Friday, 9 March 2012
ചിറകുകള്‍ മുളക്കാത്ത പക്ഷികള്‍..........
അതൊരു വേനല്‍ക്കാലമായിരുന്നു. പൊള്ളുന്നചൂടില്‍ , നഗരത്തിലെ തിരക്കിലൂടെ ഞാന്‍ ഡ്രൈവ് ചെയ്തു. ട്രാഫിക് നിയമങ്ങള്‍ എല്ലാവരും കാറ്റില്‍ പറത്തിയപ്പോള്‍ ഞാന്‍ വളരെ ബുദ്ധിമുട്ടി. അക്ഷമനായി സ്റ്റിയറിങ്ങില്‍ കൈകള്‍ അമര്‍ത്തി ഹോണ്‍ മുഴക്കുമ്പോള്‍. എന്‍റെ മനസ്സ് അസ്വസ്ഥമായിരുന്നു. കേട്ടതൊന്നും സത്യമല്ല യെന്ന് മനസ്സ് പറഞ്ഞു. എന്‍റെ കാര്‍ ചുട്ടുപൊള്ളുകയാരുന്നു. എ/സി പ്രവര്‍ത്തിച്ചിട്ടും ചൂടുകൊണ്ടു ശ്വാസം മുട്ടുന്നത് പോലെ തോന്നി. ഞാനാകെ വിയര്‍ത്ത് കുളിച്ചിരിക്കുന്നു. വണ്ടി നിര്‍ത്തി സ്വല്പം വെള്ളം കുടിക്കണമെന്ന് തോന്നി.പക്ഷേ..മനസ്സ് അനുവദിച്ചില്ല.എത്രയും പെട്ടെന്ന് എനിക്കു ഹോസ്പിറ്റലില്‍ എത്തണമായിരുന്നു.. ഞാന്‍ തിരക്കിലൂടെ അക്ഷമനായി വണ്ടിയോടിച്ചു.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതുപോലെ ഒരു വേനല്‍ക്കാലത്താണ് ഞാന്‍ അച്ചുവിനെ ആദ്യമായി കാണുന്നത്. കൃത്യമായി പറഞ്ഞാല്‍ പന്ത്രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ്..അന്നവന്‍ എട്ട് വയ്സ്സുള്ള കുട്ടിയായിരുന്നു. കോളേജില്‍ നിന്നു, വിശന്നു തളര്‍ന്ന് വീട്ടിലെത്തിയപ്പോള്‍ അമ്മ ദോശ ഉണ്ടാക്കുകയാരുന്നു. അമ്മേ വിശക്കുന്നു എന്നു പറഞ്ഞു അകത്തെ മുറിയിലേക്ക് നോക്കിയപ്പോള്‍ അച്ചു ഇരുന്നു ടി.വി കാണുകയാരുന്നു. വെളുത്ത് മെലിഞ്ഞ ഒരു പയ്യന്‍ ..മുടി പറ്റവെട്ടിയ, എല്ലുകള്‍ ഉന്തിയ മുഖം, അവന്‍റെ കണ്ണുകള്‍ ആകെ ക്ഷീണിച്ചു തളര്‍ന്നിരുന്നു. മീനിന്‍റെ കണ്ണുകള്‍ പോലെ.
" ഏതാ അമ്മേ ഈ ചെക്കന്‍ ?" ഞാന്‍ ചോദിച്ചു..
" അടുത്ത വീട്ടിലെ പുതിയ താമസക്കാരാണ്. അവിടുത്തെ ചേച്ചി കടയില്‍ പോയപ്പോള്‍ ഇവിടെ ആക്കിയിട്ടു പോയതാ ...ഇപ്പോള്‍ വരും." അമ്മ പറഞ്ഞു.
ഞാന്‍ അവന്‍റെ മുഖത്തേക്ക് നോക്കി. ഞങ്ങള്‍ പറയുന്നത് ശ്രദ്ധിക്കാതെ അവന്‍ ടി.വി യില്‍ കാര്‍ട്ടൂണ്‍ കാണുകയാരുന്നു.
അന്ന് ഞങ്ങള്‍ ഒരുമിച്ച് ദോശ കഴിച്ചു..അവനു നല്ലവണ്ണം വിശക്കുന്നുണ്ടാരുന്നു എന്നു എനിക്കു തോന്നി. സന്ധ്യയായപ്പോള്‍ അവന്‍റെ അമ്മ വന്നു അവനെ കൂട്ടികൊണ്ടു പോയി.
അവന്‍റെ അമ്മ സുഭദ്രചേച്ചിയും ഞങ്ങളുടെ വീടും തമ്മില്‍ വളരെ പെട്ടെന്നാണ് അടുത്തത്. എപ്പോഴും ഞങ്ങളുടെ വീട്ടില്‍ വരും. ചേച്ചി നല്ലവണ്ണം കറികള്‍ വെയ്ക്കുമായിരുന്നു. ചിലപ്പോഴൊക്കെ അതെനിക്ക് കൊണ്ടുവന്നു തരും..സത്യം പറഞ്ഞാല്‍ അമ്മ ഉണ്ടാക്കുന്ന കറികളേക്കാള്‍ സ്വാദ് സുഭദ്രചേച്ചിയുടെ കറികള്‍ക്കായിരുന്നു. ഒരു ദിവസം അമ്മയാണ് പറഞ്ഞത് സുഭദ്രചേച്ചിയുടെ ഭര്‍ത്താവ് അവരുമായി പിരിഞ്ഞെന്നും ഇപ്പോള്‍ നോര്‍ത്ത് ഇന്ത്യയില്‍ ഏവിടോ ആണെന്നും. ഇത്രയും നല്ല ഒരു സ്ത്രീയെ ഉപേക്ഷിക്കാന്‍ അയാള്‍ക്കെങ്ങനെ കഴിഞ്ഞെന്ന് ഞാന്‍ ചിലപ്പോളൊക്കെ ആലോചിക്കുമായിരുന്നു.
അച്ചു എപ്പോളും ടി.വി കാണാന്‍ വരുമായിരുന്നു.പിന്നെ ഞാന്‍ ലൈബ്രറിയില്‍ നിന്നും എടുക്കുന്ന പുസ്തകങ്ങളൊക്കെ വായിച്ചു നോക്കും.മിണ്ടാന്‍ തുടങ്ങിയപ്പോള്‍ അവന്‍ വളരെ മിടുക്കനാണെന്നും, അവന്‍റെ പ്രായത്തിലുള്ള കുട്ടികളെക്കാള്‍ അറിവുണ്ടെന്നും എനിക്കു മനസ്സിലായി. എന്‍റെ ക്രിക്കെറ്റ് ബാറ്റ് എടുത്തു ചിലപ്പോള്‍ ആക്ഷന്‍ കാണിക്കുന്നത് കാണുംപോള്‍ ചിരി വരുമായിരുന്നു.
അവന്‍ നല്ലവണ്ണം പഠിക്കുന്ന കുട്ടിയായിരുന്നു .
" എന്‍റെ അച്ചു വലുതാകുമ്പോള്‍ എന്‍റെ കഷ്ടപ്പാടുകളെല്ലാം തീരും" സുഭന്ദ്രചേച്ചി എപ്പോഴും പറയുമായിരുന്നു.
ദിവസങ്ങള്‍ കൊണ്ട് ഞങ്ങള്‍ ഒരു കുടുംബം പോലെയായി.
എല്ലാദിവസവും അമ്മയുമൊത്ത് അമ്പലത്തില്‍ പോകാന്‍ ചേച്ചി വരുമായിരുന്നു.അപ്പോള്‍ ഞാനും അച്ചുവും കൂടി ചെസ്സ് കളിക്കുമായിരുന്നു.പലപ്പോഴും അവനു മുന്നില്‍ ഞാന്‍ തോക്കുമായിരുന്നു.
വര്‍ഷങ്ങള്‍ കടന്നുപോയി..
ഒരു ദിവസം രാവിലെ സുഭദ്ര ചേച്ചി സന്തോഷത്തോടെ എന്‍റെ മുറിയിലേക്കൊടി വന്നു.
"അച്ചുവിന്റെ റിസല്‍റ്റ് വന്നു. റാങ്ക് ഉണ്ട്."
"ഉവ്വോ..?"
"ഉം ,എന്‍റെ പ്രാര്‍ഥന ദേവി കേട്ടു." ഇത് പറഞ്ഞപ്പോള്‍ സുഭദ്രചേച്ചിയുടെ കണ്ണുകള്‍ നിറയുന്നത് ഞാന്‍ കണ്ടു.
ജീവിതത്തിലെ കഷ്ടപ്പാടുകളിലും ഏകാന്തതയിലും അച്ചുവെന്ന പ്രതീക്ഷ അവര്‍ക്കുണ്ടായിരുന്നു.
ഞാന്‍ അവനെ കണ്ടപ്പോള്‍ അവന്‍ പറഞ്ഞു." കണക്കിന് മാര്‍ക് കുറഞ്ഞുപോയി ചേട്ടാ ..ഇല്ലെങ്കില്‍ പത്രത്തില്‍ പടം വരുമായിരുന്നു."
എനിക്കു ചിരി വന്നു." ഇനി രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം പ്ലസ് ടുവിന്‍റെ റിസല്‍റ്റ് വരുമ്പോള്‍ ട്രൈ ചെയ്യാം." ഞാന്‍ പറഞ്ഞു.
കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം ജോലിയൊക്കെ ശരിയായി ഞാന്‍ കല്‍കട്ടയിലേക്ക് പോയി.
കല്‍കട്ടയിലെ തിരക്ക് പിടിച്ച ജീവിതത്തില്‍ ഞാന്‍ കുറെയൊക്കെ മാറി.ആഴ്ചയിലൊരിക്കല്‍ വീട്ടിലേക്ക് വിളിക്കുമ്പോള്‍ അമ്മ നാട്ടുവിശേഷങ്ങളൊക്കെ പറയുമായിരുന്നു.
ജോലിയുടെ ടെന്‍ഷനും സമയക്കുറവും..ജീവിതം യാന്ത്രികമാകുന്നത് ഞാന്‍ അറിഞ്ഞു.
രണ്ടു വര്‍ഷങ്ങള്‍ പെട്ടെന്ന് പോയി ..
ഫോണ്‍ വിളിച്ചപ്പോള്‍ അമ്മ പറഞ്ഞു " അച്ചുവിന്‍റെ ഫോട്ടോ പത്രങ്ങളിലൊക്കെ വന്നു അവന് പ്ലസ് ടുവിനു റാങ്ക് ഉണ്ട് "
എനിക്കു സന്തോഷം തോന്നി... ഒരുപാടൊരുപാട്..അപ്പോള്‍ ഞാന്‍ സുഭദ്ര ചേച്ചിയുടെ കണ്ണുകള്‍ നിറയുന്നത് കണ്ടു. പാവം..
അവനു താമസിയാതെ എഞ്ചിനീറിങ്ങിനു അഡ്മിഷന്‍ കിട്ടി.
ഞാന്‍ നാട്ടില്‍ അവധിക്കു പോയപ്പോള്‍,വീട്ടില്‍ ചെന്ന ഉടനെ അച്ചുവിന്‍റെ വീട്ടിലേക്ക് പോയി. അവിടുന്നാണ് ചോറുണ്ടത്. കുറെ നേരം നോക്കിയിരുന്നിട്ടും അച്ചു വന്നില്ല..അപ്പോള്‍ സുഭദ്ര ചേച്ചി പറഞ്ഞു."നിനക്കു ക്ഷീണം കാണും ,അവന്‍ കൂട്ടുകാരുമൊത്ത് എവിടെങ്കിലും പോയതാരിക്കും. വരുമ്പോള്‍ ഞാന്‍ അവിടേക്കു വരാന്‍ പറയാം."
പക്ഷേ അന്ന് രാത്രി വൈകിയും അവന്‍ വീട്ടില്‍ വന്നില്ലായിരുന്നു.
അമ്മ പറഞ്ഞു." അവന്‍ നീ പോയതില്‍ പിന്നെ ഇവിടേക്കൊന്നും വരാറില്ല ..ബൈക്ക് വാങ്ങിച്ചു കൊടുക്കാന്‍ പറഞ്ഞു ഭയങ്കര ബഹളമാരുന്നു ഈയിടക്ക് .ഒടുവില്‍ സുഭദ്ര ലോണ്‍ എടുത്തു ഒരെണ്ണം വാങ്ങി കൊടുത്തു..അവന് ടൌണില്‍ ഒരുപാട് കൂട്ടുകാരുണ്ടത്രേ.."
രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ അവനെ ഞാന്‍ കണ്ടു..മുടിയൊക്കെ നീട്ടി വളര്‍ത്തി..ഒരു ചെവിയില്‍ കമ്മലുമിട്ട്,ഊശാന്‍ തടിയും വെച്ച ഒരു യുവാവായി അവന്‍ മാറിയിരിക്കുന്നു.
എന്നെ കണ്ടപ്പോള്‍ അവന്‍ പറഞ്ഞു."ഹായി ..ബ്രോ ..വന്നുവെന്ന് അമ്മ പറഞ്ഞു..അവിടേക്കു വരാന്‍ പറ്റിയില്ല ..ലൈഫൊക്കെ എങ്ങനെ.?.പിന്നെ കാണാം ഫ്രണ്ട്സ് വെയിറ്റ് ചെയ്യുന്നു.." ഇത്രയും പറഞ്ഞു അവന്‍ ബൈക് സ്റ്റാര്‍ട്ട് ചെയ്തു വേഗത്തില്‍ പോയി.
പിന്നെ ഒരു ദിവസം ഞാന്‍ ടൌണില്‍ വെച്ചു അവനെ കണ്ടു..അവന്‍റെ ബൈകിന് പുറകില്‍ ഒരു പെണ്‍കുട്ടിയും ഉണ്ടായിരുന്നു. എന്നെ കണ്ടപ്പോള്‍ അവന്‍ അടുത്തു വന്നു.." എന്തുണ്ട് വിശേഷം? എപ്പോളാ തിരികെ പോകുന്നത്.?"
"അടുത്ത ആഴ്ച" ഞാന്‍ പറഞ്ഞു. പെട്ടെന്ന് യാത്ര പറഞ്ഞു അവന്‍ പോയി.
അവനെന്താ ഇത്രയൊക്കെ തിരക്കെന്ന് ഞാന്‍ അത്ഭുതപ്പെട്ടു. പിന്നെ ടൌണില്‍ കട നടത്തുന്ന എന്‍റെ ഒരു സുഹൃത്താണ് പറഞ്ഞത്..അച്ചു ടൌണില്‍ വളരെ പ്രശസ്തനാണെന്നും..ഒരു ഗാങ്ങിന്റെ ലീഡര്‍ ആണെന്നുമൊക്കെ..എനിക്കൊന്നും മനസ്സിലായില്ല.പിന്നെയാണ് ഞാന്‍ അറിഞ്ഞത് അവന്‍റെ ഗാങ്ങിന്റെ പേര് നൊട്ടോറിയസ് റൈഡേര്‍സ് എന്നാണെന്നും..സ്റ്റണ്ടിങ് ആണ് അവന്‍റെ പ്രധാന വിനോദമെന്നും.
ഒരു പ്രദര്‍ശനത്തിന് അവന്‍റെ പ്രതിഫലം ആയിരക്കണക്കിന് രൂപയായിരുന്നു..
ഇതെല്ലം നിര്‍ത്തി,,പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ അവനോടു പറയണമെന്നുണ്ടായിരുന്നു..പക്ഷേ ഞാന്‍ പറഞ്ഞില്ല ..പിന്നെ സുഭദ്ര ചേച്ചിയുടെ കാര്യമോര്‍ത്തപ്പോള്‍ എനിക്കു സങ്കടം വന്നു.
ഞാന്‍ അവധി കഴിഞ്ഞു തിരികെ കല്‍കട്ടയിലേക്ക് പോയി.
പിന്നെയൊരു ദിവസം വീട്ടിലേക്ക് വിളിച്ചപ്പോള്‍ അമ്മ പറഞ്ഞു..അച്ചുവിനെ പോലീസ് പിടിച്ചെന്നും അവന്‍ ആരൊക്കെയോ ആയി വഴക്കുണ്ടാക്കിയെന്നുമൊക്കെ..
എനിക്കത് വിശ്വസിക്കാന്‍ പറ്റിയില്ല..കാരണം..എന്‍റെ മനസ്സില്‍ ക്ഷീണിച്ച മുഖമുള്ള,മുടി പറ്റവെട്ടിയ ഒരു കുഞ്ഞു കുട്ടിയാരുന്നു അച്ചു..ഞാന്‍ സുഭദ്രചേച്ചിയെ ഓര്‍ത്തു ..പാവം...
കല്‍കട്ടയിലെ ജീവിതം മതിയാക്കി ഞാന്‍ നാട്ടില്‍ തിരികെ ചെന്നു..എന്തോ..ഞാന്‍ അച്ചുവിന്‍റെ വീട്ടില്‍ പോയില്ല..അവനെ കണ്ടുമില്ല.
അപ്പോള്‍ അമ്മ പറഞ്ഞു..അവന്‍ ഇപ്പോള്‍ അങ്ങനെ വീട്ടില്‍ വരാറില്ല ..ഒന്നോ രണ്ടോ മാസം കൂടുംപോള്‍ വരും.പിന്നെ ...അവന്‍റെ കാര്യം ഓര്‍ക്കുമ്പോള്‍ സുഭദ്രക്ക് കരച്ചിലാണ്..അപകടം പിടിച്ച വഴിയാണ് അവന്‍ നടക്കുന്നത്."
ഞാന്‍ സുഭദ്രചേച്ചിയെ കണ്ടു..അവരാകെ ക്ഷീണിച്ചിരിക്കുന്നു..എന്നോടു പറഞ്ഞു."അച്ചുവിന് വേഗം പണമുണ്ടാക്കണം അത്രേ..അവന്‍ പഠിക്കാന്‍ പോകുന്നില്ല. പകരം..ബൈകില്‍ സര്‍കസ് കാണിച്ചും..കാശു വാങ്ങി..തല്ലാനും കൊല്ലാനുമൊക്കെ പോകും." എന്തു മറുപടി പറയണമെന്ന് എനിക്കറിയില്ലായിരുന്നു..
അവന്‍ ഉയരങ്ങളിലെത്താന്‍ ആഗ്രഹിക്കുന്ന ഒരു മനുഷ്യനാണ്.പക്ഷേ അവന്‍ തെറ്റുകളില്‍ നിന്നും തെറ്റുകളിലേക്ക് സഞ്ചരിക്കുകയാണെന്ന് എനിക്കു തോന്നി.
അവന്‍ ഉയര്‍ന്നു പറക്കുമ്പോള്‍ ചിറകുകള്‍ കുഴഞ്ഞ് താഴെ വീഴുമോയെന്ന് ഞാന്‍ ഭയപ്പെട്ടു.
എന്‍റെ ഭയം വെറും തോന്നലാണെന്ന് വിശ്വസിച്ചു ഞാന്‍ ആശ്വസിച്ചു.
ഇന്ന് ഞാന്‍ ജോലികഴിഞ്ഞു വീട്ടിലെത്തിയപ്പോള്‍ അമ്മ ആകെ പരിഭ്രമിച്ചിരിക്കുന്നത് കണ്ടു. എന്നെ കണ്ടതും അമ്മ പറഞ്ഞു.." അച്ചുവിനെന്തോ അപകടം പറ്റി..നീ വേഗം ഹോസ്പിറ്റലില്‍ ചെല്ലണം..സുഭദ്ര ഒന്നുമറിഞ്ഞിട്ടില്ല..ഇവിടെക്കാണ് ഫോണ്‍ വന്നത്..സീരിയസ് ആണ്."
ഞാന്‍ ആകെ ഭയന്നു..ഹോസ്പിറ്റലിലേക്ക് തിരികെ ഫോണ്‍ ചെയ്തു..ശരിയാണ് ..അച്ചു ബൈക് ആക്സിഡെന്‍റില്‍ പരുക്കേറ്റു തീവ്ര പരിചരണ വിഭാഗത്തിലാണ്..ഞാന്‍ ഉടനെ പുറപ്പെട്ടു.
കാറില്‍ ഇരിക്കുമ്പോള്‍ എന്‍റെ തൊണ്ട വറ്റി വരളുന്നതായി തോന്നി. അവന് കുഴപ്പമൊന്നും ഉണ്ടാകല്ലേ...അപ്പോളും സുഭദ്ര ചേച്ചിയുടെ ദയനീയ മുഖം എന്‍റെ മനസ്സില്‍ വന്നു..അവനു വല്ലതും സംഭവിച്ചാല്‍ പിന്നെ അവര്‍ക്കാരുമില്ല.
തിരക്കേറിയ വഴിയിലൂടെ വണ്ടിയോടിച്ച് ഞാന്‍ ഹോസ്പിറ്റലില്‍ എത്തി.
വാര്‍ഡിന് മുന്നില്‍ നിന്നപ്പോള്‍ ആരോ പറഞ്ഞു."ആ അപകടത്തില്‍ മരിച്ച പയ്യന്‍റെ ബന്ധുവാണെന്ന് തോന്നുന്നു." അപ്പോള്‍ കണ്ണില്‍ ഇരുട്ട് കയറുന്നത് പോലെ തോന്നി..
പിന്നെ ഞാന്‍ അവനെ കണ്ടു.കണ്ണുകള്‍ അടച്ചു തലയില്‍ രക്തം നനഞ്ഞൊലിക്കുന്ന കെട്ടുമായി നിശ്ചലനായി അവന്‍ കിടന്നു. അവന്‍റെ കൈയില്‍ ഞാന്‍ തൊട്ടു..ആകെ തണുത്തു മരവിച്ചിരിക്കുന്നു.
ഞാന്‍ ഭയന്നത് പോലെ അവന്‍റെ ചിറകുകള്‍ കുഴഞ്ഞ് അവന്‍ താഴെ വീണിരിക്കുന്നു.
പിന്നില്‍ നിന്നു ഡോക്ടറിന്‍റെ ശബ്ദം."ഹെഡ് ഇഞ്ചുറി ആണ്..ഞങ്ങള്‍ ഒരുപാട് ശ്രമിച്ചു ..പക്ഷേ.."
പിന്നെ അവന്‍റെ ഫ്രെണ്ട്സ് പറഞ്ഞു.."സ്റ്റണ്ടിങ് ചെയ്യുമ്പോള്‍ അവനു ആദ്യമായാണ് അപകടം പറ്റിയത് പക്ഷേ..അവന്‍ പോയി.."
അവന്‍റെ വീടിന്‍റെ മുറ്റത്തു അവന്‍ അനക്കമില്ലാതെ,ആള്‍കൂട്ടത്തിന് നടുവില്‍ കിടന്നു...എങ്ങും നിശബ്ദത തളം കെട്ടി നിന്നു ..സുഭദ്രചേച്ചിയുടെ തേങ്ങല്‍ മാത്രം..കേള്‍ക്കാം.ഒരു തൂണില്‍ ചാരി ഞാന്‍ നിന്നു..സുഭദ്ര ചേച്ചിയുടെ കണ്ണുകളിലേക്ക് നോക്കി.അവ വറ്റി വരണ്ടിരിക്കുന്നു...ജീവിതകാലം മുഴുവന്‍ അച്ചുവിനെഓര്‍ത്ത് കരഞ്ഞതാണ്..സന്തോഷത്തിലും സങ്കടത്തിലും...ഇനി അവര്‍ക്ക് കരയാന്‍ കണ്ണീരുണ്ടെന്ന് തോന്നുന്നില്ല.
അപ്പോള്‍ ആരോ പറഞ്ഞു."സമയം വൈകി, ഇനി എടുക്കാം അല്ലേ..?"
പിന്നെ അവര്‍ അച്ചുവിനെയും എടുത്തു വീടിന്‍റെ തെക്ക് ഭാഗത്തേക്ക് പോയി.ഞാന്‍ നിസ്സഹായനായി അത് നോക്കി നിന്നു.
ആദ്യമായി കണ്ട അച്ചുവിന്‍റെ മുഖം മനസ്സില്‍ നിന്നും മായുന്നില്ല.ഒരു കൊച്ചു കുട്ടി.പഠിക്കാന്‍ മിടുക്കന്‍ ,ഒരു അമ്മയുടെ പ്രതീക്ഷകള്‍...,,.
അവന്‍ ഉയരത്തില്‍ പറക്കാന്‍ കൊതിച്ചതാണ്..പക്ഷേ അവനു ചിറകുകള്‍ മുളച്ചിരുന്നില്ലേ,,..? ഞാന്‍ സംശയിച്ചു..ഇനിയും ചിറകുകള്‍ മുളക്കാത്ത എത്രയോ പക്ഷികള്‍ നമ്മുടെ തെരുവുകളില്‍ മരിച്ചു വീഴുന്നു..
ഞാന്‍ കുറെ നേരം അങ്ങനെ നിന്നു. എല്ലാവരും പോയപ്പോള്‍ സുഭദ്ര ചേച്ചിയുടെ അടുത്ത് പോയിരുന്നു..അപ്പോഴും എന്‍റെ മനസ്സില്‍ അച്ചുവിന്‍റെ നിഷ്കളങ്കമായ മുഖമായിരുന്നു.
Subscribe to:
Post Comments (Atom)
Very nice,congrats deepu......ithu original story ano?
ReplyDeleteoru pakshe aayirikkam..
ReplyDelete