Thursday, 29 March 2012
നൂല്‍പാലങ്ങള്‍
ചില ബന്ധങ്ങള്‍ നൂല്‍പാലങ്ങള്‍ പോലെയാണ്. എത്ര ദൃഢമാണെങ്കിലും ആടിയുലഞ്ഞു കൊണ്ടിരിക്കും.ചിലപ്പോഴൊക്കെ ഭയം തോന്നും. കാല്‍ വഴുതിയാല്‍ താഴെ അഗാധ ഗര്‍ത്തമാണ്. എത്രയോ ജീവിതങ്ങള്‍ നൂല്‍പാലങ്ങള്‍ പൊട്ടി താഴെ വീണിരിക്കുന്നു..ഒരിക്കലും കയറാനാവാത്ത വിധം താഴേക്ക് ..
ചില പ്രതീക്ഷകള്‍ ..അത് മാത്രമാണ് ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത്.
നേരം പുലരുന്നതിന് മുന്‍പെ സൂസന്‍ കണ്ണു തുറന്നു,.എല്ലാ ദിവസവും പള്ളിയില്‍ മണി അടിക്കുന്നതു കേട്ടാണ് ഉണരുന്നത്. അപ്പോള്‍ നേരം വെളുത്തിട്ടുണ്ടായിരിക്കില്ല. പിന്നെ കട്ടിലില്‍ കിടന്നു കൊണ്ട് തന്നെ കുരിശ് വരക്കും .അരണ്ട വെളിച്ചത്തില്‍ കണ്ണുകള്‍ തുറന്നു കിടക്കും. കുറെ നാളുകളായി ഇങ്ങനെ ആണ്. അടുത്തു കിടന്നു മോള്‍ സുഖമായി ഉറങ്ങുകയാണ്. അവള്‍ ഇനിയും കുറെ സമയം ഉറങ്ങും.
അല്പ സമയം കഴിഞ്ഞപ്പോള്‍ എണീക്കണം എന്നു തോന്നി. മേശപ്പുറത്ത് പാതി നോക്കി വെച്ചിരിക്കുന്ന പരീക്ഷ കടലാസുകള്‍ ചിതറികിടക്കുന്നു .അതിനടുത്തായി വലിയ ഒരു കെട്ടില്‍ ഉത്തര കടലാസുകള്‍.,.നോക്കി കൊടുക്കേണ്ട സമയം എപ്പോഴേ കഴിഞ്ഞിരിക്കുന്നു. പക്ഷേ ഇനിയും ഒരുപാട് തീരാനുണ്ട്. ചില ഉത്തരങ്ങള്‍ വായിക്കുമ്പോള്‍ ചിരി വരും,ചിലത് വായിക്കുമ്പോള്‍ സങ്കടവും വരാറുണ്ട്. എത്ര കഷ്ടപ്പെട്ട് പഠിപ്പിച്ചതാണ് എന്നിട്ടും ആത്മാര്‍ത്ഥത ഒട്ടും ഇല്ലാത്ത കുട്ടികള്‍.., വല്ലാതെ നിരാശ തോന്നി.
പുതപ്പ് മാറ്റി കട്ടിലില്‍ നിന്നും ഇറങ്ങി.മുറിയില്‍ പുറത്തു വഴിയരികിലെ നിയോണ്‍ ബള്‍ബിന്റെ മങ്ങിയ പ്രകാശം ഉണ്ട്. അതി രാവിലെ പുറത്തു നേര്‍ത്ത കാറ്റുണ്ടെന്ന് തോന്നി..ആടുന്ന ഇലകളുടെ നിഴലുകള്‍ ജനാല കര്‍ട്ടനില്‍ കാണാം. ടേബിള്‍ ലാംബ് ഓണ്‍ ചെയ്തു ഉത്തര കടലാസുകള്‍ക്ക് മുന്നില്‍ ഇരുന്നു. കുറച്ചെങ്കിലും നോക്കി തീര്‍ക്കണം. ആദ്യമെടുത്തത് സോണിയുടെ പേപ്പര്‍ ആയിരുന്നു. നിസാര ചോദ്യങ്ങള്‍ക്ക് പോലും പൊട്ടത്തരങ്ങള്‍ എഴുതി വെച്ചിരിക്കുന്നു.ദേഷ്യം വരുന്നു. എത്ര പഠിപ്പിച്ചാലും അവന്റെ തലയില്‍ കയറില്ല. സ്ഥിരമായി ക്ലാസിലും വരില്ല.അത് നോക്കാന്‍ തോന്നിയില്ല. മാറ്റിവെച്ചു...പിന്നെ നല്ലവണ്ണം പഠിക്കുന്ന പെണ്‍കുട്ടികളുടെ ഉത്തര കടലാസുകള്‍ നോക്കി.പെണ്‍കുട്ടികള്‍ ഏറെയും നല്ലവണ്ണം പടിക്കുന്നവരാണ്.അത് കൊണ്ട് ഉത്തര പേപ്പര്‍ നോക്കാന്‍ മടുപ്പ് തോന്നില്ല. നാലഞ്ച് പേപ്പര്‍ നോക്കിയപ്പോള്‍ നേരം വെളുത്തുവെന്ന് തോന്നി. മോളു ഇപ്പോളും ഉറക്കമാണ്.വലിയ ശബ്ദത്തോടെ ടേബിള്‍ ക്ലോക്ക് ...മണി ആറ് ആയിരിക്കുന്നു. കുറെ നാളുകള്‍ക്ക് മുന്‍പ് ക്ലോക്കില്‍ അലാറം വെച്ചതാണ്. എല്ലാ ദിവസവും അലാറം അടിക്കുന്നതിന് മുന്പെ എണീക്കും. ഉണര്‍ന്ന് കിടക്കുമ്പോള്‍ അലാറം അടിക്കുന്നതു കേള്‍ക്കാന്‍ ഒരു രസമുണ്ട്..ആലസ്യത്തില്‍ നിന്നും ആരോ പിടിച്ച് എണീപ്പിക്കും പോലെ....അടുക്കളയിലേക്ക് നടന്നു. ചായ ഉണ്ടാക്കി തിരികെ വന്നപ്പോഴും മോളു ഉറക്കമാണ്.അവളെ എണീപ്പിച്ചു .അപ്പോള്‍ ചിണുങ്ങി കൊണ്ട് അവള്‍ ചോദിച്ചു.
"ഇന്നും സ്കൂളില്‍ പോണോ മമ്മീ."
"പിന്നെ ..ഇന്ന് വെള്ളിയാഴ്ച അല്ലേ..?ഇന്നും കൂടി പോയാല്‍ മതി ,ഇനി രണ്ടു ദിവസം പോകണ്ടാ ."
അപ്പോള്‍ അവള്‍ മുഖം ചുളിച്ചു കൊണ്ട് കണ്ണുകള്‍ തിരുമ്മി.
അവള്‍ക്ക് അടുത്ത മാസം ആറ് വയസ്സു തികയും. എത്ര പെട്ടെന്നാണ് അവള്‍ വളരുന്നത്. അധികം വൈകാതെ അവള്‍ ചുരിദാര്‍ ഇടാന്‍ തുടങ്ങും ,പിന്നെ സാരിയുടുക്കും.പിന്നെ ഒരു ചെക്കന്‍റെ കൈ പിടിച്ചിറങ്ങി പോകും.
മോളു ഇറങ്ങി അടുത്ത മുറിയിലേക്ക് പോയി.
വെറുതെ എന്തെല്ലാമാണ് ചിന്തിച്ചു കൂട്ടുന്നത്. എപ്പോഴും തനിച്ചായി പോകുന്നതിന്റെ ഭയമാണ്.വെറുതെ ഓരോ ഓരോ പേടികള്‍...,.ആശ്വസിക്കാന്‍ ശ്രമിച്ചു.
കറുത്ത മഞ്ഞ പൂക്കളുള്ള സാരിയാണ് ഉടുത്തത്. അതുടുക്കുമ്പോള്‍ ശരീരത്തിന് കൂടുതല്‍ നിറമുണ്ടെന്ന് തോന്നും ..അങ്ങനെ പറഞ്ഞത് സണ്ണിയാണ്.അങ്ങനെയൊക്കെ പണ്ട് പറഞ്ഞിരുന്നു.ഇപ്പോള്‍ പറയാറില്ല.വിവാഹം കഴിഞ്ഞിട്ടു എട്ട് വര്‍ഷം ആയി.ഇനിയും എന്തിനാണ് അങ്ങനെയൊക്കെ പറയുന്നത്. ജീവിതത്തിന്റെ തിരക്കുകള്‍ ..ചില വാക്കുകള്‍ എപ്പോഴും പ്രതീക്ഷകള്‍ നല്കുന്നു.
മോളു തനിയെ ഒരുങ്ങും.മുടി തനിയെ കെട്ടും .ഇപ്പോഴേ എല്ലാം തനിയെ ചെയ്യാന്‍ അവള്‍ക്കറിയാം.അവള്‍ സ്കൂളില്‍ പോകാന്‍ റെഡി ആയിരുന്നു.
എല്ലാ ദിവസവും ഇങ്ങനെയാണ്.അവള്‍ ആദ്യം തയാറായി നില്ക്കും.അവളുമൊത്ത് റെയില്‍വേ സ്റ്റേഷനിലേക്ക് നടക്കും. അവിടുന്ന് കോട്ടയത്തേക്ക് ട്രയിനില്‍ ഒരു മണിക്കൂര്‍ ..കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ നിന്നും നടക്കാവുന്ന ദൂരമേ ഉള്ളൂ സ്കൂളിലേക്ക്.അവിടെയാണ് മോളും പഠിക്കുന്നത്.അവള്‍ക്ക് ഇഷ്ടമാണ് എല്ലാ ദിവസവും ട്രയിനില്‍ യാത്ര ചെയ്യാന്‍..,.
ചിലപ്പോഴൊക്കെ ട്രയിന്‍ താമസിക്കാറുണ്ട്. അന്നൊക്കെ പ്രിന്‍സിപ്പാള്‍ നല്ല വഴക്കും പറയും.
മോളുമൊത്ത് റെയില്‍വേ സ്റ്റേഷനില്‍ നിന്നപ്പോള്‍ ട്രയിന്‍ താമസിക്കല്ലേയെന്ന് പ്രാര്‍ഥിച്ചു. കാരണം കുറെ നാള്‍ അവധിയെടുത്തത്തിന് ശേഷം തിരികെ കയറിയിട്ടു ഒരു മാസം തികയുന്നതേയുള്ളൂ.
തിരികെ ചെന്നപ്പോള്‍ പ്രിന്‍സിപ്പാള്‍ പറഞ്ഞതാണ്.."ഇത്തവണ നൂറു ശതമാനം വിജയം വേണം പ്ലസ് ടൂ കുട്ടികള്‍ക്ക്.പോര്‍ഷന്‍സ് ഡിസംബറിന് മുന്പ് തീര്‍ക്കണം." .
.അതിന്റെ അര്‍ത്ഥം ഇനിയും ലീവ് തരില്ല എന്നാണോ? അറിയില്ല.
ട്രയിന്‍ പെട്ടെന്ന് വന്നു.
സ്ഥിരം യാത്രക്കാരാണ് അധികവും. പരിചയമുള്ള മുഖങ്ങള്‍..,.ചിലപ്പോള്‍ നല്ല തിരക്കുണ്ടാവും, എങ്കിലും സ്ഥിരമായി ഏര്‍ണാകുളത്തേക്ക് പോകുന്ന ഒരു സ്ത്രീയുണ്ട്. അവര്‍ക്ക്മോളുവിനെ വലിയ ഇഷ്ടമാണ് ..എപ്പോളും അവളെ മടിയില്‍ ഇരുത്തും..അവള്‍ പുറത്തേക്ക് നോക്കി കാഴ്ചകള്‍ കണ്ടിരിക്കും.
ട്രയിന്‍ വിട്ടപ്പോള്‍ വെറുതെ സണ്ണിയെ പറ്റി ഓര്‍ത്തു. ഒരു ട്രയിന്‍ യാത്രയില്‍ ആണ് ആദ്യമായി കണ്ടത്..,.ഏകദേശം പത്തു വര്‍ഷങ്ങള്‍ക്ക് മുന്‍പ്. നല്ല ചുറുചുറുക്കുള്ള ചെറുപ്പക്കാരന്‍..,.ട്രയിന്‍ ഇറങ്ങി നടന്നപ്പോള്‍ പിന്നില്‍ നിന്നു വിളിച്ചു.പിന്നെ കണ്ണുകളില്‍ തന്നെ നോക്കി പറഞ്ഞു."ഇയാളെ ഒരുപാട് ഇഷ്ടമാണ്.എപ്പോഴും കാണണമെന്ന് തോന്നും"
ആദ്യം പേടിയാണ് തോന്നിയത്..വേഗം വീട്ടിലേക്ക് നടന്നു.വീട്ടില്‍ ചെന്നപ്പോള്‍ മമ്മിയോട് കാര്യം പറഞ്ഞു.ഇത്തിരി ആശ്വാസം തോന്നി.പിറ്റേ ദിവസവും ഇത് പോലെ പറഞ്ഞു. പിന്നെ ഒരു ദിവസം പറഞ്ഞു."എനിക്കു വിവാഹം കഴിക്കണം." അറിയാതെ എപ്പോഴോ തമ്മില്‍ അടുത്തു.പിന്നെ വാകമരങ്ങള്‍ നിറഞ്ഞ വഴിയോരത്ത് വെച്ചു ഒരുപാട് സംസാരിച്ചു. ഒത്തിരി സ്നേഹമുള്ള ചെറുക്കന്‍.,.വീട്ടില്‍ ആരും എതിര്‍ത്തില്ല..വിവാഹം.,പ്രണയത്തില്‍ കുതിര്‍ന്ന ദിവസങ്ങള്‍.,.മൂന്നു മാസങ്ങള്‍ക്ക് ശേഷം സണ്ണി ഗല്‍ഫിലേക്ക് പോയി. സിവില്‍ എന്‍ജിനിയര്‍.... രണ്ടു വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ അവധിക്കു വന്നു.പിന്നെ അവധികള്‍ കുറഞ്ഞു വന്നു.സ്വന്തമായി കമ്പനി തുടങ്ങി...തിരക്കുകള്‍ ...ഇപ്പോള്‍ ആഴ്ചയില്‍ ഒരിക്കല്‍ ഫോണ്‍ വിളിക്കും...ഓരോരോ കാരണങ്ങള്‍ പറയും...പിന്നെ വെയ്ക്കും. കഴിഞ്ഞ വര്‍ഷം വന്നതാണ്. പക്ഷേ..എപ്പോഴും ഒറ്റയ്ക്കാണെന്ന തോന്നല്‍.,..എപ്പോഴും സണ്ണി കൂടെ വേണം എന്ന ആഗ്രഹം.അതാണ് എല്ലാ സങ്കടങ്ങള്‍ക്കും കാരണം ...പക്ഷേ സണ്ണിക്കു അത് മനസ്സിലാകുന്നില്ല.
വലിയ ശബ്ദത്തില്‍ ചൂളം വിളിച്ചു കൊണ്ട് ട്രയിന്‍ പായുകയാണ് .മോളു പുറത്തേക്ക് നോക്കി കാഴ്ചകള്‍ കാണുകയാണ്.അവളെ മടിയില്‍ ഇരുത്തിയിരിക്കുന്ന സ്ത്രീ അവളോടു എന്തൊക്കെയോ സംസാരിക്കുന്നു.അവള്‍ ചിരിച്ചു കൊണ്ട് മറുപടി പറയുന്നുണ്ട്.
ട്രയിന്‍ കോട്ടയത്ത് പെട്ടെന്ന് എത്തിയതായി തോന്നി. റെയില്‍വേ സ്റ്റേഷന്റെ തൊട്ട് ചേര്‍ന്നാണ് സ്കൂള്‍..,.ട്രയിന്‍ ഇറങ്ങി നടക്കുമ്പോള്‍ തിരമാലകള്‍ ഇരമ്പുന്നതുപോലെ കുട്ടികളുടെ ശബ്ദം കേള്‍ക്കാം. അതി രാവിലെ ചില കുട്ടികള്‍ സ്കൂളില്‍ എത്തും .ഓടി കളിക്കാന്‍ വേണ്ടി. എട്ടര ആകുമ്പോള്‍ ആണ് ക്ലാസ്സ് തുടങ്ങുന്നത്. പ്ലസ് ടു വിന്‍റെ ടീച്ചര്‍ ആയത് കൊണ്ട് സ്കൂള്‍ പിള്ളേരുടെ കാര്യത്തില്‍ ടെന്‍ഷന്‍ വേണ്ട.പക്ഷേ ചിലപ്പോള്‍ തോന്നും മുതിര്‍ന്ന കുട്ടികള്‍ അതില്‍ കഷ്ടമാണെന്ന്.
മോളുവിനെ ക്ലാസ്സില്‍ വിട്ടിട്ട് സ്റ്റാഫ് റൂമില്‍ ചെന്നപ്പോള്‍ ബിന്ദു വിനെ കണ്ടു. ബിന്ദു ഇംഗ്ലിഷ് ടീച്ചര്‍ ആണ്. പലപ്പോഴും തോന്നും ഒരു നല്ല സുഹൃത്ത് ആണെന്ന്.കണ്ടപ്പോള്‍ അവള്‍ ചിരിച്ചു.
"സൂസന്‍ വന്നാല്‍ വേഗം ഒന്നു കാണണമെന്ന് പ്രിന്‍സിപ്പാള്‍ പറഞ്ഞു."
ബിന്ദു പറഞ്ഞു.
"എന്താണ് കാര്യം എന്നു പറഞ്ഞോ ബിന്ദു."
"ഇല്ല,സാറിന്‍റെ പതിവായുള്ള ചോദ്യങ്ങള്‍ ചോദിക്കാന്‍ ആകും."
"ഉം"
പ്രിന്‍സിപ്പാള്‍ വളരെ ദേഷ്യകാരന്‍ ആണ്. ഓരോ കുട്ടിയും എങ്ങനെ പഠിക്കുന്നു.ഇനി എന്താണ് കൂടുതല്‍ മെച്ചപ്പെടുത്താന്‍ ചെയ്യുക..ഇങ്ങനെ നൂറു കൂട്ടം ചോദ്യങ്ങള്‍ ചോദിക്കും.
പ്രിന്‍സിപ്പാള്‍ എന്തൊക്കെയോ ധൃതിയില്‍ എഴുതുകയാരുന്നു. കണ്ടപ്പോള്‍ ചിരിച്ചു.
"ഗുഡ് മോണിങ്,സൂസന്‍.." .,"
" മോണിങ് സര്‍,കാണണം എന്നു പറഞ്ഞു."
"ഓ യെസ്,.എക്സാം റിസല്‍റ്റ് ..?"
"ഞാന്‍ ഇവാലുവേഷന്‍ കഴിഞ്ഞില്ല സര്‍.,ഉടനെ തീര്‍ക്കാം."
അപ്പോള്‍ പ്രിന്‍സിപ്പാളിന്റെ മുഖം ചുളുങ്ങുന്നത് കണ്ടു.
"ഹറി അപ്,സൂസന്‍.,.അമ്പത് ശതമാനത്തില്‍ താഴെ മാര്‍ക് കിട്ടുന്ന കുട്ടികള്‍ക്ക് റീടെസ്റ്റ് വേണം .പിന്നെ സ്പെഷല്‍ ക്ലാസ്സ് . യു കാന്‍ ഗോ നൌ,,."
തിരികെ സ്റ്റാഫ് റൂമിലേക്ക് നടന്നപ്പോള്‍ അമ്പത് ശതമാനത്തില്‍ താഴെ മാര്‍ക് കിട്ടുന്ന കുട്ടികളുടെ മുഖം മനസ്സില്‍ വന്നു. ഇരുപതില്‍ കൂടുതല്‍ ഉണ്ടാകും.കൂടുതലും ആണ്‍കുട്ടികള്‍...,.
ആ ദിവസം വളരെ പെട്ടെന്ന് പോയതായി തോന്നി. മോളുവിനെയും കൂട്ടി റെയില്‍വേ സ്റ്റേഷനിലേക്ക് നടക്കുമ്പോള്‍ ബിന്ദുവും കൂടെ ഉണ്ടായിരുന്നു.
സ്കൂള്‍ വിട്ട സമയം റോഡില്‍ നല്ല തിരക്കാണ്.നിറയെ വാഹനങ്ങള്‍ .ആണ്‍കുട്ടികള്‍ കൂട്ടമായും,അത് പോലെ തന്നെ പെണ്‍കുട്ടികളും. ചിലപ്പോള്‍ സ്കൂളിന്‍റെ മരത്തണലുകളില്‍ ഒറ്റപ്പെട്ടു മറഞ്ഞുനിന്നു സംസാരിക്കുന്ന ആണ്‍കുട്ടിയെയും പെണ്‍കുട്ടിയെയും കാണാറുണ്ട്. അവരുടെ കണ്ണുകളില്‍ നിറയെ പ്രണയമാണ്. ആരെങ്കിലും ശ്രദ്ധിക്കുന്നു എന്നു കാണുംപോള്‍ ആണ്‍കുട്ടി ഓടി മറയുന്നതു കാണാം.അപ്പോള്‍ പെണ്‍കുട്ടി ഒരു ചമ്മലോടെ തിരിഞ്ഞു നില്‍കും. അവന്‍ ഒരു ദിവസം ഇത് പോലെ അവളുടെ ജീവിതത്തില്‍ നിന്നും ഓടി മറയുമ്പോള്‍ അവള്‍ ഇങ്ങനെ പിന്‍തിരിഞ്ഞു നില്‍ക്കുമോ.? അപ്പോള്‍ വാകമരങ്ങള്‍ക്ക് ചുവട്ടില്‍ സണ്ണിയുടെ തോളില്‍ തലചായ്ച്ച് ഇരുന്നതു ഓര്‍ത്തുപോയി.
ബിന്ദു യാത്ര പറഞ്ഞു പോകാന്‍ തുടങ്ങിയപ്പോള്‍ ചോദിച്ചു
"ഇനി രണ്ടു ദിവസം കഴിഞ്ഞു കാണാം.നാളെയെന്താ പരിപാടി.?"
"ഒന്നും തന്നെ ഇല്ല..വെറുതെ മോളുവുമായി ഇങ്ങനെ സംസാരിച്ചു കൊണ്ടിരിക്കും."
ചിരിച്ചു കൊണ്ട് അവള്‍ നടന്നു. അവള്‍ എപ്പോഴും സന്തോഷവതി ആണ്.എല്ലാവരും അടുത്തുണ്ട്. വളരെ സ്നേഹമുള്ള ഭര്‍ത്താവ്.രണ്ടു കുട്ടികള്‍.,.ചിലപ്പോഴൊക്കെ അസൂയ തോന്നും.
അപ്പോള്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും അനൌണ്‍സെമെന്‍റ് കേട്ടു.ട്രയിന്‍ വിവരങ്ങള്‍.,. മോളുവുമൊത്ത് തടി കൊണ്ട് നിര്‍മിച്ച ബെഞ്ചില്‍ ട്രയിന്‍ വരാന്‍ കാത്തിരുന്നു.വൈകാതെ ചൂളം വിളിച്ചു കൊണ്ട് ട്രയിന്‍ വന്നു. ഇനി വീട്ടിലേക്ക്..രാവിലെ ജോലിക്ക് പോയവര്‍ തിരികെ വീട്ടിലേക്ക് പോകുന്നു.പരിചയമുള്ള മുഖങ്ങള്‍.,..
അതിരാവിലെ തന്നെ ഉണര്‍ന്ന് ഉത്തര കടലാസുകള്‍ നോക്കാന്‍ തുടങ്ങി.ഒന്നും കഴിച്ചില്ല,വെറുതെ ചായ കുടിച്ചു കൊണ്ടിരുന്നു. മോളു കാര്‍ടൂണ്‍ കണ്ടു കൊണ്ടിരുന്നു.ഇടക്ക് അടുത്തു വന്നു അവള്‍ ഓരോന്ന് ചോദിക്കുമ്പോള്‍ ദേഷ്യം വരുന്നുണ്ടായിരുന്നു. എന്നിട്ടും ചിരിച്ചു കൊണ്ട് അവളോടു പറഞ്ഞു.
'മോളു പോയി ടിവി കാണൂ.മമ്മി ഇതൊന്നു നോക്കി തീര്‍ക്കട്ടെ,."
അപ്പോള്‍ മുഖം കൂര്‍പ്പിച്ചു കൊണ്ട് അവള്‍ ചിണുങ്ങും.
ഉച്ചയായപ്പോള്‍ നോക്കി തീര്‍ന്നു. ഒരു ചെറിയ ആശ്വാസം തോന്നി.പിന്നെ നിരാശയും. അമ്പത് ശതമാനത്തില്‍ താഴെ ഇരുപത്തിനാലു കുട്ടികള്‍ ഉണ്ട്.അപ്പോള്‍ സ്പെഷല്‍ ക്ലാസ്സിനെ പറ്റി ഓര്‍ത്തു.
പിന്നെ മോളുവിന്‍റെ അടുത്തു പോയി അവളെ കെട്ടിപിടിച്ചിരുന്നു.അല്പ നേരം.... അവളുടെ പിണക്കം പോയി എന്നു തോന്നി.
അവിടെ ഇരുന്ന്‍ അവള്‍ക്കൊപ്പം മയങ്ങി പോയി.
ഫോണ്‍ ബെല്ലടിക്കുന്നത് കേട്ടു ഉണര്‍ന്നു.
"ഹലോ."
"ഞാനാണ്."
മനസിന് ഭാരമില്ലാതെയായി,സണ്ണിയുടെ ഫോണ്‍.., രണ്ടാഴ്ച കൂടിയാണ് വിളിക്കുന്നത്. എന്നാലും പരിഭവം ഇല്ല. ശബ്ദം കേള്‍കുമ്പോള്‍ ഒരുപാട് ആശ്വാസം ഉണ്ട്.
"എന്തുണ്ട് വിശേഷം?"
"സുഖം തന്നെ."
"ഞാന്‍ വൈകുന്നേരം ജിദ്ദ യിലേക് പോകും,നാളെ ഒരു മീറ്റിങ് ഉണ്ട്.പിന്നെ വിളിക്കാം ."
"ഞാന്‍ മോളുവിനെ വിളിക്കാം അവളോടു സംസാരിക്കാണോ?"
"വേണ്ട.ഞാന്‍ പിന്നെ വിളിക്കാം .തിരക്കുണ്ട്."
പിന്നെ ഫോണ്‍ കട്ട് ചെയ്യുന്ന ശബ്ദം കേട്ടു.
തിരക്ക് എന്ന വാക്കിനെ എന്നോ വെറുക്കാന്‍ തുടങ്ങിയതാണ്. എന്നിട്ടും ജീവിതത്തില്‍ എല്ലാവര്‍ക്കും തിരക്കാണ്.പരസ്പരം മിണ്ടാന്‍ പോലും സമയമില്ലാത്ത വിധം തിരക്ക്.
കഴിഞ്ഞ വര്‍ഷം സണ്ണി അവധിയെടുത്ത് വന്നതാണ്.രണ്ടാഴ്ച മാത്രം ആയിരുന്നെങ്കിലും നല്ല രസമുള്ള ദിവസങ്ങള്‍ ..ആയിരുന്നു. മോളു ഒരുപാട് സന്തോഷിച്ചിരുന്നു. അവള്‍ക്ക് പപ്പയും ഒത്തു ഇങ്ങനെ കറങ്ങി നടക്കാന്‍ വലിയ ഇഷ്ടമാണ്.
ഒരു ദിവസം സണ്ണിയുടെ അടുത്തു ചേര്‍ന്ന് കിടന്നു കൊണ്ട് ചോദിച്ചു.
"ഇനി നമുക്ക് നാട്ടില്‍ എന്തെങ്കിലും ബിസ്സിനെസ്സ് തുടങ്ങി ഒരുമിച്ച് നിന്നു കൂടെ?"
"നോ .നിനക്കറിയില്ല ,.എന്‍റെ ജോബ് ,അതെനിക്ക് വളരെ പ്രധാനമാണ്.നിനക്കു പറഞ്ഞാല്‍ മനസ്സിലാവില്ല."
ഇത്രയും പറഞ്ഞു കട്ടിലില്‍ നിന്നെണീറ്റ് ജനാലകള്‍ തുറന്നു അയാള്‍ പുറത്തേക്ക് നോക്കി നിന്നു.പിന്നെ ഒരു സിഗറെറ്റ് ചുണ്ടുകള്‍ക്കിടയില്‍ വെച്ചു തീകൊളുത്തി. പിന്നെ ആലോചിച്ചു കൊണ്ട് കട്ടിയുള്ള വെളുത്ത പുകകള്‍ പുറത്തേക്ക് ഊതിവിട്ടു.കുട്ടിക്കാലം മുതല്‍ സിഗറേറ്റിന്‍റെ പുക അലര്‍ജി ആണ്.അത് സണ്ണിക്കറിയാം.എന്നാലും അറിയുന്നതായി ഭാവിക്കില്ല. രാത്രിയില്‍ കുറെ നേരം തുമ്മി ..കാരണം മുറിയില്‍ സിഗറേറ്റിന്‍റെ മണം നിറഞ്ഞു നിന്നിരുന്നു. തുമ്മുന്നത് ശ്രദ്ധിക്കാതെ സണ്ണി സുഖമായി ഉറങ്ങി. അപ്പോള്‍ സണ്ണി വളരെ സെല്‍ഫിഷ് ആണെന്ന് തോന്നി.
ആ അവധിക്കാലം കഴിഞ്ഞു സണ്ണി പോയി. യാത്ര പറഞ്ഞു പോയപ്പോള്‍ വെറുതെ നോക്കി നിന്നു. കണ്ണുകള്‍ നിറയാതിരിക്കാന്‍ ഒരുപാട് ശ്രമിച്ചു.എന്നിട്ടും...കണ്ണുകള്‍ക്ക് തീരെ അനുസരണ ഇല്ല എന്നു തോന്നി.
രണ്ടു മാസം കഴിഞ്ഞപ്പോള്‍ വല്ലാതെ പുറം വേദനിക്കുന്നതായി തോന്നി. ആദ്യം കാര്യമാക്കിയില്ല .പിന്നെ വേദന കൂടി കൂടി വന്നു.തല ചുറ്റുന്നത് പോലെ തോന്നിയപ്പോള്‍ ആശുപത്രിയില്‍ ചെന്നു കുറെ ടെസ്റ്റുകള്‍ നടത്തി..
ഡോക്ടര്‍ വളരെ ശാന്തനായി പറഞ്ഞു."ഗര്‍ഭിണി ആണ്." വളരെ സന്തോഷം തോന്നി. അടിവയറ്റില്‍ അറിയാതെ സ്പര്‍ശിച്ചു. ഒരു ജീവന്‍ തുടിക്കുന്നു. മോളു എപ്പോഴും പറയും ആണ്‍കുട്ടികളെ വലിയ ഇഷ്ടമാണെന്ന്.
"പക്ഷേ ,ചെറിയ പ്രോബ്ലം ഉണ്ട് സൂസന്‍,എക്ടോപിക് ആണ്. അബോര്‍ഷന്‍ വേണ്ടി വരും .ഇല്ലെങ്കില്‍ വളരെ അപകടം ആണ്."
തല ചുറ്റുന്നത് പോലെ തോന്നി.
വീട്ടില്‍ ചെന്നപ്പോള്‍ സണ്ണിയെ വിളിച്ചു.ഫോണ്‍ എടുക്കുന്നില്ല..ഒരാഴ്ച കഴിഞ്ഞു വിളിച്ചപ്പോള്‍ പറഞ്ഞു.
"നാളെ സര്‍ജറി ആണ്."
"എന്തു പറ്റി..?"
പിന്നെ കാര്യങ്ങള്‍ വിശദീകരിച്ചു.അപ്പോള്‍ പറഞ്ഞു.
"സാരമില്ല. എല്ലാം ശരി ആകും."
വയറ്റില്‍ വളരാന്‍ തുടങ്ങിയ കുഞ്ഞിനെ പറ്റി ഓര്‍ത്തു.അറിയാതെ തെറ്റായ സ്ഥാനത്ത് ജീവന്‍ കുരുത്തപ്പോള്‍ അതെന്തു തെറ്റ് ചെയ്തു.
ശസ്ത്രക്രിയ കഴിഞ്ഞു ആശുപത്രി മുറിയില്‍ കിടന്നപ്പോള്‍ ഒരുപാട് സങ്കടം തോന്നി. മോളുവിനെ മമ്മി വീട്ടില്‍ കൊണ്ടുപോയി..പകല്‍ സമയം അവള്‍ മമ്മിയുമൊത്ത് ആശുപത്രിയില്‍ വന്നു അടുത്തിരുന്നു കളിക്കും.പിന്നെ രാത്രി ആകുമ്പോള്‍ അവള്‍ മമ്മിയുമൊത്ത് പോകും. നാലു ദിവസം കഴിഞ്ഞു വീട്ടില്‍ പോയി.മമ്മി ഒരു മാസം വന്നു കൂടെ നിന്നു .
കുറെ മാസങ്ങള്‍ ലീവ് എടുത്തു.ശേഷം വീണ്ടും തിരികെ ജോലിക്ക് കയറി.പകരം കുട്ടികളെ പഠിപ്പിച്ച ഗസ്റ്റ് ടീച്ചര്‍ പുതിയ ആള്‍ ആയിരുന്നത് കൊണ്ടാവണം ..കുട്ടികള്‍ നല്ലവണ്ണം പരീക്ഷ എഴുതാതിരുന്നത്.
ചോറുണ്ട് കഴിഞ്ഞു വെറുതെ മയങ്ങിയപ്പോള്‍ ഉത്തര കടലാസുകള്‍ നോക്കുന്നത് സ്വപ്നം കണ്ടു. ചിലപ്പോള്‍ അങ്ങനെ ആണ് സ്വപ്നങ്ങള്‍ക്ക് പോലും സ്കൂളിന്‍റെ നിറം ആണ്.
പകല്‍ സ്വപ്നത്തിന്‍റെ നിഴലുകള്‍ ജീവിതത്തിന് മേല്‍ പറക്കുകയാണെന്ന് തോന്നി.
നാളെ ഞായര്‍ ആണെന്ന് ഓര്‍ത്തു.
രാവിലെ പള്ളിയില്‍ പോണം. പിന്നെയും പകല്‍സ്വപ്നങ്ങളിലേക്ക്....
--------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------
ദിവസങ്ങള്‍ കഴിഞ്ഞു.
ഇനി പരീക്ഷക്ക് നാല് മാസങ്ങള്‍..
സ്പെഷല്‍ ക്ലാസ്സുകള്‍ എടുക്കാന്‍ പ്രിന്‍സിപ്പാള്‍ നിര്‍ബന്ധിക്കുന്നു. അങ്ങനെ ആണെങ്കില്‍ ട്രയിന്‍ കിട്ടില്ല .അത് പറഞ്ഞാല്‍ പ്രിന്‍സിപ്പാള്‍ സമ്മതിക്കില്ല.കൂടുതല്‍ ടെന്‍ഷന്‍.,.പലപ്പോഴും വീട്ടില്‍ വരുമ്പോള്‍ മോളു തളര്‍ന്നിരിക്കും.ചിലപ്പോള്‍ രാത്രി ഒന്‍പത് അല്ലെങ്കില്‍ പത്ത്.
ഒരു ദിവസം വിളിച്ചപ്പോള്‍ സണ്ണി പറഞ്ഞു."സൂസന്‍,കോട്ടയത്ത് ഒരു വാടക വീട് നോക്കൂ.പരീക്ഷകള്‍ കഴിയുന്നിടം വരെ."
അത് നല്ല കാര്യം ആണെന്ന് തോന്നി. നാല് മാസത്തെ കാര്യമല്ലേ.
പിന്നെ സ്കൂളില്‍ നിന്നും ഏകദേശം അര കിലോമീറ്റര്‍ അകലെ ഒരു വീട് കണ്ടു.ഒരു കുഞ്ഞ് വീട്. രണ്ടു മുറികള്‍ ,പക്ഷേ നല്ല ഭംഗി ഉണ്ട്. ഉയര്‍ന്നു നില്ക്കുന്ന മുറ്റത്തു നിറയെ ചെടികള്‍ . നഗരത്തിന് നടുവില്‍ ആണെങ്കിലും നല്ല ശാന്തമായ സ്ഥലം. ആ വീട് എടുത്തു.
മമ്മി എപ്പോഴും പറയുമായിരുന്നു കോട്ടയത്ത് സ്കൂളിനടുത്തായി ഒരു വീട് നോക്കാന്‍. ഒന്നുമില്ലെങ്കിലും ഈ യാത്ര ഒഴിവാക്കാമല്ലോ. കുറച്ചു സാധനങ്ങള്‍ മാത്രമേ കൊണ്ട് വന്നുള്ളൂ.ബാക്കിയെല്ലാം അവിടെ തന്നെ ഇട്ടു വീട് പൂട്ടി.രണ്ടാഴ്ച കൂടുംപോള്‍ പോയി വീട് തുറന്നു മുറിയൊക്കെ അടിച്ചു വൃത്തിയാക്കണം.
വന്നപ്പോള്‍ തന്നെ വേണ്ട സാധനങ്ങള്‍ വീട്ടില്‍ അടുക്കി വെച്ചു. പുസ്തകങ്ങള്‍ എല്ലാം എടുത്തിരുന്നു. അത് ചെറിയ കബ്ബോര്‍ഡില്‍ ഭംഗിയായി അടുക്കി വെച്ചു. മോളുവിന് ആ ചെറിയ വീട് ഒത്തിരി ഇഷ്ടമായെന്ന് തോന്നി. അവള്‍ മുറ്റത്തു കൂടി ഓടി കളിച്ചു കൊണ്ടിരുന്നു.
രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ വളരെ അഡ്ജസ്റ്റ് ആയി.എല്ലാം കൊണ്ടും നല്ല സൌകര്യം ആണെന്ന് തോന്നി.
ഞായറാഴ്ച പള്ളിയില്‍ പോയി .പള്ളിയിലേക്കും നടക്കാവുന്ന ദൂരമേയുള്ളൂ. തിരികെ വന്നു കഴിഞ്ഞു എന്തെങ്കിലും ഒന്നു വായിക്കാം എന്നു കരുതി.
ആരോ ഗൈറ്റ് തുറക്കുന്ന ശബ്ദം കേട്ടു. ചെന്നു നോക്കിയപ്പോള്‍ നല്ല പരിചയമുള്ള മുഖം. അവന്‍ ചിരിച്ചു കൊണ്ട് അടുത്തേക്ക് നടന്നു വന്നു.
"സൂസന്‍ മിസ്സ് അല്ലേ,.?" അവന്‍ ചോദിച്ചു .
"അതേ"
"എന്നെ മനസ്സിലായില്ല എന്നു തോന്നുന്നു." ചിരി മായ്കാതെ അവന്‍ ചോദിച്ചു.
അവനെ നല്ല പരിചയം ഉണ്ടെന്ന് തോന്നി.
"എനിക്കറിയാം ,പക്ഷേ പേര് മറന്നു പോയി."
"വിനു .ഞാന്‍ രണ്ടു വര്‍ഷം മുന്‍പ് പാസ് ഔട്ട് ആയതാണ്."
"ഓഹ് വിനു ചെറിയാന്‍ ,.സോറി വിനു .ഞാന്‍ പെട്ടെന്ന്."
അവന്‍ അടുത്ത വീട്ടിലേക്ക് കൈചൂണ്ടി കൊണ്ട് പറഞ്ഞു
"അതാണ് എന്‍റെ വീട്. ഇവിടെ പുതിയ താമസക്കാര്‍ വന്നു എന്നറിഞ്ഞു .ഇന്ന് രാവിലെ നോക്കിയപ്പോള്‍ മിസ്സിനെ കണ്ടു .അപ്പോഴാണ് മനസ്സിലായത്."
അടുത്ത വീട് വളരെ വലുതായിരുന്നു.ആ വീടിന്‍റെ വശം മാത്രമേ കാണാന്‍ സാധിക്കൂ.അത് കൊണ്ട് തന്നെ അവിടേക്കു ശ്രദ്ധിക്കാറില്ലായിരുന്നു.
"ഇപ്പോള്‍ എന്തു ചെയ്യുന്നു വിനു.?"
"ഞാന്‍ ബയോടെക്നോളജി ആണ്.രണ്ടാം വര്‍ഷം."
"അത് വളരെ ഇന്‍ററസ്റ്റിങ് ആണല്ലോ.?"
"ഉം ,കുഴപ്പമില്ല."
"വിനു കയറി വരൂ,ഞാന്‍ ചായ എടുക്കാം." അവന്‍ അകത്തേക്ക് വന്നു. പിന്നെ വെറുതെ പുസ്തകങ്ങളിലൊക്കെ കണ്ണോടിച്ചു. അപ്പോള്‍ മോളു അടുത്തേക്ക് വന്നു.ചായയുമായി ചെന്നപ്പോള്‍ അവള്‍ അവനോടൊപ്പം കളിക്കുന്നത് കണ്ടു. അവള്‍ അങ്ങനെയാണ് , എല്ലാവരോടും വളരെ പെട്ടെന്ന് അടുക്കും. പിന്നെ വീട്ടില്‍ ആരെങ്കിലുമൊക്കെ വരുന്നത് അവള്‍ക്കിഷ്ടമാണ്.
ചായ കുടിക്കുന്നതിനിടയില്‍ അവന്‍ പറഞ്ഞു.
"ഞാന്‍ ഇവിടെ ഒറ്റക്കാണ് മിസ്സ്. പപ്പയും മമ്മിയും പുറത്താണ് . കഴിഞ്ഞ വര്‍ഷം വന്നിട്ട് പോയതാണ്.എല്ലാ വര്‍ഷവും വരും." അപ്പോഴും അവന്‍ ചിരിച്ചു.ഇറങ്ങാന്‍ നേരത്ത് അവന്‍ പറഞ്ഞു."സമയം കിട്ടുമ്പോള്‍ മിസ്സ് മോളുമായി അവിടേക്കു വരണം,"
"തീര്‍ച്ചയായും വരാം."
വിനു നല്ലവണ്ണം പഠിക്കുന്ന കുട്ടി ആയിരുന്നു. എപ്പോഴും ചിരിച്ചു കൊണ്ടിരിക്കും.ആരുമായും ഒരു ബഹളത്തിനും പോകില്ല.നല്ല മര്യാദക്കാരന്‍..,.വീട്ടില്‍ ധാരാളം പണം ഉണ്ട്, പക്ഷേ അവന് യാതൊരു അഹങ്കാരവും ഇല്ലായിരുന്നു. പണ്ട് അവന് കുട്ടികളുടെ മുഖം ആയിരുന്നു.ഇപ്പോള്‍ ഒരു വലിയ മുഖം ആണ്. കട്ടിയില്ലാത്ത മീശയും മുഖത്ത് അവിടെയും ഇവിടെയുമായി കുറ്റി രോമങ്ങളും ഉണ്ടായിരുന്നു.
അവനും ഒറ്റക്കാണെന്ന് തോന്നി. ചിലപ്പോള്‍ അല്ലായിരിക്കാം..
ശനിയാഴ്ച ചെങ്ങന്നൂര്‍ പോയി. വീടൊക്കെ വൃത്തിയാക്കി പിറ്റേന്ന് തിരിച്ചു വന്നു.
വൈകുന്നേരം വെറുതെ ഇരുന്നപ്പോള്‍ വിനുവിനെ ഓര്‍ത്തു. അവന്‍റെ വീട്ടില്‍ ചെല്ലാമെന്ന് പറഞ്ഞിട്ട് ഇതുവരെ ചെന്നില്ല. പോകാമെന്നു കരുതി. മോളുവിനെയും ഒരുക്കി അടുത്ത വീട്ടിലേക്ക് നടന്നു. ഗൈറ്റ് തുറന്നപ്പോള്‍ മുറ്റത്തു മുഴുവന്‍ ഉണങ്ങിയ ഇലകള്‍ വീണു കിടക്കുന്നത് കണ്ടു. ഒരു പാട് മരങ്ങള്‍ ഉള്ളത് കൊണ്ടാവണം.പിന്നെ തനിയെ ഒരു ആണ്‍ കുട്ടി താമസിക്കുമ്പോള്‍ മുറ്റം അടിച്ചു വൃത്തിയാക്കാനൊക്കെ മെനക്കെടുമോ.? വെറുതെ സംശയിച്ചു.
ബെല്ലടിച്ചപ്പോള്‍ അവന്‍ വാതില്‍ തുറന്നു.
"ആഹാ മിസ്സ് ആയിരുന്നോ..മോളുവും ഉണ്ടല്ലോ..? ഞാന്‍ ഇന്നലെ വന്നിരുന്നു,.പക്ഷേ ആരെയും കണ്ടില്ല."
"ഉം, ഞാന്‍ വീട്ടില്‍ പോയിരുന്നു."
വീടൊക്കെ അവന്‍ നല്ല ഭംഗിയായി സൂക്ഷിക്കുന്നുണ്ടെന്ന് തോന്നി. ടേബിള്‍ നിറയെ പുസ്തകങ്ങള്‍ തുറന്നു വെച്ചിരിക്കുന്നു. അവന്‍ പഠിക്കുകയായിരുന്നെന്ന് കണ്ടപ്പോള്‍ മനസ്സിലായി.
"വിനു സ്റ്റഡി ആയിരുന്നോ.?"
"ഇപ്പോള്‍ ചുമ്മാ തുറന്നതാണ്, പിന്നെ എന്‍റെ ഒരു ഫ്രണ്ട് വന്നിട്ടുണ്ട്.ഞങ്ങള്‍ ഒരുമിച്ചാണ് സ്റ്റഡി."
അപ്പോള്‍ അകത്തെ മുറിയില്‍ നിന്നും ഒരു പെണ്‍കുട്ടി ഇറങ്ങി വന്നു.
"ഇതെന്‍റെ ഫ്രണ്ട് ,പേര് ജൂലി ..ഇവിടെ ഹോസ്റ്റല്‍ ഇല്‍ ആണ് സ്റ്റേ ...ചിലപ്പോള്‍ ഇവിടെ വരും.കംപൈന്‍ സ്റ്റഡി."
അവള്‍ വളരെ മോഡേണ്‍ ആയിരുന്നു. ചിരിക്കുമ്പോള്‍ അവളുടെ ഭംഗിയുള്ള പല്ലുകള്‍ കാണാം. അവളുടെ വെള്ളാരംകണ്ണുകള്‍ തിളങ്ങിയിരുന്നു.
അല്പ സമയം അവരോടു സംസാരിച്ചിരുന്നു.
തിരികെ വീട്ടിലേക്ക് നടന്നപ്പോള്‍ അവരെ പറ്റി ഓര്‍ത്തു. ഇപ്പോള്‍ കുട്ടികള്‍ വളരെ സ്വാതന്ത്ര്യം ഉള്ളവരാണെന്ന് തോന്നി. അല്ലെങ്കില്‍ വെള്ളാരംകണ്ണുകള്‍ ഉള്ള സുന്ദരിയായ പെണ്‍കുട്ടി ഒരു ആണ്‍കുട്ടി തനിയെ താമസിക്കുന്ന വീട്ടില്‍ വന്നു പോകില്ലല്ലോ?
--------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------
പള്ളികഴിഞ്ഞു എല്ലാവരും പോയി.
അവിടെ കുറെ സമയം ചിലവഴിക്കണമെന്ന് തോന്നി. വലിയ കരിങ്കല്‍പടവുകളില്‍ ഇരുന്നപ്പോള്‍ കാറ്റാടിമരങ്ങളുടെ ഇലകളില്‍ തടയുന്ന കാറ്റ് ചൂളംവിളിക്കുന്നത് പോലെ തോന്നി. വൈകുംനേരങ്ങളിലെ നേര്‍ത്ത വെയിലിന്‍റെ ഇളം ചൂടില്‍ പകല്‍സ്വപ്നങ്ങള്‍ പിടിമുറുക്കുന്നത് പോലെ ..
മോളുവും വിനുവും താഴെ കരിങ്കല്‍ പടവുകള്‍ അവസാനിക്കുന്നിടത്ത് നില്‍ക്കുകയാണ്. അവളുടെ കൈകളില്‍ എന്തോ ഒന്നുണ്ട്. കൈകള്‍ മുറുക്കി അടച്ചു അതെന്താണെന്ന് വിനുവിനോടു ചോദിക്കുന്നു. അവന്‍ കൊച്ചു കുട്ടികളെ പോലെ ആലോചിച്ചു നില്ക്കുന്നത് കണ്ടപ്പോള്‍ ചിരി വന്നു.
പള്ളിയില്‍ പോകാന്‍ ഒരുങ്ങി ഇറങ്ങിയപ്പോള്‍ അവനെ കണ്ടതാണ് .അവനും പള്ളിയില്‍ വരുന്നു എന്നു പറഞ്ഞു. മൂന്നു പേരും കൂടി നടന്നപ്പോള്‍ അവന്‍ മോളുവിന്‍റെ വിരല്‍ത്തുമ്പ് പിടിച്ചിരുന്നു.
എത്ര പെട്ടെന്നാണ് അവള്‍ അവനുമായി അടുത്തത്. ഇപ്പോള്‍ അവനെ വലിയ ഇഷ്ടമാണ്. സ്കൂള്‍ വിട്ടു വരുമ്പോള്‍ തന്നെ വിനുവിന്‍റെ അടുത്തു പോകണം ,അവിടെയിരുന്ന് കളിക്കണം. വൈകുമ്പോള്‍ അവന്‍ വീട്ടില്‍ കൊണ്ട് വന്നു വീടും.പിന്നെ അല്‍പസമയം വര്‍ത്തമാനം പറയും. അവന് കൂടുതലും സയന്‍സിനെ പറ്റി സംസാരിക്കാനായിരുന്നു ഇഷ്ടം. ചിലപ്പോള്‍ അവന്‍ പറയുന്നത് കേട്ടിരിക്കാന്‍ താല്പര്യം തോന്നും. വിനു അടുത്തുള്ളത് ഭാഗ്യമാണെന്ന് തോന്നും കാരണം ജീവിതത്തില്‍ പഴയത് പോലെ വിരസത ഇല്ല. ഒന്നുമില്ലെങ്കിലും ,എന്തെങ്കിലും സംസാരിക്കാന്‍ ആരെങ്കിലുമുണ്ടല്ലോ .
ഒരു ദിവസം അവനോടു ചോദിച്ചു. ചോദിക്കണമെന്ന് വിചാരിച്ചതല്ല.
"ജൂലി എപ്പോഴും വീട്ടില്‍ വരുമോ?"
"എയ് ഇല്ല മിസ്സ്,അവള്‍ ആകെ രണ്ടു തവണയെ വന്നിട്ടുള്ളൂ. ചിലപ്പോള്‍ അവള്‍ക്ക് പഠിക്കുന്ന കാര്യത്തില്‍ സംശയങ്ങള്‍ ഉണ്ടാകും .ഞാന്‍ അത് ക്ലിയര്‍ ചെയ്യും." ഇത്രയും പറഞ്ഞിട്ട് അവന്‍ വീട്ടിലേക്ക് പോയി.
"പോകാം മമ്മി " മോളു ചോദിച്ചപ്പോള്‍ പകല്‍സ്വപ്നത്തില്‍ നിന്നും അടര്‍ന്ന് വീണു.
കരിങ്കല്‍ പ്പടവുകളില്‍ നിന്നെണീറ്റ് കൈകളില്‍ പറ്റിയ പൊടി തട്ടിക്കളഞ്ഞു കൊണ്ട് നടന്നു.
പകല്‍ മങ്ങി തുടങ്ങിയിരുന്നു. വീട്ടിലേക്ക് പോകും വഴി വഴികച്ചവടക്കാരുടെ തിരക്കാണ്.
വിനു വീട്ടില്‍ വന്നിട്ടാണ് പോയത്. ഇറങ്ങിയപ്പോള്‍ പറഞ്ഞു.
"മിസ്സ്, ഞാന്‍ എന്‍റെ ഒരു ബന്ധുവിന്റെ വീട്ടില്‍ പോകും. നാല് ദിവസം കഴിഞ്ഞേ വരൂ."
പിറ്റേന്ന് അവന്‍ പോയതില്‍ പിന്നെ വീട്ടിലേക്ക് വരാന്‍ ആരും ഉണ്ടായിരുന്നില്ല. ആകെ ഒറ്റപ്പെട്ടത് പോലെ വീണ്ടും തോന്നി. മോളുവിനും ആകെ വിഷമം ആയിരുന്നു. വിനുചേട്ടന്‍ എപ്പോള്‍ വരുമെന്ന് സദാസമയവും ചോദിച്ചു കൊണ്ടിരുന്നു.ആ ദിവസങ്ങളില്‍ സ്കൂളില്‍ നിന്നും വന്നു കഴിഞ്ഞു സന്ധ്യ മയങ്ങുംപോള്‍ അവന്‍റെ വീട്ടിലേക്ക് നോക്കുമായിരുന്നു. അവിടെ ആകെ ഇരുണ്ടു കിടന്നിരുന്നു.
നാല് ദിവസങ്ങള്‍ ഇഴഞ്ഞാണ് നീങ്ങിയത്. പകല്‍ സ്കൂളിന്‍റെ തിരക്കില്‍ നിന്നും ഭയന്നോടി വീട്ടിലെത്തുംപോള്‍ അവിടെ ഏകാന്തതയുടെ നിമിഷങ്ങള്‍ കാത്തിരിക്കുന്നുണ്ടായിരുന്നു.
നാലാം ദിവസം വൈകുന്നേരം വീട്ടിലേക്ക് നടന്നപ്പോള്‍ പതിവിലും കൂടുതല്‍ വേഗതയുണ്ടായിരുന്നു. മോളു ചോദിച്ചു കാരണം എന്താണെന്ന്.
വിനുചേട്ടന്‍ വന്നു കാണും എന്നു പറഞ്ഞപ്പോള്‍ അവള്‍ തുള്ളിച്ചാടുന്നുണ്ടായിരുന്നു.
പ്രതീക്ഷിച്ചത് പോലെ ഗൈറ്റ് തുറന്നപ്പോള്‍ അവന്‍ മുറ്റത്തു നില്‍പ്പുണ്ടായിരുന്നു. മനോഹരമായി ചിരിച്ചു കൊണ്ട്.
"വിനുചേട്ടന്‍ ഇല്ലാതിരുന്നത് കൊണ്ട് ഒരു രസവുമില്ലായിരുന്നു.അല്ലേ മമ്മി .?"
മോളു അവന്‍റെ കൈകള്‍ പിടിച്ചുകൊണ്ടു പറഞ്ഞു. അവന്‍ മുഖത്തേക്ക് നോക്കിയപ്പോള്‍ എന്തോ പോലെ തോന്നി.
അവന്‍ വന്നതിനു ശേഷം ദിവസങ്ങള്‍ വേഗത്തില്‍ വന്നുപോയി. അങ്ങനെ പരീക്ഷ അടുത്തപ്പോള്‍ സ്കൂള്‍ അടച്ചു. സ്റ്റഡി ഡൈസ് ആണ് കുട്ടികള്‍ക്ക്. വേഗത്തില്‍ പോര്‍ഷന്‍സ് തീര്‍ത്തു.സ്പെഷല്‍ ക്ലാസുകള്‍ എടുത്തു മനസ്സും ശരീരവും തളര്‍ന്നിരുന്നു. ഇനി ഒരാഴ്ച കഴിഞ്ഞു പോയാല്‍ മതി. വീട്ടില്‍ വന്നപ്പോള്‍ മനസ്സ് ശാന്തമായിരുന്നു.
മോളു വിനുവിനൊപ്പം പോയിരുന്നു. അവളുടെ പരീക്ഷകളൊക്കെ നേരത്തെ തീര്‍ന്നത് കാരണം മുഴുവന്‍ സമയവും വിനുവിനൊപ്പം ആണ്.കുറച്ചു സമയം കഴിഞ്ഞപ്പോള്‍ അവര്‍ രണ്ടു പേരും വന്നു. അവളുടെ കയ്യില്‍ കുറെ കടലാസുകള്‍ ഉണ്ടായിരുന്നു. കട്ടിയുള്ള ഡ്രോയിങ് കടലാസുകള്‍.,. അപ്പോഴാണ് വിനു നല്ലവണ്ണം ചിത്രങ്ങള്‍ വരക്കും എന്നു മനസ്സിലായത്..മോളു കടലാസുകള്‍ ചുരുളഴിച്ചു കാണിച്ചു. അവളില്‍ നിന്നും അത് വാങ്ങി നോക്കിയപ്പോള്‍ കണ്ണാടിയില്‍ നോക്കുന്നത് പോലെ തോന്നി. മോളു പറഞ്ഞു."ഇത് മുഴുവന്‍ മമ്മിയുടെ പടങ്ങള്‍ ആണ്..വിനുചേട്ടന്‍ വരച്ചതാ,."
ആ ചിത്രങ്ങളില്‍ ഒരു സ്ത്രീയുടെ ഹൃദയമാണ് അവന്‍ വരച്ചിരിക്കുന്നതെന്ന് തോന്നി. ഏകാന്തതയില്‍ അവളുടെ ഹൃദയം എപ്പോഴും തുടിക്കുന്നുണ്ടായിരുന്നു.
എത്ര ശ്രമിച്ചിട്ടും പുഞ്ചിരിക്കാന്‍ സാധിച്ചില്ല.
അവന്‍ മോളുവിനെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു. പിന്നെ ആരോടെന്നില്ലാതെ പറഞ്ഞു."മോളുവിന്‍റെ മമ്മി എത്ര സുന്ദരി ആണ്, അത് കൊണ്ടല്ലേ ഞാന്‍ പടം വരച്ചത്."
അറിയാതെ ചിരിച്ചു .അപ്പോള്‍ കൈകള്‍ കൊണ്ട് മുഖം മറയ്ക്കണം എന്നു തോന്നി.
അന്ന് വൈകുന്നേരം അവന്‍ ഏറെ വൈകിയിട്ടും ഇരുന്നു സംസാരിച്ചു. ചിലപ്പോള്‍ അവന്‍ മുഖത്തേക്ക് നോക്കുമ്പോള്‍ മുഖം കുനിഞ്ഞുപോകുമെന്ന് കരുതി.പിന്നെയും വൈകിയപ്പോള്‍ അസ്വസ്ഥത പോലെ. അവനോടു പറഞ്ഞു.
"ഇന്ന് പരീക്ഷകള്‍ക്ക് മുന്‍പുള്ള അവസാന ദിവസം ആയത് കൊണ്ട് ഭയങ്കര തിരക്കായിരുന്നു. ഉറക്കം വരുന്നുണ്ട്,"
"വീട്ടില്‍ ചെന്നിട്ടു ഒന്നും ചെയ്യാനില്ല. വെറുതെ മിസ്സിനോട് സംസാരിക്കാം എന്നു കരുതി."
"ഞാന്‍ ഉറങ്ങാന്‍ പോകുന്നു. പോകുമ്പോള്‍ വിനു വാതില്‍ അടച്ചേയ്ക്കൂ.ഞാന്‍ പിന്നെ പൂട്ടികൊള്ളാം."
ഇത്രയും പറഞ്ഞിട്ട് മുറിയിലേക്ക് നടന്നു.അവനൊപ്പം ഇരിക്കാന്‍ ധൈര്യം ഇല്ലായിരുന്നു.
അവന്‍ പിന്നെയും കുറെ സമയം അവിടെ ഇരുന്നു. പിന്നെ മുറിയുടെ വാതില്‍ക്കല്‍ വന്നു പറഞ്ഞു."മിസ്സ് ഞാന്‍ പോകുന്നു.വാതില്‍ അടച്ചു കൊള്ളൂ.."
മുറ്റത്തെ ചരലില്‍ കൂടി അവന്‍റെ കാലൊച്ചകള്‍ അകന്നുപോകുന്നത് കേട്ടു. അവന്‍റെ മനസ്സില്‍ എന്തൊക്കെയോ ആഗ്രഹങ്ങള്‍ ഉണ്ടെന്ന് തോന്നി.കതകിന് കുറ്റിയിട്ടു ഉറങ്ങാന്‍ ശ്രമിക്കുമ്പോളും മനസ്സ് പിടഞ്ഞു കൊണ്ടിരുന്നു.
വരച്ച ചിത്രങ്ങള്‍ അവിടെ വെച്ചിട്ടാണ് അവന്‍ പോയത് .അത് ഒന്നും കൂടി കാണണം എന്നു മനസ്സ് പറഞ്ഞു, എടുത്തു നോക്കി. അവന്‍ നിറങ്ങള്‍ കൊണ്ട് മായാജാലം തീര്‍ത്തതാണെന്ന് തോന്നി .
ജീവിതം ഒരു നൂല്‍പാലത്തില്‍ നില്‍ക്കുകയാണ്.അലക്ഷ്യമായി ആടിക്കൊണ്ട്.
--------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------
ജീവിതം നിറയെ സ്വപ്നങ്ങള്‍ മാത്രമായിരുന്നു. പ്രതീക്ഷയോടെ കണ്ടുറങ്ങി നേരം വെളുക്കുമ്പോള്‍ വിട പറയുന്ന സ്വപ്നങ്ങള്‍.,.എന്നിട്ടും ഹൃദയത്തിന്‍റെ പാളിയില്‍,ഏതോ ഒരു ഒഴിഞ്ഞ കോണില്‍ അല്പം ദൌര്‍ബല്യം പോലെ വീണ്ടുമൊരു മോഹം കയറി കൂടുന്നു. മനസ്സിന്‍റെ ബലം കുറഞ്ഞു അത് നേര്‍ത്തതാകുന്നു. തനിച്ചിരുന്ന ദിവസങ്ങളില്‍ വിറക്കുന്ന വിരല്‍തുംബുകളില്‍ കണ്ണീര്‍ തുള്ളികള്‍ വീണിരുന്നു. കാതുകള്‍ അകലെ നിന്നും വരുന്ന ശബ്ദത്തിന് വേണ്ടി ദാഹിച്ചിരുന്നു. നിശബ്ദമായി കണ്ണുകള്‍ ഫോണില്‍ നോക്കിയിരുന്നിരുന്നു. ഫോണ്‍ വല്ലപ്പോഴും ഒരിക്കല്‍ മാത്രം ശബ്ദിച്ചിരുന്നു. പിന്നെ ശബ്ദത്തിന്‍റെ ഒലികള്‍ വഴിവക്കിലെവിടെയോ വീണുടഞ്ഞു കൊണ്ടിരുന്നു. അപ്പോള്‍ ഒറ്റപ്പെട്ടു പോകുന്ന ഭയത്തെ വെറുത്തു തുടങ്ങി.
പ്രഭാതമായതറിയാതെയാണ് കണ്ണുകള്‍ തുറന്നത്.വീണ്ടുമൊരു പ്രഭാതം.
ആദ്യമായി വിനു വീട്ടിലേക്ക് വരരുതേ എന്നു ആഗ്രഹിച്ചു.വെറുതെ ..അവനോടു ദേഷ്യം ഒന്നുമില്ലായിരുന്നു. പക്ഷേ അവന്‍ വരുമെന്ന് ഉറപ്പായിരുന്നു. പതിവുപോലെ അവന്‍ വന്നു അവളെയും കൂട്ടിക്കൊണ്ടു പോയി. ഒന്നും സംസാരിച്ചില്ല.
വൈകുന്നേരം മോളു നിര്‍ബന്ധിച്ചപ്പോള്‍ പാര്‍ക്കില്‍ പോയി. തിരക്കില്ലാത്ത ദിവസം. പാര്‍ക്കില്‍ നിറയെ ആളുകള്‍.,.മോളു കുറെ കുട്ടികള്‍കൊപ്പം കളിക്കുന്നു.അടുത്തു നിന്നപ്പോള്‍ അവന്‍ ചോദിച്ചു .
"എന്തു പറ്റി മിസ്സ് ,ആകെ ഒരു ദുഖം പോലെ?"
"ഒന്നുമില്ല വിനു."
"പിന്നെ?"
"വിനു എന്‍റെ ചിത്രങ്ങള്‍ വരച്ചത് എനിക്കിഷ്ടമായില്ല..പിന്നെ ഞാന്‍ സുന്ദരി ആണെന്ന് പറഞ്ഞതും"
"സോറി മിസ്സ്.ഞാന്‍ അറിയാതെ,പിന്നെ മിസ്സിനോട് എനിക്കു വല്ലാത്തൊരു അഫ്ഫെക്ഷന്‍ തോന്നുന്നു."
അത് കേള്‍കേണ്ടിയിരുന്നില്ല.അപ്പോള്‍ മുഖം കൂടുതല്‍ ചുവന്നു.
"വിനു ഇനി വീട്ടിലേക്ക് വരരുത്."
വേഗത്തില്‍ ചെന്നു മോളുവിനെയും കൂട്ടി വീട്ടിലേക്ക് നടന്നു. വിനു പിന്നാലെ വന്നില്ല ..അവനാകെ പരിഭ്രമിച്ചിരുന്നു.
വീട്ടില്‍ ചെന്നു അല്പം കഴിഞ്ഞപ്പോള്‍ സണ്ണി വിളിച്ചു.
"എന്തുണ്ട് വിശേഷം ?"
"സുഖം"
"എന്നാണ് സ്കൂള്‍ അടക്കുന്നത്?"
"മാര്‍ച്ച് 30"
"മോളു..?"
"ഉറങ്ങി"
"ഞാന്‍ പിന്നെ വിളിക്കാം."
"സണ്ണി, എനിക്കൊരു കാര്യം പറയാനുണ്ട്.?"
"എന്താ? പറയൂ"
"എനിക്കു സണ്ണിയെ കാണണം ."
"എന്താ പെട്ടെന്ന്.?"
"മനസ്സിന് ഒരു സുഖമില്ല."
"വെറുതെ ഓരോന്ന് ആലോചിച്ചു കൂട്ടിയിട്ടാ.."
"അല്ല ..എന്‍റെ വിഷമങ്ങള്‍ ...?"
"നിനക്കെന്താണ് ഇത്ര ദുഖം.,ഞാന്‍ കഷ്ടപ്പെടുന്നില്ലേ ...അത് നമ്മുടെ മോള്‍ക്ക് വേണ്ടിയും നിനക്കു വേണ്ടിയും അല്ലേ..? ഞാന്‍ ജോലി ഉപേക്ഷിച്ചു നാട്ടില്‍ വന്നു നില്‍ക്കണം അതാണ് വേണ്ടതെങ്കില്‍ നടക്കില്ല .."
ഫോണ്‍ കട്ട് ചെയ്ത ശബ്ദം ..
അപ്പോള്‍ കണ്ണുകള്‍ നിറഞ്ഞിരുന്നു.
------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------
രാത്രിയില്‍ മഴ ചാറുന്നുണ്ട്. കണ്ണുകള്‍ തുറന്നു സമയം നോക്കി ,മോളു നല്ല ഉറക്കമാണ്.ശബ്ദമുണ്ടാക്കാതെ ഇറങ്ങി നടന്നു. നേര്‍ത്ത മഴത്തുള്ളികള്‍ വീണപ്പോള്‍ ഹൃദയഭിത്തികള്‍ക്ക് വേഗത കൂടി വിറച്ചു. കാല്‍വിരലുകള്‍ തട്ടി ചരലുകള്‍ തെറിക്കുന്നത് അറിഞ്ഞു.അപ്പോള്‍ അവന്‍ വാതില്‍ തുറന്നിട്ടിരുന്നു. അകത്തു കടന്നപ്പോള്‍ ശബ്ദമുണ്ടാക്കാതെ വാതില്‍ ചാരി.
ഞെട്ടിയുണര്‍ന്നപ്പോള്‍ അതൊരു സ്വപ്നമായിരുന്നെന്ന് കരുതാന്‍ പ്രയാസം തോന്നി. പതിവായി കാണുന്ന ദുസ്വപ്നം. പിന്നെ മോളുവിനെ നെഞ്ചോട് ചേര്‍ത്ത് കിടത്തിയുറങ്ങി.
പിന്നെ ഒരു രാത്രിയില്‍ ..പിടയ്ക്കുന്ന മനസ്സോടെ..വേഗത്തില്‍ നടന്നു.. മനസ്സ് പായുകയാണ്..ഒരു കുതിരയുടെ വേഗത്തോടെ..ദൂരെ നിന്നും വരുന്ന ശബ്ദം വഴിവക്കില്‍ വീണുടഞ്ഞ യാഥാര്‍ത്ഥ്യം മാത്രം ആണ്.അത് എപ്പോഴേ നഷ്ടപ്പെട്ടു പോയിരിക്കുന്നു. പിന്നെ ഇപ്പോള്‍ ജീവിതം മോഹങ്ങള്‍ മാത്രമാണ്. ചില നിമിഷങ്ങള്‍ക്ക് വേണ്ടി മാത്രം ജീവന്‍ വെയ്ക്കുന്ന മോഹങ്ങള്‍...,..വാതില്‍ ചാരി കിടക്കുകയായിരുന്നു..അകത്തു കയറിയപ്പോള്‍. വെള്ളാരംകണ്ണുള്ള സുന്ദരിയുടെ ചിരികള്‍ കേട്ടു. അവനൊപ്പം അവള്‍ ഉണ്ട്. അവര്‍ സംസാരിക്കുന്നത് കേട്ടു. അപ്പോള്‍ മനസ്സിലായി..അവള്‍ അവന്‍റെ സുഹൃത്ത് മാത്രമല്ല.
ഇരുട്ട് വീണു കിടന്ന മുറ്റത്തു കൂടി തിരികെ നടന്നപ്പോള്‍ ആരും കാണരുതേ എന്നായിരുന്നു പ്രാര്‍ത്ഥന.
------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------
പരീക്ഷകള്‍ തീര്‍ന്നു .
ഇനി ഇവിടെ നില്‍ക്കുന്നില്ല എന്നു തീരുമാനിച്ചു. മുന്‍പ് തീരുമാനിച്ച പോലെ കോട്ടയത്തെ വീട് ഒരു താല്കാലികമായ മാറ്റം തന്നെ ആയിരുന്നു. കുറെ മാസങ്ങള്‍ താമസിക്കാന്‍ വേണ്ടി മാത്രം. ഇനി ഇങ്ങോട്ട് തിരികെ വരുന്നില്ല. വീട് പൂട്ടി താക്കോല്‍ ഉടമസ്ഥന് കൊടുത്തു. പിന്നെ മോളുവുമൊത്ത് റെയില്‍വേ സ്റ്റേഷനിലേക്ക് നടന്നു. വിനു വരച്ച ചിത്രങ്ങള്‍ ആ വീട്ടില്‍ എവിടെയോ കിടപ്പുണ്ടായിരുന്നു.
അടുത്ത വര്‍ഷം ചെങ്ങന്നൂര്‍ ഉള്ള സ്കൂളിലേക്ക് ട്രാന്‍സ്ഫെര്‍ വാങ്ങി.ജീവിതം പതിവുപോലെ തന്നെ..
സ്കൂള്‍ ,,,കുട്ടികള്‍,, പരീക്ഷകള്‍ വന്നു പൊയ്കൊണ്ടിരുന്നു.
പിന്നെ ഒരു ദിവസം ഫോണ്‍ വന്നു.
"ഞാനാണ് "
"ഉം"
"അടുത്ത മാസം വരുന്നു."
"എത്ര നാള്‍ "
" പത്തു ദിവസം."
പത്തു ദിവസത്തെ അവധിക്കാലം ..സണ്ണി വരുന്നു. തിരക്കില്‍ നിന്നും ...കുറച്ചു ഒഴിവ് ദിനങ്ങള്‍.. ആഘോഷിക്കാന്‍...,..വന്നിട്ട് പോകുമ്പോള്‍ ഒരുപാട് നൊമ്പരങ്ങള്‍ ബാക്കിയാകും.
എങ്കിലും അയാള്‍ തിരിച്ചു പോകും..
പിന്നെയും ജീവിതം നൂല്‍പാലങ്ങളില്‍ കൂടി ഇഴഞ്ഞു നീങ്ങും.
Subscribe to:
Post Comments (Atom)
No comments:
Post a Comment