിരുന്നു. പിന്നെ കയ്യില്‍ വലിയ ചങ്ങലയും..മനസ്സു പറഞ്ഞു 'അപകടം'...
ദത്തന്‍ ഇറങ്ങി ഓടി..എല്ലാവരും പിന്നാലെ..തിരികെ നോക്കാന്‍ അയാള്‍ക്ക് ഭയമായിരുന്നു . ജീവിതത്തോട് തന്നെ. അയാള്‍ വേഗത്തില്‍ ഓടി ..അവര്‍ തന്നെ ആശുപത്രിയില്‍ കൊണ്ട് പോകാനല്ല..കൊല്ലാന്‍ പോകുകയാണെന്ന് തോന്നി..
അപ്പോള്‍ മഴക്ക് ശക്തി കൂടി..ദത്തന്‍ ഓടി ഉയരമുള്ള പാലത്തില്‍ എത്തി. അപ്പോഴും അവര്‍ പിന്തുടര്‍ന്നിരുന്നു.പിന്നെ..ഒന്നും ആലോചിക്കാന്‍ സമയം ഇല്ലായിരുന്നു.
കാറ്റില്‍ അവരുടെ ശബ്ദങ്ങള്‍ ക്ഷയിച്ചു പോയി..ആരൊക്കെയോ പറഞ്ഞു.
"അരുതേ.."
അത് കേള്‍ക്കാതെ ദത്തന്‍ കുത്തിയൊലിക്കുന്ന പുഴയിലേക്ക് ചാടി..എല്ലാവരും നോക്കി നില്‍ക്കേ വലിയ ഒരു ചുഴിയില്‍ പെട്ട് അയാള്‍ വട്ടം കറങ്ങി.പിന്നെ അയാളുടെ ശരീരവും ഒടുവില്‍ വിരലുകളും പുഴയുടെ ആഴങ്ങളില്‍ മറഞ്ഞു.
------------------------------------------------------------------------------------------------------------

Monday, 12 March 2012

ചെകുത്താന്‍റെ നഗരം


ഇത് ലോകത്തിന്‍റെ അവസാനമാണോ..?

ഏഴു ദിവസത്തെ കപ്പല്‍ യാത്രക്കുശേഷം  ബന്ഗാസയിലെ തുറമുഖത് കാലുകുത്തിയപ്പോള്‍ ഞാന്‍ എന്നോടുതന്നെ ചോദിച്ചു..ആയുധങ്ങള്‍ നിറച്ച  കപ്പലില്‍ വെടിമരുന്നിന്റെ മണമുള്ള വായു ശ്വസിച്ചു ഏഴു ദിവസങ്ങള്‍ ഞാന്‍ ജീവിച്ചു എന്നോര്‍ത്തപ്പോള്‍ വിശ്വസിക്കാന്‍ സാധിച്ചില്ല. കടലിനെ ഇളകി മറിക്കുന്ന കാറ്റില്‍ കപ്പല്‍ ആടിയുലഞ്ഞപ്പോലും എനിക്കെന്തോ ഭയം തോന്നിയില്ല..യാത്ര തുടങ്ങുന്നതിനു മുന്‍പേ എല്ലാവരും മുന്നറിയിപ്പ് തന്നതാണ്. എനിക്ക് ഭയം ഇല്ലായിരുന്നു.കാരണം സാഹസികത എന്‍റെ ജീവിതത്തിലെ വലിയ ഒരു ഭാഗമാണ്. അത് വെടിയാന്‍ ഞാന്‍ ഒരിക്കലും തയ്യാറായിരുന്നില്ല. ഇനിയും മുന്നോട്ടു തന്നെ.  ഒരിക്കലും ഒന്നില്‍  നിന്നും പിന്തിരിയില്ല..

ചെകുത്താന്റെ നഗരത്തിലേക്കുള്ള യാത്രയില്‍ ബന്ഗാസയില്‍ ഒരു രാത്രി.

വിമതസേനയുടെ നിയന്ത്രണത്തിലുള്ള നഗരം അതായിരുന്നു ബന്ഗാസ. ഞാന്‍ ചുറ്റും നോക്കി.
തുറമുഖത് അവിടെയും ,ഇവിടെയുമായി തോക്കേന്തി നില്‍ക്കുന്ന, നല്ല ഉയരവും, കരുത്തുമുള്ള പോരാളികള്‍... ..,അവര്‍ എന്തൊക്കെയോ പറഞ്ഞു ചിരിക്കുകയും, കയില്‍ കരുതിയിരുന്ന ചെറിയ പൊതികളില്‍ നിന്നും എന്തോ ഭക്ഷിക്കുകയും ചെയ്യുന്നുണ്ടായിരുന്നു.
അവരിലാരും തന്നെ ക്ഷീണിതരായി കണ്ടില്ല.ദിവസങ്ങളോളം തുടരുന്ന പോരാട്ടമാണ് അവരുടെ മനോബലം മുഖത്തും ദ്രിശ്യമായിരുന്നു. എന്നെ കണ്ടപ്പോള്‍ ഒരാള്‍ മുന്നിലേക്ക്‌ വന്നു..അയാളുടെ കൈവിരലുകള്‍ എനിക്ക് നേരെ ചൂണ്ടിയിരിക്കുന്ന തോക്കില്‍ താളം പിടിക്കുന്നത്‌ ഞാന്‍ കണ്ടു.
വിമതര്‍ എന്‍റെ ശത്രുക്കളല്ല. മിത്രങ്ങളുമല്ല ..എനിക്ക് ഭയമില്ല..

ആയുധങ്ങള്‍ നിറച്ച കപ്പലില്‍ ഞാന്‍ വരുന്നുണ്ടെന്നു അവര്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. എനിക്കുറപ്പാണ്.ഒരു പക്ഷെ അവര്‍ എന്നെ കൂട്ടികൊണ്ട് പോകാന്‍ വന്നതായിരിക്കാം..

അടുത്ത് വന്നയാള്‍ എന്നെ നോക്കി കറപുരണ്ട പല്ലുകള്‍ കാട്ടി ചിരിച്ചു.പിന്നെ മുഴക്കമുള്ള ശബ്ദത്തില്‍ പറഞ്ഞു."അസലാമു അലൈകും."
വ അലൈകും ഉസ്ലാം .."ഞാന്‍ മറുപടി പറഞ്ഞു.
" നിങ്ങള്‍ വരുമെന്ന് ഞങ്ങള്‍ അറിഞ്ഞിരുന്നു..ഈ നഗരത്തിലെ ഒരു രാത്രി നിങ്ങള്‍ പ്രതീക്ഷിച്ചു കാണില്ല അല്ലെ,..? പക്ഷെ ഭയക്കണ്ടാ ഇവിടെ അത്ര അപകടമില്ല."

ഞാന്‍ അയാളെ നോക്കി പുഞ്ചിരിക്കാന്‍ ശ്രമിച്ചു. അയാള്‍ തുടര്‍ന്നു." പക്ഷെ നാളെ മുതല്‍ സൂക്ഷിക്കുക കാരണം   ആ നഗരം അപകടം പിടിച്ചതാണ്..ഞങ്ങളുടെ പോരാളികള്‍ രാപകലില്ലാതെ യുദ്ധം ചെയ്യുകയാണ്. അവിടെ പറക്കുന്ന പറവകളിലും ,കാറ്റിലും,എന്തിനു പ്രാണവായുവില്‍  വരെ മരണം പതിയിരിക്കുന്നുണ്ട്.. ചെകുത്താന്റെ നഗരം."  അയാളുടെ കണ്ണുകളില്‍ കോപം ജ്വലിക്കുന്നത് ഞാന്‍ കണ്ടു.
ചെകുത്താന്റെ നഗരം ..പണ്ടെങ്ങോ വായിച്ച കഥയിലെ നീണ്ട ചെവിയും,കൂര്‍ത്ത കൊമ്പുകളും,ചോരയുടെ നിറമുള്ള പല്ലുകളും ഉള്ള ചെകുത്താന്റെ രൂപം ഞാന്‍ മനസ്സില്‍ കണ്ടു.
"എന്നാല്‍ നമുക്ക് പോകാം." അയാള്‍ പറഞ്ഞു.ഞാന്‍ ശരിയെന്നു തലയാട്ടി.അയാള്‍ തുടര്‍ന്നു." നിങ്ങള്‍ വലിയ മനുഷ്യനാണെന്നു ഞങ്ങള്‍ക്കറിയാം പക്ഷെ ഇവിടെ സൌകര്യങ്ങള്‍ കുറവാണ്..പിന്നെ നിങ്ങള്‍ വരുമെന്ന് ഞങ്ങള്‍ക്കറിയില്ലായിരുന്നു,ക്ഷമിക്കുക.."
"അത് സാരമില്ല ,,ഒരു രാത്രിയുടെ കാര്യമല്ലേ.?"ഞാന്‍ പറഞ്ഞു.
ഞാന്‍ അയാള്‍കൊപ്പം ജീപ്പില്‍ കയറി. കൂടെയുണ്ടാരുന്നവരോട് എന്തോ ആന്ഗ്യം കാട്ടിയിട്ട് അയാള്‍ ജീപ്പ് സ്റ്റാര്‍ട്ട്‌ ചെയ്തു.

അപ്പോള്‍ നേരം ഇരുട്ടി തുടങ്ങിയിരുന്നു.
മണല്‍ പറക്കുന്ന വഴിയിലൂടെ വലിയ ശബ്ദമുണ്ടാക്കി ജീപ്പ് പാഞ്ഞു പോയി..ഞാന്‍ വഴിയരികില്‍ നില്‍ക്കുന്ന കരിഞ്ഞുണങ്ങിയ വൃക്ഷങ്ങള്‍ കണ്ടു. മരണം കാത്തു കിടക്കുന്ന വൃദ്ധ രോഗികളെ പ്പോലെ അവയെന്നെ ദയനീയമായി നോക്കുകയാണെന്ന് തോന്നി.
"നിങ്ങള്‍ ഇന്ത്യാക്കരനാണോ?" അയാള്‍ ചോദിച്ചു.
"അതെ"
"ഹിന്ദുവാണോ?"
"അല്ല. ക്രിസ്ത്യന്‍ ആണ്"
"ഉം".
"എനിക്ക് ഹിന്ദുക്കളോട് അത്ര മമതയില്ല"
ഞാന്‍ അതിനു മറുപടി പറഞ്ഞില്ല..അയാള്‍ ജീപ്പിനു വേഗം കൂട്ടുന്നത്‌ പോലെ തോന്നി.
"ഈ യുദ്ധത്തെ നിങ്ങള്‍ അനുകൂലിക്കുന്നുണ്ടോ?" അയാള്‍ ചോദിച്ചു.
" എനിക്കറിയില്ല."
"ഇത് സ്വാതന്ത്രത്തിനു വേണ്ടിയുള്ള പോരാട്ടമാണ്,ഞങ്ങള്‍ വിജയിക്കും.സ്വാതന്ത്രം അതൊരു ലഹരിയാണ്,അതിനുവേണ്ടി പോരാടുമ്പോള്‍ ആര്‍ക്കും മരണഭയം ഉണ്ടാകില്ല.അഥവാ നിങ്ങള്‍ പോരാടി മരിച്ചാല്‍ മറ്റുള്ളവരാല്‍ എന്നും ഓര്‍മിക്കപ്പെടും..ഇത് നീതിക്ക് വേണ്ടിയുള്ള പോരാട്ടമാണ്..പതിറ്റാണ്ടുകളായി ചെകുത്താന്റെ അടിമകളായി ജീവിച്ച ഒരു ജനതയുടെ മോചനമാണ് ഞങ്ങളുടെ സ്വപ്നം."
അയാള്‍ സംസാരിച്ചു കൊണ്ടേയിരുന്നു..
ഇരുട്ട് വീണിരുന്നു. വഴിവിളക്കുകള്‍ പ്രകാശിക്കുന്നില്ല..വിജനമായ വഴിയരികില്‍ പൊട്ടിപൊളിഞ്ഞ മതിലുകളും ഇടിഞ്ഞു വീഴാറായ പഴയ കെട്ടിടങ്ങളും കാണാമായിരുന്നു..എല്ലാം ഈ യുദ്ധത്തില്‍ തകര്‍ന്നതാണ്.സമ്പന്നതയുടെ മടിത്തട്ടില്‍ ആര്‍ഭാടമായി ജീവിച്ച ഒരു കൂട്ടം ജനങ്ങളുടെ സ്മൃതികള്‍ അവിടെ അലഞ്ഞുനടക്കുന്നുണ്ടെന്നു എനിക്ക് തോന്നി.
"എനിക്ക് രണ്ടു പെണ്‍കുട്ടികള്‍ ഉണ്ട്.അവര്‍ ഇപ്പോള്‍ മരണത്തെ ഭയക്കുന്നില്ല..വിവാഹം കഴിക്കുവാനും കുടുംബത്തെ പറ്റി ചിന്തിക്കുവാനും ഞാന്‍ അവരെ നിര്‍ബന്ധിച്ചില്ല..കാരണം എനിക്കും അവര്‍ക്കും വലുത് ഞങ്ങളുടെ ലക്ഷ്യമാണ്‌."
അയാളുടെ മനസ്സും ശരീരവും യുദ്ധതിനടിമ പ്പെട്ടുപോയിയെന്നു എനിക്ക് തോന്നി. അയാള്‍ പറയുന്നത് ശ്രദ്ധിക്കാതെ ഞാന്‍ പുറത്തേക്കു നോക്കിയിരുന്നു.

കുറച്ചു സമയങ്ങള്‍ക്കു ശേഷം കടല്‍ തീരത്തിനടുത്തുള്ള ഒരു വലിയ  ബംഗ്ലാവിനു മുന്നില്‍ ഞങ്ങള്‍ എത്തി..വലിയ കരിങ്കല്‍ മതിലുകളും തുരുമ്പിച്ച ഗൈട്ടുമുള്ള  ആ ബംഗ്ലാവിന്‍റെ ഭിത്തിയില്‍ തീ കത്തിയത് പോലെ  കരിഞ്ഞ പാടുകള്‍ ഉണ്ടായിരുന്നു. ജനാലകളുടെ ചില്ലുകള്‍ പൊട്ടിപൊളിഞ്ഞിരിക്കുന്നു. അവിടുത്തെ മണല്‍തരികളില്‍.  പൊട്ടിച്ചിതറിയ സ്ഫോടക വസ്തുക്കളുടെ അവശിഷ്ടങ്ങള്‍ ഞാന്‍ കണ്ടു.
"ഇതാണ് നിങ്ങള്‍ ഇന്ന് രാത്രി താമസിക്കേണ്ട സ്ഥലം. ഞാന്‍ നേരത്തെ പറഞ്ഞതുപോലെ സൌകര്യങ്ങള്‍ കുറവാണ്." ഇത്രയും പറഞ്ഞു കൊണ്ട് അയാള്‍ ജീപ്പില്‍ നിന്നുമിറങ്ങി  ഗൈറ്റ് തുറന്നു അകത്തു കയറി.ഞാന്‍ ഒന്നും മിണ്ടാതെ അയാളെ അനുഗമിച്ചു.

എല്ലാ മുറികളും തുറന്നു കിടക്കുകയായിരുന്നു. വളഞ്ഞ കോവണിപടികള്‍  കയറി ഒരു ഇടുങ്ങിയ മുറിയില്‍ എത്തിയപ്പോള്‍ അയാള്‍ പറഞ്ഞു."ഇതാണ് നിങ്ങളുടെ മുറി,ഇവിടെ നിങ്ങള്‍ സുരക്ഷിതനാണ്."

ആ മുറിയുടെ ഭിത്തിയില്‍ വിള്ളലുകള്‍ ഉണ്ടായിരുന്നു. മിനുസ്സമില്ലാത്ത കരിങ്കല്‍ ഭിത്തികളില്‍  ആരോ എഴുതി വെച്ച ദൈവവചനങ്ങള്‍ ഞാന്‍ കണ്ടു. ഒരു മതഭ്രാന്തന്റെ ജല്പനങ്ങള്‍...
" നിങ്ങള്‍ക്ക്  വിശക്കുന്നുണ്ടോ..?" അയാള്‍ ചോദിച്ചു.
"ഇല്ല.."
"എന്നാല്‍ വിശ്രമിച്ചു കൊള്ളൂ..നാളെ രാവിലെ ആരെങ്കിലും വരും.നിങ്ങളെ കൂട്ടികൊണ്ട് പോകാന്‍.... ,..ആരാണെന്നു എനിക്കറിയില്ല ..കാരണം നാളെ പ്രഭാതം ആരൊക്കെ കാണുമെന്നു ആര്‍ക്കും അറിയില്ല.പിന്നെ രാത്രിയില്‍ പുറത്ത് ഇറങ്ങണ്ടാ...കഴുകന്മാരുടെ ശല്യം ഉണ്ട്. ഞാന്‍ പോകുന്നു.,പിന്നെ ഇനി നമ്മള്‍ തമ്മില്‍ കാണുമെന്നു തോന്നുന്നില്ല ,,..ഖുദാ ആഫിസ് .." അയാള്‍ തിരിഞ്ഞു നടന്നു.
ജീപ്പ് പാഞ്ഞു പോകുന്ന ശബ്ദം ഞാന്‍ കേട്ടു.
എനിക്ക് ക്ഷീണമുണ്ടായിരുന്നു..ബാഗില്‍ നിന്നും ഞാന്‍ ലാപ്ടോപ് എടുത്തു. ഞാന്‍ എത്തിയെന്ന് ഓഫീസിലേക്ക് മെയില്‍ ചെയ്തു.പിന്നെ എന്റെ ക്യാമറയില്‍ ഞാന്‍ പകര്‍ത്തിയ കപ്പലിലെ ആയുധങ്ങളുടെ ചിത്രങ്ങളില്‍ കണ്ണോടിച്ചു. വിലക്കുണ്ടായിരുന്നു. പക്ഷെ ഞാന്‍ വെറുതെ ഫോട്ടോ എടുത്തു.
അല്‍പനേരം മയങ്ങണമെന്നു തോന്നി.ഞാന്‍ കണ്ണുകളടച്ചു.
കടല്‍ ആര്‍തിരംബുന്നത്  കേള്‍ക്കാം..കടല്‍ കാറ്റിനു ശക്തി കൂടുമ്പോള്‍ കടല്‍ കാക്കകള്‍ നിലവിളിക്കുന്നു,.
ഈ നഗരത്തെ വിഴുങ്ങാന്‍ കടല്‍ കൊതിക്കുന്നത് പോലെ ..ഒരു പ്രളയം കൊണ്ട് എല്ലാം ശുദ്ധീകരിക്കാന്‍ തയ്യാറെടുക്കുന്നത് പോലെ എനിക്ക് തോന്നി.
ക്ഷീണം കൊണ്ടാവണം എന്‍റെ കണ്ണുകള്‍ക്ക്‌ കനം വന്നു തുടങ്ങി.ഞാന്‍ ഉറങ്ങിപ്പോയത് അറിഞ്ഞില്ല.
-------------------------------------------------------------------------------------------------------------------


ആകാശത്തിന് കറുത്ത നിറമായിരുന്നു. പക്ഷികള്‍ ചിലച്ചുകൊണ്ട് പറക്കുന്നതും  ഉണങ്ങിയ മരക്കൊമ്പുകളില്‍ വന്നിരുന്നു വിശ്രമിക്കുന്നതും ഞാന്‍ കണ്ടു. ദൂരെയെവിടെയോ വെടിയൊച്ചകള്‍ കേള്‍ക്കാം..പിന്നെ ഭൂമികുലുങ്ങും വിധം വന്നു നിലം പതിക്കുന്ന ബോംബുകളുടെ മുഴക്കമുള്ള ശബ്ദം.
ഞാന്‍ അതിരാവിലെ തന്നെ തയ്യാറായി നിന്നു. ഉണര്‍ന്നപ്പോഴാണ് ആ ബംഗ്ലാവില്‍ വെള്ളമില്ലെന്നു മനസ്സിലായത്‌.ഞാന്‍ ആരെങ്കിലും വരാനായി കാത്തിരുന്നു.
എന്നെ കൂട്ടികൊണ്ട് പോകാന്‍ വന്നത് കറുത്ത പര്‍ദ്ദ ധരിച്ച രണ്ടു സ്ത്രീകള്‍ ആയിരുന്നു.  അവര്‍ കോവണിപ്പടികള്‍ കയറി എന്‍റെ മുറിയുടെ വാതിലില്‍ മുട്ടി.
"നമുക്ക് പോകാം."
എങ്ങനെയാണ് യാത്ര എന്ന് എനിക്കറിയില്ലായിരുന്നു. സുരക്ഷിതനായി സഞ്ചരിക്കുന്നതിനു വിമതസേനയുടെ സഹായം എനിക്കത്യാവശ്യമായിരുന്നു. ഞാന്‍ അവര്‍ക്കൊപ്പം ഇറങ്ങി.
സര്‍ത്തിലേക്ക്  ഭക്ഷണസാധനങ്ങള്‍ കൊണ്ടുപോകുന്ന ഒരു വലിയ ട്രക്കിലായിരുന്നു യാത്ര. അതില്‍ ആറു സ്ത്രീകളും കുറെ ആടുകളും ഉണ്ടായിരുന്നു . യാത്ര ആരംഭിച്ചപ്പോള്‍ മുതല്‍ ആടുകള്‍ കരഞ്ഞു ബഹളം വച്ച് കൊണ്ടിരുന്നു.
അപ്പോള്‍ ചൂട് കൂടുന്നുണ്ടായിരുന്നു.പുകനിറഞ്ഞ്‌ കറുത്തിരുണ്ട ആകാശതിനപ്പുറം എവിടെയോ സുര്യന്‍ ജലിക്കുന്നുണ്ടെന്നു എനിക്ക് തോന്നി.
എനിക്കൊപ്പം ഇരുന്ന സ്ത്രീയോട് ഞാന്‍ ചോദിച്ചു." കുടിക്കാന്‍ അല്പം വെള്ളം വേണമായിരുന്നു."
അവര്‍ കയ്യില്‍ കരുതിയ ബാഗില്‍ നിന്നും വലിയ ഒരു കുപ്പിയെടുത്തു എനിക്ക് തന്നു.അത് കുടിച്ചപ്പോള്‍ ഉപ്പുവെള്ളം ആണെന്ന് തോന്നി.അപ്പോള്‍ അവര്‍ പറഞ്ഞു."ബെന്ഗാസിയില്‍  വെള്ളത്തിന്‌ ക്ഷാമമുണ്ട്.പൈപ്പ് ലൈനുകലെല്ലാം പൊട്ടിയിരിക്കുന്നു.ഇത് കടല്‍ വെള്ളമാണ്."
ഞാന്‍ അവരെ ദയനീയമായി നോക്കി.
ഉപ്പുവെള്ളം ആണെങ്കിലും കുടിച്ചപ്പോള്‍ ആശ്വാസം തോന്നി.
" എവിടെ നിന്നും ഇനി എത്ര ദൂരം സഞ്ചരിക്കണം.?" ഞാന്‍ ചോദിച്ചു.
"ഏഴു മണിക്കൂര്‍ കൊണ്ട് സര്‍ത്തില്‍ എത്തും..പിന്നെ അവിടെ നിന്നു ഏകദേശം എട്ടു മണിക്കൂര്‍ .. അങ്ങനെ നാളെ പുലര്‍ച്ചയെ അവിടെയെത്തു."
പതിനഞ്ചു മണിക്കൂര്‍ നീണ്ട യാത്ര. എനിക്കൊരല്‍പം നീരസം തോന്നി.
 ഞാന്‍ പിന്നിലേക്ക്‌ മറയുന്ന കാഴ്ചകള്‍ കണ്ടിരുന്നു. കൂടുതല്‍ സമയവും കടല്‍ തീരതിനടുത്തുള്ള വരണ്ട ചാര നിറത്തിലുള്ള ഭൂമിയിലൂടെയാണ് ഞങ്ങള്‍ സഞ്ചരിച്ചത്. അങ്ങിങ്ങായി ഏന്തി നടക്കുന്ന ഒട്ടകങ്ങളെയും അവക്കുമുകളിലിരുന്നു യാത്ര ചെയ്യുന്ന മനുഷ്യരെയും ഞാന്‍ കണ്ടു.

"നിങ്ങള്‍ എവിടെ നിന്ന് വരുന്നു.?" ആ സ്ത്രീ എന്നോട് ചോദിച്ചു.
"ലണ്ടന്‍"
"ഇവിടെ..?"
"ഞാന്‍ ഒരു ജേര്‍ണലിസ്റ്റ് ആണ് ,നിങ്ങളുടെ യാതനകള്‍ പുറം ലോകത്തിനു തുറന്നു കാട്ടാന്‍ വന്നതാണ്."
"അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ. നിങ്ങള്‍ ചെയ്യുന്നത് ഒരു വലിയ കാര്യമാണ്.ഞങ്ങള്‍ക്ക് ഈ ലോകത്തിന്‍റെ  സഹായം കൂടിയേ തീരു."
"യുദ്ധം തുടങ്ങിയിട്ട് ഇപ്പോള്‍ ആഴ്ചകള്‍ കഴിഞ്ഞു. എത്രയോ നിരപരാധികള്‍, പിഞ്ചുകുഞ്ഞുങ്ങള്‍,മൃഗങ്ങള്‍.. ..,,കൊല്ലപ്പെട്ടിരിക്കുന്നു.ഈ ഭൂമിയില്‍ ജനിച്ചതാണോ അവര്‍ ചെയ്ത തെറ്റ്.?.
അവരുടെ ചോദ്യത്തിന് എനിക്കുത്തരമില്ലായിരുന്നു.
"പക്ഷെ നിങ്ങള്‍ സൂക്ഷിക്കണം ..പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ ശക്തമായ പോരാട്ടം നടക്കുന്നുണ്ട്. നിങ്ങള്‍ പത്രക്കാരനാണ് എന്നറിഞ്ഞാല്‍.. അവര്‍ നിങ്ങളെ കൊല്ലും."

അപകടം നിറഞ്ഞ ദിനരാത്രങ്ങളാണ് എന്‍റെ മുന്നില്‍.. ...എന്ന് ഞാന്‍ നേരത്തെ അറിഞ്ഞിരുന്നു.
പക്ഷെ ഞാന്‍ ഒന്നിനെയും ഭയക്കുന്നില്ല.
"സര്‍തില്‍ നിങ്ങള്‍ക്ക് വിശ്രമിക്കാന്‍ സമയം ഉണ്ടാകില്ല..അവിടെ നിങ്ങള്‍ക്കായി ഞങ്ങളുടെ സഹോദരങ്ങള്‍ കാത്തുനില്‍പ്പുണ്ടാകും.നിങ്ങള്‍ പോകേണ്ടത് സൈന്യത്തിന്‍റെ വാഹനത്തിലാണ്. അതാണ്‌ ചെകുത്താന്റെ സേന."
ഞാന്‍ അവരുടെ മുഖത്തേക്ക് തന്നെ നോക്കി.അവര്‍ തുടര്‍ന്നു.
"ഭയക്കണ്ട, അവരുടെ ഇടയില്‍ ഞങ്ങളുടെ ആള്‍ക്കാര്‍ ഉണ്ട്.അവര്‍ നിങ്ങളെ സംരക്ഷിക്കും."
വിമതരെയും സാദ ജനങ്ങളെയും കൊന്നൊടുക്കുന്ന പട്ടാളക്കാരുടെ ഇടയില്‍ വിമതരുടെ ചാരന്മാര്‍.. ..,,അതെനിക്ക് പുതിയ അറിവായിരുന്നു.
ഉച്ചക്ക് വാഹനത്തില്‍ തന്നെയിരുന്നാണ് ഞാന്‍ ഭക്ഷണം കഴിച്ചത്. അവര്‍ ബ്രെഡ് മാത്രമേ കരുതിയിട്ടുണ്ടായിരുന്നുള്ളൂ. എനിക്ക് നല്ല വിശപ്പുണ്ടായിരുന്നു. അത് കൊണ്ട് തന്നെ ഞാന്‍ വയറു നിറയെ കഴിച്ചു.
ഉറങ്ങണമെന്നു തോന്നി.കഴിഞ്ഞില്ല ,..
ഞാന്‍ വീണ്ടും പുറത്തെ കാഴ്ചകള്‍ കണ്ടു സമയം നീക്കി.
അവര്‍ പറഞ്ഞതിലും സ്വല്പം നേരത്തെ സര്‍തിയിലെത്തി. സര്‍ത്തി നഗരത്തിന്റെ അതിര്‍ത്തിയിലുള്ള ഒരു ചെറിയ ഗ്രാമത്തിലാണ് വണ്ടി നിര്‍ത്തിയത്. നഗരത്തിലേക്കുള്ള വഴിയില്‍ പട്ടാളകാരുടെ പരിശോധന ഉള്ളത് കൊണ്ട് ഞങ്ങള്‍ എളുപ്പ വഴിയില്‍ കൂടിയാണ് കൂടുതല്‍ നേരവും സഞ്ചരിച്ചത്.
ആ ഗ്രാമം വളരെ പഴക്കമുള്ളതും,തീരെ വികസനമില്ലാതതാണ് എന്നും എനിക്ക് തോന്നി. ഗ്രാമവാസികള്‍ പരിഭ്രമരായി  കാണപ്പെട്ടു.
അവിടെ ആര്‍മിയുടെ ഒരു വലിയ ട്രക്ക് എന്നെയും കാത്തു കിടപ്പുണ്ടായിരുന്നു. ഞാന്‍ അവര്‍ക്കൊപ്പം യാത്ര തിരിച്ചു. പട്ടാളക്കാര്‍ എന്നോട് അധികമൊന്നും സംസാരിച്ചില്ല. അവരില്‍ ആരൊക്കെയാണ് വിമതരുടെ ചാരന്മാര്‍ എന്ന് അറിയാന്‍ കഴിഞ്ഞില്ല. കൂടുതല്‍ സമയവും അവര്‍ പരസ്പരം സ്ത്രീകളെ കുറിച്ച് സംസാരിച്ചു കൊണ്ടിരുന്നു. ചിലപ്പോള്‍ തമാശകള്‍ പറഞ്ഞു ഉറക്കെ ചിരിക്കുന്നുമുണ്ടായിരുന്നു.

സര്‍ട്ടില്‍ നിന്നും മെയിന്‍ ഹൈവെയില്‍ കൂടിയാണ് ഞങ്ങള്‍ സഞ്ചരിച്ചത്..പക്ഷെ അധികം  വാഹനങ്ങളൊന്നും കണ്ടില്ല.

താമസിയാതെ പകലിനു നിറം മങ്ങിതുടങ്ങുകയും ഇരുട്ട് വീഴുകയും ചെയ്തു. ഇനി കുറച്ചു സമയങ്ങള്‍ക്കു ശേഷം ഞാന്‍ ചെകുത്താന്റെ നഗരത്തില്‍ പ്രവേശിക്കും ..ഈ ലോകം എന്നില്‍ അര്‍പിച്ചിരിക്കുന്ന ദൌത്യം ഞാന്‍ നിറവേറ്റും. ഞാന്‍ സ്വയം ഒരുങ്ങുകയായിരുന്നു.
---------------------------------------------------------------------------------------------------------------


ആ വലിയ നഗരത്തിന്റെ കവാടത്തില്‍ ശക്തമായ കാവല്‍ ഉണ്ടായിരുന്നു.
കഥകളില്‍ വായിച്ചറിഞ്ഞ ചെകുത്താന്റെ നഗരത്തിനു ഭയം ഉണര്‍ത്തുന്ന കൂറ്റന്‍ മതിലുകളും ,കോട്ടകളും ഉണ്ടായിരുന്നു. ആകാശത്തോളം ഉയരമുള്ള കെട്ടിടങ്ങളും, ഈന്തപനകള്‍ക്ക് ചുറ്റും തീര്‍ത്ത പൂന്തോട്ടവും ഉണ്ടായിരുന്നു. റോഡിനിരുവശവും നടപ്പാതകളും, വലിയ കടകളും ഞാന്‍ കണ്ടു.കടകളില്‍ പലതും അടഞ്ഞു കിടക്കുകയായിരുന്നു.

എല്ലാവരും വളരെ ഭയത്തോടെ കണ്ടിരുന്ന ട്രിപൊളി. മേടിട്ടെരെന്യന്‍ കടലിന്‍റെ മത്സ്യകന്യക.
രാജ്യത്തിന്റെ തലസ്ഥാനവും.ഏറ്റവും വലിയ നഗരവും തൃപോളിയാണ് . വിമതര്‍ പിടിച്ചടക്കിയാല്‍ അതോടു കൂടി പതിറ്റാണ്ടുകളായി നടക്കുന്ന ദുര്‍ഭരണം അവസാനിക്കും.
നേരം പുലരുന്നതിനു മുന്‍പ് ഞാന്‍ അവിടെയെത്തി. സൈന്യത്തിന്‍റെ വാഹനത്തില്‍ വന്നത് കൊണ്ട് എന്നെ ആരും സംശയിച്ചില്ല.എന്നെ നഗരത്തില്‍ ഇറക്കിയിട്ട്‌ അവര്‍ പോയി.ഇനിയെല്ലാം സ്വന്തമായി ചെയ്യണം.എന്നെ തൃപോളിയില്‍ എത്തിക്കാം എന്ന വാഗ്ദാനം വിമതര്‍ പാലിച്ചിരിക്കുന്നു. ഇനി എന്‍റെ ജോലികള്‍ ...അത് അത്ര എളുപ്പമല്ല ..ഇവിടെ ഈ യുദ്ധത്തിനു നടുവില്‍ താമസിച്ചു കൊണ്ട് വാര്‍ത്തകളും ചിത്രങ്ങളും പുറം ലോകത്തിനു എത്തിച്ചു കൊടുക്കുക അത് മാത്രമാണ് എന്‍റെ ലക്‌ഷ്യം.
എനിക്ക് പോകേണ്ടത് ബാണ്ടുന്ഗ് സ്ട്രീറ്റില്‍ ആയിരുന്നു.. അവടെ ഹാഷിം എന്ന ഒരു ഡോക്ടറുടെ വീട്ടിലായിരുന്നു എന്‍റെ താമസം ഒരുക്കിയിരുന്നത്. ലണ്ടനില്‍ നിന്നും ലഭിച്ച സന്ദേശം അനുസരിച്ച് അദ്ദേഹം എനിക്കുവേണ്ടി കാത്തുനില്‍പ്പുണ്ടായിരുന്നു.
ഞങ്ങള്‍ ഇതിനു മുന്‍പ്  വീഡിയോ കോണ്‍ഫറന്‍സ് നടത്തിയിട്ടുള്ളതാണ് അതുകൊണ്ട് തന്നെ പരസ്പരം പരിചയമുണ്ടെന്ന് തോന്നി. വളരെ സൌഹൃദ മനോഭാവമുള്ള ഒരു വ്യക്തിയാണ് ഹാഷിം.പക്ഷെ  എനിക്ക് തരാം എന്നേറ്റ സഹായങ്ങള്‍ക്കും സൌകര്യങ്ങള്‍ക്കും അയാള്‍കുള്ള പ്രതിഫലം കോടികള്‍ ആണ്.ചുരുക്കിപറഞ്ഞാല്‍ ഗവണ്മെന്റിനെ ഒറ്റികൊടുത്തു അയാള്‍ പണം സംബാധിക്കുകയാണ്.
അയാള്‍കൊപ്പം ഞാന്‍  കാറിലാണ് സഞ്ചരിച്ചത്.
അപ്പോളും പ്രകാശം പരന്നിരുന്നില്ല.
ഈ നഗരത്തില്‍ ജനങ്ങള്‍ ഉണരാന്‍ മടിക്കുന്നുവെന്നു തോന്നി.ഇതു നിമിഷവും ആക്രമണം ഉണ്ടാകാവുന്നതിനാല്‍ പണമുള്ളവര്‍ കുടുംബവുമായി പാലായനം ആരംഭിച്ചിരുന്നു.
എന്നിരുന്നാലും ഞാന്‍ ചെല്ലുമ്പോള്‍ തൃപോളി പൊതുവേ ശാന്തമായിരുന്നു.
അത്യാധുനിക സൌകര്യങ്ങളുള്ള വീടായിരുന്നു അത്. എനിക്ക് തയ്യാറാക്കിയ മുറിയില്‍.  സ്വയം ഭ്രമണ പഥത്തില്‍ തിരിയുന്ന സാറ്റെലൈറ്റ് ഗോളങ്ങളും ആയി ബന്ധിപിച്ചിരുന്ന കമ്പ്യൂട്ടറും ഉണ്ടായിരുന്നു. അവിടെ ഞാന്‍ സുരക്ഷിതനാണെന്നും എന്‍റെ സാന്നിധ്യം ലോകത്തിനു ലഭ്യമാണെന്നും ഉറപ്പായിരുന്നു.
ചെന്നയുടനെ ഞാന്‍ എന്‍റെ കമ്പ്യൂട്ടര്‍ ഉപയോഗിച്ച് സൈന്യത്തിന്റെ വിവരങ്ങള്‍ ചോര്‍ത്താന്‍ തുടങ്ങി. അങ്ങനെ നഗരത്തിന്റെ കിഴക്കന്‍ മേഘലയില്‍ നടക്കുന്ന പോരാട്ടത്തെ കുറിച്ച് വിവരം ലഭിച്ചു.സമയം കളയാതെ ഞാനും ഹാഷിമും അവിടേക്ക് തിരിച്ചു.
യാത്രയില്‍ ഞങ്ങള്‍ സാറ്റ്ലൈറ്റ് മുഖേന ഓഫീസുമായി ആശയവിനിമയം നടത്തുന്നുണ്ടായിരുന്നു.അവര്‍ ഞങ്ങള്‍ക്ക് നിര്‍ദേശങ്ങള്‍ തന്നു കൊണ്ടിരുന്നു.
സാദാ ജനങ്ങള്‍ തിങ്ങി പാര്‍ക്കുന്ന ഒരു സ്ഥലമായിരുന്നു അത്..മറഞ്ഞിരുന്നു പാഞ്ഞു പോകുന്ന ഷെല്ലുകള്‍ക്കും, ബുല്ലെട്ടുകള്‍ക്കും നേരെ എന്‍റെ ക്യാമറ തിരിച്ചപ്പോള്‍ ഹൃദയമിടിപ്പ്‌ കൂടുന്നുണ്ടായിരുന്നു. പിന്നെ നിലവിളികള്‍ നിറഞ്ഞ അന്തരീക്ഷത്തിന്റെ  അസ്വസ്ഥത എന്നെ വിഷമിപ്പിച്ചു കൊണ്ടിരുന്നു. സൈന്യത്തിന്‍റെ വാഹനങ്ങള്‍ നിര നിരയായി വന്നു പോയ്കൊണ്ടിരുന്നു. ഏകദേശം രണ്ടു മണിക്കൂറുകള്‍ നീണ്ട പോരാട്ടത്തിനു ശേഷം മേല്‍കോയ്മ നേടിയ സൈന്യം വിമതര്‍ വെടിയുതിര്‍ക്കുന്നില്ലെന്നു ഉറപ്പു  വരുത്തുന്നത് കണ്ടു. പിന്നെ അവര്‍ അവിടെ കുറെ സമയം പരിശോധനകള്‍ നടത്തി. ശേഷം എന്തോ സന്ദേശം ലഭിച്ചതു പോലെ അവിടെ നിന്നും പിന്മാറി.
ആ യുദ്ധഭൂമി ശൂന്യമായപ്പോള്‍ ...ഞാന്‍ അവിടേക്ക് നടന്നു. പറയത്തക്കതായി അവിടെ ഒന്നും ഉണ്ടായിരുന്നില്ല.എല്ലാം നിലംപോത്തിയിരുന്നു. പുകയുടെ മറനീക്കി ഞാന്‍ ഉള്ളിലേക്ക് കയറിയപ്പോള്‍ ഹാഷിം വിലക്കി.ഞാന്‍ മുന്നോട്ടു തന്നെ നടന്നു. അവിടെ മുള്‍ചെടി കാടുകള്‍ക്കിടയില്‍ ചിതറിയ ശരീരഭാഗങ്ങള്‍ ഞാന്‍ കണ്ടു.പിന്നെയും ആരൊക്കെയോ ശ്വാസത്തിനായി പിടയുന്നുണ്ടെന്നു തോന്നി.
വളരെ വൈകിയാണ് ഞങ്ങള്‍ തിരികെ വന്നത്. അന്ന് രാത്രി തന്നെ ഞാന്‍ പകര്‍ത്തിയ ചിത്രങ്ങളും വീഡിയോ കളും കൈമാറിയിരുന്നു. അങ്ങനെ യുദ്ധത്തിന്‍റെ വിവരങ്ങള്‍ ലോകമെങ്ങുമുള്ള മാധ്യമങ്ങളില്‍ നിറഞ്ഞു.

അന്ന് രാത്രി എനിക്കുറങ്ങാന്‍ കഴിഞ്ഞില്ല .മനസ്സില്‍ ഒരു കൂട്ടം ജനതയുടെ നീറുന്ന പ്രശ്നങ്ങള്‍ ആയിരുന്നു. ഹാഷിം ഇതൊന്നും കണക്കാക്കാതെ പുസ്തകങ്ങള്‍ വായിക്കുന്നത് ഞാന്‍ കണ്ടു. ഞാന്‍ അയാളോട് പറഞ്ഞിട്ട് പുറത്തിറങ്ങി. വെറുതെ നടക്കാന്‍..

നല്ല നിലാവുള്ള രാത്രിയില്‍ ഞാന്‍ ആ തെരുവില്‍ കൂടി നടന്നു. കാറ്റ് വീശുന്നുണ്ടാരുന്നു. മണല്‍തരികള്‍ നിറഞ്ഞ കാറ്റ്. വഴിയോരത്തെ മുള്‍ച്ചെടികള്‍ കാറ്റില്‍ ആടിക്കൊണ്ടിരുന്നു.അവ എന്‍റെ കാലുകള്‍ക്ക് വേണ്ടി വഴി മാറിത്തന്നു.
ഓരോ ദിവസവും ഞാന്‍ യുദ്ധം ലോകത്തിനു  കാണിച്ചു കൊണ്ടിരുന്നു.മാത്രമല്ല സാദാ ജനങ്ങളുമായി  അഭിമുഖങ്ങള്‍ നടത്തി, അവരുടെ ആവശ്യം ലോകത്തിനെ അറിയിച്ചു.
വിവിധ രാജ്യങ്ങള്‍ സഹായവുമായി മുന്നോട്ടു വന്നു. ഒടുവില്‍ ഐക്യ രാഷ്ട്ര സഭയുടെയും നാട്ടോയുടെയും പ്രതിനിധികളുമായി ഞാന്‍ വീഡിയോ കോണ്‍ ഫെരന്‍സ്   നടത്തി. ഉടന്‍ തന്നെ പ്രതീക്ഷിച്ച എല്ലാ സഹായവും ലഭ്യമാകുമെന്ന് എനിക്കുറപ്പ് ഉണ്ടായിരുന്നു.
ശക്തമായ കാവലില്‍ ഇങ്ങനെ വിവരങ്ങള്‍ ചോരുന്നത് സൈന്യത്തെ ആശയക്കുഴപ്പത്തില്‍ ആക്കി. അവരുടെ തന്ത്രങ്ങളും ലക്ഷ്യങ്ങളും തത്സമയം ഞാന്‍ വഴി ലോകം അറിഞ്ഞുകൊണ്ടിരുന്നു.

രാജ്യത്തിന്‍റെ മറ്റു ഭാഗങ്ങളില്‍ വിമതര്‍ ശക്തമായി തിരിച്ചടി നല്‍കി..കൂടുതല്‍ ജനങ്ങള്‍ നാഷണല്‍ ട്രാന്‍സിഷനല്‍ ആര്‍മിയുടെ അംഗങ്ങള്‍ ആയതു സൈന്യത്തിന് വന്‍ ഭീഷണിയായി മാറി.
നാല് ദിവസങ്ങള്‍ക്കു ശേഷം  ഹാഷിം എന്നോട് പറഞ്ഞു. " മറ്റു നഗരങ്ങളില്‍ നിന്നെല്ലാം സൈന്യം പിന്മാറുകയാണ്."
അത്രയും പ്രധാനമായ വിവരം എനിക്കെന്തോ ലഭിച്ചില്ല.എവിടെയോ പിഴവുകള്‍ ഉണ്ടെന്നു തോന്നി." എനിക്ക് കൂടുതല്‍ വിവരങ്ങള്‍ വേണം "
" അതെ ഇവിടം ഒഴിച്ചാല്‍ മറ്റു നഗരങ്ങളില്‍ സൈന്യം പരാജയപ്പെടുകയാണ്. തൃപ്പോളിയിലെക്കുള്ള  ഹൈവേ വിമതര്‍ കയ്യേറി .ഇനി അവര്‍ നാല് ദിക്കില്‍ നിന്നും ഈ നഗരത്തെ ആക്രമിക്കും."
ഞാന്‍ അപ്പോള്‍ തന്നെ സന്ദേശം നല്‍കി. നാറ്റോ യുടെ സൈന്യം തയ്യാറായി കൊണ്ടിരുന്നു അവര്‍ ഇതു നിമിഷവും ജനങ്ങളുടെ രക്ഷക്കെത്താം. ഞാന്‍ അവിടെ വിജയിക്കുകയായിരുന്നു. അഭിമാനം തോന്നിയ നിമിഷങ്ങള്‍. പക്ഷെ എന്‍റെ കമ്പ്യൂട്ടര്‍ നെറ്റ് വര്‍കില്‍ വന്ന പിഴവുകള്‍ എന്നെ അലട്ടികൊണ്ടിരുന്നു..ദിവസങ്ങള്‍ക്കുള്ളില്‍ രാജ്യത്തെ അനിശ്ചിതാവസ്ഥക്ക് പരിഹാരം ഉണ്ടാകും എന്ന് ഞാന്‍ വിശ്വസിച്ചു.
---------------------------------------------------------------------------------------------------------------

ഒരു ശനിയാഴ്ച ..വിമതര്‍ നഗരത്തില്‍ കടന്നു.കൂറ്റന്‍ മതിലുകളും കെട്ടിടങ്ങളും സ്ഫോടനത്തില്‍ ക്ഷയിച്ചു കൊണ്ടിരുന്നു. നഗരവാസികള്‍ പ്രാണരക്ഷാര്‍ത്ഥം പാലായനം ചെയ്തു കൊണ്ടേയിരുന്നു.

വെള്ളവും വെളിച്ചവും നഷ്ടപ്പെട്ടു.ഭൂമി എല്ലായ്പോഴും നടുങ്ങികൊണ്ടിരുന്നു.മാത്രമല്ല എന്നെ ഞെട്ടിച്ചു കൊണ്ട് എന്‍റെ നെറ്റ് വര്‍ക്ക് സ്തംഭിച്ചു. പുറം ലോകവുമായിയുള്ള എന്‍റെ  ബന്ധം തകര്‍ന്നു.ഇന്‍റര്‍നെറ്റില്‍ വന്ന തകരാര്‍ ആണെന്നാണ്‌ ഞാന്‍ കരുതിയത്‌. പക്ഷെ..

ഒരു ദിവസം ഞാന്‍ കണ്ണുകള്‍ തുറന്നത് തോക്കിന്കുഴലുകള്‍ക്ക് മുന്നിലാണ്. പട്ടാളക്കാര്‍ എന്‍റെ താവളം കണ്ടുപിടിച്ചിരിക്കുന്നു. എനിക്ക് വിശ്വസിക്കാന്‍ സാധിച്ചില്ല . അവര്‍ എന്‍റെ കൈകളില്‍ വിലങ്ങു വെച്ചു...ചിലര്‍ ആക്രോശിച്ചു.പിന്നെ വലിച്ചിഴച്ചു കൊണ്ട് പോയി. അപ്പോള്‍ ഹാഷിമിന്‍റെ  രക്തമൊലിക്കുന്ന ശരീരം തറയില്‍ കമഴ്ന്നു കിടക്കുന്നത് ഞാന്‍ കണ്ടു.
എന്‍റെ ബോധം മറഞ്ഞു,

കണ്ണുകള്‍ തുറന്നപ്പോള്‍ ശരീരമാകെ വേദനയായിരുന്നു. രക്തം പൊട്ടിയ മുറിവുകള്‍ നീറിക്കൊണ്ടിരുന്നു. ഇരുട്ട് നിറഞ്ഞ ഒരു മുറിയില്‍ ഞാന്‍ ബന്ധനസ്ഥനായി ഇരുന്നു. അതൊരു ജയില്‍ ആണെന്നും ജീവിതം അവിടെ അവസാനിക്കുകയാനെന്നും എനിക്ക് തോന്നി. നിശബ്ദതയില്‍ ഞാന്‍ എന്‍റെ ശ്വാസത്തിന്‍റെ വേഗത അളന്നു സമയം നീക്കി.
മറ്റുള്ളവര്‍ തന്ന മുന്നറിയിപ്പുകള്‍  എന്‍റെ മനസ്സില്‍ തെളിയുകയും മായുകയും ചെയ്തു.
മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ തലയ്ക്കു മുകളില്‍ നേരിയ പ്രകാശം ഞാന്‍ കണ്ടു..പിന്നെ പടിയിറങ്ങി വന്ന അനേകം കാലൊച്ചകള്‍ ..അപ്പോളും മുറിയില്‍ ഇരുട്ടായിരുന്നു. നിഴല്‍ പോലും തെളിയാത്ത ഇരുട്ട്. തല ഉയര്‍ത്തി പിടിക്കാന്‍ ഞാന്‍ ശ്രമിച്ചു.
എന്‍റെ രക്തത്തിനായി അവര്‍ വന്നിരിക്കുന്നു. മനസ്സ് പറഞ്ഞു.
 ആ കൊഴുത്ത ഇരുട്ടില്‍ ഞാന്‍ ആ ശബ്ദം കേട്ടു. ശാന്തമായ സ്വരം.
"എന്നെ മനസ്സിലായിക്കാണില്ല അല്ലെ..? ഞാനാണ് നിങ്ങള്‍ ഇത്രയും കാലം എഴുതിയ കഥയിലെ ചെകുത്താന്‍.. .,.ഈ ഇരുട്ടില്‍ എന്‍റെ മുഖം നിങ്ങള്‍ കാണില്ല ..പക്ഷെ അത് നല്ലതാണ് ..കാരണം അത് നിങ്ങള്‍ കാണാതെ കണ്ടത്തില്‍ കൂടുതല്‍ വികൃതമാണ്." ആ ശബ്ദം എനിക്ക് ചുറ്റും പറന്നു നടന്നു.അയാള്‍ തുടര്‍ന്നു "എന്താണ് ഞാന്‍ ചെയ്ത തെറ്റ് ? ഒരു ജനതയെ ഒന്നുമില്ലായ്മയില്‍ നിന്നും ഉയര്‍ത്തി കൊണ്ട് വന്നതോ? അതോ കൈകോര്‍ത്തു  ശത്രുക്കളെ നേരിടാന്‍ പഠിപ്പിച്ചതോ..?ഇത് എന്‍റെ മണ്ണാണ് ഇവിടെ ഞാന്‍ പോരാടും..മരിക്കുന്നെങ്കില്‍ അങ്ങനെ. നിങ്ങളെ വേണമെങ്കില്‍ ഇപ്പോള്‍ എനിക്ക് കൊല്ലാം പക്ഷെ വേണ്ട..നിങ്ങളോട് എനിക്കു ശത്രുതയില്ല ..എനിക്കെതിരെ ലോകം ഉന്നയിക്കുന്ന ആരോപണങ്ങളില്‍ ഒന്നും സത്യമല്ല. ഇത് ഒരു കുറ്റസമ്മതം അല്ല..പിന്നെ നിങ്ങള്‍ ഇവിടെ നിന്നും രക്ഷപെട്ടാല്‍ നിങ്ങളുടെ ജീവിതം എന്‍റെ ദാനമാണെന്നു എന്നും ഓര്‍ക്കുക."
ആ കാലൊച്ചകള്‍ അകന്നു പോകുന്നത് ഞാന്‍ അറിഞ്ഞു.
പിന്നെ നേരിയ പ്രകാശം തലയ്ക്കു മുകളില്‍ നിന്നും മാഞ്ഞുപോയി.ഞാന്‍ ഏതോ ഭൂഗര്‍ഭ അറയില്‍ ആയിരുന്നു...

അപ്പോഴും തലയ്ക്കു മുകളില്‍ പോരാട്ടങ്ങള്‍ നടക്കുന്നത് ഞാന്‍ അറിഞ്ഞു.
വേദനയില്‍ ശ്വാസം മുട്ടി. ഞാന്‍ ഇരുണ്ട തടവറയില്‍ ദിവസങ്ങള്‍ തള്ളിനീക്കി.
ഒരു ദിവസം വീണ്ടും തലയ്ക്കു മുകളിലെ ചെറിയ പ്രകാശം ഞാന്‍ അറിഞ്ഞു. അത് നാറ്റോ സൈന്യം ആയിരുന്നു.
തളര്‍ന്നവശനായി മരണത്തിന്‍റെ തണുപ്പ്‌ അറിഞ്ഞ എന്നെ അവര്‍ ജീവിതത്തിലേക്ക് കോരിയെടുത്തു.പിന്നെ എനിക്കൊന്നും ഓര്‍മയുണ്ടായിരുന്നില്ല...
നാറ്റോ യുടെ വിമാനത്തില്‍ ഞാന്‍ ചെകുത്താന്റെ നഗരത്തില്‍  നിന്നും പറന്നുയരുമ്പോള്‍ ..താഴെ ഭൂമിയില്‍ തീ കത്തുന്നതും  കറുത്ത പുക ഉയരുന്നതും കണ്ടു.മേഘങ്ങള്‍ക്ക് പോലും രക്തത്തിന്റെയും വെടിമരുന്നിന്റെയും മണമായിരുന്നു.
ഈ ഭൂമിയില്‍ എത്രയും പെട്ടെന്ന് യുദ്ധം അവസാനിക്കട്ടെയെന്നും സമാധാനത്തിന്റെ പൂക്കള്‍ വിരയട്ടെയെന്നും ഞാന്‍ ആശംസിച്ചു. പിന്നെ ഞാന്‍ യുദ്ധമില്ലാത്ത സ്വപ്‌നങ്ങള്‍ കണ്ടു ഉറങ്ങാന്‍ ശ്രമിച്ചു.
------------------------------------------------------------------------------------------------------------


ദിവസങ്ങള്‍ക്കു ശേഷം ഞാന്‍ ലണ്ടനിലെ ആശുപത്രിയില്‍ സുഖം പ്രാപിച്ചു.  യുദ്ധം അവസാനിച്ചെന്നും  വിമതര്‍ രാജ്യം പിടിച്ചടക്കിയെന്നും ഞാന്‍ അറിഞ്ഞു.
ആഴ്ചകള്‍ കഴിഞ്ഞു ഞാന്‍ ജോലിയില്‍ തിരികെ പ്രവേശിച്ചു. എന്‍റെ കഴിവിനെയും ധൈര്യത്തെയും എല്ലാവരും പുകഴ്ത്തി.ഞാന്‍ ഒരു വീരപുരുഷനായി മാറുന്നത് പോലെ തോന്നി. അടുത്ത ദൌത്യത്തിനായി ഞാന്‍ കാത്തിരുന്നു.
ഒരു ദിവസം ഞാന്‍ ആ വാര്‍ത്ത അറിഞ്ഞു.
ഞാന്‍ ടി.വി ഓണ്‍ ചെയ്തു. പൈപ്പ് ലൈനുകള്‍ക്കിടയില്‍ നിന്നും ചെകുത്താനെ അവര്‍ പിടിച്ചിരിക്കുന്നു. മൃഗീയമായി തെരുവില്‍ കൂടി വലിച്ചിഴച്ചു കൊണ്ടുപോകുന്നു ചിലര്‍ തുപ്പുകയും ചെരുപ്പിന് തല്ലുകയും ചെയ്യുന്നു. അയാള്‍ രക്തമൊലിച്ചു മണ്ണില്‍ കിടക്കുമ്പോള്‍ ജനം ആര്‍ത്തട്ടഹസിക്കുന്നു.
ഞാന്‍ ടി.വി ഓഫ്‌ ചെയ്തു.
ഒരിക്കലും മറക്കാത്ത ഒരു യുദ്ധക്കാലതിന്റെ ഓര്‍മ്മകള്‍ എന്‍റെ മനസ്സില്‍ കൂടി മിന്നിമറഞ്ഞു.അപ്പോള്‍ ഞാന്‍ എന്നോട് തന്നെ പറഞ്ഞു.."ഈ ജീവിതം ചെകുത്താന്റെ ദാനം ആണ്.
ആ മണ്ണില്‍ സമാധാനത്തിന്റെ പൂക്കള്‍ വിരിയട്ടെ...."

Friday, 9 March 2012

ചിറകുകള്‍ മുളക്കാത്ത പക്ഷികള്‍..........


അതൊരു വേനല്‍ക്കാലമായിരുന്നു. പൊള്ളുന്നചൂടില്‍  , നഗരത്തിലെ തിരക്കിലൂടെ ഞാന്‍ ഡ്രൈവ് ചെയ്തു. ട്രാഫിക് നിയമങ്ങള്‍ എല്ലാവരും കാറ്റില്‍ പറത്തിയപ്പോള്‍ ഞാന്‍ വളരെ ബുദ്ധിമുട്ടി. അക്ഷമനായി സ്റ്റിയറിങ്ങില്‍ കൈകള്‍ അമര്‍ത്തി  ഹോണ്‍ മുഴക്കുമ്പോള്‍. എന്‍റെ മനസ്സ് അസ്വസ്ഥമായിരുന്നു. കേട്ടതൊന്നും സത്യമല്ല യെന്ന് മനസ്സ് പറഞ്ഞു. എന്‍റെ കാര്‍ ചുട്ടുപൊള്ളുകയാരുന്നു. എ/സി പ്രവര്‍ത്തിച്ചിട്ടും ചൂടുകൊണ്ടു ശ്വാസം മുട്ടുന്നത് പോലെ തോന്നി. ഞാനാകെ വിയര്‍ത്ത് കുളിച്ചിരിക്കുന്നു. വണ്ടി നിര്‍ത്തി സ്വല്പം വെള്ളം കുടിക്കണമെന്ന് തോന്നി.പക്ഷേ..മനസ്സ് അനുവദിച്ചില്ല.എത്രയും പെട്ടെന്ന് എനിക്കു ഹോസ്പിറ്റലില്‍ എത്തണമായിരുന്നു.. ഞാന്‍ തിരക്കിലൂടെ അക്ഷമനായി വണ്ടിയോടിച്ചു.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതുപോലെ ഒരു വേനല്‍ക്കാലത്താണ് ഞാന്‍ അച്ചുവിനെ ആദ്യമായി കാണുന്നത്. കൃത്യമായി പറഞ്ഞാല്‍ പന്ത്രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ്..അന്നവന്‍ എട്ട് വയ്സ്സുള്ള കുട്ടിയായിരുന്നു. കോളേജില്‍ നിന്നു, വിശന്നു തളര്‍ന്ന് വീട്ടിലെത്തിയപ്പോള്‍ അമ്മ ദോശ ഉണ്ടാക്കുകയാരുന്നു. അമ്മേ വിശക്കുന്നു  എന്നു പറഞ്ഞു അകത്തെ മുറിയിലേക്ക് നോക്കിയപ്പോള്‍ അച്ചു ഇരുന്നു ടി.വി കാണുകയാരുന്നു. വെളുത്ത് മെലിഞ്ഞ ഒരു പയ്യന്‍ ..മുടി പറ്റവെട്ടിയ, എല്ലുകള്‍ ഉന്തിയ മുഖം, അവന്‍റെ കണ്ണുകള്‍ ആകെ ക്ഷീണിച്ചു തളര്‍ന്നിരുന്നു. മീനിന്‍റെ കണ്ണുകള്‍ പോലെ.
" ഏതാ അമ്മേ ഈ ചെക്കന്‍  ?" ഞാന്‍ ചോദിച്ചു..
" അടുത്ത വീട്ടിലെ പുതിയ താമസക്കാരാണ്. അവിടുത്തെ ചേച്ചി കടയില്‍ പോയപ്പോള്‍ ഇവിടെ ആക്കിയിട്ടു പോയതാ ...ഇപ്പോള്‍ വരും." അമ്മ പറഞ്ഞു.

ഞാന്‍ അവന്‍റെ മുഖത്തേക്ക് നോക്കി. ഞങ്ങള്‍ പറയുന്നത് ശ്രദ്ധിക്കാതെ അവന്‍ ടി.വി യില്‍ കാര്‍ട്ടൂണ്‍ കാണുകയാരുന്നു.

അന്ന് ഞങ്ങള്‍ ഒരുമിച്ച് ദോശ കഴിച്ചു..അവനു നല്ലവണ്ണം വിശക്കുന്നുണ്ടാരുന്നു എന്നു എനിക്കു തോന്നി. സന്ധ്യയായപ്പോള്‍ അവന്‍റെ അമ്മ വന്നു അവനെ  കൂട്ടികൊണ്ടു പോയി.
അവന്‍റെ അമ്മ സുഭദ്രചേച്ചിയും  ഞങ്ങളുടെ വീടും തമ്മില്‍ വളരെ പെട്ടെന്നാണ് അടുത്തത്. എപ്പോഴും ഞങ്ങളുടെ വീട്ടില്‍ വരും. ചേച്ചി നല്ലവണ്ണം കറികള്‍ വെയ്ക്കുമായിരുന്നു. ചിലപ്പോഴൊക്കെ അതെനിക്ക് കൊണ്ടുവന്നു തരും..സത്യം പറഞ്ഞാല്‍ അമ്മ ഉണ്ടാക്കുന്ന കറികളേക്കാള്‍ സ്വാദ് സുഭദ്രചേച്ചിയുടെ കറികള്‍ക്കായിരുന്നു. ഒരു ദിവസം അമ്മയാണ് പറഞ്ഞത് സുഭദ്രചേച്ചിയുടെ ഭര്‍ത്താവ് അവരുമായി പിരിഞ്ഞെന്നും ഇപ്പോള്‍ നോര്‍ത്ത് ഇന്ത്യയില്‍ ഏവിടോ ആണെന്നും. ഇത്രയും നല്ല ഒരു സ്ത്രീയെ ഉപേക്ഷിക്കാന്‍ അയാള്‍ക്കെങ്ങനെ കഴിഞ്ഞെന്ന് ഞാന്‍ ചിലപ്പോളൊക്കെ ആലോചിക്കുമായിരുന്നു.

അച്ചു എപ്പോളും ടി.വി കാണാന്‍ വരുമായിരുന്നു.പിന്നെ ഞാന്‍ ലൈബ്രറിയില്‍ നിന്നും എടുക്കുന്ന പുസ്തകങ്ങളൊക്കെ വായിച്ചു നോക്കും.മിണ്ടാന്‍ തുടങ്ങിയപ്പോള്‍ അവന്‍ വളരെ മിടുക്കനാണെന്നും, അവന്‍റെ പ്രായത്തിലുള്ള കുട്ടികളെക്കാള്‍ അറിവുണ്ടെന്നും എനിക്കു മനസ്സിലായി. എന്‍റെ ക്രിക്കെറ്റ് ബാറ്റ് എടുത്തു ചിലപ്പോള്‍ ആക്ഷന്‍ കാണിക്കുന്നത് കാണുംപോള്‍  ചിരി വരുമായിരുന്നു.
അവന്‍ നല്ലവണ്ണം പഠിക്കുന്ന കുട്ടിയായിരുന്നു .
" എന്‍റെ അച്ചു വലുതാകുമ്പോള്‍ എന്‍റെ കഷ്ടപ്പാടുകളെല്ലാം തീരും" സുഭന്ദ്രചേച്ചി എപ്പോഴും പറയുമായിരുന്നു.

ദിവസങ്ങള്‍ കൊണ്ട് ഞങ്ങള്‍ ഒരു കുടുംബം പോലെയായി.
എല്ലാദിവസവും അമ്മയുമൊത്ത് അമ്പലത്തില്‍ പോകാന്‍ ചേച്ചി വരുമായിരുന്നു.അപ്പോള്‍ ഞാനും അച്ചുവും കൂടി ചെസ്സ് കളിക്കുമായിരുന്നു.പലപ്പോഴും അവനു മുന്നില്‍ ഞാന്‍ തോക്കുമായിരുന്നു.

വര്‍ഷങ്ങള്‍ കടന്നുപോയി..

ഒരു ദിവസം രാവിലെ സുഭദ്ര ചേച്ചി സന്തോഷത്തോടെ എന്‍റെ മുറിയിലേക്കൊടി വന്നു.
"അച്ചുവിന്റെ റിസല്‍റ്റ് വന്നു. റാങ്ക് ഉണ്ട്."
"ഉവ്വോ..?"
"ഉം ,എന്‍റെ പ്രാര്‍ഥന ദേവി കേട്ടു." ഇത് പറഞ്ഞപ്പോള്‍ സുഭദ്രചേച്ചിയുടെ കണ്ണുകള്‍ നിറയുന്നത് ഞാന്‍ കണ്ടു.
ജീവിതത്തിലെ കഷ്ടപ്പാടുകളിലും ഏകാന്തതയിലും അച്ചുവെന്ന പ്രതീക്ഷ അവര്‍ക്കുണ്ടായിരുന്നു.
ഞാന്‍ അവനെ കണ്ടപ്പോള്‍ അവന്‍ പറഞ്ഞു." കണക്കിന് മാര്‍ക് കുറഞ്ഞുപോയി ചേട്ടാ ..ഇല്ലെങ്കില്‍ പത്രത്തില്‍ പടം വരുമായിരുന്നു."
എനിക്കു ചിരി വന്നു." ഇനി രണ്ടു  വര്‍ഷങ്ങള്‍ക്ക് ശേഷം പ്ലസ് ടുവിന്‍റെ റിസല്‍റ്റ് വരുമ്പോള്‍ ട്രൈ ചെയ്യാം." ഞാന്‍ പറഞ്ഞു.

കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം  ജോലിയൊക്കെ ശരിയായി ഞാന്‍ കല്‍കട്ടയിലേക്ക് പോയി.
കല്‍കട്ടയിലെ തിരക്ക് പിടിച്ച ജീവിതത്തില്‍ ഞാന്‍ കുറെയൊക്കെ മാറി.ആഴ്ചയിലൊരിക്കല്‍ വീട്ടിലേക്ക് വിളിക്കുമ്പോള്‍ അമ്മ നാട്ടുവിശേഷങ്ങളൊക്കെ പറയുമായിരുന്നു.
ജോലിയുടെ ടെന്‍ഷനും സമയക്കുറവും..ജീവിതം യാന്ത്രികമാകുന്നത് ഞാന്‍ അറിഞ്ഞു.
രണ്ടു വര്‍ഷങ്ങള്‍ പെട്ടെന്ന് പോയി ..
ഫോണ്‍ വിളിച്ചപ്പോള്‍ അമ്മ പറഞ്ഞു " അച്ചുവിന്‍റെ ഫോട്ടോ പത്രങ്ങളിലൊക്കെ വന്നു അവന് പ്ലസ് ടുവിനു റാങ്ക് ഉണ്ട് "
എനിക്കു സന്തോഷം തോന്നി... ഒരുപാടൊരുപാട്..അപ്പോള്‍ ഞാന്‍ സുഭദ്ര ചേച്ചിയുടെ കണ്ണുകള്‍ നിറയുന്നത് കണ്ടു.  പാവം..
അവനു താമസിയാതെ എഞ്ചിനീറിങ്ങിനു അഡ്മിഷന്‍  കിട്ടി.

ഞാന്‍ നാട്ടില്‍ അവധിക്കു പോയപ്പോള്‍,വീട്ടില്‍ ചെന്ന ഉടനെ അച്ചുവിന്‍റെ വീട്ടിലേക്ക് പോയി. അവിടുന്നാണ് ചോറുണ്ടത്. കുറെ നേരം നോക്കിയിരുന്നിട്ടും അച്ചു വന്നില്ല..അപ്പോള്‍ സുഭദ്ര ചേച്ചി പറഞ്ഞു."നിനക്കു ക്ഷീണം കാണും ,അവന്‍ കൂട്ടുകാരുമൊത്ത് എവിടെങ്കിലും പോയതാരിക്കും. വരുമ്പോള്‍ ഞാന്‍ അവിടേക്കു വരാന്‍ പറയാം."

പക്ഷേ അന്ന് രാത്രി വൈകിയും അവന്‍ വീട്ടില്‍ വന്നില്ലായിരുന്നു.
അമ്മ പറഞ്ഞു." അവന്‍ നീ പോയതില്‍ പിന്നെ ഇവിടേക്കൊന്നും വരാറില്ല ..ബൈക്ക് വാങ്ങിച്ചു കൊടുക്കാന്‍ പറഞ്ഞു ഭയങ്കര ബഹളമാരുന്നു ഈയിടക്ക് .ഒടുവില്‍ സുഭദ്ര ലോണ്‍ എടുത്തു ഒരെണ്ണം വാങ്ങി കൊടുത്തു..അവന് ടൌണില്‍ ഒരുപാട് കൂട്ടുകാരുണ്ടത്രേ.."

രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ അവനെ ഞാന്‍ കണ്ടു..മുടിയൊക്കെ നീട്ടി വളര്‍ത്തി..ഒരു ചെവിയില്‍ കമ്മലുമിട്ട്,ഊശാന്‍ തടിയും വെച്ച ഒരു യുവാവായി അവന്‍ മാറിയിരിക്കുന്നു.
എന്നെ കണ്ടപ്പോള്‍ അവന്‍ പറഞ്ഞു."ഹായി ..ബ്രോ ..വന്നുവെന്ന് അമ്മ പറഞ്ഞു..അവിടേക്കു വരാന്‍ പറ്റിയില്ല ..ലൈഫൊക്കെ എങ്ങനെ.?.പിന്നെ കാണാം ഫ്രണ്ട്സ് വെയിറ്റ് ചെയ്യുന്നു.." ഇത്രയും പറഞ്ഞു അവന്‍ ബൈക് സ്റ്റാര്‍ട്ട് ചെയ്തു വേഗത്തില്‍ പോയി.
പിന്നെ ഒരു ദിവസം ഞാന്‍ ടൌണില്‍ വെച്ചു അവനെ കണ്ടു..അവന്‍റെ ബൈകിന് പുറകില്‍ ഒരു പെണ്‍കുട്ടിയും ഉണ്ടായിരുന്നു. എന്നെ കണ്ടപ്പോള്‍ അവന്‍ അടുത്തു വന്നു.." എന്തുണ്ട് വിശേഷം? എപ്പോളാ തിരികെ പോകുന്നത്.?"
"അടുത്ത ആഴ്ച" ഞാന്‍ പറഞ്ഞു. പെട്ടെന്ന് യാത്ര പറഞ്ഞു അവന്‍ പോയി.

അവനെന്താ ഇത്രയൊക്കെ തിരക്കെന്ന് ഞാന്‍ അത്ഭുതപ്പെട്ടു. പിന്നെ ടൌണില്‍ കട നടത്തുന്ന എന്‍റെ  ഒരു സുഹൃത്താണ് പറഞ്ഞത്..അച്ചു ടൌണില്‍ വളരെ പ്രശസ്തനാണെന്നും..ഒരു ഗാങ്ങിന്റെ ലീഡര്‍ ആണെന്നുമൊക്കെ..എനിക്കൊന്നും മനസ്സിലായില്ല.പിന്നെയാണ് ഞാന്‍ അറിഞ്ഞത് അവന്‍റെ ഗാങ്ങിന്റെ പേര് നൊട്ടോറിയസ് റൈഡേര്‍സ് എന്നാണെന്നും..സ്റ്റണ്ടിങ് ആണ് അവന്‍റെ പ്രധാന വിനോദമെന്നും.
ഒരു പ്രദര്‍ശനത്തിന് അവന്‍റെ പ്രതിഫലം ആയിരക്കണക്കിന് രൂപയായിരുന്നു..
ഇതെല്ലം നിര്‍ത്തി,,പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ അവനോടു പറയണമെന്നുണ്ടായിരുന്നു..പക്ഷേ ഞാന്‍ പറഞ്ഞില്ല ..പിന്നെ സുഭദ്ര ചേച്ചിയുടെ കാര്യമോര്‍ത്തപ്പോള്‍ എനിക്കു സങ്കടം വന്നു.
ഞാന്‍ അവധി കഴിഞ്ഞു തിരികെ കല്‍കട്ടയിലേക്ക് പോയി.

പിന്നെയൊരു ദിവസം വീട്ടിലേക്ക് വിളിച്ചപ്പോള്‍ അമ്മ പറഞ്ഞു..അച്ചുവിനെ പോലീസ് പിടിച്ചെന്നും അവന്‍ ആരൊക്കെയോ ആയി വഴക്കുണ്ടാക്കിയെന്നുമൊക്കെ..

എനിക്കത് വിശ്വസിക്കാന്‍ പറ്റിയില്ല..കാരണം..എന്‍റെ മനസ്സില്‍ ക്ഷീണിച്ച മുഖമുള്ള,മുടി പറ്റവെട്ടിയ ഒരു കുഞ്ഞു കുട്ടിയാരുന്നു അച്ചു..ഞാന്‍ സുഭദ്രചേച്ചിയെ ഓര്‍ത്തു ..പാവം...
കല്‍കട്ടയിലെ ജീവിതം മതിയാക്കി ഞാന്‍ നാട്ടില്‍ തിരികെ ചെന്നു..എന്തോ..ഞാന്‍ അച്ചുവിന്‍റെ വീട്ടില്‍ പോയില്ല..അവനെ കണ്ടുമില്ല.
അപ്പോള്‍ അമ്മ പറഞ്ഞു..അവന്‍ ഇപ്പോള്‍ അങ്ങനെ വീട്ടില്‍ വരാറില്ല ..ഒന്നോ രണ്ടോ മാസം കൂടുംപോള്‍  വരും.പിന്നെ ...അവന്‍റെ കാര്യം ഓര്‍ക്കുമ്പോള്‍ സുഭദ്രക്ക് കരച്ചിലാണ്..അപകടം പിടിച്ച വഴിയാണ് അവന്‍ നടക്കുന്നത്."

ഞാന്‍ സുഭദ്രചേച്ചിയെ കണ്ടു..അവരാകെ ക്ഷീണിച്ചിരിക്കുന്നു..എന്നോടു പറഞ്ഞു."അച്ചുവിന് വേഗം പണമുണ്ടാക്കണം അത്രേ..അവന്‍ പഠിക്കാന്‍ പോകുന്നില്ല. പകരം..ബൈകില്‍ സര്‍കസ് കാണിച്ചും..കാശു വാങ്ങി..തല്ലാനും കൊല്ലാനുമൊക്കെ പോകും." എന്തു മറുപടി പറയണമെന്ന് എനിക്കറിയില്ലായിരുന്നു..
അവന്‍ ഉയരങ്ങളിലെത്താന്‍ ആഗ്രഹിക്കുന്ന ഒരു മനുഷ്യനാണ്.പക്ഷേ അവന്‍ തെറ്റുകളില്‍ നിന്നും തെറ്റുകളിലേക്ക് സഞ്ചരിക്കുകയാണെന്ന് എനിക്കു തോന്നി.
അവന്‍ ഉയര്‍ന്നു പറക്കുമ്പോള്‍ ചിറകുകള്‍ കുഴഞ്ഞ്  താഴെ വീഴുമോയെന്ന് ഞാന്‍ ഭയപ്പെട്ടു.

എന്‍റെ ഭയം വെറും തോന്നലാണെന്ന് വിശ്വസിച്ചു ഞാന്‍ ആശ്വസിച്ചു.

ഇന്ന് ഞാന്‍ ജോലികഴിഞ്ഞു വീട്ടിലെത്തിയപ്പോള്‍ അമ്മ ആകെ പരിഭ്രമിച്ചിരിക്കുന്നത് കണ്ടു. എന്നെ കണ്ടതും അമ്മ പറഞ്ഞു.." അച്ചുവിനെന്തോ അപകടം പറ്റി..നീ വേഗം ഹോസ്പിറ്റലില്‍ ചെല്ലണം..സുഭദ്ര ഒന്നുമറിഞ്ഞിട്ടില്ല..ഇവിടെക്കാണ് ഫോണ്‍ വന്നത്..സീരിയസ് ആണ്."
ഞാന്‍ ആകെ ഭയന്നു..ഹോസ്പിറ്റലിലേക്ക് തിരികെ ഫോണ്‍ ചെയ്തു..ശരിയാണ് ..അച്ചു ബൈക് ആക്സിഡെന്‍റില്‍ പരുക്കേറ്റു തീവ്ര പരിചരണ വിഭാഗത്തിലാണ്..ഞാന്‍ ഉടനെ പുറപ്പെട്ടു.
കാറില്‍ ഇരിക്കുമ്പോള്‍ എന്‍റെ തൊണ്ട വറ്റി വരളുന്നതായി തോന്നി. അവന് കുഴപ്പമൊന്നും ഉണ്ടാകല്ലേ...അപ്പോളും സുഭദ്ര ചേച്ചിയുടെ ദയനീയ മുഖം എന്‍റെ മനസ്സില്‍ വന്നു..അവനു വല്ലതും സംഭവിച്ചാല്‍ പിന്നെ അവര്‍ക്കാരുമില്ല.
തിരക്കേറിയ വഴിയിലൂടെ വണ്ടിയോടിച്ച് ഞാന്‍ ഹോസ്പിറ്റലില്‍ എത്തി.

വാര്‍ഡിന് മുന്നില്‍ നിന്നപ്പോള്‍ ആരോ പറഞ്ഞു."ആ അപകടത്തില്‍ മരിച്ച പയ്യന്‍റെ ബന്ധുവാണെന്ന് തോന്നുന്നു." അപ്പോള്‍ കണ്ണില്‍ ഇരുട്ട് കയറുന്നത് പോലെ തോന്നി..
പിന്നെ ഞാന്‍ അവനെ കണ്ടു.കണ്ണുകള്‍ അടച്ചു തലയില്‍ രക്തം നനഞ്ഞൊലിക്കുന്ന കെട്ടുമായി നിശ്ചലനായി അവന്‍ കിടന്നു. അവന്‍റെ കൈയില്‍ ഞാന്‍ തൊട്ടു..ആകെ തണുത്തു മരവിച്ചിരിക്കുന്നു.
ഞാന്‍ ഭയന്നത് പോലെ അവന്‍റെ ചിറകുകള്‍ കുഴഞ്ഞ് അവന്‍ താഴെ വീണിരിക്കുന്നു.
പിന്നില്‍ നിന്നു  ഡോക്ടറിന്‍റെ ശബ്ദം."ഹെഡ് ഇഞ്ചുറി ആണ്..ഞങ്ങള്‍ ഒരുപാട് ശ്രമിച്ചു ..പക്ഷേ.."
പിന്നെ അവന്‍റെ ഫ്രെണ്ട്സ് പറഞ്ഞു.."സ്റ്റണ്ടിങ് ചെയ്യുമ്പോള്‍ അവനു ആദ്യമായാണ് അപകടം പറ്റിയത് പക്ഷേ..അവന്‍ പോയി.."

അവന്‍റെ വീടിന്‍റെ മുറ്റത്തു അവന്‍ അനക്കമില്ലാതെ,ആള്‍കൂട്ടത്തിന് നടുവില്‍ കിടന്നു...എങ്ങും നിശബ്ദത തളം കെട്ടി നിന്നു  ..സുഭദ്രചേച്ചിയുടെ തേങ്ങല്‍ മാത്രം..കേള്‍ക്കാം.ഒരു തൂണില്‍ ചാരി ഞാന്‍ നിന്നു..സുഭദ്ര ചേച്ചിയുടെ കണ്ണുകളിലേക്ക് നോക്കി.അവ വറ്റി വരണ്ടിരിക്കുന്നു...ജീവിതകാലം മുഴുവന്‍ അച്ചുവിനെഓര്‍ത്ത്  കരഞ്ഞതാണ്..സന്തോഷത്തിലും സങ്കടത്തിലും...ഇനി അവര്‍ക്ക് കരയാന്‍  കണ്ണീരുണ്ടെന്ന് തോന്നുന്നില്ല.
അപ്പോള്‍ ആരോ പറഞ്ഞു."സമയം വൈകി, ഇനി എടുക്കാം അല്ലേ..?"
പിന്നെ അവര്‍ അച്ചുവിനെയും എടുത്തു വീടിന്‍റെ തെക്ക് ഭാഗത്തേക്ക് പോയി.ഞാന്‍ നിസ്സഹായനായി അത് നോക്കി നിന്നു.

ആദ്യമായി കണ്ട അച്ചുവിന്‍റെ മുഖം മനസ്സില്‍ നിന്നും മായുന്നില്ല.ഒരു കൊച്ചു കുട്ടി.പഠിക്കാന്‍ മിടുക്കന്‍ ,ഒരു അമ്മയുടെ പ്രതീക്ഷകള്‍...,,.

അവന്‍ ഉയരത്തില്‍ പറക്കാന്‍ കൊതിച്ചതാണ്..പക്ഷേ അവനു ചിറകുകള്‍ മുളച്ചിരുന്നില്ലേ,,..?  ഞാന്‍ സംശയിച്ചു..ഇനിയും ചിറകുകള്‍ മുളക്കാത്ത എത്രയോ പക്ഷികള്‍  നമ്മുടെ തെരുവുകളില്‍ മരിച്ചു വീഴുന്നു..

ഞാന്‍  കുറെ നേരം അങ്ങനെ നിന്നു.  എല്ലാവരും  പോയപ്പോള്‍  സുഭദ്ര ചേച്ചിയുടെ   അടുത്ത് പോയിരുന്നു..അപ്പോഴും എന്‍റെ  മനസ്സില്‍  അച്ചുവിന്‍റെ  നിഷ്കളങ്കമായ മുഖമായിരുന്നു.

Thursday, 8 March 2012

ഭാരമില്ലാത്ത മനുഷ്യന്‍



ഞാന്‍ വെറുതെ ഒഴുകുകയാണ് ..
ഒരു പൊങ്ങുതടി
പോലെ   ശരീരത്തിന്‍റെ ഭാരം
നഷ്ടപ്പെട്ടിരിക്കുന്നു.

ഓളങ്ങള്‍ക്കൊപ്പം എവിടെക്കെന്നറിയാതെ
ഞാന്‍ ഒഴുകുകയാണ്.
മങ്ങിമറയുന്ന കാഴ്ചയില്‍ എനിക്കൊപ്പം
ഒഴുകുന്ന ആരെയും ഞാന്‍ കണ്ടില്ല.

എന്‍റെ ശരീരം തണുത്തുമരവിച്ചിരിക്കുന്നു ..
വിരലുകളില്‍ സൂചിമുനകള്‍ പോലെ  എന്തോ
തറക്കുന്നു..പച്ചപ്പായലിന്റെ ദുര്‍ഗന്ധം...
എനിക്കു ഓക്കാനം വരുന്നത് പോലെ തോന്നി.

ചില മീനുകള്‍ എന്‍റെ ദേഹത്ത് കൊതിനോക്കുന്നു.
ശരീരത്തില്‍ നിന്നും മാംസം അടര്‍ന്ന് പോകുന്നത്
പോലെ തോന്നി.

അപ്പോള്‍ ആരൊക്കെയോ പിറുപിറുക്കുന്നു.
മനുഷ്യ ശബ്ദം..വള്ളക്കാര്‍..
എന്നെ തുഴകൊണ്ടു തള്ളിനീക്കി വിട്ടു.
അപ്പോള്‍ ഒഴുക്കിന് ശക്തി കൂടി..
ഞാന്‍ വേഗത്തിലോഴുകുന്നത് പോലെ തോന്നി..

പിന്നെ ..ഞാന്‍ അഗാധമായ ഗര്‍ത്തത്തിലേക്ക് വീണു..
അതൊരു വെള്ളച്ചാട്ടമായിരുന്നോ?..
പക്ഷേ..ഞാന്‍ ആദ്യമായി ശ്വാസത്തിനായി പിടഞ്ഞപ്പോലെ
എനിക്കു തോന്നിയില്ല.
കാരണം...എന്‍റെ ശ്വാസം എപ്പോഴേ പോയിരിക്കുന്നു.

വെള്ളത്തിലെ മായകാഴ്ചകള്‍ കണ്ടു ഞാന്‍
ഭയന്നില്ല ,..കാരണം. എന്‍റെ കാഴ്ചകള്‍ മങ്ങിയിരുന്നു..
ഉയരത്തില്‍ നിന്നും വീണിട്ടും ഞാന്‍ താന്നുപോയില്ല .

കാരണം..എന്‍റെ ശരീരം പൊങ്ങുതടിപോലെ
ഭാരം കുറഞ്ഞതായിരുന്നു.
ഞാന്‍ വീണ്ടും ഒഴുകികൊണ്ടേയിരുന്നു.

മഴത്തുള്ളികള്‍.....,....




അവന്‍ ക്ലാസ്സില്‍ ഒന്നും ശ്രദ്ധിക്കില്ല. പഠിക്കണമെന്ന് ഒട്ടും ആഗ്രഹമില്ല  പക്ഷെ ഭയങ്കര ബുദ്ധിയാണെന്നാണ് എല്ലാരും പറയുന്നത്. എനിക്ക് തോന്നുന്നില്ല ...അവനു ഇത്തിരി കുരുട്ടുബുദ്ധി കൂടുതലാണ്. ചിലപ്പോള്‍ എനിക്കു തോന്നും അവനു ഇത്തിരി വട്ടുണ്ടെന്ന് ...കാരണം അവന്‍ കാരണമില്ലാതെ മറ്റു കുട്ടികളുമായി വഴക്കുണ്ടാക്കും. ടീച്ചര്‍മാര്‍ എത്ര വഴക്ക് പറഞ്ഞാലും അവനു പേടിയില്ല ...കുരുത്തം കെട്ടവന്‍.... ........   ആരോ പറയുന്നത് കേട്ടു അവന്‍റെ  അച്ഛന്‍ ഭയങ്കര  പണക്കാരനാനെന്നു...ശരിയോ തെറ്റോ..ചിലപ്പോള്‍ ആയിരിക്കും ...കാരണം  അവന്‍ അടുത്ത് വരുമ്പോള്‍  വിലകൂടിയ പെര്‍ഫൂമിന്റെ  സുഗന്ധമുണ്ട്. എന്‍റെ  കൂട്ടുകാരി അമ്മുവാണ്‌ പറഞ്ഞത് അവന്‍റെ അച്ഛന്‍ ഗള്‍ഫിലാണ് എന്നും   അവനു കാറോക്കെ  ഓടിക്കാന്‍ അറിയാമെന്നും. ആണെങ്കില്‍ ഇപ്പോള്‍ വലിയ കാര്യമായിപ്പോയി ..എനിക്ക് അവനെ ഒട്ടും ഇഷ്ടമല്ല.... അലമ്പന്‍..........

ഞാന്‍ ക്ലാസ്സ് കഴിഞ്ഞു വീട്ടില്‍ എത്തുമ്പോള്‍ ചേച്ചി ചോദിക്കും  ."ശ്രീകുട്ടിയെ  ,,ഇന്ന് സ്കൂളിലെന്താ പഠിപ്പിച്ചേ,?." ഹും ,അത് കേള്‍ക്കുമ്പോള്‍ എനിക്ക്  ദേഷ്യം വരും..കോളേജില്‍ ആയതിന്റെ അഹങ്കാരമാണ് അവള്‍ക്കു. ഇപ്പോഴും എന്നെ പഠിപ്പിക്കണം..എനിക്കിഷ്ടമില്ല അവള്‍ എന്നെ ഇങ്ങനെ പഠിപ്പിക്കുന്നത്‌...
ഞാന്‍ അപ്പോള്‍ അവന്‍റെ  വേലത്തരങ്ങള്‍ പറയും. അവള്‍ക്കിഷ്ടമാണ് ചില പോക്കിരിചെക്കന്മാരുടെ കഥകള്‍ കേട്ടുകൊണ്ടിരിക്കാന്‍ . ചിലപ്പോഴൊക്കെ അവന്‍റെ  കാര്യം പറയാന്‍ രസമുണ്ട് ..വലിയ തമാശകളൊക്കെ കാണിക്കും ...പക്ഷെ ഞാന്‍   അവനോടു മിണ്ടില്ല ..പേടിയായിട്ടൊന്നുമല്ല ...എനിക്ക് ഇഷ്ടമില്ലാഞ്ഞിട്ടാ.

ഒരു ദിവസം ..അവന്‍ ഉച്ച കഴിഞ്ഞു ക്ലാസ്സില്‍ വന്നില്ല ..അന്ന്  അവന്‍ ഇല്ലാത്തതു കാരണം ക്ലാസ്സ്‌ ഭയങ്കര സീരിയസ് ആരുന്നു..വേറെ ആണ്‍കുട്ടികള്‍  ക്ലാസ്സില്‍ തമാശ പറയില്ലെന്നെ..അവന്‍ ചുമ്മാ എന്തെങ്കിലുമൊക്കെ പറഞ്ഞു എല്ലാവരെയും ചിരിപ്പിക്കും..ഞാന്‍  വെറുതെ  പുറകിലത്തെ  ബെഞ്ചിലോക്കെ നോക്കി ..ഇല്ല ..അവന്‍  ശരിക്കും ക്ലാസ്സില്‍ ഇല്ല..അപ്പോള്‍  അമ്മു ചോദിച്ചു  നീ ആരെയാ ഈ നോക്കുന്നതെന്ന്.  ഞാന്‍ ആരേയുമല്ല എന്ന് പറഞ്ഞു. പിന്നെ  ക്ലാസ്സ്‌ കഴിഞ്ഞു അച്ചന്‍റെ സ്കൂട്ടറിന്റെ പിറകിലിരുന്നു പോകുമ്പോള്‍ ഞാന്‍ അവനെ കണ്ടു..ഹും എനിക്ക് ദേഷ്യം വന്നു..അവന്‍ റോഡിന്‍റെ സൈഡില്‍ നിന്ന് സിഗരെറ്റ്‌ വലിക്കുന്നു..ഹും അതും സ്കൂള്‍ യൂണിഫോമില്‍ ..കുരുത്തംകെട്ട ചെക്കന്‍....... ...,,,എനിക്ക് ദേഷ്യം വന്നു.

പിന്നെ ഒരു ദിവസം ഇതുപോലെ അവനും കൂട്ടുകാരും  ക്ലാസ്സില്‍ വന്നില്ല ..അവരെല്ലാവരും കൂടി ക്ലാസ്സ്‌ കട്ട്‌ ചെയ്തു സിനിമ കാണാന്‍ പോയിയെന്ന് ആരോ പറഞ്ഞു. ഹും എനിക്ക് ഭയങ്കര ദേഷ്യം വന്നു,സത്യമായിട്ടും..ഇതങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോ..  ഞാന്‍ ഈ കാര്യം   ഞങ്ങളുടെ  ക്ലാസ്സ്‌ ടീച്ചര്‍ ബിന്ദു മിസ്സിനോട് പറഞ്ഞു..പിറ്റേ ദിവസം എല്ലാത്തിനും കിട്ടി നല്ല തല്ല്‌...അതും ചൂരലിന്..നന്നായിപ്പോയി..പക്ഷെ ഞാനികാര്യം ആരോടൊക്കെയോ പറഞ്ഞു. അങ്ങനെ അവനു മനസ്സിലായി  ടീച്ചറോട് പറഞ്ഞത് ഞാനാണെന്ന്.

അന്നൊരു ദിവസം സ്പെഷല്‍ ക്ലാസ്സ്‌ ഉണ്ടായിരുന്നു. സ്പെഷല്‍ ക്ലാസ്സുള്ള ദിവസം ഞാന്‍ ബസ്സിനാണ്‌ വീട്ടില്‍ പോകുന്നത്. സ്കൂളില്‍ നിന്ന് ഞാന്‍ മാത്രമാണ് ഞങ്ങളുടെ സ്ഥലത്തേക്കുള്ള ബസ്സില്‍ പോകുന്നത്. അതുകൊണ്ട് തന്നെ എനിക്കിഷ്ടമില്ല ...സംസാരിക്കാന്‍ ആരുമില്ലെന്നെ..അമ്മുവും കൂട്ടുകാരികളും നടന്നാണ് വീട്ടില്‍ പോകുന്നത്.അവരുടെ വീട് അടുത്ത് തന്നെ ആണല്ലോ.പക്ഷെ ..ക്ലാസ്സ്‌ കഴിഞ്ഞപ്പോള്‍  ടീച്ചര്‍ പറഞ്ഞു റെക്കോര്‍ഡ്‌ ബുക്കുകള്‍ സ്റ്റാഫ്‌ റൂമില്‍ കൊണ്ടെ വെയ്ക്കാന്‍ ..അപ്പോള്‍ അമ്മുവും കൂട്ടുകാരികളും പോകുവാണെന്ന് പറഞ്ഞു. .ഞാന്‍ സ്റ്റാഫ്‌ റൂമില്‍ നിന്നും തിരികെ വന്നപ്പോള്‍ മഴപെയ്യുന്നുണ്ടാരുന്നു..എന്‍റെ കൈയില്‍ കുടയുമില്ല..സാരമില്ല അല്‍പനേരം കഴിയുമ്പോള്‍ മഴ പോകുമെന്ന് കരുതി..പക്ഷെ മഴ കൂടി കൂടി വന്നു. എനിക്ക് പേടിയായി..ആകെ സന്ധ്യയായത് പോലെ ആകാശം ഇരുണ്ടു..സ്കൂളിന്റെ നീണ്ട വരാന്തയില്‍ മഴ തോരുന്നതും കാത്തു ഞാനിരുന്നു.
"എന്താ വീട്ടില്‍ പോകുന്നില്ലേ ..ശ്രീക്കുട്ടി ..?" അത് അവനാരുന്നു. ആദ്യമായാണ് അവന്‍ എന്നോട് മിണ്ടുന്നത് .നീണ്ട വരാന്തയിലെങ്ങും അവന്‍ ഇത്രയും നേരം ഇല്ലാരുന്നു..ഇപ്പോള്‍ ഇതെവിടുന്നു വന്നു..ഞാന്‍  പെയ്തിറങ്ങുന്ന മഴത്തുള്ളികള്‍ കണ്ടു നിന്നു. ഞാന്‍ ഒന്നും മിണ്ടിയില്ല...അപ്പോള്‍ അവന്‍ പറഞ്ഞു..."ഇപ്പോള്‍ രാത്രിയാകും.".അത് ശരിയാണ് ഞാന്‍ ഒരുപാട് വൈകി.." എന്‍റെ കയില്‍ കുടയില്ല.. "  ഞാന്‍ പറഞ്ഞു..
ആദ്യമായാണ് മിണ്ടിയത്‌.,,ഒരിക്കലും മിണ്ടുമെന്നു വിചാരിച്ചതല്ല..
അവന്‍ ചെറുതായി ചിരിച്ചു.എന്നിട്ട് പറഞ്ഞു." അതാണോ കാര്യം ,,കുട ഞാന്‍ തരാം."എന്നിട്ട് ബാഗില്‍ നിന്നും അവന്റെ കുടയെനിക്ക് തന്നു..ഞാന്‍ വേണ്ടായെന്നു പറഞ്ഞു..അപ്പോള്‍ അവന്‍ നിര്‍ബന്ധിച്ചു..ഞാന്‍ കുട വാങ്ങി.,.പിന്നെ എന്നോട് ഒന്നും മിണ്ടാതെ മഴ നനഞ്ഞു കൊണ്ടോടി മറഞ്ഞു.അപ്പോള്‍ എനിക്ക് തോന്നി അവന്‍ പാവമാണെന്ന്..എനിക്ക് കുടതന്നിട്ടു മഴ നനഞ്ഞു അവനു പനിപിടിക്കുമോയെന്നു ഞാന്‍ ഭയപ്പെട്ടു. ഈ കാര്യം ഞാന്‍ ചേച്ചിയോട് പറഞ്ഞു..അവള്‍ ചിരിച്ചു..
പക്ഷെ അന്ന് രാത്രി ഞാന്‍ ഉറങ്ങാന്‍ കിടന്നപ്പോള്‍ വെറുതെ അവനെ കുറിച്ചോര്‍ത്തു..കാരണമൊന്നുമില്ല കേട്ടോ..പിന്നെ അവന്‍റെ ഉണങ്ങാന്‍ വെച്ചിരുന്ന കുട ഉണങ്ങിയപ്പോള്‍ ഞാന്‍ ബാഗില്‍ എടുത്തുവെച്ചു..പിന്നെയെപ്പോഴോ ഞാന്‍ ഉറങ്ങിപ്പോയി.
പിറ്റേ ദിവസം രാവിലെ തന്നെ അവന്‍റെ കുട ഞാന്‍ തിരികെ കൊടുത്തു..അവന്‍ വെറുതെ എന്നെ നോക്കി ചിരിച്ചു..
പിന്നെ അമ്മു അവന്‍റെ  എന്തോ കുറ്റം പറയുന്നത് കേട്ടപ്പോള്‍ എനിക്ക് ദേഷ്യം വന്നു..കാരണമൊന്നുമില്ല കട്ടോ വെറുതെ..അവള്‍ അവനെ വെറുതെ ഓരോന്ന് പറയുവാന്നെ...അവന്‍ ശരിക്കും പാവമാണ്..പിന്നെ  ചിലപ്പോള്‍ ഞാന്‍ അവനെ നോക്കും ..അപ്പോള്‍ അവന്‍ എന്നെയും..പക്ഷെ ഞാന്‍ ഒന്നും മിണ്ടില്ല ..അവനും..
ഓരോ ദിവസങ്ങള്‍ അങ്ങനെ കടന്നുപോയി..
രാത്രിയില്‍ ഞാനെപ്പോഴും അവനെപ്പറ്റി ഓര്‍ക്കും..അവന്‍ ഇപ്പോള്‍ എന്ത് ചെയ്യുവാരിക്കും..അങ്ങനെ ഓരോ കാര്യങ്ങള്‍....
പിന്നെ അവന്‍ സ്ഥിരമായി ക്ലാസ്സില്‍ വരാന്‍ തുടങ്ങി.ചിലപ്പോളൊക്കെ എന്നെ തന്നെ നോക്കിയിരിക്കും..ഹും.. അത് കാണുമ്പോള്‍ എനിക്ക് ചിരി   വരും. പിന്നെ ...അവന്‍ എന്നെ നോക്കുന്നത് എനിക്കും ഇത്തിരി ഇഷ്ടമാണ് കേട്ടോ..കാരണം അവന്‍ വെറും പാവമാണ്..

ഒരു ദിവസം വൈകുന്നേരം അവന്‍ എന്‍റെ പിന്നാലെ ഓടി വന്നു..എനിക്കെന്തോ ഒത്തിരി സന്തോഷമായി ,,.അവന്‍ എന്നോട് മിണ്ടിയില്ല ..പക്ഷെ കുറെ ചോകലെട്ട്സ് തന്നു...എന്നിട്ട് ഓടിപോയി.ഞാന്‍ അത് വാങ്ങി ബാഗില്‍ ഇട്ടു..അന്ന് രാത്രി എല്ലാരും  ഉറങ്ങിയപ്പോള്‍ ഒരെണ്ണം കഴിച്ചു...നല്ല മധുരം..
പിന്നെ ഞങ്ങള്‍ ഒരു ദിവസം ഒരുപാട് മിണ്ടി..അവന്‍റെ കാര്യങ്ങള്‍ അവന്‍ എന്നോട് പറഞ്ഞു..നല്ല രസമുണ്ട് അവനോടു മിണ്ടാന്‍...  ,,,,ഇതൊക്കെ അമ്മുവും കൂട്ടുകാരികളും ഞാന്‍ അറിയാതെ ശ്രദ്ധിക്കുന്നുണ്ടാരുന്നു. അവര്‍ക്കെന്തോ  സംശയങ്ങള്‍ ഉണ്ട്.

പിന്നെ നല്ല മഴയുള്ള ദിവസം അവന്‍ എന്നെയും കാത്തു നിന്നു.ഞങ്ങള്‍ ഒരുമിച്ചാണ് ബസ്സ്‌ സ്റ്റോപ്പിലേക്ക് പോയത്. അപ്പോള്‍ അവന്‍ പറഞ്ഞു.."എനിക്കിഷ്ടമാണ് ശ്രീക്കുട്ടിയെ" ഞാന്‍  വെറുതെ ചിരിച്ചു. അപ്പോള്‍ അവന്‍റെ നനഞ്ഞ കൈകൊണ്ടു അവന്‍ എന്‍റെ ചുമലില്‍ പിടിച്ചു..ഒരു കുടക്കീഴില്‍ ഞങ്ങള്‍ നടന്നു.എനിക്കൊട്ടും പേടി തോന്നിയില്ല.
ഓരോ ദിവസം കഴിയുമ്പോളും ഞങ്ങള്‍ ഒരുപാടടുത്തു..എനിക്കവനെ ഒരുപാടിഷ്ടമാനെന്നു തോന്നി..പിന്നെ ആരുമില്ലാത്തപ്പോള്‍ അവന്‍ കാണിക്കുന്ന കുസൃതികള്‍ എന്‍റെ ഉറക്കം നശിപ്പിച്ചു.സിനിമയിലെ  പാട്ടുകള്‍ കാണുമ്പോള്‍ അത് എന്നെയും അവനെയും കുറിച്ചാണെന്ന് എനിക്ക് തോന്നി. പക്ഷെ ഇതൊന്നും ഞാന്‍ ചേച്ചിയോട് പറഞ്ഞില്ല കേട്ടോ.
സമയം എത്ര പെട്ടെന്നാണ് പോയത്..ഇനി പരീക്ഷയുടെ സമയമാണ്..നല്ലവണ്ണം പഠിക്കണം..നല്ല മാര്‍ക്ക് വാങ്ങിയാല്‍ ഞങ്ങള്‍ ഒരേ കോളേജില്‍ ചേരും...ഹും.. പിന്നെ ഞങ്ങള്‍ക്കാരെയും പേടിക്കേണ്ട  കാര്യമില്ലല്ലോ..ഞങ്ങള്‍ നല്ലവണ്ണം പഠിച്ചു ..ഞാന്‍ അവനെയും പഠിപ്പിച്ചു...അവന്‍ നല്ല കൊച്ചായി എല്ലാം പഠിച്ചു..
അങ്ങനെ അവസാന പരീക്ഷയുടെ ദിവസം വന്നു..അവന്‍ കാറും കൊണ്ടാണ് സ്കൂളില്‍   വന്നത്..അവന്‍റെ കാര്‍ കണ്ടപ്പോള്‍ എനിക്ക് എന്തോ പോലെ തോന്നി..ഞങ്ങളുടെ കാര്‍. .,,,അവന്‍റെ കൂട്ടുകാര്‍ അതില്‍ തൊടുന്നതും സംസാരിക്കുന്നതും ഞാന്‍ കണ്ടു.അവന്‍റെ ഒപ്പം കാറില്‍ ഇരിക്കാന്‍ എനിക്ക് കൊതിയായി..
പരീക്ഷ കഴിഞ്ഞു എല്ലാവരും യാത്ര പറഞ്ഞു പിരിഞ്ഞു.ഞാനും അവനും തനിച്ചായി..അവന്‍ പറഞ്ഞു .."നമുക്ക് എന്‍റെ വീട്ടില്‍ പോകാം ,,അവിടെ ആരുമില്ല.."
ഞാന്‍ അവനൊപ്പം കാറില്‍ കയറി,.
അവന്‍റെ വീട് ഒരു കൊട്ടാരമായിരുന്നു..വലിയ പൂന്തോട്ടവും,കാര്‍ പോര്‍ച്ചും,.ഭിത്തിയില്‍ നിറയെ അലങ്കാര വസ്തുക്കളും ഉണ്ടായിരുന്നു. വലിയ മുറികളും .കണ്ണാടി പോലെ തിളങ്ങുന്ന ഗ്രാനൈറ്റ് ഫ്ലോറും കണ്ട്‌ ഞാന്‍ അത്ഭുതപ്പെട്ടു..അവന്‍റെ മുറിയില്‍ തിളങ്ങുന്ന പ്രതിമകളും...നിറമുള്ള കിടക്കയും ഉണ്ടായിരുന്നു. എനിക്കെന്തോ ഭയം തോന്നിയില്ല...അവന്‍ എന്നെ സ്പര്‍ശിച്ചപ്പോള്‍ എന്‍റെ മനസ്സില്‍ മഴ പെയ്യുന്നത് ഞാന്‍ അറിഞ്ഞു..അവന്‍റെ മുഖത്തേക്ക് നോക്കിയപ്പോള്‍ എന്‍റെ കവിള്‍ തുടിക്കുന്നതും കണ്‍പീലികള്‍ വിറക്കുന്നതും ഞാന്‍ അറിഞ്ഞു. അവന്‍റെ നനുത്ത രോമമുള്ള നെഞ്ചില്‍ തലചായ്ച്ചു ഉറങ്ങാന്‍ ഞാന്‍ എത്ര കൊതിച്ചതാണ്.  അവന്‍റെ  വിരലുകള്‍     എന്നെ വെറുതെ വേദനിപ്പിക്കുകയാരുന്നു. അവന്‍റെ ചുണ്ടുകള്‍ക്ക് അവന്‍ തന്ന ചോകലെട്ടുകളെ കാള്‍ കൂടുതല്‍ മധുരമുണ്ടെന്നു തോന്നി..ഞങ്ങള്‍ അങ്ങനെ എത്ര നേരം സ്വയം മറന്നു പരസ്പരം പ്രണയിച്ചു..

വൈകുന്നേരം അവന്‍ എന്നെ ബസ്സ്റ്റോപ്പില്‍  ഡ്രോപ്പ് ചെയ്തു..ആകെ ക്ഷീണം തോന്നി..ബസ്സിറങ്ങി വീട്ടിലേക്കു നടന്നപ്പോള്‍ കാലുകള്‍ തളരുന്നത് പോലെ തോന്നി...അവനൊപ്പം വീട്ടില്‍ പോകണ്ടാരുന്നു.
വീടിലെത്തിയപ്പോള്‍ ചേച്ചി ചോദിച്ചു.."ശ്രീക്കുട്ടിയെ ,,പരീക്ഷ നല്ല വണ്ണം എഴുതിയോ?" ഞാന്‍ ഉവ്വ് എന്ന്  പറഞ്ഞു.
അന്ന് രാത്രി ഞാന്‍ ഉറങ്ങിയില്ല..സത്യം..എന്‍റെ ശരീരത്തിന് അവന്‍റെ മണമായിരുന്നു. .പിന്നെ അവനെയോര്‍ത്തു ഞാന്‍ കിടന്നു...ഇടയ്ക്കു ജനാലകള്‍ തുറന്നു ഞാന്‍ ആകാശത്തേക്ക് നോക്കി..തെളിഞ്ഞ ആകാശത്ത് നക്ഷത്രങ്ങള്‍ എന്നെ നോക്കി ചിരിക്കുന്നുണ്ടാരുന്നു..
അപ്പോഴാണ്‌ ഞാന്‍ ഒരു കാര്യം ഓര്‍ത്തത്‌....,,,,സ്കൂള്‍ അവസാനിച്ചിരിക്കുന്നു.ഇനി നാളെ അവനെ കാണാന്‍ പറ്റില്ലല്ലോ,,
പക്ഷെ അവന്‍ എന്നെ കാണാന്‍ വരും ...എനിക്കുറപ്പായിരുന്നു.

ദിവസങ്ങള്‍ കഴിഞ്ഞിട്ടും അവന്‍റെ ഒരു വിവരവും ഇല്ലാരുന്നു..ഞാന്‍ അവനെയൊന്നു കാണാന്‍ ,മിണ്ടാന്‍ ഒരുപാട് കൊതിച്ചു..പക്ഷെ അവന്‍ വന്നില്ല..അവന്‍ എന്താ ഇങ്ങനെയെന്നു ഞാന്‍ ഓര്‍ത്തു..
അവനു അപകടം വല്ലതും സംഭവിച്ചോ എന്ന് ഞാന്‍ ഭയപ്പെട്ടു.,.പക്ഷെ ,എന്‍റെ സ്വപ്നങ്ങളില്‍  വന്നു അവന്‍ കുസൃതികള്‍ കാട്ടികൊണ്ടിരുന്നു..പോക്കിരിചെക്കന്‍.'''

ചിലപ്പോളൊക്കെ എനിക്ക് സങ്കടം വരുമാരുന്നു.ഞാന്‍ ഒറ്റക്കിരുന്നു കരഞ്ഞു..എന്നിട്ടും അവന്‍ വന്നില്ല..

പിന്നെ ഒരു ദിവസം ഞാന്‍ അമ്മുവിനെ കണ്ടു...അവളാണ് പറഞ്ഞത് അവന്‍ അവന്‍റെ അച്ഛനൊപ്പം ഗള്‍ഫിലേക്ക് പോയെന്നും ...ഇനി അവിടെയാണ് പഠിക്കുന്നതെന്നും..അന്ന് രാത്രി ഞാന്‍  ഒരുപാട് കരഞ്ഞു.

അവന്‍ എന്തിനാണ് എന്നോടിങ്ങനെ ചെയ്തത്.? എനിക്കറിയില്ല...ഇനി ഒരിക്കലും അവന്‍ എന്നെ കാണാന്‍ വരില്ലേ? ...എനിക്കറിയില്ല ...ഞാന്‍ ജന്നാലകള്‍ തുറന്ന് ആകാശത്തേക്ക് നോക്കി ..അപ്പോഴും നക്ഷത്രങ്ങള്‍ എന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു.