തറവാടിന്റെ പിന്നിലൂടെ പുഴ ഒഴുകുന്നുണ്ട്.
മഴക്കാലത്ത് പുഴ കുത്തിയൊഴുകുന്നത് നോക്കിയിരിക്കാന്‍ ദത്തന് ഇഷ്ടമാണ്. ചെമ്മണ്ണ് കലര്‍ന്ന തവിട്ടു നിറത്തിലുള്ള കിഴക്കന്‍ വെള്ളം അണപൊട്ടിയൊഴുകി വന്നു നനഞ്ഞ മണ്‍ത്തിട്ടയില്‍ തട്ടി വലിയ തിരമാലകള്‍ ഉണ്ടാകുന്നു. പിന്നെ വലിയ ചുഴികള്‍ ഉണ്ടായി അവ ആഴങ്ങളില്‍ അപ്രത്യക്ഷമാകുന്നു.അയാള്‍ ആ ചുഴികളിലേക്ക് നോക്കിയിരിക്കും ,.ചിലപ്പോള്‍ അയാള്‍ മണ്‍തിട്ടയില്‍ കുത്തിയിരുന്ന് ചുഴിയിലേക്ക് ഉറുമ്പുകളെ പിടിച്ചിടുമായിരുന്നു. അവ ചുഴികളില്‍ കറങ്ങിത്തിരിഞ്ഞ് ആഴങ്ങളിലേക്ക് താണുപോകുന്നത് അയാള്‍ നോക്കിയിരിക്കും..കുട്ടികാലത്ത് മഴ പെയ്തു നനഞ്ഞു കിടക്കുന്ന മുറ്റത്തെ ചെളിവെള്ളത്തിന്റെ കരയില്‍ അയാള്‍ കാലുകള്‍കൊണ്ടു ചിത്രങ്ങള്‍ വരച്ചും ..അതില്‍ നോക്കി ഓരോ കാര്യങ്ങള്‍ ആലോചിച്ചുമിരിക്കുമായിരുന്നു.
അങ്ങനെ മാനം കറുത്ത് തോരാതെ മഴപെയ്യുന്ന സമയങ്ങളില്‍ ദത്തന്റെ മനസ്സിന് ബലം കുറയുകയും അത് ചിന്തകളുടെ കാട് കയറി പോവുകയും ചെയ്യുമായിരുന്നു. പിന്നെ അയാള്‍ ഓര്‍മകളുടെ കനമുള്ള വള്ളികളില്‍ തൂങ്ങി കിടക്കുമായിരുന്നു.ഇങ്ങനെ ദത്തന്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ നിരവധിയാണ്.
അയാളുടെ മനസ്സിന്റെ മുകളില്‍ ഓര്‍മ്മകള്‍ സങ്കീര്‍ണമായ ഒരു ചിലന്തിവല കെട്ടിയിരുന്നു...മനസ്സില്‍ നിന്നുയരുന്ന ചിന്തകള്‍ ആ ചിലന്തിവലയില്‍ വര്‍ഷങ്ങളോളം കുരുങ്ങികിടന്നു.അത് കൊണ്ട് തന്നെ ആര്‍ക്കും അയാളെ മനസ്സിലാക്കാന്‍ സാധിച്ചില്ല.
ആ വൈകുന്നേരം അയാള്‍ മന്തിട്ടയില്‍ കുത്തിയൊലിക്കുന്ന പുഴയില്‍ നോക്കിയിരുന്നു. നീളമുള്ള പുഴ ഒഴുകി കാവിന്റെ പിന്നിലെത്തി പിന്നെ രണ്ടായി പിരിഞ്ഞു പോകുന്നു.ഇവിടെ ഇരുന്നാല്‍ രണ്ടു ഗ്രാമങ്ങളെയും തമ്മില്‍ ബന്ധിക്കുന്ന ഉയരമുളള പാലം കാണാം. പിന്നെ മഴക്കാലം മീന്‍ പിടുത്തക്കാര്‍ക്ക് ഉത്സവമാണ് അവര്‍ അക്കരെ നിന്ന് കൈവലകളില്‍ മീന്‍ പിടിക്കുന്നത് കാണാം ,,ആ കാഴ്ചകള്‍ കാണാന്‍ കുറെ സ്കൂള്‍ കുട്ടികള്‍ എന്നുമുണ്ടാകും.എല്ലാ വര്‍ഷവും കാണുന്ന കാഴ്ചകള്‍,ചിലപോഴൊക്കെ ഒരേ മനുഷ്യര്‍ ...പക്ഷെ അതിലെന്നും പുതുമകള്‍ ഉണ്ടായിരുന്നു.പിന്നെ അയാള്‍ എണീറ്റ് തെങ്ങിന്‍ തോപ്പിലൂടെ വീട്ടിലേക്കു നടന്നു. പിന്നാമ്പുറത്ത് കൂടി കാല്‍ കഴുകി അകത്തു കയറിയപ്പോള്‍ അമ്മയുടെ ശബ്ദം കേട്ടു.
" ദത്തന് അസുഖം കൂടുതലാ, ശങ്കരാ ...ആസ്പ്ത്രില്‍ കൊണ്ടോകാന്നു വെച്ചാ ..അവന്‍ സമ്മതിക്കൂല്ല .."
ഹും ...ആര്‍ക്കാണ് അസുഖം ,..ആശുപത്രിയില്‍ പോകണ്ട ആവശ്യം ഒന്നുമില്ല...അയാള്‍ ചാരിക്കിടന്ന വാതിലിലൂടെ അകത്തേക്ക് നോക്കി. അമ്മയുടെ ഇളയ ആങ്ങളയാണ്.. ശങ്കരന്‍ മാമ..കാണാന്‍ വന്നതാവും..ആണ്ടിലോരിക്കലല്ലേ പുഴ കടന്നു വരൂ.. വന്നാല്‍ പിന്നെ അച്ഛന് മനസമാധാനം ഉണ്ടാകില്ല.ഈ ജാതി ബന്ധുക്കളെ കാണുന്നത് പോലും ഇഷ്ടമല്ല..അസത്തുക്കള് തറവാട് കുളം തോണ്ടാന്‍ മിടുക്കന്‍ മാരാണ്. ദത്തന്‍ അകത്തെ മുറിയിലേക്ക് കയറി പോയി. കട്ടിലില്‍ കിടന്നപ്പോള്‍ മുറിയില്‍ മുഷിഞ്ഞ തുണിയുടെ ഗന്ധമുന്ടെന്നു തോന്നി.ജനലുകള്‍ തുറന്നിട്ടു.
അപ്പോള്‍ പിന്നില്‍ ശങ്കരമാമ യുടെ ശബ്ദം.
" ഞാന്‍ കുഞ്ഞിനെ കാണാന്‍ വന്നതാണ്."
" ഉവ്വോ.? എന്താപ്പോ വിശേഷം ?"
" ഇത്തിരി കാശ്..തരാന്‍....""" "
" ഹ ..കൊല്ലം.. അമ്മയുടെ വീതം പാടം അളന്നു വിട്ട്വോ?"
" എന്താപ്പോ ഇങ്ങനെ പറയണേ..?"
" അല്ല കാശ് എത്രയുണ്ട്.."
"അമ്പതു രൂപ."
ശങ്കര മാമ പണ്ട് അച്ഛനെ പറ്റിച്ചു ഒരുപാടും നിലം വിറ്റു കാശാക്കിയതാണ്.എന്നിട്ടും ഒരു നാണവുമില്ലാതെ വന്നു തിന്നുമുടിച്ചിട്ടു പോകും.ഇതൊക്കെ തുറന്നു ചോദിക്കാനും കണക്കു പറയുവാനും ആര്‍ക്കും കഴിയില്ല.അതിനു ദത്തന്‍ തന്നെ വേണം..ഓരോന്ന് പറയുമ്പോള്‍ എല്ലാവരുടെയും മുഖം ചുളിയും പിന്നെ അടക്കം പറയുന്ന സ്വഭാവം ബന്ധുക്കള്‍ക്ക് ഉണ്ട്. അങ്ങനെ ആരോ പറഞ്ഞു ദത്തന് അസുഖമാണ് ..മനസ്സിന് സുഖമില്ല.അത് പിന്നെ നാട്ടില്‍ എല്ലാവരും അറിഞ്ഞു. പിന്നെ പുറത്തിറങ്ങാനും പഴയപോലെ മിണ്ടാനും മടിയായി.
മഴപെയ്യുമ്പോള്‍ മുറിക്കുള്ളിലെ തണുപ്പിലിരിക്കാന്‍ നല്ല സുഖമുണ്ട്. അപ്പോള്‍ വീടിന്റെ ഓടിട്ട മേല്‍ക്കൂരയില്‍ മഴത്തുള്ളികള്‍ വന്നു വീണു ചിതറുന്ന ശബ്ദം കേള്‍ക്കാം.മഴത്തുള്ളിയുടെ ശബ്ദവും കേട്ടു ഭിത്തിയില്‍ പതിഞ്ഞു കിടക്കുന്ന മാറാലയിലും നോക്കി അയാള്‍ മൂകനായി ചിന്തിച്ചിരിക്കും മണിക്കൂറുകളോളം..അത് അറിഞ്ഞവര്‍ പറഞ്ഞു."ദത്തനെന്തോ വിഷാദ രോഗമാണ്."
ശങ്കരന്‍ മാമ അപ്പോളും അയാളെ തന്നെ നോക്കി നിന്നു."ഈ കാശ് നിനക്കു വേണോ കുട്ടീ.."
"വേണ്ട." അയാളുടെ മുഖത്ത് നോക്കാതെ ദത്തന്‍ പറഞ്ഞു.
"ഇതാ ഇവിടെ ഇരിക്കട്ടെ " കാശ് ജനാലപടിയില്‍ വെച്ചിട്ട് പറഞ്ഞു." ഞാന്‍ തങ്ങുന്നില്ല..നേരമിരുട്ടും മുന്പ് പൊവൂട്ടോ.."
അത് കേട്ടതായി ദത്തന്‍ ഭാവിച്ചില്ല.
------------------------------------------------------------------------------------------------------------
രാത്രിയില്‍ ജനലുകള്‍ അടക്കുമായിരുന്നില്ല. പുഴക്കരയിലെ തെങ്ങിന്‍ തോപ്പില്‍ കൂടി കാറ്റ് എപ്പോഴും വീശിക്കൊണ്ടിരിക്കും. വെറുതെ ഇങ്ങനെ പുറത്തേക്ക് നോക്കി കിടക്കും.പറമ്പില്‍ ചേംബുകള്‍ കാടുപിടിച്ചു വളര്‍ന്നതൊക്കെ ആരെങ്കിലും വന്നു വെട്ടി വൃത്തിയാക്കിയിട്ടു കാലം ഒരുപാടായി.
ഒരുപാട് രാത്രികളില്‍ ഇങ്ങനെ ഉറങ്ങാതെ കിടന്നിട്ടുണ്ട്. ഉറങ്ങാന്‍ ഭയമാണ് കാരണം മണ്‍സ്സില്‍ ഒരുപാട് ദുസ്വപ്നങ്ങള്‍ ഉറങ്ങി കിടക്കുന്നുണ്ട്.മയങ്ങും പോള്‍ അവറ്റകള്‍ തലപോക്കും. ഒരിക്കല്‍ വിഷം ചീറ്റുന്ന സര്‍പ്പങ്ങള്‍ കഴുത്തില്‍ മുറുകി കണ്ണുകളില്‍ കൊത്തിയപ്പോള്‍ തൊണ്ടപൊട്ടുമാര്‍ നിലവിളിച്ചതോര്‍ക്കുന്നു. പിന്നെ മൂന്നു മനുഷ്യരുടെ ഉയരമുള്ള നായ്ക്കള്‍ കടിച്ചു പറിക്കുന്ന ഒരു കടലാസ് കഷണമായി താന്‍.... ഇതൊന്നും കാണാന്‍ വയ്യ..അത് കൊണ്ടാണ് ഉറങ്ങാത്തത്.
കുറെ സമയം കഴിയുമ്പോള്‍ അയലത്തെ വീട്ടിലെ റേഡിയോയുടെ സംഗീതം നിലക്കും.പിന്നെ വിളക്കുകള്‍ എങ്ങും അണയും.അപ്പോള്‍ നിശബ്ദതയാണ് ..എങ്ങും ,..മുറിയിലെ ക്ലോക്ക് വലിയ ശബ്ദത്തോടെ ചലിച്ചു കൊണ്ടിരിക്കും.. ക്ലോക്കിന്‍റെ സൂചികളില്‍ അയാളുടെ ചിന്തകള്‍ തൂങ്ങി ആടുമായിരുന്നു.
രാത്രി വൈകി പറമ്പില്‍ കൂടി ആത്മാക്കള്‍ സഞ്ചരിക്കുന്നത് ദത്തന് കാണാം. വെളുത്ത വസ്ത്രം ധരിച്ച ആത്മാക്കള്‍ പരസ്പരം സംസാരിച്ചിരുന്നില്ല.അവര്‍ ധൃതിയില്‍ എവിടേക്കൊ പൊയ്ക്കൊണ്ടിരിക്കും.അവരെല്ലാം പുഴക്കരയില്‍ നിന്നാണ് കയറി വരുന്നത്.കൊച്ചു ആത്മാക്കള്‍ മുതല്‍ വലിയ ഉയരമുള്ളവര്‍ വരെ.മുഖത്തിന് ത്രികോണാക്രിതിയും കണ്ണുകളുടെ സ്ഥാനത്ത് ദ്വാരങ്ങളും ഉണ്ടായിരുന്നു.നിലത്തു കാല്‍ തൊടാതെ അവര്‍ അന്തരീക്ഷത്തില്‍ കൂടി ഒഴുകി കൊണ്ടിരിക്കും.ഇതൊന്നും ദത്തന്‍ ആരോടും പറഞ്ഞില്ല.കാരണം ആരും ഇതൊന്നും വിശ്വസിക്കില്ല.അയാള്‍ക് ഉറപ്പാണ്.
ഇങ്ങനെ പുഴവക്കിലെ കാഴ്ചകള്‍ കണ്ടും രാത്രിയില്‍ ഉറങ്ങാതെയിരുന്നുമാണ് ദത്തന്‍ ദിവസങ്ങള്‍ തള്ളി നീക്കിയത്.മഴക്കാലത്തെ തണുപ്പില്‍ അയാളുടെ മനസ്സ് കൂടുതല്‍ നേര്‍ത്തതാകുന്നതും ചിന്തകളുടെ ആഴം കൂടുന്നതും അയാള്‍ അറിഞ്ഞിരുന്നില്ല.
രാവിലെ അയാള്‍ പുഴവക്കിലേക്ക് നടക്കാന്‍ ഇറങ്ങിയപ്പോള്‍ അച്ഛന്‍ പറഞ്ഞു.
"ന്താ ദത്താ.നീ ഈ കാട്ടണേ,നിനക്കെന്റെ കൂടെ ഒന്നു വന്നൂടെ,,ആശുപത്രിയില്." രണ്ടോവസം കഴിഞ്ഞാ സുഖാവില്ലേ..ഇതിപ്പോ ദിവസം എത്രയാരിക്കുന്നു. ആരോടും മിണ്ടാതെ ...നീ ഇങ്ങനെ,,?"
അയാള്‍ അച്ഛന്റെ മുഖത്തേക്ക് നോക്കി.
"എനിക്കു പോകണ്ടാ.."
പിന്നെ നനഞ്ഞ മുറ്റത്തെ ചെമ്മണില്‍ കൂടി അയാള്‍ പുഴക്കരയിലേക്ക് പോയി.
അമ്മയെക്കാള്‍ കൂടുതല്‍ ഇഷ്ടം അച്ഛനോട് ആണ്.കാരണം അച്ഛന്റെ പരുക്കന്‍ ശബ്ദത്തിനും ക്രൂരമായ നോട്ടത്തിനും ഉള്ളില്‍ ഒരുപാട് സ്നേഹം ഒളിപ്പിച്ചു വച്ചിട്ടുണ്ട്.പക്ഷേ അച്ഛന്‍ പറയുന്നത് കേട്ടു ആശുപത്രിയില്‍ പോകാന്‍ വയ്യ.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് കുട്ടിക്കാലത്ത് പനി പിടിച്ചു അകത്തെ മുറിയില്‍ പുതച്ചുമൂടി വിറച്ച് കിടന്നപ്പോള്‍. അമ്മക്ക് ഭയങ്കര പേടിയായിരുന്നു.ജോലി കഴിഞ്ഞു രാത്രിയില്‍ അച്ഛന്‍ വന്നപ്പോള്‍ അമ്മ പറഞ്ഞു."ദത്തന് പനി കൂടുതലാ,ആശുപത്രില്‍ പോണം." അച്ഛന്‍ മുറിയില്‍ കയറി വന്നു തോളില്‍ കിടത്തി കൊണ്ട് ആശുപത്രിയിലേക്ക് നടന്നു.അപ്പോള്‍ അച്ഛന്റെ ചൂടുള്ള ശരീരത്തില്‍ കിടന്നു ആകാശത്തേക്കു നോക്കി നക്ഷത്രങ്ങളെ കൂട്ടിയിണക്കി നേര്‍രേഖകള്‍ വരച്ചു ചിത്രങ്ങള്‍ ഉണ്ടാക്കിയിരുന്നു.
അച്ഛനെ വിശ്വാസം ആയിരുന്നു.അത് കൊണ്ടാണ് കഴിഞ്ഞ മഴക്കാലത്ത് അച്ഛന്റെ വാക്കുകള്‍ കേട്ടു ആശുപത്രിയില്‍ പോയത്.എന്നിട്ട് ഫലം എന്തായി.പറഞ്ഞതൊന്നും കേള്‍ക്കാതെ ഡോക്ടര്‍ പറഞ്ഞു രണ്ടു ദിവസം കിടക്കണമെന്ന്.
മരുന്നിന്റെ മണമുള്ള മുറിയില്‍ രണ്ടു ദിവസം കിടന്നു..കുറെ ഗുളികകള്‍ കഴിച്ചു.കൂടുതലും ഉറക്ക ഗുളികകള്‍..,..പിന്നെ ഭക്ഷണങ്ങള്‍ക്ക് നിയന്ത്രണം..
ആശുപത്രിയില്‍ നിന്നും വീട്ടില്‍ വന്നപ്പോള്‍ പിന്നെ ചെറിയൊരു ഉന്മേഷം തോന്നി..പിന്നെ വൈകുന്നേരങ്ങളില്‍ അമ്പലപ്പറമ്പില്‍ കൂട്ടുകാരുമൊത്ത് പോകുമായിരുന്നു.അപ്പോള്‍ ചിന്തിക്കാനൊന്നും സമയം ഇല്ലായിരുന്നു.ഉറക്ക ഗുളികള്‍ കഴിച്ചപ്പോള്‍ ഒന്നും ഓര്‍ക്കാതെ ഉറങ്ങാന്‍ കഴിഞ്ഞു.ആത്മാകളുടെ യാത്രയും കണ്ടില്ല ,ക്ലോക്കിന്‍റെ വലിയ ശബ്ദവും കേട്ടില്ല.
അങ്ങനെ ദിവസങ്ങള്‍ കഴിഞ്ഞു ..ഒരു അവധിക്കാലതാണ് ശങ്കരന്‍ മാമയുടെ കൂടെ ഉണ്ണിമായ വീട്ടിലേക്ക് വന്നത്.മൂത്തമകളാണ്. ഇരുപതു വയസ്സുണ്ടായിരുന്നു.തന്നെ കാളും നാലു വയസ്സിനു ഇളപ്പമുണ്ട്.കുട്ടികാലേതെങ്ങോ കണ്ടതാണ് ..അന്നവള്‍ തുപ്പലോലുപ്പിച്ചു നടന്ന ഒരു മെലിഞ്ഞ പെങ്കുട്ടിയായിരുന്നു.ഇപ്പോള്‍ ഒരുപാട് വളര്‍ന്നിരിക്കുന്നു.അവളുടെ കണ്ണുകള്‍ക്ക് നീലനിറവും കറുത്ത ചുരുണ്ട മുടികള്‍ക്ക് നല്ല നീളവും ഉണ്ടായിരുന്നു.
"ഇവളെ പുറത്തു പഠിക്കാന്‍ വിടുകയല്ലേ ..അതോണ്ട് ഈ അവധിക്കു പത്തു ദിവസം ..ഇവിടെ നില്‍ക്കട്ടെ" അമ്മ പറയുന്നത് ദത്തന്‍ കേട്ടു.അവളെ നിര്‍ത്തിയിട്ടു ശങ്കര മാമ പോയി.
തറവാടും തൊടിയും കുളവും അവള്‍ക്ക് ഇഷ്ടമായിരുന്നു.അവള്‍ എപ്പോഴും അതുവഴിയൊക്കെ നടക്കും.പിന്നെ അമ്മക്ക് അവള്‍ ജീവനാണ്.എല്ലാ ദിവസവും അമ്മ അവളുടെ തലയില്‍ എണ്ണതേച്ചു കൊടുക്കുന്നതും ,കുളി കഴിഞ്ഞു വരുമ്പോള്‍ മുടി ഉണക്കി കൊടുക്കുന്നതും ദത്തന്‍ കണ്ടു.
അവള്‍ എപ്പോളും ദത്തന്റെ മുറിയില്‍ വന്നു തുണികളെല്ലാം അടുക്കിവെയ്കുകയും ഭിത്തിയിലെ മാറാലകള്‍ തൂത്തു വൃത്തിയാക്കുകയും ചെയ്യുമായിരുന്നു.
ഒരു ദിവസം സന്ധ്യക്ക് അവള്‍ വന്നു..അപ്പോള്‍ അയാള്‍ ഉറങ്ങുകയായിരുന്നു.ഉണര്‍ത്തിയിട്ടു അവള്‍ ചോദിച്ചു.
" ഏട്ടന്‍ പണ്ട് ഒരുപാട് കവിതകള്‍ എഴുതുമായിരുന്നില്ലേ,..?"
"ഉം.."
"ഇപ്പോള്‍ എഴുതാറില്ലേ?"
'ഇല്ല"
"അതെന്തേ.."
"തോന്നണില്ല."
പിന്നെ അവള്‍ ചിരിച്ചു കൊണ്ട് പോയി മച്ചിന്‍പുറത്തു നിന്നും എവിടെയോ കുറെ കടലാസ് കെട്ടുകള്‍ എടുത്തു കൊണ്ട് വന്നു.പിന്നെ കുസൃതിയോടെ ചിരിച്ചു കൊണ്ട് പറഞ്ഞു.
"ഞാന്‍ എല്ലാം കണ്ടെത്തി.".
താന്‍ പോലുമറിയാതെ ആ കവിതകള്‍ മച്ചിന്‍ പുറത്തെ ഇരുട്ടിലും പൊടിയിലും വര്‍ഷങ്ങളോളം കിടന്നത് അയാള്‍ അറിഞ്ഞിരുന്നില്ല.അയാള്‍ക്ക് വീണ്ടുമത് വായിക്കണമെന്ന് തോന്നി.
" അതിങ്ങോട്ട് താ ഉണ്ണിമായേ .."
"ഇല്ല"..അവള്‍ മച്ചിന്‍ പുറത്തേക്കോടി.ദത്തന്‍ ഉറക്കെ ചിരിച്ചു കൊണ്ട് പിന്നാലെയും ....
അവിടെ മുഴുവന്‍ പഴയ സാധനങ്ങള്‍ ആയിരുന്നു. സന്ധ്യക്ക് വന്നു കൂടിയ പ്രാവുകള്‍ കുറുകികൊണ്ടിരുന്നു.നേരിയ വെളിച്ചത്തില്‍ അവളുടെ പാദസരങ്ങള്‍ തിളങ്ങി കൊണ്ടിരുന്നു ..പിന്നെ അവള്‍ ചുവടുകള്‍ വെച്ചപ്പോള്‍ അതിലെ മണികള്‍ കിലുങ്ങികൊണ്ടിരുന്നു.അയാള്‍ അടുത്തെത്തിയപ്പോള്‍ ആ കടലാസുകള്‍ അവള്‍ നെഞ്ചോടമര്‍ത്തി തരില്ല എന്നു പറഞ്ഞു..അപ്പോള്‍ അവളുടെ കവിളിലെ നുണക്കുഴികള്‍ കാട്ടി അവള്‍ ചിരിച്ചു. പിന്നെ അടുത്തേക്ക് നീങ്ങി നിന്നു ചെവിയില്‍ ചുണ്ടുകള്‍ ചേര്‍ത്ത് പറഞ്ഞു."ഈ കവിതകള്‍ ഒക്കെ എനിക്കു വേണം.പിന്നെ ഇതെഴുതിയ ആളെയും"..അപ്പോള്‍ അവളുടെ ശബ്ദത്തിന് തണുപ്പുണ്ടെന്ന് തോന്നി.അവളെ തൊടാന്‍ തോന്നി.വിറക്കുന്ന വിരലുകളോടെ അയാള്‍ അവളുടെ കൈകളില്‍ സ്പര്‍ശിച്ചു.പിന്നെ അവളുടെ കഴുത്തില്‍ തൊട്ടു.അവള്‍ക്കും അയാള്‍ക്കുമിടയില്‍ ഒരു നെഞ്ചിടിപ്പിന്‍റെ അകലമേ ഉണ്ടായിരുന്നുള്ളൂ. അറിയാതെ അവളുടെ കൈകള്‍ തട്ടി അവിടെ ഇരുന്ന ഒരു ഓട്ടു പാത്രം താഴെ വീണു പൊട്ടി. അപ്പോള്‍ വലിയ ശബ്ദത്തോടെ പ്രാവുകള്‍ ചിറകടിച്ചു പറന്നു പോയി. താഴെ ചാര് കസേരയില്‍ കിടന്നു അച്ഛന്‍ പറഞ്ഞു.."മച്ചിന്‍പുറത്തു വീണ്ടും മരപ്പട്ടി കയറിയെന്ന് തോന്നുന്നു. രാത്രിയില്‍ തന്നെ കെണി വെക്കണം." ഇത് കേട്ടു അയാളും ഉണ്ണിമായയും അമര്‍ത്തി ചിരിച്ചു.
------------------------------------------------------------------------------------------------------------
പറമ്പിലെ വലിയ അത്തിമരത്തിന്റെ ചോട്ടില്‍ അവള്‍കൊപ്പം നില്‍ക്കുമ്പോള്‍ ദത്തന്റെ കണ്ണുകള്‍ കലങ്ങിയിരുന്നു.അവള്‍ അയാളെ തന്നെ നോക്കി നിന്നു.ദത്തന്‍ പറഞ്ഞു.
"വേണ്ട ഉണ്ണിമായേ ,ഇതൊന്നും വേണ്ട..എനിക്കു സുഖമില്ല എന്നാണ് എലാവരും പറയണേ.."
"ഇല്ല ദത്തെട്ടന് സുഖമില്ലെന്ന് ആരാ പറയുന്നെ..ആരും പറയുന്നില്ല.ഏട്ടന്‍ ഒത്തിരി ചിന്തിക്കുന്നത് കണ്ടു തോന്നുന്നതാ.പിന്നെ ചിന്തിക്കുന്നത് നല്ലതല്ലേ.."
" അല്ല ഉണ്ണിമായേ.. ഞാന്‍ മരുന്നുകള്‍ കഴിക്കുന്നുണ്ട്."
"അതിനെന്താ"
"ആരും സമ്മതിക്കില്ല.."
"ആരും സമ്മതിക്കേണ്ടാ..." അവള്‍ തിരികെ നടന്നു.മുഖത്ത് നല്ല പിണക്കം ഉണ്ടെന്ന് തോന്നി.പിന്നെ ഒരു ദിവസം ,മരുന്നിന്റെ കെട്ടുകള്‍ അവള്‍ പറമ്പിലെ കുളത്തില്‍ വലിച്ചെറിഞ്ഞു..എന്നിട്ട് പറഞ്ഞു."മരുന്നുകള്‍ ഇനി കഴിക്കേണ്ടാ..ഏട്ടന് അസുഖം ഒന്നുമില്ല."
അന്ന് രാത്രി മുതല്‍ ദത്തന്‍ മരുന്നുകള്‍ കഴിച്ചില്ല.മുറിയുടെ വാതില്‍ തുറന്നിടുമായിരുന്നു. എല്ലാവരും ഉറങ്ങി കഴിയുമ്പോള്‍ പാദസരത്തിന്റെ ശബ്ദം കേള്‍പ്പിക്കാതെ ഇടനാഴിയില്‍ കൂടി അവള്‍ മെല്ലെ നടന്നു വന്നു മുറിയില്‍ കയറുമായിരുന്നു. പിന്നെ മുറിയിലെ നേര്‍ത്ത നിശബ്ദതയില്‍ അവളുടെ തണുത്ത ശ്വാസം അയാള്‍ അറിഞ്ഞിരുന്നു.അവളുടെ ഗന്ധം അയാളെ മത്തു പിടിപ്പിക്കുമായിരുന്നു. പിന്നെ നേരം പുലരുന്നതിന് മുന്‍പ് ഉടഞ്ഞ വസ്ത്രങ്ങളുമെടുത്ത് അവള്‍ അവളുടെ മുറിയിലേക്ക് പോകും.നിലാവുള്ള രാത്രിയില്‍ അയാളുടെ നെഞ്ചില്‍ മുഖം അമര്‍ത്തി അവള്‍ ചോദിച്ചു
"ഇനിയും കവിതകള്‍ എഴുതില്ലേ..?"
"എഴുതാം,ഇനിയും ഞാന്‍ എഴുതാം."അയാള്‍ പറഞ്ഞു.
പിന്നെ ഒരു ദിവസം ശങ്കരന്‍ മാമ വന്നു അവളെ കൂട്ടികൊണ്ടു പോകാന്‍ ..അവള്‍ ഒരുങ്ങി മുറ്റത്തിറങ്ങിയപ്പോള്‍ തിരിഞ്ഞു നോക്കി.പലവട്ടം..
ദത്തന്‍ അവളെ തന്നെ നോക്കി നിന്നു..യാത്ര പറയാതെ അവള്‍ പുഴ കടന്നു അക്കരയിലേക്ക് പോയി.
അന്ന് രാത്രി ദത്തന്‍ ഉറങ്ങിയില്ല ..മുറിയുടെ ചുമരുകള്‍ക്ക് പോലും അവളുടെ ഗന്ധമായിരുന്നു.അവളെയും ഓര്‍ത്ത് കിടന്നു..കുറെ ദിവസങ്ങള്‍ക്ക് ശേഷം അവളുടെ കത്ത് കിട്ടി..അവള്‍ നഗരത്തിലേക്ക് പോവുകയാണെന്നും എല്ലാം മറക്കണമെന്നും പറഞ്ഞു.
രാത്രിയില്‍ ഉറങ്ങാന്‍ കഴിയാതെ അയാള്‍ തിരിഞ്ഞും മറിഞ്ഞും കിടന്നു. ഉറക്ക ഗുളികയുടെ അംശങ്ങള്‍ അയാള്‍ മുറിയില്‍ മുഴുവന്‍ പരതി, കിട്ടിയില്ല. അങ്ങനെ വീണ്ടും ജനലുകള്‍ തുറന്നു..പറമ്പില്‍ കൂടി നിലം തൊടാതെ സഞ്ചരിക്കുന്ന ആത്മാക്കള്‍ അയാളെ തുറിച്ചു നോക്കുന്നുണ്ടായിരുന്നു.ദത്തന്‍ ഓര്‍മകളില്‍ നിന്നും ഉണര്‍ന്നു.ആരൊക്കെ നിര്‍ബന്ധിച്ചാലും ഇനി ആശുപത്രിയില്‍ പോകില്ല.
അപ്പോള്‍ പുഴ കുത്തിയൊലിക്കുന്നുണ്ടായിരുന്നു.മണ്‍തിട്ടക്കൊപ്പം വെള്ളം വന്നിരുന്നു. മീന്‍ പിടുത്തക്കാര്‍ അല്പം നേരത്തെ പോയിരുന്നു. ദത്തന്‍ വീട്ടിലേക്ക് നടന്നു.തെങ്ങിന്‍ തോപ്പ് കഴിഞ്ഞപ്പോള്‍ വീടിന്റെ പിന്‍ഭാഗത്ത് ആള്‍കൂട്ടം കണ്ടു. അയാള്‍ വേഗത്തില്‍ നടന്നു.
വീട്ടില്‍ നിറയെ ബന്ധുക്കാര്‍. ....,,അയാള്‍ക്ക് ഭയം തോന്നി.കാലുകള്‍ കഴുകിയപ്പോള്‍ അച്ഛന്‍ പറഞ്ഞു "ദത്താ നമുക്ക് ആശുപത്രിയില്‍ പോകാം .."
അച്ചന്‍റെ ശബ്ദത്തിന് നല്ല മുഴക്കം ഉണ്ടായിരുന്നു. പിന്നെ കയ്യില്‍ വലിയ ചങ്ങലയും..മനസ്സു പറഞ്ഞു 'അപകടം'...
ദത്തന്‍ ഇറങ്ങി ഓടി..എല്ലാവരും പിന്നാലെ..തിരികെ നോക്കാന്‍ അയാള്‍ക്ക് ഭയമായിരുന്നു . ജീവിതത്തോട് തന്നെ. അയാള്‍ വേഗത്തില്‍ ഓടി ..അവര്‍ തന്നെ ആശുപത്രിയില്‍ കൊണ്ട് പോകാനല്ല..കൊല്ലാന്‍ പോകുകയാണെന്ന് തോന്നി..
അപ്പോള്‍ മഴക്ക് ശക്തി കൂടി..ദത്തന്‍ ഓടി ഉയരമുള്ള പാലത്തില്‍ എത്തി. അപ്പോഴും അവര്‍ പിന്തുടര്‍ന്നിരുന്നു.പിന്നെ..ഒന്നും ആലോചിക്കാന്‍ സമയം ഇല്ലായിരുന്നു.
കാറ്റില്‍ അവരുടെ ശബ്ദങ്ങള്‍ ക്ഷയിച്ചു പോയി..ആരൊക്കെയോ പറഞ്ഞു.
"അരുതേ.."
അത് കേള്‍ക്കാതെ ദത്തന്‍ കുത്തിയൊലിക്കുന്ന പുഴയിലേക്ക് ചാടി..എല്ലാവരും നോക്കി നില്‍ക്കേ വലിയ ഒരു ചുഴിയില്‍ പെട്ട് അയാള്‍ വട്ടം കറങ്ങി.പിന്നെ അയാളുടെ ശരീരവും ഒടുവില്‍ വിരലുകളും പുഴയുടെ ആഴങ്ങളില്‍ മറഞ്ഞു.
------------------------------------------------------------------------------------------------------------
No comments:
Post a Comment